ഇതു PDFന് ഒരു ആമുഖം- ഭാഗം II എന്ന ലേഖനത്തിന്റെ തുടര്‍ച്ച ആണ്. വായിച്ചിട്ടില്ലാത്തവര്‍ അതു വായിക്കുവാന്‍ ഇവിടെ ഞെക്കുക.
ഈ ലേഖനം എഴുതാന്‍ ആരംഭിച്ചപ്പോള്‍ ഉള്ള പ്രധാന ലക്ഷ്യങ്ങള്‍ PDF file സാധാരണ ഉപയോഗിക്കുന്നവര്‍ക്ക്, PDFനെ കുറിച്ചും PDF സോഫ്റ്റ്‌വെയറുകളെകുറിച്ചും ഉള്ള ചില തെറ്റിദ്ധാരണകള്‍ നീക്കുക, അതുമായി ബന്ധപ്പെട്ട ചില സാങ്കേതികകള്‍ പരിചയപ്പെടുത്തുക എന്നിവ ആയിരുന്നു. PDF file എന്താണെന്നും അതിന്റെ പുറകില്‍ ഉള്ള ചരിത്രവും നമ്മള്‍ കഴിഞ്ഞ രണ്ട് ഭാഗങ്ങളില്‍ നിന്ന് മനസ്സിലാക്കി. ഈ മൂന്നാം ഭാഗത്തില്‍ ഇന്ന് വിപണിയില്‍ ലഭ്യമായ പല തരം PDF സോഫ്റ്റ്‌വെയറുകള്‍ ഏതൊക്കെ ആണെന്ന് പരിചയപ്പെടുത്തുന്നു.
----------------------------------------------------------------------------------------------------
നൂറുകണക്കിന് സൌജന്യ PDF സോഫ്റ്റ്‌വെയറുകള്‍ ഉള്ളതു കൊണ്ട് എതെങ്കിലും ഒരു സൌജന്യ PDF സൊഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇത് വിശദീകരിച്ചാല്‍ അത് എല്ലാവര്‍ക്കും ഉപകാരപ്പെടില്ല. അതു കൊണ്ട് PDF-ന്റെ ഔദ്യോഗിക സോഫ്റ്റ്‌വെയര്‍ ആയ Adobe Acrobat Professional ഉപയോഗിച്ചായിരിക്കും ഇതിലെ ഉദാഹരണങ്ങള്‍ എല്ലാം.
PDF-മായി ബന്ധപ്പെട്ട എല്ലാ ജോലിക്കും ഉപയോഗിക്കുന്ന Adobe Acrobat Professional ഒരു പ്രത്യേക തരത്തിലുള്ള authoring application ആണ്. നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന authoring application-കളായ MSWord, OpenOffice Word, Adobe PageMaker, FrameMaker, Indesign, CorelDraw, QuarkExpress, Advent 3B2, LaTeX, AutoCAD എന്നിവയില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന ചില പ്രത്യേകതകള്‍ Adobe Acrobat Professional-നുണ്ട്. മുകളില്‍ പറഞ്ഞ എല്ലാ authoring application-നിലും ഒന്നുമില്ലായ്മയില്‍ നിന്ന് ആരംഭിച്ച് പടി പടി ആയി ഒരു document ഉണ്ടാക്കുക ആണല്ലോ നമ്മള്‍ ചെയ്യുന്നത്. എന്നാല്‍ PDFന്റെ work flow വ്യത്യസ്തമാണ്. മറ്റ് authoring application-ല്‍ പണി പൂര്‍ത്തിയായതിനു ശേഷം മാത്രം PDF ആക്കി മാറ്റുക എന്നതാണ് PDFന്റെ work flow. നമ്മള്‍ MSword-ല്‍ ഒക്കെ ചെയ്യുന്നത് പോലെ ഒരു പുതിയ പേജ് തുറന്ന് ടൈപ്പ് ചെയ്ത് അല്ല PDF file ഉണ്ടാക്കുന്നത് എന്ന് ഇപ്പോള്‍ മനസ്സിലായികാണുമല്ലോ. ഇതിന്റെ കാരണം PDF, document exchange-നുള്ള ഒരു authoring application ആണ് എന്നുള്ളത് കൊണ്ടാണ്.
