ചേരയെ തിന്നുന്ന നാട്ടിൽ നടുത്തുണ്ടം തിന്നണം എന്നു് പറയുന്നതു പോലെ, കുറച്ചു് സാഹസിക ജീവിതം ഇഷ്ടപ്പെടുന്നവര്‍ക്കു്, പൂണെയിൽ ജീവിക്കുമ്പോള്‍ ഒരിക്കലും നഷ്ടപ്പെടുത്താൻ സാധിക്കാത്തതാണു് സഹ്യാദ്രി പർവ്വതനിരകളിലൂടെയുള്ള ട്രെക്കിങ്ങ്.
ഞാൻ പൂണെയിലെത്തി 3.5 വര്‍ഷമായെങ്കിലും, ആദ്യത്തെ 1.5 വര്‍ഷത്തോളം ട്രെക്കിങ്ങിനൊന്നും പോകുമായിരുന്നില്ല. പ്രധാനകാരണം, ഈ മേഖലയിൽ താല്പര്യമുള്ള കൂട്ടുകാരെ നമ്മുടെ ഒപ്പം ജോലി ചെയ്യുന്നവരിൽ നിന്നൊക്കെ കിട്ടാൻ വളരെ ബുദ്ധിമുട്ടാണു് എന്നതു് തന്നെ. ട്രെക്കിങ്ങിൽ താല്പര്യമുള്ള സുഹൃത്തുക്കളെ നോക്കി ആദ്യത്തെ 1.5 വര്‍ഷം നഷ്ടമാക്കിയ ഞാൻ 2007 ഒക്ടോബറിലാണു് പൂണെയിലെ
ട്രെക്ക്-ഡി എന്ന ഒരു ട്രെക്കിങ്ങ് ക്ലബ്ബിനെപ്പറ്റി കേള്‍ക്കുന്നതു്. അങ്ങനെ ട്രെക്ക്-ഡി വഴി 2007 ഒക്ടോബറിൽ, മറാഠസിംഹമായിരുന്ന ശിവാജിയുടെ ആദ്യത്തെ പ്രമുഖ കോട്ടയായിരുന്ന,
രാജ് ഗഡ് എന്ന രാക്ഷസ കോട്ടയിലേക്കാണു് ഞാൻ ആദ്യത്തെ ട്രെക്കിങ്ങ് നടത്തുന്നതു്. ട്രെക്കിങ്ങിൽ തുടക്കക്കാരായവരെ സംബന്ധിച്ചിടത്തോളം ലോണവാലയ്ക്കടുത്തുള്ള ഡൂക്ക് നോസും, പൂണെയ്ക്കു സമീപമുള്ള ചെറു ട്രെക്കിങ്ങ് സ്പോട്ടുകളാണു് നല്ലതെങ്കിലും, ആ സമയത്ത് ട്രെക്കിങ്ങിന്റെ വിവിധ സാങ്കേതികകളെക്കുറിച്ചൊന്നും അറിയാത്തതിനാൽ, ആദ്യം തന്നെ രാജ് ഗഡ് എന്ന ശിവാജി കോട്ടയിലേക്കു്, അത്യാവശ്യം കടുപ്പമേറിയ ട്രെക്കിങ്ങോടെ ആണു് ഞാൻ ട്രെക്കിങ്ങ് എന്ന മേഖലയിൽ കാൽവെക്കുന്നതു്.
2007 ഒക്ടോബറിനു ശേഷം മഹാരാഷ്ട്രയിലെ നിരവധി ട്രെക്കിങ്ങ് സ്പോട്ടുകളിലേക്കു് നിരവധി സാഹസിക യാത്രകൾ നടത്തി. ട്രെക്കേര്‍സ് പാരഡൈസ് എന്നു പറയാവുന്ന വിധം സഹാദ്രി മലനിരകളുടെ നിരവധി പർവ്വതസമുച്ചയങ്ങൾ നിറഞ്ഞതാണു് മഹാരാഷ്ട്ര. അതിൽ പൂണെയ്ക്ക് പ്രത്യേക സ്ഥാനമുണ്ടു്. പൂണെയില്‍ വന്നിട്ടു് ഒരു ട്രെക്കിനു പോലും പോയില്ല എങ്കിൽ അത് ഒരു തീരാനഷ്ടമായേ എനിക്കിപ്പോൾ കാണാന്‍ കഴിയുകയുള്ളൂ.
പക്ഷെ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ 20 ഓളം സാഹസികയാത്രകൾ നടത്തിയെങ്കിലും ഒരെണ്ണം പോലും ബൂലോകവുമായി പങ്കുവെക്കണം എന്നു തോന്നിയിരുന്നില്ല. പ്രധാന പ്രശ്നം സഞ്ചാരസാഹിത്യം എഴുതാനുള്ള അറിവിലായ്മ തന്നെ. അതിനു പുറമേ ക്യാമറ കൈയ്യിൽ ഉണ്ടെങ്കിലും പടം പിടിക്കുന്ന കാര്യത്തില്‍ വളരെ മടിയനാണു് ഞാന്‍.
