25 November, 2008

വിദ്വാന്‍ കുട്ടിയച്ചന്‍

മലയാളം വിക്കിപീഡിയക്കു വേണ്ടി മലയാള ക്രൈസ്തവ ഗാനരചയിതാക്കളെക്കുറിച്ചുള്ള ലേഖനങ്ങളുടെ ശ്രേണി എഴുതണം എന്നു കുറേ നാളായി ആലോചിക്കുന്നു. അതിനൊരു തുടക്കം എന്ന നിലയില്‍ മലയാള ക്രൈസ്തവ ഗാനങ്ങള്‍ക്ക് മലയാളക്കരയില്‍ നിലയും വിലയും ഉണ്ടാക്കി കൊടുത്ത വിദ്വാന്‍ കുട്ടിയച്ചനില്‍ തന്നെ തുടങ്ങുന്നു. നിരവധി പുസ്തകങ്ങളില്‍ വിദ്വാന്‍‌‌കുട്ടിയെ സംബന്ധിച്ചുണ്ടായിരുന്ന വിവരശകലങ്ങള്‍ കൂട്ടി യോജിപ്പിച്ച് ലേഖനരൂപത്തില്‍ ആക്കുകയാണു ചെയ്തത്. ചില വിവരങ്ങള്‍ വായ്‌‌മൊഴിയായി മുതിര്‍ന്നവര്‍ പറഞ്ഞു തരികയും ചെയ്തു. അവരോട് എല്ലാവരോടും ഉള്ള നന്ദി അറിയിക്കട്ടെ. അതിനാല്‍ വിക്കിപീഡിയയ്ക്ക് മറ്റ് വൈജ്ഞാനികകോശങ്ങളില്‍ ഒന്നും കാണാന്‍ സാദ്ധ്യത ഇല്ലാത്ത ഒരു അപൂര്‍വ്വ ലേഖനത്തിനു തുടമിടാനെന്കിലും സാധിച്ചു. ആധികാരികമായ റെഫറന്‍സുകള്‍ ഇല്ലാത്തത്തു വിക്കിപീഡിയയെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമാണു. അതു പക്ഷെ കാലക്രമേണ വരുമെന്നു പ്രതീക്ഷിക്കാം. വായിക്കുന്നവരില്‍ ആര്‍ക്കെന്കിലും ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ അറിവുണ്ടെന്കില്‍ അത് ഇവിടെ കമെന്റ് ആയി ഇടുമല്ലോ. വൈജ്ഞാനിക സ്വഭാവമുള്ള കമെന്റുകള്‍ എല്ലാം വിക്കിപീഡിയക്കു മുതല്‍ക്കൂട്ടാകും.


യുയോമയ സഭ എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്ന കേരളക്രൈസ്തവരിലെ ഒരു ആരാധാനമതത്തിന്റെ (cult) പിറവിക്ക് കാരണക്കാരനായ ക്രൈസ്തവ മിഷണറിയും, കേരളത്തിലെ ക്രൈസ്തവ സഭകള്‍ വ്യാപകമായി ഉപയോഗിക്കുന്ന നിരവധി ക്രിസ്തീയകീര്‍ത്തനങ്ങളുടെ രചയിതാവുമാണ് റവ. യുസ്തൂസ് യോസഫ് (സെപ്റ്റംബര്‍ 6, 1835 - 1887). വിദ്വാന്‍ കുട്ടിയച്ചന്‍ എന്ന പേരിലാണു ഇദ്ദേഹം പരക്കെ അറിയപ്പെട്ടിരുന്നത്. രാമയ്യന്‍ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പൂര്‍‌വ്വനാമം. കേരളക്രൈസ്തവരുടെ ഇടയില്‍ മലയാളത്തിലുള്ള ക്രിസ്തീയകീര്‍ത്തനങ്ങള്‍ വ്യാപകമായി ആലപിക്കാന്‍ തുടങ്ങിയത് ഇദ്ദേഹത്തിന്റെ പാട്ടുകള്‍ക്ക് പ്രചാരം ലഭിച്ചതോടെയാണെന്നു പറയപ്പെടുന്നു. ക്രിസ്തീയ ഭക്തിഗാന രചയിതാക്കളില്‍ മാര്‍ അപ്രേമിനു സുറിയാനിയിലും, ഐസക് വാട്സിനു ഇംഗ്ലീഷിലും, ഉള്ള സ്ഥാനമാണു യുസ്തൂസ് യോസഫിനു മലയാളത്തിലുള്ളതെന്നുപോലും പറയുന്ന ക്രൈസ്തവ പണ്ഡിതന്മാരുണ്ട്. മാരാമണ്‍ കണ്‍വന്‍ഷനില്‍ സമാപന ഗാനമായി 1895 മുതല്‍ മുടക്കമില്ലാതെ ആലപിച്ചു വരുന്ന സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ എന്നു തുടങ്ങുന്ന പ്രശസ്തഗാനത്തിന്റെ രചയിതാവ് വിദ്വാന്‍ കുട്ടിയച്ചനാണ്‌.

ആദ്യകാലം, വിദ്യാഭ്യാസം

പാലക്കാട് ജില്ലയിലുള്ള മണപ്പുറം ഗ്രാമത്തില്‍ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ വെങ്കിടേശ്വര അയ്യര്‍ (വെങ്കിടേശ്വര ഭാഗവതര്), മീനാക്ഷി അമ്മാള്‍ എന്നിവരുടെ മൂത്ത മകനായി 1835 സെപ്റ്റംബര്‍ 6-നാണു രാമയ്യന്‍ ജനിച്ചത്.മാതാപിതാക്കള്‍ അമ്പലത്തിലെ പാട്ടുകാരായിരുന്നു. രാമയ്യര്‍ക്ക് 5 സഹോദരന്മാരും ഒരു സഹോദരിയും ഉണ്ടായിരുന്നു.

പാലക്കാട്ടെ ഒരു ബ്രാഹ്മണ അദ്ധ്യാപനില്‍ നിന്നു ചെറുപ്പത്തില്‍ തന്നെ മലയാളം, തമിഴ് എന്നീ ഭാഷകളും സം‌ഗീതവും അഭ്യസിച്ചു. അതിനു ശെഷം മുത്തച്ഛനില്‍ (മാതാവിന്റെ അച്ഛന്‍) നിന്നു സം‌സ്കൃതവും, ജ്യോതിഷവും പഠിച്ചു. അങ്ങനെ, 21 വയസായപ്പോഴേക്ക് രാമയ്യര്‍ ജ്യോതിഷം, ഗണിതം, വ്യാകരണം, സം‌ഗീതം എന്നിവയില്‍ പ്രവീണനായിത്തീര്‍ന്നു. ഈ സമയത്ത് കുടുംബം ശാസ്താംകോട്ടയ്ക്ക് താമസം മാറ്റി. ആദ്യം തേവലക്കരയിലും പിന്നെ ചവറയിലും പാര്‍ത്തു. ആ സമയത്ത് രാമയ്യന്‍ കരുനാഗപ്പള്ളി പുത്തൂര്‍ മഠം എന്ന ബ്രാഹ്മണകുടുംബത്തിലെ സീതാദേവി എന്ന 10 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഇതിനു ശേഷമാണു അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതിമാറ്റിയ പല സം‌ഭവങ്ങളും അരങ്ങേറുന്നത്.