PDF file-ല്‍ ചില അവസാന നിമിഷ മിനുക്ക് പണികളും Authoring Application-കളില്‍ ചെയ്യാന്‍ പറ്റാത്ത ചില പരിപാടികളും മാത്രമേ സാധാരണ ഗതിയില്‍ ചെയ്യാവൂ. എന്തെങ്കിലും പ്രധാനപ്പെട്ട മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ എപ്പോഴും source fileലേക്ക് തിരിച്ച് പോയി മാറ്റം വരുത്തിയ ശേഷം പുതിയ PDF ഉണ്ടാക്കുന്നതാണ് നല്ലത്. ഇനി source file കിട്ടാനില്ലെങ്കില്‍ Acrobat Professional ഉപയോഗിച്ച് നിങ്ങള്‍ക്ക് ചില മാറ്റങ്ങള്‍ വരുത്താനാവും. പക്ഷെ അതിനു നിങ്ങള്‍ക്ക് Acrobat Professional-ലും Acrobat plug-ins-ലും സാമാന്യം നല്ല ജ്ഞാനം ആവശ്യമാണ്.
Note: ഒരു application-ന് ചെയ്യാന്‍ പറ്റാത്ത പണികള്‍ അതിനേയും കൊണ്ട് ചെയ്യിക്കാന്‍ third party സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ തയ്യാറാക്കുന്ന ചെറിയ പ്രോഗ്രാമുകള്‍ ആണ് plug-in എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്.
നിങ്ങള്‍ക്ക് PDF-മായി ബന്ധപ്പെട്ടുള്ള ജോലിയെ ആശ്രയിച്ച് പലതരത്തിലുള്ള സോഫ്റ്റ്‌വെയറുകളും, Acrobat plug-ins-കളും ആവശ്യമുണ്ട്. അവ ഓരോന്നായി ഇവിടെ പരിചയപ്പെടുത്താം.
PDF viewers
നിങ്ങള്‍ക്ക് PDF file വായിക്കുകയും, പ്രിന്റ് ചെയ്യുകയും തിരയുകയും മാത്രം ചെയ്യാന്‍
- (A) Adobe Reader
Adobe-ന്റെ സൈറ്റില്‍ നിന്ന് സൌജന്യമായി download ചെയ്യാവുന്ന ഒരു free സോഫ്റ്റ്‌വെയര്‍ ആണ് Adobe Reader. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു PDF file വായിക്കാനും, പ്രിന്റ് ചെയ്യാനും, തിരയാനും സാധിക്കും. ഒരു പക്ഷേ ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറും ഇതാകാം. Adobe-ന്റെ സൈറ്റില്‍ ഉള്ള കണക്ക് പ്രകാരം ഈ സോഫ്റ്റ്‌വെയര്‍ സൌജന്യമായി കൊടുക്കാന്‍ ആരംഭിച്ച നാള്‍ മുതല്‍ ഇന്നേ വരെ ഏതാണ്ട് 50 കോടി തവണ download ചെയ്യപ്പെട്ടിട്ടുണ്ട്.നമ്മുടെ മിക്കവാറും പേരുടെ കമ്പ്യൂട്ടറുകളില്‍ ഉള്ള PDF സോഫ്റ്റ്‌വെയര്‍ ഇതാണ്. ഏറ്റവും പുതിയ version download ചെയ്യാന്‍ ഈ ലിങ്കില്‍ ഞെക്കുക. ഏതാണ്ട് 27 MB ആണ് ഈ setup file-ന്റെ വലിപ്പം. - (B) Third party സോഫ്റ്റ്‌വെയറുകള്‍
ഇന്റര്‍നെറ്റില്‍ ഒന്നു ഗൂഗിള്‍ ചെയ്താല്‍ നൂറ് കണക്കിന് സൌജന്യ PDF viewer സോഫ്റ്റ്‌വെയറുകള്‍ ഉള്ളതായി നിങ്ങള്‍ക്ക് കാണാം (ഉദാ:Foxit Reader, Sumatra PDF viewer) മുതലായവ.