പൂണെ വിട്ടു് ബാംഗ്ലൂര്‍ക്ക് കുടിയേറുന്നതിനു മുന്‍പു്, നല്ല ഒരു ട്രെക്കോടു കൂടി കലാശക്കൊട്ടു് നടത്തണം എന്നു് ബാംഗ്ലൂര്‍ക്ക് മാറുന്നകാര്യം ഉറപ്പായപ്പോൾ തീരുമാനിച്ചതാണു്. കഴിഞ്ഞ കുറച്ചു നാളായി അങ്ങനെ ഒരു ചിന്ത മനസ്സിലുണ്ടെങ്കിലും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് (കൃത്യമായി പറഞ്ഞാല്‍ 2009 ഫെബ്രുവരി 14-15 തീയതികളിൽ) അവിചാരിതമായി അതിനൊരു അവസരം ഒത്തു കിട്ടി. ഞാൻ സ്ഥിരമായി ട്രെക്കിങ്ങിനു പോകുന്ന ട്രെക്ക്-ഡി എന്ന ട്രെക്കിങ്ങ് ക്ലബ്ബ് തന്നെ ഫെബ്രുവരി 14-15 തീയതികളില്‍ 2 പ്രമുഖ ശിവാജി കോട്ടകളായ
രാജ്ഗഡ്-ലേക്കും
തോരണ-യിലേക്കും ഒരു സര്‍ക്ക്യൂട്ട് ട്രെക്ക് നടത്തുന്നു എന്നു അറിഞ്ഞു. പിന്നൊന്നും ആലോചിച്ചില്ല. ചാടി വീണു. ആ സാഹസിക യാത്രയുടെ സഞ്ചാരസാഹിത്യമാണു് (?) ഈ പോസ്റ്റ്.
തയ്യായാറെടുപ്പു്
ട്രെക്ക്-ഡിയുടെ സൈറ്റില്‍
http://trekdi.com/register-for-outings/view-51.html പറഞ്ഞിരിക്കുന്ന പ്രകാരം, ശനിയാഴ്ച രാവിലെ രാജ്ഗഡ് കീഴടക്കി, ഉച്ച കഴിഞ്ഞു് 12 കിലോമീറ്ററോളം കാട്ടിലൂടെ നിരവധി മലനിരകൾ താണ്ടി വൈകുന്നേരത്തോടെ തോരണയിലെത്തി, അവിടെ അന്നു് താമസിക്കുകയായിരുന്നു ഉദ്ദേശം. പക്ഷെ മുൻകൂട്ടി തീരുമാനിച്ച ഒരു കാര്യവും ഈ ട്രെക്കിൽ നടന്നില്ല. അവിചാരിതമായുണ്ടായ സംഭവ വികാസങ്ങൾ രാജ്ഗഡ് തോരണ ട്രെക്കിനെ എന്റെ ജീവിതത്തിലെ ഒരു അവിസ്മരണീയ ട്രെക്കാക്കി തീര്‍ത്തു. അതിന്റെ കഥയിലേക്കു്.
സാധാരണ ഏതു ട്രെക്കിനു പോയാലും ട്രെക്കിനു കൊണ്ടു പോകേണ്ട എന്തേലും ഒരു പ്രധാനപ്പെട്ട സാധനം മറക്കുക (ടോര്‍ച്ച്/റെയ്‌ൻ കോട്ടു്/തൊപ്പി/ക്യാമറ/ബാറ്ററി തുടങ്ങി എന്തും ആവാംഅതു് :) ) എന്നതു് എന്റെ സ്ഥിരം സ്വഭാവമായതിനാൽ , ഇപ്രാവശ്യം നന്നായി പോകണം എന്നു തീരുമാനിച്ചു് 13ആം തീയതി രാത്രി തന്നെ എല്ലാ സാധനങ്ങളും ബാഗിൽ തയ്യാറാക്കി വെച്ചു. തൊപ്പി തലയിൽ വെക്കാൻ ഉള്ളതായതിനാൽ അതു് ബാഗിന്റെ മുകളിലും വെച്ചു്, 10 മണിക്കു് തന്നെ ഉറങ്ങാൻ കിടന്നു.