മാതാവിന്റെ രോഗശാന്തിയും രാമയ്യന്റെ കുടുംബത്തിന്റെ മതപരിവര്‍ത്തനവും

തേവലക്കരയില്‍ താമസിക്കുന്ന രാമയ്യന്റെ അമ്മയ്ക്ക് കഠിനമായ ഏതോ അജ്ഞാത രോഗം പിടിപ്പെട്ടു. അറിവുള്ള വൈദ്യവും മന്ത്രവും ഒക്കെ മീനാക്ഷി അമ്മാളുടെ രോഗം ഭേദമാകാന്‍ വേണ്ടി അവര്‍ പരീക്ഷിച്ചു. പക്ഷെ അതൊന്നും ഫലം കണ്ടില്ല. കുടുംബത്തിന്റെ അയല്‍വാസിയായിരുന്ന തോമസ് കുഞ്ഞ്, രാമയ്യന്റെ പിതാവിന്റെ അടുത്ത സുഹൃത്തായിരുന്നു. തോമസ് കുഞ്ഞിന്റെ ഉപദേശപ്രകാരം അവര്‍ ക്രൈസ്തവ പ്രാര്‍ത്ഥനകള്‍ ചൊല്ലുകയും തേവലക്കര മാര്‍ത്ത മറിയം പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന ഒരു ദിവ്യന്റെ മദ്ധ്യസ്ഥതയില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തെന്നും അവരെ അത്ഭുതപ്പെടുത്തി കൊണ്ട് അസുഖം ഭേദമായെന്നും പറയപ്പെടുന്നു. ഈ സംഭവമാണ് ക്രിസ്ത്യാനിവേദത്തെക്കുറിച്ച് അനേഷിക്കുവാന്‍ അവരെ പ്രേരിപ്പിച്ചതത്രെ.

തോമസ് കുഞ്ഞ് നയിച്ചിരുന്ന ക്രിസ്തീയ ജീവിതത്തില്‍ ആകൃഷ്ടരായ അയ്യര്‍ കുടുംബം, പല അവസരങ്ങളിലും ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചുള്ള സം‌ശയങ്ങളുമായി തോമസ് കുഞ്ഞിനേയും, അദ്ദേഹത്തിന്റെ അമ്മായിഅച്ഛനായ കുഞ്ഞാണ്ടി വൈദ്യനേയും സമീപിച്ചിരുന്നു. ഇടയ്ക്ക്, തോമസ് കുഞ്ഞ് വെങ്കിടേശ്വര അയ്യര്‍ക്ക് പിറന്നാള്‍ സമ്മാനമായി ഒരു മലയാളം ബൈബിള്‍ സമ്മാനിച്ചു. വെങ്കിടേശ്വര ഭാഗവതരും കുടുംബവും സ്ഥിരമായി ബൈബിള്‍ പാരായണം ചെയ്യുവാന്‍ തുടങ്ങി. ഇടക്കിടെ സംശയനിവാരണത്തിനായി തോമസ് കുഞ്ഞിനേയും, കുഞ്ഞാണ്ടി വൈദ്യനേയും സമീപിച്ചിരുന്നു.

അക്കാലത്ത് മാവേലിക്കരയില്‍ താമസിച്ചിരുന്ന റവ. ജോസഫ് പീറ്റ് എന്ന സി.എം.എസ്. മിഷനറി എഴുതിയ മലയാള വ്യാകരണ ഗ്രന്ഥം രാമയ്യന്‍ വായിക്കാന്‍ ഇടയായി. അതിനെ തുടര്‍ന്ന്, രാമയ്യന്‍ ജോസഫ് പീറ്റിനെ കാണാനായി മാവേലിക്കരയ്ക്ക് പോവുകയും അദ്ദേഹവുമായി നീണ്ട ചര്‍ച്ചയില്‍ ഏര്‍പ്പെടുകയും ചെയ്തു. ക്രമേണ, ക്രിസ്തീയ വിശ്വാസവും ക്രിസ്തുമതതത്ത്വങ്ങളും ചര്‍ച്ചയുടെ പ്രധാന വിഷയമായി. രാമയ്യന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ തൃപ്തികരമായ ഉത്തരം നല്‍കാന്‍ ജോസഫ് പീറ്റിനു കഴിഞ്ഞെന്ന് പറയപ്പെടുന്നു. അതിനുശേഷം ജോസഫ് പീറ്റ് തേവലക്കരയില്‍ രാമയ്യന്‍ കുടുംബത്തെ സന്ദര്‍ശിക്കുകയും, ക്രൈസ്തവ മതത്തെക്കുറിച്ച് അവരുമായി സൗഹൃദസം‌ഭാഷണം നടത്തുകയും ചെയ്തു. ജോണ്‍ ബനിയന്റെ പ്രശസ്തമായ പരദേശിമോക്ഷയാത്ര എന്ന ഗ്രന്ഥത്തിന്റെ ഒരു പ്രതി ജോസഫ് പീറ്റ് അവര്‍ക്കു സമ്മാനിച്ചു. ഈ പുസ്തകം വായിച്ചതോടെയാണ് രാമയ്യന്‍ കുടുംബം ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യാന്‍ തീരുമാനിച്ചത്.

അവര്‍ മതപരിവര്‍ത്തനം നടത്താന്‍ തീരുമാനിച്ച വാര്‍ത്ത പെട്ടെന്ന് ദേശത്തു പരന്നു. ഹൈന്ദവനേതാക്കളും, രാമയ്യന്റെ ഭാര്യവീട്ടുകാരും ഒക്കെ അവരെ സന്ദര്‍ശിച്ച് ആ ഉദ്യമത്തില്‍ നിന്നു പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു. രാമയ്യന്റെ ഭാര്യയെ ബലം പ്രയോഗിച്ച് അവരുടെ വീട്ടിലേക്ക് കൊണ്ടു പോവുകയും ചെയ്തു. പക്ഷെ അവര്‍ തീരുമാനം മാറ്റിയില്ല.

1861 ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങള്‍ക്കിടയില്‍‍ മാവേലിക്കര സി.എം.എസ് പള്ളിയില്‍ വച്ച് ജോസഫ് പീറ്റില്‍ നിന്ന് സ്നാനമേറ്റ് അവര്‍ എല്ലാവരും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തിതരായി. രാമയ്യന്‍ 1861 ഓഗസ്റ്റ് 4 നാണു സ്നാനം ഏറ്റത്.

ജ്ഞാനസ്നാനത്തില്‍ അവര്‍ എല്ലാവരും ക്രിസ്തീയ നാമങ്ങളും സ്വീകരിച്ചു. തനിക്കായി, അപ്പോസ്തോല പ്രവര്‍ത്തികള്‍ 1:21 വാക്യത്തിലെ യുസ്തൊസ് എന്ന പേരാണു രാമയ്യന്‍ സ്വീകരിച്ചത്. എല്ലാവരുടേയും പുതിയ പേരുകള്‍ ഇവ ആയിരുന്നു.