PDF Creators
നിങ്ങള്‍ക്ക് PDF file ഉണ്ടാക്കാന്‍
- Adobe Acrobat professional
ഇതാണ് PDF file ഉണ്ടാക്കാന്‍ പറ്റുന്ന ഏറ്റവും പ്രധാനപ്പെട്ട സോഫ്റ്റ്‌വെയര്‍. ഈ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ പലതരത്തിലുള്ള പ്രോഗ്രാമുകള്‍ നമ്മുടെ കമ്പ്യൂട്ടറില്‍ വരും. അവ ഒരോന്നായി ഉപയോഗിച്ച് പലതരത്തില്‍ PDF എങ്ങനെ ഉണ്ടാക്കാം എന്നു മറ്റൊരു പോസ്റ്റില്‍ വിശദീകരിക്കാം. ഇപ്പോള്‍ ഈ പ്രോഗ്രാമുകല്‍ എതൊക്കെ ആണെന്ന് പരിചയപ്പെടുത്താം.
(A) Adobe Acrobat Professional
Adobe Acrobat തുറന്ന് File > Create PDF എന്ന മെനു ഞെക്കിയാല്‍ നിങ്ങള്‍ക്ക് ഏത് file ആണ് PDF ആക്കി മാറ്റേണ്ടേത് എന്ന ചോദ്യത്തോടെ ഒരു ജനാല തുറന്ന് വരും. നിങ്ങള്‍ക്ക് PDF ആക്കി മാറ്റേണ്ട file തിരഞ്ഞെടുത്ത് OK ഞെക്കിയാല്‍ ആ file PDF ആയി മാറുന്നു.
(B) Adobe PDF Printer Driver
Acrobat ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ പ്രിന്ററുകള്‍ ഇരിക്കുന്ന സ്ഥലത്ത് Adobe PDF എന്ന പേരില്‍ ഒരു പുതിയ പ്രിന്റര്‍ വരും. ഇനി നിങ്ങള്‍ക്ക് PDF ആക്കി മാറ്റേണ്ട file തുറന്ന് പ്രിന്റ് കൊടുക്കാന്‍ നേരം printer ആയി Adobe PDF തിരഞ്ഞെടുത്താല്‍ നിങ്ങളുടെ file PDF ആയി മാറുന്നു.
(C) Adobe PDF Makers
Acrobat ഇന്‍സ്റ്റാള്‍ ചെയ്താല്‍ അത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉള്ള വിവിധ അപ്ലിക്കേഷനുകളില്‍ (ഉദാ: MS word, Excel, Powerpoint, OutLook, Internet Explorer, AutoCAD), ആ appliaction-നില്‍ ഉണ്ടാക്കുന്ന ഫയലുകള്‍, PDF ആക്കിമാറ്റാനുള്ള macroകള്‍ ഇടുന്നു. ആ അപ്ലിക്കേഷനില്‍ (ഉദാ: MS Word) നിന്ന് PDF file ഉണ്ടാക്കുമ്പോള്‍ ഈ PDF Maker ഉപയോഗിച്ചാല്‍ അത് ഏറ്റവും നന്നായിരിക്കും.
(D) Acrobat Distiller
Acrobatന്റെ ഒപ്പം ഇന്‍സ്റ്റാള്‍ ആകുന്ന വേറെ ഒരു പ്രോഗ്രാം ആണിത്. .ps, .prn മുതലായ extension ഉള്ള ഫയലുകളെ PDF ആക്കി മാറ്റാനാണ് ഇതു ഉപയോഗിക്കുന്നത്. - Third party സൊഫ്റ്റ്‌വെയറുകള്‍
ഇത് സൌജന്യമായും വിലയ്കും ലഭ്യമാണ്. സൌജന്യമായും വിലയ്കും ലഭ്യമാകുന്ന ചില സോഫ്റ്റ്‌വെയറുകളുടെ വിവരം ഇതാ.