രാവിലെ 6 മണിക്കു് സ്വാർഗേറ്റ് എസ്.ടി. സ്റ്റാന്‍ഡിൽ എത്തണം എന്നായിരുന്നു പ്രോഗ്രാം ഷെഡ്യൂളിൽ. അതിനാൽ 4:30ക്കു് എഴുന്നേറ്റു. 2 ദിവസത്തെ ട്രെക്കായതിനാൽ ടൂവീലർ സ്വാർഗേറ്റ് എസ്.ടി. സ്റ്റാന്‍ഡിൽ വെക്കുന്നതു് ബുദ്ധിയല്ല എന്നു അറിയാവുന്നതിനാൽ ബസ്സില്‍ തന്നെ സ്വാർഗേറ്റ് എസ്.ടി. സ്റ്റാന്‍ഡിലെക്കു് പോകാൻ തീരുമാനിച്ചു. 5 മണി തൊട്ടു് 5:30 വരെ നോക്കി നിന്നിട്ടും ബസ്സ് വന്നില്ല. പൂണെയിലെ പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ട് സേവനം എത്രത്തോളം പരിതാപകരമാണു് എന്നറിയണമെങ്കിൽ ഇവിടെ 2 ദിവസം ബസ്സില്‍ യാത്ര ചെയ്താൽ മതി (ബാംഗ്ലൂര്‍, ചെന്നെ, മുംബൈ തുടങ്ങിയ പട്ടണങ്ങളിലൊക്കെ ജീവിച്ചിട്ടുണ്ടെങ്കിലും ഇത്ര പരിതാപകരമായ പൊതുജന യാത്രാ സൌകര്യം വേറൊരു പട്ടണത്തിലും ഞാൻ കണ്ടിട്ടില്ല. അതു കൊണ്ടു് തന്നെ സ്വന്തമായി ഒരു വാഹനം വാങ്ങിക്കുന്നതിനെക്കുറിച്ചു് സ്വപ്നത്തിൽ പോലും ആലോച്ചിട്ടില്ലാത്ത ഞാൻ പൂണെയിൽ എത്തി ഒരു വര്‍ഷത്തിനുള്ളിൽ ഒരു ടൂവീലര്‍ വാങ്ങിക്കാൻ നിർബന്ധിതനായിത്തീര്‍ന്നു.
അര മണിക്കൂർ നിന്നിട്ടും ബസ്സൊന്നും കിട്ടാഞ്ഞതിനാൽ അവസാനം ഒരു ഓട്ടോ പിടിച്ചു് 5:50 ഓടെ ഞാൻ പൂണെ സ്റ്റേഷനിലെത്തി. അവിടെ നിന്നു ബസ്സിൽ കയറി 6:10- ഓടെ സ്വാർഗേറ്റ് എസ്.ടി. സ്റ്റാന്‍ഡിലെത്തി. പറഞ്ഞതു പൊലെ ട്രെക്ക് കോര്‍ഡിനേറ്റർ ആയ
പിനാക്കിൻ കാർവെ എൻക്വയറി കൌണ്ടറിനു സമീപം ഉണ്ടായിരുന്നു. ഇതു വരെ കണ്ടീട്ടു പോലും ഇല്ലാത്ത കുറച്ചു പേരും പിനാക്കിന്റെ സമീപത്തു് ട്രെക്കിനു തയ്യാറായി നിൽപ്പുണ്ടായിരുന്നു. ട്രെക്കിങ്ങ് ക്ലബ്ബ് വഴി ട്രെക്കിനു പോകുന്നതു് കൊണ്ടുള്ള ചില ഗുണങ്ങൾ താഴെ പറയുന്നവയാണു്.
- യാത്ര, ട്രെക്ക് എക്പേര്‍ട്ടൈസ് ഇതിനെക്കുറിച്ച് വേവലാതിയേ വേണ്ട.
- സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവര്‍ത്തിക്കുന്ന നിരവധി ഊര്‍ജ്ജസ്വരായ ആളുകളെ പരിചയപ്പെടാം.
- ഭക്ഷണത്തെക്കുറിച്ചു് വേവലാതി വേണ്ട. ഭക്ഷണത്തിന്റെ കാര്യമൊക്കെ ട്രെക്കിങ്ങ് ക്ലബ്ബുകാർ നോക്കി കൊള്ളും. നാമമാത്രമായ ഒരു തുകമാത്രമേ ഇതിനെല്ലാം കൂടെ അവർ ഈടാക്കുന്നുള്ളൂ.പക്ഷെ ഭക്ഷണം പാചകം ചെയ്യുന്ന സമയത്ത് അവരെ സഹായിക്കുക എന്നതു് നമ്മുടെ കടമ ആകുന്നു. (പക്ഷെ വെള്ളത്തെക്കുറിച്ചു് എനിക്കു് വേവലാതി ഉള്ളതിനാൽ എന്റെ ട്രെക്കിങ്ങ് ലഗേജിന്റെ ഭാരത്തിന്റെ ഭൂരിഭാഗവും വെള്ളത്തിന്റെ ആവും :))