  • വെങ്കിടേശ്വര ഭാഗവതര്‍ - യുസ്തൂസ് കൊര്‍ന്നൊല്യോസ്
  • മീനാക്ഷി അമ്മാള്‍ - സാറ സത്യബോധിനി
  • രാമയ്യന്‍ - യുസ്തൂസ് യോസഫ്
  • വെങ്കിടകൃഷ്ണന്‍ - യുസ്തൂസ് യാക്കൂബ്
  • സുബ്രഹ്മണ്യന്‍ - യുസ്തൂസ് മത്തായി
  • സൂര്യനാരായണന്‍ - യുസ്തൂസ് യോഹന്നാന്‍
  • ഗോവിന്ദന്‍ - യുസ്തൂസ് ഫീലിപ്പോസ്
  • പദ്മനാഭന്‍ - യുസ്തൂസ് ശമുമേല്‍
  • സീതാ ദേവി - മേരി

ബന്ധുക്കളില്‍ നിന്നും, മതനേതാക്കളില്‍ നിന്നും, നേരിടേണ്ടി വന്ന രൂക്ഷമായ എതിര്‍പ്പു നിമിത്തം അവര്‍ക്ക് വാസസ്ഥലം മാറ്റേണ്ടി വന്നു. മാവേലിക്കരയില്‍ ജോസഫ് പീറ്റിനോടൊപ്പം മിഷ്യന്‍ ബംഗ്ലാവിലായിരുന്നു അവര്‍ ദീര്‍ഘകാലം താമസിച്ചത്.

സി.എം.എസ്. സഭയിലെ പുരോഹിതനായുള്ള പ്രവര്‍ത്തന കാലഘട്ടം

പരിവര്‍ത്തനത്തിനുശേഷം യുസ്തൂസ് യോസഫിനെ ഗ്രീക്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളും ബൈബിളും പഠിക്കാനായി കോട്ടയം സെമിനാരിയിലേക്ക് അയച്ചു. അവിടെനിന്നു പഠനം പൂര്‍ത്തിയാക്കി ഇറങ്ങിയ അദ്ദേഹത്തെ 1865 നവംബര്‍ 26-നു സി.എം.എസ്. സഭയിലെ ഡീക്കനായി വാഴിച്ചു. 1865 ഡിസം‌ബറില്‍ അദ്ദേഹം മാവേലിക്കര സി.എം.എസ് ഇടവകയില്‍ സഹവികാരിയായി നിയമിതനായി.

യുസ്തൂസ് യോസഫ് ബൈബിള്‍ അടിസ്ഥാനമാക്കിയുള്ള തന്റെ പഠിപ്പിക്കലുകളില്‍ കേരളാക്രൈസ്തവസഭകളില്‍ ഒരു നവീകരണം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോദ്ധ്യപ്പെടുത്തി. മാവേലിക്കരയോടു ചേര്‍ന്ന പ്രദേശങ്ങളില്‍ ധാരാളം ഉണര്‍വ്വ് യോഗങ്ങള്‍ നടന്നു. യുസ്തൂസ് യോസഫിനു പാട്ടുകള്‍ പാടാനുള്ള താലന്ത് ഈ യോഗങ്ങളില്‍ വിശേഷിച്ചും പ്രകടമായി. സി.എം.എസ്. സഭയുടെ അധികാരികള്‍ യുസ്തൂസ് യൊസഫിന്റെ പ്രവര്‍ത്തനങ്ങളില്‍ സം‌പ്രീതരായി. അവര്‍ അദ്ദേഹത്തെ 1868-ല്‍ മാവേലിക്കര കന്നീറ്റി സി.എം.എസ്. ഇടവകയുടെ വികാരിയായി നിയമിച്ചു. വളരെയധികം ആത്മാര്‍ത്ഥതയോടെ അദ്ദേഹം തേവലക്കര, കൃഷ്ണപുരം, പുതുപ്പള്ളി, കറ്റാനം, ചേപ്പാട് തുടങ്ങിയ പ്രദേശങ്ങളില്‍ ഉണര്‍വ്വ് യോഗങ്ങള്‍ക്ക് സം‌ഘടിപ്പിച്ചു. വിദ്വാന്‍കുട്ടിയച്ചന്റെ വാഗ്‌സാമര്‍ത്ഥ്യവും, ഭാഷാജ്ഞാനവും, വേദപാണ്ഡിത്യവും, അദ്ദേഹത്തിന്റെ സഹോദരന്മാരുടെ സം‌ഗീത സിദ്ധിയും ജനങ്ങളെ ആകര്‍ഷിച്ചു. ആംഗ്ലിക്കന്‍ സഭയില്‍ പെട്ടവര്‍ മാത്രമല്ല, മലങ്കര സഭയില്‍ പെട്ടവരും വിദാന്‍കിട്ടിയച്ചന്റെ പ്രസം‌ഗങ്ങള്‍ കേള്‍ക്കാനും അദ്ദേഹം രചിച്ച ഉണര്‍വ്വുപാട്ടുകള്‍ എറ്റു പാടാനും വന്നു കൂടി.

സന്ദര്‍ഭോജിതമായി യുസ്തൂസ് യോസഫ് ധാരാളം കീര്‍ത്തനങ്ങള്‍ രചിച്ചു. മലയാളത്തിലുള്ള ക്രിസ്തീയ കീര്‍ത്തനങ്ങള്‍ വിദ്വാന്‍കുട്ടിയച്ചന്റെ യോഗങ്ങള്‍ക്ക് എത്തിയിരുന്നവര്‍ കൂട്ടമായി ആലപിക്കാന്‍ തുടങ്ങി. ആ കാലഘട്ടത്തില്‍ യുസ്തൂസ് യോസഫ് അച്ചനും സഹോദരന്മാരും രചിച്ചാലപിച്ചിട്ടുള്ള ക്രിസ്തീയ കീര്‍ത്തനങ്ങള്‍ മലയാള ഭാഷയ്ക്കും കേരളക്രൈസ്തവസഭയ്ക്കും സം‌ഗീത ലോകത്തിനും ലഭിച്ച അനര്‍ഘനിധികളായി കരുതിപ്പോരുന്നു.

വിദ്വാന്‍കുട്ടിയച്ചനു മുന്‍പ് മലയാളക്കരയിലെ ക്രൈസ്തവആരാധനയില്‍, ദൈവസ്നേഹത്തേയും ക്രൂശുമരണത്തേയും കുറിച്ച് പൗരസ്ത്യ ഓര്‍ത്തഡോക്സുകാരും സുറിയാനി കത്തോലിക്കരും സുറിയാനിയിലും, ആം‌ഗ്ലിക്കന്‍ സഭാവിഭാക്കാര്‍ ഇം‌ഗ്ലീഷിലും, ലത്തീന്‍കത്തോലിക്കര്‍ ലത്തീനിലും, പാശ്ചാത്യ-പൗരസ്ത്യ രാഗങ്ങളിലുള്ള കീര്‍ത്തനങ്ങളാണു ആലപിക്കാറുണ്ടായിരുന്നത്. എന്നാല്‍ ഭാരതീയ ശാസ്ത്രീയ സം‌ഗീത പൈതൃകവും, ലയ-വിന്യാസങ്ങളും സ്വീകരിച്ച്, ക്രിസ്തീയ ഭക്തി പ്രമേയങ്ങളെ സ്വതന്ത്രമായി ആര്‍ക്കും പാടാവുന്ന പാട്ടുകളാക്കി മാറ്റുന്ന പ്രക്രിയ ആദ്യം തുടങ്ങിയത് വിദ്വാന്‍ കുട്ടിയച്ചനാണ്‌.