(a) Wondersoft Virtual PDF Printer www.go2pdf.com
(b) ps2pdf: PostScript-to-PDF converter http://www.ghostscript.com/
(c) Solid Converter PDF www.solidpdf.com/
(d) PrimoPDF www.primopdf.com/
ഇതു പോലെ PDF ഉണ്ടാക്കുന്ന നൂറുകണക്കിന് Adobe ഇതര PDF സോഫ്റ്റ്‌വെയറുകള്‍ വിപണിയില്‍ ലഭ്യമാണ്.
Note: ഇതു കൂടാതെ Open office word പോലുള്ള ചില authoring application-കളില്‍ source file നേരിട്ട് PDF ആയി സേവ് ചെയ്യാനുള്ള സൌകര്യം ഉണ്ട്. Microsoft അവരുടെ MS office-ല്‍ (MS office version 12-ല്‍) ഈ സൌകര്യം കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ Adobe മൈക്രൊസോഫ്റ്റിന് എതിരെ കേസിനു പോയി. ഇതാണ് കഴിഞ്ഞ ലേഖനത്തിന്റെ (ഭാഗം II) പിന്മൊഴിയില്‍ പെരിങ്ങോടന്‍ സൂചിപ്പിച്ചത്. ഇതിനാല്‍ microsoft ഇപ്പോള്‍ ഈ സൌകര്യം അവരുടെ പുതിയ office-ല്‍ നിന്ന് എടുത്തു കളഞ്ഞു. ഇതിനെകുറിച്ച് അടുത്തഭാഗത്ത് നമുക്ക് ചര്‍ച്ച ചെയ്യാം.
PDF Editors
നിങ്ങള്‍ക്ക് PDF file edit ചെയ്യാന്‍
PDF file-ല്‍ ചില അവസാന നിമിഷ മിനുക്ക് പണികള്‍ മാത്രമേ സാധാരണ ഗതിയില്‍ ചെയ്യാവൂ. എന്തെങ്കിലും പ്രധാനപ്പെട്ട മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ എപ്പോഴും source file-ലേക്ക് തിരിച്ച് പോയി മാറ്റം വരുത്തി പുതിയ PDF ഉണ്ടാക്കുന്നതാണ് നല്ലത്. ഇനി source file കിട്ടാനില്ലെങ്കില്‍ PDF file-ല്‍ നിങ്ങള്‍ക്ക് ഏന്തെങ്കിലും മാറ്റം വരുത്തണം എങ്കില്‍ PDF editing സോഫ്റ്റ്‌വെയറുകള്‍ വേണം. അത് എതൊക്കെ ആണെന്ന് പരിചയപ്പെടുത്താം.
- Adobe Acrobat Professional
മുന്‍പ് Adobe Acrobat Professional ഉപയോഗിച്ച് PDF files ഉണ്ടാക്കാം എന്നു നിങ്ങള്‍ മനസ്സിലാക്കി. ഇതേ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്` നിങ്ങള്‍ക്ക് PDF files എഡിറ്റ് ചെയ്യുകയും ചെയ്യാം. ചെറിയ text edit-ന് പുറമേ Adobe Acrobat Professional ഉപയോഗിച്ച് നിങ്ങള്‍ക്ക് PDF file-ല്‍ ചെയ്യാവുന്ന ചില പരിപാടികള്‍ താഴെ പറയുന്നവ ആണ്.
1. പേജ് കൂട്ടിചേര്‍ക്കുക, കളയുക, തിരിക്കുക (add, delete and rotate pages).
2. Header-ഉം footer-ഉം add ചെയ്യുക
3. വേറെ എതെങ്കിലും ഒരു file attach ചെയ്യുക.