ട്രെക്ക് ഷെഡ്യൂള്‍ മാറിമറിയുന്നു
6:30ക്കു രാജ് ഗഡിലേക്കു പോകാനുള്ള അടിവാര ഗ്രാമമായ ഗുഞ്ചന്‍വണെ-യിലേക്കുള്ള ബസ്സ് കാത്തു് നിന്ന ഞങ്ങളെ നിരാശപ്പെടുത്തി ആദ്യത്തെ വാര്‍ത്തയെത്തി. ഗുഞ്ചന്‍വണെ-യിലേക്കു് 6:30ക്കു് പുറപ്പെടെണ്ട ബസ്സ് റദ്ദാക്കിയിരിക്കുന്നു. അടുത്ത ബസ്സ് 9:30ക്കു് മാത്രം. പൂണെയിൽ നിന്നു് ഗുഞ്ചന്‍വണെ-യിലേക്കു് 2 മണിക്കൂർ യാത്രയുള്ളതിനാൽ ട്രെക്കിങ്ങ് ഷെഡ്യൂള്‍ മൊത്തം തകരാറാവുന്ന സ്ഥിതിയായി. ട്രെക്ക് കോർഡിനേറ്ററായ പിനാക്കിൻ കാര്‍വെ ചില അന്വേഷണങ്ങള്‍ക്കു ശേഷം തോരണയ്ക്കു പോകാനുള്ള അടിവാരഗ്രാമമായ വെളെ-യിലേക്ക് 7:30 മണിക്കു് ഒരു ബസ്സ് ഉണ്ടെന്നു കണ്ടെത്തി. അതിനാൽ അദ്ദേഹം ട്രെക്ക് ഷെഡ്യൂളില്‍ ആകെ മാറ്റം വരുത്തി. ആദ്യം രാജ് ഗഡ് വഴി തോരണയ്ക്കു പോകാന്‍ തീരുമാനിച്ചിരുന്ന ഞങ്ങൾ, ബസ്സ് പറ്റിച്ചതിനാല്‍ തോരണ വഴി രാജ്ഗഡിലേക്കു് ട്രെക്ക് ചെയ്യാന്‍ തീരുമാനിച്ചു.
അവിചാരിതമായി സംഭവിച്ച ഈ മാറ്റം ട്രെക്കിനെ കൂടുതൽ അവിസ്മരണീയമാക്കി തീര്‍ക്കുകയാണു് ചെയ്തതു്. അതിന്റെ കഥകൾ വഴിയേ.
വെളെയിൽ-തോരണയിലേക്കുള്ള യാത്ര തുടങ്ങുന്നു
7:30ക്കു പൂണെ വിട്ട ഞങ്ങള്‍ 9:45ഓടു കൂടി തൊരണയുടെ അടിവാവാരഗ്രാമമായ വെളെയിലെത്തി. അടിവാരത്തു തന്നെയുള്ള ഒരു ഹോട്ടലിൽ നിന്നു് പ്രഭാതഭക്ഷണം കഴിച്ചു. ഞാൻ ഉച്ചയ്ക്ക് ഭക്ഷണത്തിനുള്ളതു് അവിടെ നിന്നു് പൊതിഞ്ഞു വാങ്ങി. (ആദ്യത്തെ ദിവസം ഉച്ചഭക്ഷണം കൊണ്ടു വരണം എന്ന നിർദ്ദേശം ഉണ്ടായിരുന്നു).
വെളെ ഗ്രാമത്തിൽ നിന്നുള്ള തോരണ കോട്ടയുടെ വിദൂര ദൃശ്യങ്ങള്‍
10:30യോടു കൂടി ഞങ്ങൾ ട്രെക്ക് തുടങ്ങി. ട്രെക്ക് തുടങ്ങിയപ്പോഴാണു് പതിവു പോലെ ഇപ്രാവശ്യം ഞാന്‍ മറന്നിരിക്കുന്നതു്
തൊപ്പിയാണു് എന്ന കാര്യം മനസ്സിലാക്കിയതു്.
വേനല്‍ക്കാലത്ത് വെയിലത്തുകൂടെയുള്ള ട്രെക്കിങ്ങിനു് ഒരിക്കലും ഒഴിച്ചുകൂടാൻ വയ്യാത്ത ഒരു സംഗതിയാണു് തൊപ്പി. മറന്നു പൊകാതിരിക്കാന്‍ ബാഗിന്റെ മുകളിൽ തന്നെ വച്ച തൊപ്പി രാവിലത്തെ തിരക്കിനിടയിൽ ബാഗിന്റെ മുകളീല്‍ നിന്നു് തട്ടിമാറ്റിയായിക്കണം ഓടിയിറങ്ങിയതു്. എന്തായാലും മറന്നതിനെകുറിച്ചു് വേവലാതി പെടാതെ, ബാഗ് തുറന്നു് തൊര്‍ത്തെടുത്ത് തലയില്‍ കെട്ടി. അല്ലാതെ ആ കാട്ടില്‍ എവിടെ തൊപ്പി കിട്ടാന്‍. ഞങ്ങൾ ഓരോ കുന്നായി പിന്നിടുമ്പോള്‍ ഞങ്ങളുടെ മുന്നിൽ ട്രെക്ക് ചെയ്ത് പോകുന്ന ചിലരെ കണ്ടു.