അദ്ദേഹം ഒരു ക്രൈസ്തവ പുരോഹിതന്‍ കൂടിയായതിനാല്‍ സഭാപഞ്ചാംഗത്തിലെ വിശേഷദിനങ്ങളില്‍ പാടാനുള്ള അനവധി പാട്ടുകളും രചിച്ചു. അങ്ങനെ രചിച്ച പാട്ടുകളില്‍ ചിലത് താഴെ പറയുന്നവ ആണ്‌.

  • ഓശാന ഞായറാഴ്ച - മറുദിവസം മറിയമകന്‍ വരുന്നുണ്ടെന്നു യരുശലേമില്‍ വരുന്നുണ്ടെന്നു...
  • ദുഃഖവെള്ളിയാഴ്ച - എന്തൊരന്‍പിതപ്പനേ ഈ പാപിമേല്‍ ...
  • ഉയിര്‍പ്പുഞായര്‍ - ഇന്നേശു രാജനുയിര്‍ത്തെഴുന്നേറ്റു ...

കേരളാ ക്രൈസ്തവ സഭയിലെ ഉണര്‍വ്വു കാലഘട്ടവും യുസ്തൂസ് യോസഫും

സഭയുടെ പ്രധാനപഠിപ്പിക്കലുകളില്‍ നിന്നും ആചാരങ്ങളില്‍ നിന്നുമൊക്കെ വിട്ട്, വ്യക്തികളുടെ അത്മീയ-വിശ്വാസ അനുഭവങ്ങള്‍ക്ക് സവിശെഷ പ്രാധാന്യം കൊടുക്കുന്ന വിവിധ പ്രവര്‍ത്തികള്‍ ഉള്‍പ്പെടുന്ന പ്രക്രിയയെ‍യാണു ക്രൈസ്തവസഭയില്‍ ഉണര്‍വ്വ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. പൊതുവെ പാട്ട്, പ്രസം‌ഗം, ആരാധന, നൃത്തം ഇതൊക്കെ ഉണര്‍വ്വ് കൂടി വരവുകളുടെ ഭാഗവും ലക്ഷണവും ആണ്‌. കേരളക്രൈസ്തവ സഭകള്‍ ഈ വിധത്തിലുള്ള പല ഉണര്‍വ്വ് കാലഘട്ടങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷെ ഇത്തരം കാലഘട്ടങ്ങളിലെ ഏറ്റവും പ്രധാന കാലഘട്ടമാണു ഇപ്പോള്‍ പൊതുവെ കൊല്ലവര്‍ഷം 1048-ലെ ഉണര്‍വ്വ് എന്ന പേരില്‍ അറിയപ്പെടുന്ന കാലഘട്ടം.

ഇപ്പോള്‍ തമിഴ്‌നാട്ടിലുള്ള തിരുനെല്‍വേലിയാണു ആ കാലഘട്ടത്തില്‍ തെക്കേ ഇന്ത്യയില്‍ ഇത്തരം ഉണര്‍വ്വ് കൂട്ടായ്മകളുടെ ജന്മകേന്ദ്രം. സി.എം.എസ് മിഷനറിമാരിലൂടെ 1860-ല്‍ ആണു ഇത് തിരുനല്‍വേലിയില്‍ ആരംഭിച്ചത്. തിരുനല്‍വേലി സി.എം.എസ്. ഇടവകയിലെ ജോണ്‍ അരുളപ്പന്‍ ഉപദേശിയാണു തെക്കേ ഇന്ത്യയിലെ ഉണര്‍വ്വിന്റെ ഉപജ്ഞാതാവ് എന്ന് പറയപ്പെടുന്നു. അജ്ഞാതനായ ഒരു മത്തായി ഉപദേശിയിലൂടെ ഈ ഉണര്‍വ്വ് തിരുവതാംകൂറിലേക്കും വ്യാപിച്ചു. തമിഴ് നാട്ടില്‍ നിന്നു ക്രിസ്തു മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്ത വേദനായക ശാസ്ത്രിയുടെ മകള്‍ അമ്മാളെ മലങ്കര സഭയില്‍ ഉണര്‍വ്വ് പാട്ടുകളില്‍ കൂടെ ഉത്തേജിപ്പിക്കാന്‍ മലങ്കര മെത്രാപ്പോലിത്താ അനുവദിച്ചതായി രേഖകള്‍ ഉണ്ട്.

ഉണര്‍വ്വിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ ജോണ്‍ അരുളപ്പന്‍ ഉപദേശി നിരവധി പേരെ പരിശീലിപ്പിക്കുകയും ചെയ്തു. യുസ്തൂസ് യോസഫിന്റെ സഹോദരന്മാരായ യുസ്തൂസ് യാക്കോബ് കുട്ടി, യുസ്തൂസ് മത്തായി കുട്ടി എന്നിവര്‍ ജോണ്‍ അരുളപ്പന്റെ അനുയായികളായി മാറുകയും അദ്ദേഹത്തില്‍ നിന്ന് ഉണര്‍വ്വിന്റെ പാഠങ്ങള്‍ പഠിക്കുകയും, ഉണര്‍വ്വിന്റെ സന്ദേശം മലങ്കര സഭയില്‍ പടര്‍ത്താന്‍ തിരുവതാംകൂറിലേക്ക് തിരിച്ചു വരികയും ചെയ്തു.

അരുളപ്പന്‍ ഉപദേശിയില്‍ നിന്നു ലഭിച്ച പരിശീലനം അനുസരിച്ച് മദ്ധ്യതിരുവിതാംകൂറില്‍ ഉണര്‍വ്വിന്റെ പ്രവര്‍ത്തനം യാക്കോബ് കുട്ടി, മത്തായി കുട്ടി എന്നിവര്‍ ആരംഭിച്ചു. യുസ്തൂസ് യാക്കോബ് കുട്ടി കഴിവുറ്റ പ്രാസംഗികനും യുസ്തൂസ് മത്തായി കുട്ടി നല്ലൊരുഗായകനും ആയിരുന്നു. മാനസാന്തരം, കര്‍ത്താവിന്റെ രണ്ടാം വരവ്, സഹസ്രാബ്ദ വാഴ്ച ഇതൊക്കെയായിരുന്നു അവരുടെ പ്രസം‌ഗങ്ങളുടെ പ്രധാന വിഷയങ്ങള്‍. വളരെ പെട്ടന്നു തന്നെ അവര്‍ പ്രസിദ്ധരാവുകയും ആയിരങ്ങള്‍ അവരെ അനുഗമിക്കുകയും ചെയ്തു. ആ സഹോദരങ്ങള്‍ ധാരാളം ധനം സമ്പാദിക്കുകയും ചെയ്തു.