4. Text-ഉം images-ഉം hyperlink ചെയ്യുക
5. Security settings enable ചെയ്യുക
6. PDF Forms ഉണ്ടാക്കുക
7. PDF file-ല്‍ comment ചെയ്യുക.
ഈ പട്ടിക അപൂര്‍ണമാണ്. Adobe Acrobat Professional ഉപയോഗിച്ച് ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട ചിലത് മാത്രമാണ് ഇത്. ഇതു കൊണ്ട് വേറെയും ധാരാളം പണികള്‍ ചെയ്യാം. വിസ്താര ഭയത്താല്‍ അതൊന്നും ഇവിടെ വിവരിക്കുന്നില്ല. - Adobe Acrobat Plug-ins
Adobe Acrobatന് ചെയ്യാന്‍ സാധിക്കാത്ത ചില പണികള്‍ ചെയ്യാന്‍ വേണ്ടി Third Party സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ തയ്യാറാക്കുന്ന ചെറിയ പ്രോഗ്രാമുകള്‍ ആണിത്. ഇത് ഉപയോഗിക്കണമെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ആദ്യം Adobe Acrobat ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. ഉദാഹരണങ്ങള്‍ വഴി Acrobat Plug-in-ന്റെ ഉപയോഗങ്ങള്‍ വിശദീകരിക്കാം.
(a) നിങ്ങളുടെ കൈയ്യില്‍ നൂറു കണക്കിന് PDF ഫയലുകള്‍ ഉണ്ട്. ഈ ഫയലുകള്‍ എല്ലാം കൂടി കൂട്ടിചേര്‍ത്ത് നിങ്ങള്‍ക്ക് ഒറ്റ PDF file ഉണ്ടാക്കണം. ഇതു ഇപ്പോള്‍ Adobe Acrobat ഉപയോഗിച്ച് ചെയ്താല്‍ വളരെ സമയം എടുക്കും. അതിനു പകരം Arts Split and Merge എന്ന ഒരു plug-in നിങ്ങള്‍ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഈ ഫയലുകള്‍ എല്ലാം തരം തിരിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ ഒറ്റ PDF file ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് പറ്റുന്നു.
(b) അത് പോലെ നിങ്ങള്‍ക്ക് PDF ഫയലില്‍ ഉള്ള ചില object അങ്ങോട്ടോ ഇങ്ങോട്ടോ നീക്കണം എങ്കിലോ, ഒരു പുതിയ blank PDF page ഉണ്ടാക്കണം എങ്കിലോ, എല്ലാ പേജിനേയും ബാധിക്കുന്ന ചില ആഗോള മാറ്റങ്ങള്‍ വരുത്തണം എങ്കിലോ, PDFല്‍ ഉള്ള ചിത്രങ്ങളുടെ നിലവാരം പരിശോധിക്കണം എങ്കിലോ PDF ഫയലുകളുടെ മൊത്തം നിലവാരം പരിശോധിക്കുന്ന preflighting എന്ന പരിപാടി ചെയ്യണം എങ്കിലോ നമ്മളെ അതിനു സഹായിക്കുന്ന ഒരു Acrobat plug-in ആണ് Enfocus PitStop Professional.
ഇങ്ങനെ തരത്തില്‍ Acrobat-ന് PDF file-ല്‍ ചെയ്യാന്‍ പറ്റാത്ത പണികള്‍ അതിനേയും കൊണ്ട് ചെയ്യിക്കുന്ന നിരവധി plug-in-കള്‍ വിപണിയില്‍ ലഭ്യമാണ്. പക്ഷേ ഇതു ഉപയോഗിക്കണം എങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ആദ്യം Adobe acrobat professional ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം എന്നു മാത്രം. പിന്നെ വേറെ ഒരു പ്രശ്നം ഉള്ളത് ഈ plug-in-കള്‍ മിക്കവാറും എണ്ണത്തിന്റേയും വില Adobe Acrobat Professional-നേക്കാളും അധികമാണ് എന്നുള്ളതാണ്. അത് കൊണ്ട് ഇത്തരം plug-in-കള്‍ കൂടുതലും ഉപയോഗിക്കുന്നത് വലിയ പ്രിന്റിംഗ് ശാലകളും, Typesetting/prepress industry-യും ആണ്. - Third party Stand Alone PDF Editing Softwares
Adobe Acrobat-ന്റെ സഹായമില്ലാതെ തന്നെ PDF ഫയലുകള്‍ edit ചെയ്യുവാന്‍ നമ്മെ സഹായിക്കുന്ന third party softwares വിപണിയില്‍ ലഭ്യമാണ്. ചില ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു.