ആദ്യത്തെ അരമണിക്കൂർ വലിയ പ്രശ്നം ഉണ്ടായിരുന്നില്ല. വലിയ കയറ്റം ഒന്നും ഇല്ലായിരുന്നു. അരമണിക്കൂറിനു ശേഷം ചെങ്കുത്തായ കയറ്റങ്ങൾ തുടങ്ങി. പിന്നീടു് ഓരോ 100 മീറ്റർ കയറുമ്പോഴും വിശ്രമിക്കെണ്ട സ്ഥിതിയായി. ചില സ്ഥലങ്ങളിൽ പാറയില്‍ പിടിച്ച് വലിഞ്ഞു കയറെണ്ടി തന്നെ വന്നു. താഴേക്കു നൊക്കാനെ പൊയില്ല. നോക്കിയാൽ പിന്നീടൊന്ന് നോക്കെണ്ടി വരില്ലായിരുന്നു. വേനല്‍ക്കാലമായതിനാൽ എല്ലായിടവും വരണ്ടു കിടക്കുകയായിരുന്നു. ഞങ്ങൾ കയറുന്ന മലയിലാകട്ടെ വൃക്ഷങ്ങള്‍ ഒന്നും ഇല്ല. അതിനാൽ തന്നെ നട്ടുച്ചയ്ക്കത്തെ വെയിലത്തുകൂടിയുള്ള മലകയറ്റം വളരെ ആയാസകരമായിരുന്നു. ഞങ്ങൾ പിന്നിട്ട വഴിയിലെ ചില ചിത്രങ്ങള്‍
തോരണയിൽ
അങ്ങനെ രണ്ടര മണിക്കൂര്‍ നേരത്തെ കഠിനാദ്ധ്വാനത്തിനു് ശേഷം 12:30 മണിയോടു കൂടി തോരണ എന്ന ശിവാജി കോട്ടയുടെ വാതില്‍ക്കൽ എത്തി. (ഞങ്ങള്‍ അവിടെ കയറാൻ തന്നെ ഇത്ര ബുദ്ധിമുട്ടിയെങ്കില്‍ ആ കോട്ട പണിയുംപ്പോ എത്ര പേരുടെ ജീവന്‍ പൊലിഞ്ഞിട്ടുണ്ടാവും എന്നു വെറുതെ ആലോചിച്ചു പോയി)
ബിനി ദർവാസാ എന്ന ഗേറ്റിൽ കൂടെയാണു് ഞങ്ങൾകോട്ടയിലേക്കു് പ്രവേശിച്ചതു്. ബിനി ദർവാസയിൽ നിന്നുള്ള ഒരു ചിത്രം താഴെ.
കോട്ട കയറി മുകളില്‍ എത്തിയപ്പോൾ തന്നെ എല്ലാവരും വശം കെട്ടിരുന്നു. അതിനാൽ ഭക്ഷണപ്പൊതികളെടുത്തു് എല്ലാവരും കൂടിയിരുന്നു് ആദ്യം തന്നെ ഉച്ച ഭക്ഷണം കഴിച്ചു. അര മണിക്കൂർ വിശ്രമിച്ചു. 1.30 യോടു കൂടി തൊരണ ചുറ്റി നടന്നു് കാണാം ഇറങ്ങി. ടീം ലീഡറായ പിനാക്കിൻ 2:30 ആകുമ്പോഴേക്കു് തോരണ വിടാന്‍ എല്ലാവരും തയ്യാറാവണം എന്നറിയിച്ചു. കാരണം തോരണയില്‍ നിന്നു് രാജ്ഗഡില്‍ എത്താന്‍ 5 മണിക്കൂറെങ്കിലും എടുക്കും. രാത്രിയായാൽ യാത്ര വളരെ ബുദ്ധിമുട്ടാകും എന്നറിയിച്ചു. അതിനാൽ 2:30ക്കു് പുറപ്പെട്ടാല്‍ ഇരുട്ട് വീഴുന്നതിനു മുന്‍പ് 7 മണിയോടു് കൂടി അവിടെത്താം എന്നറിയിച്ചു.
തോരണ ചുറ്റി നടന്നു് വിവിധ സ്ഥലങ്ങൾപിനാക്കിന്‍ ഞങ്ങളെ കാണിച്ചു. തോരണ കോട്ട ഒരു ഭീമാകാരൻ കോട്ട തന്നെയാണു്. ഏക്കറുകണക്കിനു് അതിങ്ങനെ പരന്നു കിടക്കുകയാണ്. അതിന്റെ ചില ചിത്രങ്ങള്‍ താഴെ.
തോരണയിൽ നിന്നു നോക്കുമ്പോള്‍ കണ്ണെത്തുന്ന ദൂരത്തു് ഏതാണ്ടു് 12 കിലോമീറ്റർ അകലെ രാജ് ഗഡ് പ്രൌഡിയോടെ തലയുയര്‍ത്തി നില്‍ക്കുന്നതു് അദ്ദെഹം കാണിച്ചു. തോരണയിൽ നിന്നു് രാജ് ഗഡിലേക്ക് നടന്നു പൊകേണ്ട മലനിരകളും അദ്ദേഹം കാണിച്ചു.
