09 May, 2007

SN 2006gy - പുതിയ ഒരു സൂപ്പര്‍ നോവാ സ്ഫോടനം

ജ്യോതിശാസ്ത്രബ്ലോഗില്‍ സൂപ്പര്‍നോവയെ കുറിച്ച് എഴുതിയ ഈ ലേഖനം വന്ന സമയത്തു തന്നെ പുതിയ ഒരു സൂപ്പര്‍നോവയെ കണ്ടെത്തിയിയതായുള്ള വിവരങ്ങളുള്‍ പുറത്തു വന്നിരിക്കുന്നു. അതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മള്‍ ഇന്നത്തെ പത്രത്തില്‍ വായിച്ചിരിക്കുമല്ലോ. ആ വാര്‍ത്തയുടെ വിശദാംശങ്ങളിലേക്ക്. മലയാളം വിക്കിയെ മുന്നില്‍ കണ്ട് എഴുതിയ ലേഖനം ആണെങ്കിലും സമകാലീന പ്രസക്തി ഉള്ളതിനാലും ജ്യോതിശാസ്ത്ര ബ്ലോഗിലെ സൂപ്പര്‍ നോവ എന്ന പോസ്റ്റുമായി ബന്ധമുള്ളതിനാലും ഇതു ഇവിടെ പോസ്റ്റുന്നു.

2006, സെപ്തംബര്‍ 18 നു R. Quimby and P. Mondol എന്നീ രണ്ടു ജ്യോതിശാസ്ത്രജ്ഞന്‍മാര്‍ ആണ് SN 2006gy എന്ന ഒരു പുതിയ സൂപ്പര്‍നോവയെ കണ്ടെത്തിയത്. അതിനു ശേഷം ചന്ദ്ര എക്സ് റേ ദൂരദര്‍ശിനിയും മറ്റു സംവിധാനങ്ങളും ഉപയോഗിച്ച് ഇതിനെപറ്റി കൂടുതല്‍ പഠനങ്ങള്‍ നടത്തി. 2007, മെയ് 7നു ഈ സൂപ്പര്‍നോവയെ കുറിച്ചുള്ള ആദ്യത്തെ വിശദാംശങ്ങള്‍ നാസയും ചില ജ്യോതിശാസ്ത്രജ്ഞന്മാരും ചേര്‍ന്ന് പുറത്തു വിട്ടു. മനുഷ്യനു കണ്ടെത്താന്‍ പറ്റിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സ്ഫോടനം ആണ് ഈ സൂപ്പര്‍നോവ ഉണ്ടാക്കിയത് എന്നു ശാസ്ത്രജ്ഞന്മാര്‍ പറയുന്നു.

sn2006gy ചിത്രകാരന്റെ ഭാവനയില്‍. ഒപ്പം ചന്ദ്ര ലിക്ക് ഒബ്സര്‍വേറ്ററികളില്‍ നിന്നുള്ള ചിത്രവും. ചിത്രത്തിന്റെ ഒപ്പം ഉണ്ടായിരുന്ന അടിക്കുറിപ്പ് അതേ പോലെ താഴെ ചേര്‍ക്കുന്നു.
ചിത്രത്തിനു കടപ്പാട്: ചന്ദ്ര എക്‍സ് റേ ഒബ്സര്‍വേറ്ററി.
According to observations by NASA's Chandra X-ray Observatory and ground-based optical telescopes, the supernova SN 2006gy is the brightest and most energetic stellar explosion ever recorded and may be a long-sought new type of explosion. The top panel of this graphic is an artist's illustration that shows what SN 2006gy may have looked like if viewed at a close distance. The fireworks-like material in white shows the explosion of an extremely massive star. This debris is pushing back two lobes of cool, red gas that were expelled in a large eruption from the star before it exploded. The green, blue and yellow regions in these lobes shows where gas is being heated in a shock front as the explosion material crashes into it and pushes it backwards. Most of the optical light generated by the supernova is thought to come from debris that has been heated by radioactivity, but some likely comes from the shocked gas.
Credits:Image credit: Illustration: NASA/CXC/M.Weiss; X-ray: NASA/CXC/UC Berkeley/N.Smith et al.; IR: Lick/UC Berkeley/J.Bloom & C.Hansen

പൊട്ടിത്തെറിച്ച നക്ഷത്രത്തിന്റെ വിശദാംശങ്ങള്‍

23.8 കോടി പ്രകാശവര്‍ഷം അകലെയുള്ള NGC 1260 എന്ന ഗാലക്സിയിലാണ് ഈ നക്ഷത്രസ്ഫോടനം നടന്നത് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 150M നോളം ദ്രവ്യമാനമുള്ള ഒരു ഭീമന്‍ നക്ഷത്രം ആണ് പൊട്ടിത്തെറിച്ച് സൂപ്പര്‍നോവയായത്.