1.Nitro PDF professional http://www.nitropdf.com/
2. Active PDF www.activepdf.com/
3. Jaws PDF www.jawspdf.com
അങ്ങനെ നൂറ് കണക്കിന് സോഫ്റ്റ്‌വെയറുകള്‍.
ഇതില്‍ നിന്ന് നിങ്ങള്‍ക്ക് PDF-ല്‍ ജോലി ചെയ്യണം എങ്കില്‍ മുകളില്‍ പറഞ്ഞ എല്ലാ സോഫ്റ്റ്‌വെയറും വേണം എന്ന് അര്‍ത്ഥമില്ല. ഒരു PDF editing സോഫ്റ്റ്‌വെയര്‍ (ഉദാ:Adobe Acrobat professional) ഈ എല്ലാ പണികളും അത് ഉപയോഗിച്ച് ചെയ്യാം. കാരണം അത് കൊണ്ട് PDF file കാണുകയും, PDF file ഉണ്ടാക്കുകയും ചെയ്യാം.
അനുബന്ധം
ചോദ്യം 1:
Adobe Reader ഉപയോഗിച്ച് എനിക്ക് PDFല്‍ comment ചെയ്യാന്‍ പറ്റുമോ?
ഉത്തരം:
Adobe Acrobat Professional ഉപയോഗിച്ച് PDF file-ല്‍ comment ചെയ്യുന്ന കാര്യത്തെ കുറിച്ച് മുകളില്‍ സൂചിപ്പിച്ചിരുന്നുവല്ലോ. Comment ചെയ്യുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് PDF file-ല്‍ അഭിപ്രായം രേഖപ്പെടുത്തുക എന്നതാണ്. ഇതു PDF കൊണ്ടുള്ള ഏറ്റവും വലിയ ഉപകാരങ്ങളില്‍ ഒന്നാണ്.
ഒരു ഉദാഹരണം വഴി ഇതു വിശദീകരിക്കാം. നമ്മുടെ ഉമേഷ്ജിയും പെരിങ്ങോടനും, പെരിങ്ങോടന്റെ പോസ്റ്റില്‍ നിന്ന് ഏറ്റവും നല്ല കുറച്ച് കഥകള്‍ എടുത്ത് ഒരു PDF document ഉണ്ടാക്കി അത് ബൂലോകത്തിലെ എല്ലാവര്‍ക്കും തരുവാന്‍ തീരുമാനിക്കുന്നു. Typesetting എല്ലാം ഉമേഷ്ജി തന്റെ കമ്പ്യൂട്ടറില്‍ ഉള്ള LaTeX എന്ന സോഫ്റ്റ്‌വെയറിലാണ് ചെയ്യുന്നത്. എല്ലാം ടൈപ്പ് ചെയ്ത് ഭംഗിയായി കമ്പോസ് ചെയ്തതിനു ശേഷം ഉമേഷ്ജി ഇതു Adobe Acrobat Professional ഉപയോഗിച്ച് PDF ആക്കി മാറ്റുന്നു. ഇനി ഈ document അദ്ദേഹം proof reading-നും മറ്റുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും പെരിങ്ങോടനും നമ്മുടെ ബൂലോഗത്തിലെ മറ്റ് ചില പ്രമുഖര്‍ക്കും അയച്ച് കൊടുക്കുന്നു. ഇവരുടെ കമ്പ്യൂട്ടറില്‍ Adobe Acrobat Professional ഉണ്ടെങ്കില്‍ ഇവര്‍ക്ക് ഈ PDF file തുറന്ന് വായിച്ച്, അതില്‍ എന്തെങ്കിലും പിശകോ വേറെ എന്തെങ്കിലും വ്യത്യാസം വരുത്തണം എന്ന് കണ്ടാലോ അതു Acrobat-ന്റെ commenting tools ഉപയോഗിച്ച് ആ PDF file-ല്‍ type ചെയ്യുന്നു. അതിനു ശേഷം ഈ PDF file തിരിച്ച് ഉമേഷ്ജിക്ക് അയച്ച് കൊടുക്കുന്നു. ഉമേഷ്ജി ആ കമന്റുകള്‍ വായിച്ച് നോക്കി വേണ്ട തിരുത്തലുകള്‍ LaTeX source file-ല്‍ വരുത്തിയതിനു ശേഷം പിന്നേയും തിരിച്ച് പുതിയ PDF file ഉണ്ടാക്കി അത് നമുക്കെല്ലാവര്‍ക്കും തരുന്നു. മുകളില്‍ വിവരിച്ചതായിരുന്നു ഇതു വരെ നടന്നിരുന്ന പ്രോസസ്സ്.