തോരണയുടെ ലഘുചരിത്രം
13ആം നൂറ്റാണ്ടിലാണു് ഈ കോട്ട നിര്‍മ്മിക്കപ്പെട്ടതു് എന്നു് കരുതുന്നു. 1643-ല്‍ 16-ആമത്തെ വയസ്സിൽ ശിവാജി ഈ കോട്ട കീഴടക്കി. ഇതു് മറാഠസാമ്രാജ്യത്തിന്റെ ആദ്യത്തെ കോട്ടകളിൽ ഒന്നായി. ശിവാജി ഈ കോട്ടയെ പ്രചണ്ഡഗഡ് എന്നു നാമകരണം ചെയ്യുകയും, കോട്ടയിൽ നിരവധി നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ നടത്തുകയും ചെയ്തു. തോരണ കോട്ടയിൽ നിന്നു് ശിവാജിക്കു് ഒരു നിധി കിട്ടുകയും അതുപയൊഗിച്ചാണു് അദ്ദേഹം രാജ്ഗഡ് നിര്‍മ്മിച്ചതെന്നും ഒരു കഥയുണ്ടു്. തോരണയെക്കുറിച്ച് ഇതിൽ കൂടുതൽ എനിക്ക് പിടിയില്ല.
തോരണ വിടുന്നു
കോട്ടയുടെ വിവിധഭാഗങ്ങള്‍ കണ്ടതിനു ശെഷം 2:30 യോടു കൂടി ഞങ്ങള്‍ തൊരണ വിടാന്‍ തയാറെടുത്തു. പക്ഷെ കയറിയതിനേക്കാള്‍ ബുദ്ധിമുട്ടായിരുന്നു രാജ് ഗഡ് ലക്ഷ്യമാക്കിയുള്ള തൊരണയില്‍ നിന്നുള്ള ഇറക്കം. കോട്ടയുടെ മുകലില്‍ നിന്നു നൊക്കുമ്പോല്‍ ഏതാണ്ടു് അരകിലോമീറ്റര്‍ കാണുന്ന താഴ്വാരത്തെത്താന്‍ എത്താന്‍ ഒരു മണിക്കൂര്‍ ആണു് പിനാക്കിന്‍ തന്നതു്. സംഘത്തില്‍ ഉണ്ടായിരുന്ന 2 പുതുമുഖട്രെക്കറുമാരുടെ സാന്നിദ്ധ്യവും, അതീവ ദുര്‍ഘടമായ വഴികളും കൂടി ചേര്‍ന്നു് ഇറക്കം വളരെ താമസിപ്പിച്ചു. താഴേക്കു് നോക്കുമ്പോള്‍ പലയിടങ്ങളിലും ഉള്ളൊന്നു കിടുങ്ങി. ചുരുക്കി പറഞ്ഞാല്‍ അരമണിക്കൂര്‍ കൊണ്ടു് പിന്നിടണ്ട വഴി കടക്കാന്‍ ഞങ്ങള്‍ 2 മണിക്കൂര്‍ എടുത്തു. തോരണയില്‍ നിന്നു രാജ് ഗഡിലേക്ക് പോകാന്‍ മലയിറങ്ങുമ്പോള്‍ എടുത്ത ചില ചിത്രങ്ങള്‍ താഴെ.
4:30യോടു കൂടി മാത്രമാണു് തൊരണ എന്ന ശിവാജി കോട്ടയില്‍ നിന്നറങ്ങി രാജ്ഗഡിലേക്കു പൊകെണ്ട വഴിയില്‍ എത്താന്‍ ഞങ്ങള്‍ക്ക് ആയുള്ളൂ. തോരണ ഇറങ്ങി കഴിഞ്ഞ് പിറകിലേക്കു് നോക്കിയപ്പോളുള്ള ദൃശ്യം.
തോരണയില്‍ നിന്നു് രാജ്ഗഡിലേക്കു്
അവിടെ നിന്നു് കുറഞ്ഞതു് 4 മണിക്കൂര്‍ യാത്ര രാജ് ഗഡിലേക്കുള്ളതിനാല്‍ ഞങ്ങള്‍ ഉടനെ തന്നെ നടത്തം ആരംഭിച്ചു. ചെറു കുന്നുകള്‍ക്കു മുകളിലൂടെ താഴ്വരകളിലെ കാടും കണ്ടു് നടന്നു. ഇടയ്യ്ക്ക് രാജ്ഗഡില്‍ നിന്നു് തൊരണയിലേക്ക് ട്രെക്ക് ചെയ്യുന്ന ചിലരെ വഴിയില്‍ കണ്ടു. തോരണയില്‍ നിന്നു് രാജ് ഗഡിലേക്കുള്ള വഴിയില്‍ നിന്നു് എടുത്ത ചില ചിത്രങ്ങല്‍ താഴെ.