ഈ കണ്ടെത്തലിന്റെ പ്രത്യേകതകള്‍

സ്ഫോടനത്തിനു കാരണമായ നക്ഷത്രത്തിന്റെ ഗാലക്സി നമ്മില്‍ നിന്നു 23.8 കോടി പ്രകാശവര്‍ഷം അകലെയാണ്. ചുരുക്കത്തില്‍ നമ്മള്‍ 23.8 കോടി വര്‍ഷം പുറകിലേക്കാണ് നോക്കുന്നത് എന്നര്‍ത്ഥം. അതിനാല്‍ ആദിമ പ്രപഞ്ചത്തില്‍ ഇത്തരം സ്ഫോടനങ്ങള്‍ സര്‍വ്വ സാധാരണം ആയിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. നമ്മുടെ ഗാലക്സിയില്‍ ഒക്കെ വരും കാലങ്ങളില്‍ ഇത്തരം കൂടുതല്‍ സ്ഫോടനങ്ങള്‍ക്ക് സാദ്ധ്യത ഉണ്ട് എന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

പല ആദിമ നക്ഷത്രങ്ങളും ഈ നക്ഷത്രത്തെ പോലെ ദ്രവ്യമാനം കൂടിയവ ആണെന്നും അതിനാല്‍ ഇത്തരം സ്ഫോടനങ്ങള്‍ ആദിമ നക്ഷത്രങ്ങള്‍ എങ്ങനെയാണ് മരണമടഞ്ഞത് എന്നതിനെകുറിച്ച് ഉള്ള അറിവ് തരുമെന്ന് പല ജ്യോതിശസ്ത്രജ്ഞരും കരുതുന്നു. പക്ഷെ ഇത്തരം നക്ഷത്രങ്ങളുടെ മരണം കാണാന്‍ ഇതു വരെ കഴിഞ്ഞിരുന്നില്ല. മാത്രമല്ല സൈദ്ധാന്തികമായി പ്രവചിരുന്നതില്‍ നിന്നു വ്യത്യസ്തമായാണ് ഇത്തരം ഭീമന്‍ നക്ഷത്രങ്ങളുടെ മരണം എന്നു മനസ്സിലാക്കാനും ഈ കണ്ടെത്തലിലൂടെ കഴിഞ്ഞു. സൂപ്പര്‍നോവയെ കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ മാറ്റിയെഴുതേണ്ടി വരുമെന്ന് സാരം.

ഈ സൂപ്പര്‍നോവയെ കുറിച്ചുള്ള രണ്ട് പഠനസംഘങ്ങളെ നയിച്ച നാഥന്‍ സ്മിത്തിന്റെ അഭിപ്രായത്തില്‍ സാധാരണ സൂപ്പര്‍നോവയെക്കാളും നൂറ് ഇരട്ടി അധികം ഊര്‍ജ്ജം പുറത്തേക്ക് വിട്ട ഒരു അപൂവ്വ സൂപ്പര്‍നോവ ആയിരുന്നു SN 2006gy. അതിന്റെ അര്‍ത്ഥം പൊട്ടിത്തെറിച്ച നക്ഷത്രത്തിന്റെ ദ്രവ്യമാനം ഒരു നക്ഷത്രത്തിനു കൈവരിക്കാവുന്ന പരമാവധി ദ്രവ്യമാനം ആയിരുന്നു എന്നാണ്. അതായത് സൂര്യന്റെ 150 ഇരട്ടിയോളം.

SN 2006gy സൂപ്പര്‍നോവാ സ്ഫോടനത്തിന്റെ കമ്പ്യൂട്ടര്‍ സിമുലേഷന്‍.
വീഡിയോയ്ക്ക് കടപ്പാട്: നാസ