ഇവിടെ ഒരു പ്രശ്നം ഉള്ളത് PDF ഉണ്ടാക്കുന്ന ഉമേഷ്ജിക്കും അത് review ചെയ്യുന്ന പെരിങ്ങോടനും കൂട്ടര്‍ക്കും Adobe Acrobat Professional വേണം എന്നുള്ളതാണ്. എന്നാല്‍ Adobe Acrobat 7.0-ല്‍ Adobe ഒരു പുതിയ feature ഉള്‍പ്പെടുത്തി. ഇതു പ്രകാരം PDF file ഉണ്ടാക്കിയതിനു ശേഷം Adobe Acrobat Professional ഉപയോഗിച്ച് Adobe Reader ഉപയോഗിച്ചുള്ള commenting enable ചെയ്യുന്നു. എന്നിട്ട് ആ PDF file, save ചെയ്യുന്നു. ഇതോടു കൂടി പെരിങ്ങോടനും മറ്റും free software ആയ Adobe Reader ഉപയോഗിച്ച് തന്നെ commeting ചെയ്യാനാകുന്നു. പക്ഷെ രണ്ടു കാര്യം ഇവിടെ ശ്രദ്ധിക്കണം. ഒന്ന്, നിങ്ങളുടെ സിസ്റ്റത്തില്‍ കുറഞ്ഞത് Adobe Reader 6 എങ്കിലും വേണം. രണ്ട് comment, Englishല്‍ അല്ലെങ്കില്‍ Manglish-ല്‍ ആയിരിക്കണം. ഇതിന്റെ ഏറ്റവും വലിയ മെച്ചം PDF ഉണ്ടാക്കുന്ന ആള്‍ക്ക് (നമ്മുടെ ഉദാഹരണത്തില്‍ ഉമേഷ്ജി) മാത്രം Adobe Acrobat Professional മതി എന്നുള്ളതാണ്. ഈ വിധത്തില്‍ commenting enable ചെയ്ത കൊടകര പുരാണത്തിന്റെ PDF file ഇവിടെ ഞെക്കിയാല്‍ കാണാം.
ചോദ്യം 2:
എനിക്ക് സൌജന്യമായി Adobe PDF file ഉണ്ടാക്കാന്‍ പറ്റുമോ?
ഉത്തരം:
Adobe-ന്റെ https://createpdf.adobe.com/ എന്ന സൈറ്റില്‍ നിങ്ങളുടെ source file (ഉദാ: MSWord file) upload ചെയ്യുകാണെങ്കില്‍ അവര്‍ അത് സൌജന്യമായി PDF file ആക്കി തരും. പക്ഷേ ഒരു username-ന് പരമാവധി 5 PDF ഫയലുകള്‍ മാത്രമേ ഇങ്ങനെ ഉണ്ടാക്കാന്‍ പറ്റൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് https://createpdf.adobe.com/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
------------------------------------------------------------------------------------------------
ഏതൊക്കെ തരം PDF ഉണ്ടെന്നും, PDF-ന്റെ ഗുണ ദോഷങ്ങളും എന്തൊക്കെ ആണെന്നും മറ്റും മനസ്സിലാക്കി ഈ ലേഖനം അടുത്ത ഭാഗത്തോടുകൂടി അവസാനിപ്പിക്കാം
(തുടരും)