ചെറുകുന്നുകളിലൂടെയുള്ള നടത്തം ബുദ്ധിമുട്ടുള്ളതൊന്നും ആയിരുന്നില്ലെങ്കിലും 7 മണിയായതോടെ കൂടി എങ്ങും ഇരുട്ടായി. പതുക്കെ ആകാശത്തു് നക്ഷത്രഗോളങ്ങള്‍ തെളിഞ്ഞു. വളരെ നാളുകള്‍ക്കു് ശേഷം ആകാശത്തു് ആയിരക്കണക്കിനു് നക്ഷത്രങ്ങളെ ഒരുമിച്ചു കണ്ടു. പൂണെ പോലുള്ള നഗരങ്ങളില്‍ ഒരിക്കലും കണി കാണാന്‍ കിട്ടാത്ത ദൃശ്യം. അപ്പോഴേക്കും തുടര്‍ച്ചയായ നടത്തം മൂലം ഞങ്ങളൊക്കെ തകര്‍ന്നു തുടങ്ങിയിരുന്നു. ക്ഷീണവും ആകാശത്തെ വര്‍ണ്ണവിസ്മയവും കാരണം നമുക്കു് കുറച്ചു് നേരം വിശ്രമിക്കാം എന്നു് സംഘനായകനായ പിനാക്കിന്‍ പറയുകയും, ഞങ്ങളെല്ലാം കുന്നിന്‍ ചരിവിലെ പുല്‍മേടുകളീലേക്കു് വീണതും ഒരുമിച്ചായിരുന്നു.
ജ്യോതിശാസ്ത്ര ക്ലാസ്
പിനാക്കിന്‍ ചെറിയ ഒരു അമെച്വര്‍ ജ്യോതിശാസ്ത്രജ്ഞന്‍ കൂടിയായതിനാല്‍ അദ്ദേഹം സംഘാഗങ്ങള്‍ക്ക് ചെറിയ ഒരു ജ്യോതിശാസ്ത്ര ക്ലാസ് എടുത്തു. വിവിധ നക്ഷത്ര രാശികളേയും, ധ്രുവനക്ഷത്രത്തേയും ഒക്കെ പരിചയപ്പെടുത്തുകയാണു് അദേഹം ചെയ്തതു്. ഞാനും എന്നാലാവുന്ന വിധം ചെറിയ സഹായങ്ങള്‍ അദ്ദേഹത്തിനു ചെയ്തു.
ഷെഡ്യൂളില്‍ ഇല്ലാതിരുന്ന ട്രെക്കുകള്‍
അര മണിക്കൂറോളം നേരത്തെ വിശ്രമത്തിനു ശേഷം ഞങ്ങള്‍ രാജ്ഗഡ് ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. അപ്പോഴേക്കു സമയം 9 മണിയായി. അങ്ങനെ ഞങ്ങളുടെ ഷെഡ്യൂളില്‍ ഇല്ലാതിരുന്ന
നൈറ്റ് ട്രെക്ക് തുടങ്ങി. യാത്ര കാട്ടില്‍ കൂടിയായതിനാല്‍ അതൊരു
ജംഗിള്‍ ട്രെക്ക് കൂടിയായി. നോക്കിയയുടെ 1100 എന്ന മൊബൈല്‍ ഉണ്ടായിരുന്നതു് ടോര്‍ച്ചായി ഉപകാരപ്പെട്ടു. ഏതെങ്കിലും ഹൈടെക്ക് മൊബൈലിനു ആ സൌകര്യം ഉണ്ടോ? :)
ഒരു മണിക്കോറോളം നടന്നു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ രാജ്ഗഡ് മലയുടെ താഴ്വാരത്തെത്തി. അപ്പോഴേക്കു് ഞങ്ങളൊക്കെ ശരിക്കു തളര്‍ന്നിരുന്നു. എവിടെയെങ്കിലും വീണു് കിടന്നുറങ്ങിയാല്‍ മതി എന്ന സ്ഥിതിയിലായി. പക്ഷെ രാജ് ഗഡ് കയറി ഭക്ഷണം കഴിച്ചതിനു ശേഷം കിടക്കാനാണു് ഷെഡ്യൂള്‍ എന്നതിനാല്‍ ഞങ്ങള്‍ പതുക്കെ മലകയറ്റം ആരംഭിച്ചു.