ഉണര്‍വ്വ് യോഗപ്രവര്‍ത്തനങ്ങള്‍ വഴിതെറ്റുന്നു

1873 ജൂലൈയില്‍ മണക്കുഴി സി.എം.എസ്. ഇടവകയിലെ ഒരു സ്ത്രീക്ക് വിചിത്രമായ ഒരു ദര്‍ശനം ഉണ്ടായതായി വാര്‍ത്ത പരന്നു. ആകാശത്തു നിന്ന് ഒരു കറുത്ത മേഘശകലം ഇറങ്ങി വരികയും അത് അവരുടെ തോളില്‍ ഇരിക്കുകയും ചെയ്യുന്നതാണു അവര്‍ കണ്ടത്. അതോടൊപ്പം "അനുതപിക്ക അല്ലെങ്കില്‍ നീ മരിക്കും" എന്നൊരു അശരീരിയും കേട്ടത്രേ. അതേ രാത്രിയില്‍ യുസ്തൂസ് മത്തായി കുട്ടിയുടെ ഭാര്യക്കും ഇതേ ദര്‍ശനം ഉണ്ടായതായി മത്തായി കുട്ടി അറിയിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കറ്റാനം സി.എം.എസ്. സ്കൂളിലെ ഒരു അദ്ധ്യാപകനും സമാനമായ ഒരു ദര്‍ശനം ഉണ്ടായി. ഈ മൂന്നു ദര്‍ശനങ്ങളും യുസ്തൂസ് യാക്കോബ് കുട്ടി, യുസ്തൂസ് മത്തായി കുട്ടി എന്നിവരുടെ മുന്‍കൂട്ടിയുള്ള പദ്ധതി പ്രകാരം ഉണ്ടായതാണെന്നു പലരും സം‌ശയിക്കുന്നു. ഈ സഹോദര്‍ന്മാര്‍ തങ്ങളുടെ മൂത്ത സഹോദരനായ യുസ്തൂസ് യോസഫിനേയും തങ്ങളുടെ പഠിപ്പിക്കലുകള്‍ വിശ്വസിപ്പിച്ചു.

യുസ്തൂസ് യോസഫിനും വഴി തെറ്റുന്നു

കൊട്ടാരയ്ക്കരയ്ക്കടുത്തുള്ള ചെങ്കുളം ഗ്രാമത്തില്‍ കൂടാരപ്പറമ്പില്‍ തൊമ്മന്‍ എന്നൊരു പ്രവാചകന്‍ യാക്കോബ് കുട്ടിയുടേയും, മത്തായി കുട്ടിയുടേയും അടുത്ത സുഹൃത്ത് ആയിരുന്നു. സഹോദരന്മാരുടെ സ്വാധീനം നിമിത്തം യുസ്തൂസ് യോസഫ്, കൂടാരപ്പറമ്പില്‍ തൊമ്മനെ സന്ദര്‍ശിച്ചു. യുസ്തൂസ് യോസഫിന്റേയും മറ്റു സന്നിഹിതരായിരുന്നവരുടേയും സാന്നിദ്ധ്യത്തില്‍ കൂടാരപ്പറമ്പില്‍ തൊമ്മന്‍,

യേശു ക്രിസ്തു 6 വര്‍ഷം കഴിഞ്ഞ് (1875 മെയ് 30 ലാണു ഈ പ്രവചനം നടത്തുന്നത്) വരുമെന്നും ഏഴാം വര്‍ഷം എല്ലാ വിശ്വാസികളേയും തന്റെ രാജ്യത്തിലേക്ക് ചേര്‍ക്കുമെന്നും


പ്രവചിച്ചു. യുസ്തൂസ് യോസഫും സഹോദരന്മാരും ആ പ്രവചനം വിശ്വസിച്ചു.

ഉന്നത ബ്രാഹ്മണ കുലജാതനായതിനാല്‍ സി.എം.എസ്. മിഷണറിമാര്‍ക്ക് യുസ്തൂസ് യോസഫിനോട് പ്രത്യേക മമത ഉണ്ടായിരുന്നു. ആരംഭ കാലങ്ങളില്‍ അവര്‍ അച്ചന്റെ പ്രവര്‍ത്തനത്തെ അകമഴിഞ്ഞ് സഹായിച്ചു. പക്ഷെ കൂടാരപ്പറമ്പില്‍ തൊമ്മനുമായുള്ള അച്ചനുള്ള ബന്ധം സി.എം.എസ്. മിഷണറിമാര്‍ക്ക് സമ്മതമായിരുന്നില്ല.

പക്ഷെ യുസ്തൂസ് യോസഫ്, കൂടാരപ്പറമ്പില്‍ തൊമ്മന്റെ പ്രവചനം വിശ്വസിക്കുകയും അതിനു അനുയോജ്യമായ പഠിപ്പിക്കലുകള്‍ തന്റെ യോഗങ്ങളില്‍ നടത്തുകയും ചെയ്തു. കൂടാരപ്പറമ്പില്‍ തൊമ്മന്റെ പ്രവചനത്തിന്റെ വെളിച്ചത്തില്‍ ബൈബിളിലെ പ്രവചനങ്ങള്‍ കോര്‍ത്തിണക്കി, ജ്യോത്സ്യവിദ്വാനായിരുന്ന വിദ്വാന്‍ കുട്ടി അച്ചന്‍ കാലഗണന നടത്തി.

1881 ഒക്‌ടോബര്‍ 2-ആം തീയതി കര്‍ത്താവു തന്റെ സഭയെ ചേര്‍ത്തുകൊള്‍വാന്‍ വരും നിശ്ചയം. സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുകയാല്‍ മാനസാന്തരപ്പെടുവിന്‍


എന്നു വിളംബരം ഉണര്‍വ്വുകാരുടെ യോഗത്തില്‍ പ്രസിദ്ധപ്പെടുത്തുകയും, ഭരണാധികാരികളേയും സഭാദ്ധ്യക്ഷന്മാരേയും അറിയിക്കുകയും ചെയ്തു. മറ്റു ക്രൈസ്തവ സഭാ നേതാക്കള്‍, യുസ്തൂസ് യോസഫിന്റെ പഠിപ്പിക്കലുകള്‍ അം‌ഗീകരിക്കിക്കുകയോ അവരുടെ വെളിപാടോ പ്രവചന വ്യാഖ്യാനമോ അം‌ഗീകരിച്ചില്ല. പ്രത്യുത പാഷണ്ഡോപദേശമാണെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു.

യുസ്തൂസ് യോസഫ് എല്ലാ പരിധിയും ലം‌ഘിക്കുന്നു എന്നു കണ്ട സി.എം.എസ്. അധികാരികള്‍ 1875 ഒക്‌ടോബര്‍ 9നു അച്ചനെ സി.എം.എസ്. ഇടവകയില്‍ നിന്നു മുടക്കി. ഒരാഴ്ചയ്ക്കു ശേഷം 1875 ഒക്‌ടോബര്‍ 18നു യുസ്തൂസ് യോസഫ് കന്നീറ്റി ഉണര്‍വ്വു സഭ എന്ന പേരില്‍ ഒരു പുതിയ സഭ തുടങ്ങി. യുസ്തൂസ് യോസഫ് തന്നെയായിരുന്നു ആയിരുന്നു കന്നീറ്റി ഉണര്‍വ്വു സഭയുടെ തലവന്‍.