SN 2006gy-യും Eta Carinae-യും തമ്മിലുള്ള സാമ്യത

SN 2006gy എന്ന സൂപ്പര്‍നോവയ്ക്കു കാരണമായ നക്ഷത്രത്തിനു സ്ഫോടനത്തിനു തൊട്ടു മുന്‍പ് വലിയ അളവില്‍ ദ്രവ്യനഷ്ടം സംഭവിച്ചിരുന്നു. ഇതു നമ്മുടെ ഗാലക്സിയിലെ ഒരു ഭീമന്‍ നക്ഷത്രമായ Eta Carinae ക്കു സംഭവിക്കുന്ന ദ്രവ്യനഷ്ടത്തിനു സമാനം ആയതിനാല്‍ Eta Carinae ഒരു സൂപ്പര്‍നോവ ആയിത്തീരാന്‍ സാദ്ധ്യത ഉള്ളതായി ചില ശാസ്ത്രജ്ഞര്‍ കരുതുന്നു. SN 2006gy ഇതു വരെ നമ്മള്‍ നിരീക്ഷിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രകാശമാനമായ സൂപ്പര്‍നോവ ആണെങ്കിലും അത് 23.8 കോടി പ്രകാശവര്‍ഷം അകലെ കിടക്കുന്നതിനാല്‍ നമുക്ക് അതിന്റെ തീവ്രത അനുഭവപ്പെട്ടില്ല. എന്നാല്‍ Eta Carinae നമ്മില്‍ നിന്നു വെറും 7,500 പ്രകാശവര്‍ഷം അകലെ കിടക്കുന്ന നക്ഷത്രം ആയതിനാല്‍ അത് ഒരു സൂപ്പര്‍നോവ ആയി മാറുകയാണെങ്കില്‍ അതിന്റെ തീവ്രത അതി ഭീമമായി തന്നെ നമുക്ക് ദര്‍ശിക്കാനാവും.

പക്ഷെ ഇതിനര്‍ത്ഥം Eta Carinae ഒരു സൂപ്പര്‍നോവ ആയി മാറും എന്നല്ല പക്ഷെ അങ്ങനെ സംഭവിക്കാന്‍ സാദ്ധ്യത ഉള്ളതിനാല്‍ ശാസ്ത്രജ്ഞന്മാര്‍ അതിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. Eta Carinae സൂപ്പര്‍ നോവയായി മാറിയാല്‍ ആധുനിക മനുഷ്യന്‍ ദശിച്ചിട്ടുള്ള ഏറ്റവും വലിയ നക്ഷത്രക്കാഴ്ച ആയിരിക്കും അത് എന്ന് ബാള്‍ട്ടിമോറിലെ Space Telescope Science Institute ലെ മരിയോ ലിവിയോ അഭിപ്രായപ്പെട്ടു.

മുകളില്‍ ഉള്ള ചിത്രങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുന്ന വേറെ ഒരു വീഡിയോ.
വീഡിയോയ്ക്ക് കടപ്പാട്: നാസ

SN 2006gy പുതിയ തരം സൂപ്പര്‍നോവയാണ്

സൂപ്പര്‍നോവയെകുറിച്ചുള്ള ലേഖനത്തില്‍ പറഞ്ഞതു പോലെ ഭീമന്‍ നക്ഷത്രങ്ങളില്‍ ഇന്ധനം തീര്‍ന്ന് നക്ഷത്രം അതിന്റെ ദ്രവ്യത്താല്‍ തകര്‍ന്ന അടിയുന്ന ഘട്ടത്തിലാണല്ലോ സൂപ്പര്‍നോവ ഉണ്ടാകുന്നത്. പക്ഷെ ജ്യോതി ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ SN 2006gy എന്ന സൂപ്പര്‍നോവയ്ക്ക് കാരണമായ പ്രചോദനം മറ്റു ചില കാരണങ്ങള്‍ ആണെന്നാണ്. ചില പ്രത്യേക സാഹചര്യത്തില്‍ ഒരു ഭീമന്‍ നക്ഷത്രത്തിന്റെ കാമ്പ് ഗാമാ റേ കിരണത്തിന്റെ രൂപത്തില്‍ വളരെയധികം ഊര്‍ജ്ജം പുറപ്പെടുവിക്കും. ഇതില്‍ നിന്നു ഒരു ചെറിയ ശതമാനം പാര്‍ട്ടിക്കിള്‍-ആന്റി പര്‍ട്ടിക്കിള്‍ പെയര്‍ ആയി മാറും. ഇതുമൂലമുണ്ടാകുന്ന ഊര്‍ജ്ജ നഷ്ടം നക്ഷത്രത്തിന്റെ തകര്‍ച്ചയ്ക്ക് വഴിവെക്കും എന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പഠനഫലം പുറത്തു വരുംപ്പോള്‍ ലഭിയ്ക്കും എന്നു കരുതുന്നു.