യുസ്തൂസ് യോസഫിന്റെ കന്നീറ്റി ഉണര്‍വ്വ് സഭയുടെ പ്രവര്‍ത്തനങ്ങള്‍

സി.എം.എസ്. സഭയില്‍ നിന്നു യുസ്തൂസ് യോസഫിനെ പുറത്താക്കിയെങ്കിലും വളരേയധികം ആളുകള്‍ യുസ്തൂസ് യോസഫിനേയും അദ്ദേഹത്തിന്റെ പഠിപ്പിക്കലുകളിലും വിശ്വസിച്ചു. കന്നീറ്റി, തേവലക്കര, ചെങ്ങന്നൂര്‍, മാവേലിക്കര, ആറന്മുള, പൂവത്തൂര്‍, കോഴഞ്ചേരി,തിരുവല്ല, മാന്നാര്‍, നിരണം, തലവടി, ചെന്നിത്തല തുടങ്ങിയ സ്ഥലങ്ങളില്‍ കന്നീറ്റി ഉണര്‍വ്വു സഭയ്ക്ക് ശാഖകളും ഉണ്ടായി. ഏതാണ്ട് 1500-ഓളം വീട്ടുകാരും വിവിധ സഭകളില്‍ നിന്നുള്ള 11 വൈദീകരും യുസ്തൂസ് യോസഫിന്റെ സഭയില്‍ ചേര്‍ന്നു. കൂടാരപ്പറമ്പില്‍ തൊമ്മന്‍, ഓമല്ലൂര്‍ ഈപ്പന്‍ എന്നിവര്‍ക്കായിരുന്നു യുസ്തൂസ് യോസഫിന്റെ സഭയുടെ കാര്യനിര്‍വഹണത്തിനുള്ള ചുമതല. യുസ്തൂസ് യോസഫിന്റെ സഭാ ജനങ്ങള്‍ എല്ലാം തന്നെ അഞ്ചര വര്‍ഷത്തിനു ശെഷം യേശുക്രിസ്തു വരും എന്ന പ്രതീക്ഷയോടെ ആകാംക്ഷയോടെ കാത്തിരുന്നു. ഇക്കാരണം കൊണ്ട് ഈ വിഭാഗത്തില്‍ പെട്ടവരെ അഞ്ചരക്കാര്‍, അഞ്ചരവേദക്കാര്‍ എന്നൊക്കെ മറ്റു ക്രൈസ്തവവിഭാഗങ്ങളില്‍ പെട്ടവര്‍ വിശെഷിപ്പിച്ചിരുന്നു. അതിനാല്‍ ആ പേരുകള്‍ ഈ സഭയുടെ മറു പേരുമായി തീര്‍ന്നു.

മാസങ്ങള്‍ക്ക് ശേഷം കന്നീറ്റി ഉണര്‍വ്വു സഭയിലെ പ്രവാചകന്മാര്‍ക്ക് (കൂടാരപ്പറമ്പില്‍ തൊമ്മനും, ഓമല്ലൂര്‍ ഈപ്പനും ആണു അതില്‍ പ്രമുഖര്‍) വിചിത്രമായ ഒരു ദര്‍ശനം ഉണ്ടായതായി പ്രഖ്യാപിച്ചു. 1876 ഓഗസ്റ്റ് 10 മുതല്‍ 12 വരെ ലോകം മുഴുവനും ഇരുട്ടു വ്യാപിക്കുവാന്‍ പോകുന്നു എന്നും ഇതു ക്രിസ്തുവിന്റെ രണ്ടാം വരവിനുള്ള അടയാളം ആണു എന്നതായിരുന്നു ദര്‍ശനം. ഈ വാര്‍ത്ത ലോകം മുഴുവന്‍ അറിയിക്കാന്‍ അവര്‍ ആവുന്നതെല്ലാം ചെയ്തു. ഇം‌ഗ്ലണ്ടിലെ വിക്‌ടോറിയ രാജ്ഞിക്കും, കാന്റന്‍ബറി, ആര്‍ച്ച് ബിഷപ്പിനും, പോപ്പിനും ഒക്കെ അവര്‍ ടെലഗ്രാമുകള്‍ അയച്ചു.

ഈ വാര്‍ത്ത കാരണം ഈ ആരാധനാമതത്തിന്റെ (cult) സ്വാധീനം പിന്നേയും വര്‍ദ്ധിച്ചു. കൂടുതല്‍ കൂടുതല്‍ ആളുകള്‍ ആ സഭയില്‍ ചേര്‍ന്നു. പലരും തങ്ങളുടെ വസ്തുവഹകള്‍ വിറ്റ് അതൊക്കെ യുസ്തൂസ് യോസഫിനു കാഴ്ച വെച്ചു. ആ സഭയില്‍ ചേര്‍ന്ന ജനങ്ങളൊക്കെ ഉന്മാദചിത്തരായി പരിഭ്രമപ്പെട്ടു നടന്നു. പലര്‍ക്കും കച്ചവടത്തിലും കൃഷിയിലും ഉള്ള താല്പര്യം നശിച്ചു. പലയിടത്തും വസ്തു വഹകള്‍ വിറ്റു കിട്ടിയ പണം കൊണ്ട് ഗംഭീര വിരുന്ന് ഒരുക്കപ്പെട്ടു.

പക്ഷെ 1876 ഓഗസ്റ്റ് 10 നും സൂര്യന്‍ പതിവു പോലെ ഉദിച്ചു. ഇരുട്ടോ പുനരാഗമനമോ ഉണ്ടായില്ല. അപ്പോഴാണു തന്റെ പ്രവചനവ്യാഖ്യാനങ്ങളും കാലനിര്‍ണ്ണയും അതിനു അവലംബമാക്കിയ വെളിപാടുകളും തെറ്റായിരുന്നു എന്ന് യുസ്തൂസ് യോസഫിനു ബോദ്ധ്യമായത്. ആ രാത്രിയില്‍ അദ്ദേഹം ഉറങ്ങിയില്ല. വെളുപ്പിനു എഴുന്നേറ്റു തിരുവല്ലായില്‍ ചെന്ന് സി.എം.എസ്. അധികാരികളെ കണ്ട് വിവരങ്ങള്‍ പറയാന്‍ ഇറങ്ങുകയായിരുന്നു. പക്ഷെ കുശാശ്രബുദ്ധിക്കാരനായ യാക്കോബു കുട്ടി അച്ചനെ വിട്ടില്ല.

കൂരിരുട്ട് പരമാര്‍ത്ഥമായി ഉണ്ടായി. പക്ഷെ അതു ബാഹ്യനേത്രങ്ങള്‍ക്ക് വിഷയമാകുന്ന ഇരുട്ടല്ലായിരുന്നു. അതു നമുക്കുണ്ടായ ഹൃദയാന്തകാരവും അവിശ്വാസവും ആയിരുന്നു. നീതിസൂര്യന്‍ ഹൃദയത്തില്‍ നിന്നു മാഞ്ഞു പോയ അനുഭവമായിരുന്നു. മഹത്വപ്രത്യക്ഷതയും മദ്ധ്യാകാശത്തില്‍ മാംസചക്ഷുസുകള്‍ക്ക് കാണാവുന്ന വിധത്തിലായിരുന്നില്ല. അതു അകക്കാണു തെളിഞ്ഞവര്‍ക്കു മാത്രം കാണാവുന്ന ഹൃദയമണ്ഡലത്തിലായിരുന്നു.


എന്ന പുതിയ വ്യാഖ്യാനവുമായി യാക്കോബ്കുട്ടി വന്നു. യുസ്തൂസ് യൊസഫ് അതും വിശ്വസിച്ചു. പക്ഷെ അതു ഭൂരിപക്ഷം വിശ്വാസികള്‍ക്കും സ്വീകാര്യമായിരുന്നില്ല. പലരും സ്വന്തം മാതൃസഭകളിലേക്ക് തിരിച്ചു പോയി. സഭയുടെ പ്രധാനപ്രവാചകന്മാരില്‍ ഒരാളായിരുന്ന ഓമല്ലൂര്‍ ഈപ്പനും കന്നീറ്റി ഉണര്‍വ്വു സഭ വിട്ടു. ഓമല്ലൂര്‍ ഈപ്പന്‍ 1878 ജൂലൈ 25നു വെട്ടിയാര്‍ എന്ന സ്ഥലത്തു വച്ച് ഒരു മരത്തില്‍ തൂങ്ങിമരിച്ചു. കൂടാരപ്പറമ്പില്‍ തൊമ്മനും, യുസ്തൂസ് യൊസഫിന്റെ സഹോദരനായ യുസ്തൂസ് മത്തായി കുട്ടിയും വസൂരി രോഗം വന്നു മരിച്ചു.

പക്ഷെ യുസ്തൂസ് യൂസഫും അദ്ദേഹത്തിന്റെ അടുത്ത അനുയായികളും യുസ്തൂസ് യോസഫ് പ്രവചിച്ച പോലെ 1881 ഒക്‌ടോബര്‍ 2നു യേശുവിന്റെ പുനരാഗമനം ഉണ്ടാകുമെന്ന പ്രത്യേശയോടെ ദിവസങ്ങള്‍ എണ്‍നി നീക്കി. 1881 ഒക്‌ടോബര്‍ 2നും ഒന്നും സം‌ഭവിച്ചില്ല. ആ രാത്രി മൊത്തം ഉറക്കൊഴിഞ്ഞ് അവര്‍ യേശുവിനെ സ്വീകരിക്കാന്‍ ഇരുന്നു. പക്ഷെ യുസ്തൂസ് പ്രവചിച്ച പോലെ 1881 ഒക്‌ടോബര്‍ 2നും യേശുവിന്റെ പുനരാഗമനം ഉണ്ടായില്ല. ആ രാത്രിയില്‍ വിഷമത്തോടെ അദ്ദെഹം എഴുതിയ കീര്‍ത്തനമാണ് കാന്താ താമസമെന്തഹോ? വന്നീടാനേശു കാന്താ താമസമെന്തഹോ? എന്നത്.

യുയോമയ സഭയുടെ പിറവി

തന്റെ പ്രവചനങ്ങള്‍ നിവര്‍ത്തിയാവാഞ്ഞതിനു ശെഷം, പ്രവചനങ്ങള്‍ക്ക് പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കി ക്രിസ്തുമതത്തിന്റേയും ഹിന്ദുമതത്തിന്റേയും ചില അം‌ശങ്ങള്‍ കൂട്ടിക്കലര്‍ത്തി യുസ്തൂസ് യോസഫ് രൂപീകരിച്ച സഭയാണു യുയോമയ സഭ. സി.എം.ഐ സഭയില്‍ നിന്നു പുറത്തക്കപ്പെട്ടതിനു ശെഷം 1875-ല്‍ യുസ്തൂസ് യോസഫും അനുയായികളും കൂടെ സ്ഥാപിച്ച കന്നീറ്റി ഉണര്‍വ്വു സഭ, അഞ്ചരക്കാര്‍, അഞ്ചരവേദക്കാര്‍ എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെട്ടിരുന്നതും, 1875 തൊട്ട് 1881 ഒക്‌ടോബര്‍ വരെ തെക്കന്‍ കേരളത്തിലെ, പ്രത്യേകിച്ച് മദ്ധ്യതിരുവതാംകൂറിലെ, ക്രൈസ്തവസമൂഹത്തെയാകെ ഇളക്കി മറിച്ച സഭയുടെ ബാക്കിപത്രമാണു യുയോമയ സഭ.

പ്രവചനങ്ങള്‍ അസ്ഥാനത്തായതിനു ശെഷം, 1881 ഒക്ടോബറില്‍ പിറവിയെടുത്ത സഭയ്ക്ക് യുയോമയ സഭ എന്ന പേര്‍ തെരഞ്ഞെടുത്തു. നിത്യ സുവിശേഷ സഭ, ക്രിസ്തുമാര്‍ഗ്ഗത്തിന്റെ നിവര്‍ത്തിയായ യുയോമയം എന്നിങ്ങനെയുള്ള വിശേഷനാമങ്ങളും ഇവര്‍ ഉപയോഗിക്കുന്നു. യുയോമയാബ്ദം എന്ന നവീനയുഗവും, യുയോമയ ഭാഷ എന്ന പേരില്‍ പുതിയൊരു ഭാഷയും തുടങ്ങി. യുയോമയം ഒരു സര്‍വ ജാതി മതൈക്യപ്രതീകമാണെന്നു വെളിപ്പെടുത്തിയ യുസ്തൂസ് യോസഫ്, തന്റെ ക്രൈസ്തവ നാമത്തിലേക്ക് തന്റെ പൂര്‍വ്വ ഹൈന്ദവ നാമമായ രാമയ്യന്‍, മൂസ്ലീം നാമമായ് അലി, പാശ്ചാത്യ നാമമായ വില്‍സന്‍ എന്നീ പേരും ചേര്‍ത്തു. ഇവയുടെയെല്ലാം ആദ്യാക്ഷരങ്ങള്‍ ഉള്‍പ്പെടുന്ന യുയോരാലിസണ്‍ എന്ന പുതിയൊരു സ്ഥാനപ്പേരും സ്വീകരിച്ചു.

വീടുകളിലും, പൊതുപ്രാര്‍ത്ഥന സമയത്തും, അപ്പവും വെള്ളവും വച്ച് പ്രാര്‍ത്ഥിച്ച്, പുതിയ രീതിയില്‍ കര്‍ത്താവിന്റെ അത്താഴത്തിന്റെ സ്മരണ ദിവസേനേ ആചരിച്ചു പോരുന്ന ആ സഭയില്‍ ഇപ്പോള്‍ 150-ല്‍ താഴെ കുടുംബങ്ങളാണു അവശേഷിച്ചിട്ടുള്ളത്.

മരണം


1881 ഒക്ടോബര്‍ 2നു ശേഷം സഭാ കാര്യങ്ങളിലൊന്നും അധികം ഇടപെടാതെ വളരെ ശാന്തമായ ഒരു ജീവിതമാണു യുസ്തൂസ് യോസഫ് നയിച്ചത്. യുസ്തൂസ് യോസഫ് 1887-ല്‍ 52-ആമത്തെ വയസ്സില്‍ അന്തരിച്ചു. മാവേലിക്കരയ്ക്കടുത്തുള്ള കന്നീറ്റി എന്ന സ്ഥലത്തെ സി.എസ്.ഐ. പള്ളിയിലാണു യുസ്തൂസ് യോസഫിനെ അടക്കം ചെയ്തിരിക്കുന്നത്.