ഈ അതി ഭീമമായ തകര്‍ച്ചയ്ക്ക് ശേഷം നക്ഷത്രത്തില്‍ അണുസംയോജനപ്രക്രിയകള്‍ അവസാനിക്കുകയും നക്ഷത്രം പൊട്ടിത്തെറിക്കുകയും ചെയ്യും. SN 2006gy -ല്‍ നിന്നു ലഭിച്ച വിവരം അനുസരിച്ച് ആദിമ നക്ഷത്രങ്ങളില്‍ നിന്നുള്ള സൂപ്പര്‍നോവ സ്ഫോടനങ്ങള്‍ ശാസ്ത്രജ്ഞന്മാര്‍ വിചാരിച്ചിരുന്നതിനേക്കാള്‍ സാമാന്യമായി നടക്കുന്ന ഒന്നാണെന്നു മനസ്സിലായി. ദ്രവ്യമാനം കൂടിയ നക്ഷത്രങ്ങള്‍ എല്ലാം തമോഗര്‍ത്തം ആയി മാറും എന്നായിരുന്നു അവര്‍ സിദ്ധാന്തിച്ചിരുന്നത്.

സ്മിത്തിന്റേയും കൂട്ടരുടേയും പഠനഫലങ്ങള്‍ താമസിയാതെ അസ്ട്രോഫിസിക്കല്‍ ജേര്‍ണലില്‍ കൂടി പുറത്തു വരും.

റെഫറന്‍‌സ്

 1. നാസയുടെ പത്രക്കുറിപ്പ്
 2. വിക്കിപ്പീഡിയ ലേഖനം
 3. ചന്ദ്ര എക്സ്‌റേ ഒബ്സര്‍വേറ്ററി ലേഖനം

9 comments:

 1. ചള്ളിയാന്‍Wednesday, May 09, 2007 11:30:00 PM

  ഈ SN, gy എന്നൊക്കെയുളള പേരിനു പിന്നിലെന്താ? ശ്രീ നാരായണ ഗുരു അല്ലല്ലോ? :)

  ചള്ളിയാന്‍

  ReplyDelete
 2. ഷിജുവിന്റെ മറ്റ് പോസ്റ്റുകളെപ്പോലെത്തന്നെ തികച്ചും വിജ്ഞാനപ്രദമായ പോസ്റ്റ്. ഷിജുവിന്റെ കഠിന പ്രയത്നത്തിന് അഭിനന്ദനങ്ങള്‍. തുടരുക ഈ എഴുത്ത്‌.ആശംസകള്‍.

  ReplyDelete
 3. വളരെ അറിവു നല്‍കുന്ന ലേഖനം...തുടര്‍ന്നും എഴുതൂ..നക്ഷത്രങ്ങളെകുറിച്ച്‌ അറിയാവുന്നതെല്ലാം..

  ReplyDelete
 4. വായിച്ചു....വിജ്ഞാനപ്രദം.
  അന്വോഷണം തുടരുക.

  ReplyDelete
 5. രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ്‌ സൂപ്പര്‍ നോവാ സ്ഫോടനത്തെപ്പറ്റി വാര്‍ത്തകളില്‍ കേട്ടപ്പോള്‍, ഞാനാദ്യം ചിന്തിച്ചത്, ഷിജുവിന്റെ ഒരു ലേഖനം ഉടന്‍ തന്നെ ഇതിനെപ്പറ്റി വായിക്കാമല്ലോ എന്നാണ്.

  വളരെ വിജ്ഞാനപ്രദമായി ഷിജു ഈ ലേഖനവും. ഷിജുവിന്റെ അറിവിനു മുന്‍പിലും, അതു കണ്ടെത്തി എല്ലാവര്‍ക്കും പങ്കു വയ്ക്കുന്ന ഈ നല്ല മനസിനു മുന്‍പിലും നമിക്കുന്നു.

  അഭിനന്ദനങ്ങളും, ആശംസകളും...

  ReplyDelete
 6. ബൂലോഗത്തിന്റെ സ്വന്തം ഗവേഷകന്റെ പോസ്റ്റുകള്‍,ആഴ്ച്ചയിലൊന്ന് എന്ന കണക്കില്‍ ഇവിടെ ഒരു പോസ്റ്റ് കണ്ടില്ലെങ്കില്‍ അടി പാഴ്സല്‍ പൂനേയിലെത്തും..:)

  ReplyDelete
 7. ഷിജൂ.... ചുരുക്കത്തില്‍ നമ്മള്‍ 23.8 കോടി വര്‍ഷം പുറകിലേക്കാണ് നോക്കുന്നത് എന്നര്‍ത്ഥം. ... ഇതു ഞാന്‍ ഒരിക്കലും ചിന്തികാത്ത ഒരു കാര്യമായിരുനൂ. നന്ദി..

  ReplyDelete
 8. This comment has been removed by the author.

  ReplyDelete