യുസ്തൂസ് യോസഫ് മലയാള ക്രൈസ്തവ സഭയ്ക്ക് നല്കിയ സംഭാവനകള്‍

യുസ്തൂസ് യോസഫിന്റെ പഠിപ്പിക്കലുകളും പ്രവചനങ്ങളും മിക്ക ക്രൈസ്തവ സഭകള്‍ക്കും സ്വീകാര്യമല്ലായിരുന്നുവെങ്കിലും ആ കാലത്ത് മദ്ധ്യതിരുവിതാംകൂറിലെ ക്രൈസ്തവസഭകള്‍ ഇതു മൂലം ഉണര്‍ത്തപ്പെട്ടു. കൂടുതല്‍ കൂടുതല്‍ ആളുകള്‍ ബൈബിള്‍ വായിക്കുവാന്‍ തുടങ്ങി. ആ കാലഘട്ടത്തോടു ചേര്‍ന്നാണു ബൈബിളിന്റെ മലയാളം പരിഭാഷ ഉണ്ടായത് എന്നതും ഇതിനു സഹായമായി. ബൈബിള്‍ സൊസൈറ്റിയുടെ കണക്കു പ്രകാരം 1873ല്‍ 1119 ബൈബിളാണു വിറ്റു പോയതെങ്കില്‍ 1874-ല്‍ അതിന്റെ എണ്ണം 3034 ആയി ഉയര്‍ന്നു.

വിദ്വാന്‍ കുട്ടിയച്ചനു മലയാളം, തമിഴ്, സംസ്കൃതം, ഇംഗ്ലീഷ്, ഗ്രീക്ക് എന്നീ ഭാഷകളില്‍ പ്രാവീണ്യം ഉണ്ടായിരുന്നു. മത പരിവര്‍ത്തനത്തിനു മുന്‍പ് വളരെ ശുഷ്കാന്തിയോടെ ഹൈന്ദവ മതം പിന്‍തുടര്‍ന്നിരുന്ന അദ്ദേഹത്തിനു ഹൈന്ദവ സം‌ഹിതകളും ആചാരങ്ങളിലും ഒക്കെ നല്ല അറിവുണ്ടായിരുന്നു. അദ്ദേഹത്തിനു ഈ അറിവുകള്‍ ഒക്കെ താന്‍ രചിക്കുന്ന ഓരോ ക്രിസ്തീയ കീര്‍ത്തനത്തിലും പ്രതിഫലിപ്പിക്കുവാന്‍ സാധിച്ചു. കേരളക്രൈസ്തവരുടെ ഇടയില്‍ മലയാളത്തിലുള്ള ക്രിസ്തീയകീര്‍ത്തനങ്ങള്‍ വ്യാപകമായി ആലപിക്കാന്‍ തുടങ്ങിയത് വിദ്വാന്‍ കുട്ടിയച്ചന്റെ പാട്ടുകള്‍ക്ക് പ്രചാരം ലഭിച്ചതോടെയാണെന്നു പറയപ്പെടുന്നു.

വിദ്വാന്‍ കുട്ടിയച്ചന്റെ കീര്‍ത്തങ്ങള്‍ക്ക് കാലത്തെ അതിജീവിക്കുന്ന അദ്വീതമായ കാവ്യ സൗന്ദര്യവും ഭക്തിരസവും ഉണ്ട് എന്നതിന്റെ തെളിവാണു, കേരളത്തിലെ മിക്കവാറും എല്ലാ ക്രൈസ്തവസഭകളും ഇപ്പോഴും തങ്ങളുടെ ആരാധനകളില്‍ അദ്ദേഹത്തിന്റെ കീര്‍ത്തനങ്ങള്‍ ഉപയോഗിക്കുന്നു എന്നത്.

യുസ്തൂസ് യോസഫിന്റെ സാഹിത്യ കൃതികളില്‍ മുഖ്യമായവ താഴെ പറയുന്നവയാണ്‌.

  • വിശുദ്ധവെണ്‍മഴു
  • നിത്യജീവപദവി
  • നിത്യാക്ഷരങ്ങള്‍
  • യുയോമയഭാഷാപുസ്തകം
  • ക്രിസ്താത്മീയ ഗീതങ്ങള്‍
  • യുമോമയ ഗീതങ്ങള്‍

ക്രിസ്താത്മീയ ഗീതങ്ങളില്‍ ആകെ 148 ഗീതങ്ങള്‍ ആണ്‌ ഉള്ളത്. അതിലെ ഒടുവിലത്തെ 12 ഗീതങ്ങള്‍ മുഴുവന്‍ സം‌സ്കൃതത്തിലാണു രചിച്ചിരിക്കുന്നത്. യുയോമയ ഗീതങ്ങളിലെ 56 പാട്ടുകളും 34 ഗ്ലോകങ്ങളും സാധാരണ ജങ്ങള്‍ക്ക് ഭാഷയിലും രാഗത്തിലും ദുര്‍ഗ്രഹങ്ങളാണ്‌. സം‌ഗീതവിദ്വാന്മാര്‍ക്ക് ആലപിച്ചാനന്ദിപ്പാനുള്ള കര്‍ണ്ണാടക ശാസ്ത്രീയ സം‌ഗീത കൃതികളാണ്‌ അവ.

യുസ്തൂസ് യോസഫിന്റെ ചില പ്രശസ്ത ക്രിസ്തീയ കീര്‍ത്തനങ്ങള്‍

  • സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ ഹല്ലേലൂയ്യാ പാടി
  • കാന്താ താമസമെന്തഹോ വന്നീടാ നേശു
  • സേനയില്‍ യഹോവയെ നീ വാനസേനയോടെഴുന്നള്ളേണമേ ശാലേമിതില്‍
  • വരുവീന്‍ നാം യഹോവയ്ക്കു പാടുക- രക്ഷ തരുന്ന
  • മറുദിവസം മറിയമകന്‍ യെരുശലേമില്‍ വരുന്നുണ്ടെന്നു അറിഞ്ഞു
  • ആത്മാവെ വന്നീടുക വിശുദ്ധാത്മാവെ വന്നീടുക



അവലംബം



1. ക്രിസ്തീയ കീര്‍ത്തനങ്ങള്‍,28-ആം പതിപ്പ് (മലയാളം), തിരുവല്ല: മാര്‍ത്തോമ്മാ പ്രസിദ്ധീകരണ സമിതി

2. റവ: റ്റി. കെ., ജോര്‍ജ്ജ് (1986). ക്രൂശിലെ സ്നേഹത്തിന്റെ പാട്ടുകാര്‍ (രണ്ടാം ഭാഗം), ഒന്നാം പതിപ്പ് (മലയാളം), തിരുവല്ല: ക്രൈസ്തവ സാഹിത്യ സമിതി,

3. http://www.kuwaitmarthoma.com/links/vidhwankuttyachen.pdf


മറ്റ് കണ്ണികള്‍



1. യുസ്തൂസ് യോസഫിന്റെ സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശു ദേവനെ എന്നു തുടങ്ങുന്ന ക്രിസ്തീയ കീര്‍ത്തനം മലയാളം വിക്കി ഗ്രന്ഥശാലയില്‍ - http://ml.wikisource.org/wiki/സ്തുതിപ്പിന്‍_സ്തുതിപ്പിന്‍_യേശുദേവനെ

2. യൂടൂബില്‍ സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ എന്ന പാട്ടിന്റെ കുറച്ച് ചരണങ്ങള്‍ ഒരു ഗായിക പാടുന്നു http://in.youtube.com/watch?v=lMlHxci7BtM


3. വിക്കിപീഡിയയിലെ യുസ്തൂസ് യോസഫ് എന്ന ലേഖനം