രാത്രിയായതിനാല്‍ മൂന്നു് വട്ടം വഴി തെറ്റി. രണ്ടു് വട്ടം ഒരു കിലോമീറ്ററോളം മുന്നോട്ടു പൊയതിനു ശെഷം തിരിച്ചു നടക്കേണ്ടി വന്നു. രാത്രി ആയതിനാല്‍ മലയയറ്റത്തിന്റെ തീവ്രത ആര്‍ക്കും അത്ര ബോദ്ധ്യപ്പെട്ടില്ല. (പിറ്റേ ദിവസം രാവിലെ നോക്കിയപ്പോഴാണു് പലരുടേയും ഉള്ളു കിടുങ്ങിപ്പോയതു്) പലയിടത്തും പാറകളില്‍ പിടിച്ച് ഇഞ്ചിഞ്ചായായിട്ടായിരുന്നു കയറ്റം. സംഘാഗംങ്ങളില്‍ ചിലര്‍ കയറാന്‍ വലരെ ബുദ്ധിമുട്ടുന്നതിനാല്‍ നേതാവായ പിനാക്കിനു പലപ്പോഴും മുന്നാലു വട്ടം പല കയറ്റങ്ങളും ഇറങ്ങി കയറേണ്ടി വന്നു. അങ്ങനെ ഇഞ്ചോടിച്ചു് മുന്നേറി അവസാനം 12 മണിയോടെ ഞങ്ങള്‍ രാജ് ഗഡ് എന്ന കോട്ടയുടെ പുറത്തു് എത്തി. (ഇതിന്റെ ഒന്നും ചിത്രങ്ങള്‍ കാണിക്കാന്‍ നിര്‍വാഹം ഇല്ല. കുറ്റാകൂരിരുട്ടില്‍ എന്തു് ഫൊട്ടോ? :) )
കോട്ടയ്ക്കു വെളിയില്‍ പ്രതിസന്ധി
ഇനി കോട്ടയില്‍ കയറാനുള്ള വാതില്‍ കണ്ടെത്തണം. അതിനായി പിനാക്കിന്‍ ടോര്‍ച്ചുമെടുത്തു് കോട്ടയുടെ ചുറ്റും നടന്നു. ശിവാജിയുടെ കോട്ടകള്‍ എല്ലാം തന്നെ വാരിയര്‍ ഫോര്‍ട്ട്സ് ആയതിനാല്‍ അതിന്റെ നിര്‍മ്മാണം അതീവ തന്ത്രപരം ആയിരുന്നു. കോട്ടയെക്കുറിച്ച് നേരത്തെ അറിയാത്ത ഒരാള്‍ക്ക് കോട്ടയിലേക്കു് കയറാനുള്ള വാതില്‍ കണ്ടെത്തുന്നതു് അസാദ്ധ്യം തന്നെയാണു്. ഏതാണ്ടു് ഒരു മണിക്കൂറോളം കോട്ടയ്ക്കു് ചുറ്റും നടന്നെങ്കിലും പിനാക്കിനു ഞങ്ങള്‍ നില്‍ക്കുന്ന വശത്തു് നിന്നു് കോട്ടയിലെക്കുള്ള കവാടം കണ്ടെത്താന്‍ കഴിഞ്ഞില്ല. പിനാക്കില്‍ ഇതിനു മുന്‍പു് രണ്ടു വട്ടമെങ്കിലും (2 വര്‍ഷങ്ങള്‍ക്ക് മുന്‍പു്) ഞങ്ങള്‍ നില്‍ക്കുന്ന ഇടത്തു് കൂടി രാജ് ഗഡിലേക്കു് കയറിയിട്ടും ഉള്ളതാണു്. എന്നീട്ടും ആ വാതില്‍ കണ്ടെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഞങ്ങള്‍ ഇത്ര ബുദ്ധിമുട്ടിയെങ്കില്‍ ശിവാജിയുടെ ശത്രു സേനകള്‍ എത്ര കഷ്ടപ്പെട്ടുക്കാണും എന്നു് ആലോചിച്ചു പോയി. ശത്രുക്കള്‍ക്കു് ശിവാജിയുടെ പടയാളികളികളെക്കുടെ നേരിട്ടു വേണം കോട്ടവാതില്‍ കണ്ടെത്താന്‍.
പിനാക്കില്‍ നിരാശനായി തിരിച്ചെത്തിയപ്പോഴേക്കു് ഞങ്ങളൊക്കെ ആകെ തളര്‍ന്നിരുന്നു. വിശപ്പും കെട്ടു. എങ്ങനെയെങ്കിലും എവിടെയെങ്കിലും കിടന്നാല്‍ മതി എന്നായി. ഞങ്ങളെല്ലാം കയ്യിലുള്ള സ്ലീപ്പിങ്ങ് മാറ്റും, സ്ലീപ്പിങ്ങ് ബാഗും ഒക്കെയെടുത്ത് ആ രാക്ഷസന്‍ കോട്ടയുടെ വെളിയില്‍ ഉറക്കമായി. കിടന്നതു് ഓര്‍ക്കുന്നുണ്ടു് പിന്നെ രാവിലെ കണ്ണില്‍ വെളിച്ചമടിക്കുമ്പോഴാണു് അറിയുന്നതു്. അപ്പോഴേക്കു സമയം 7:30 ആയി. അപ്പോള്‍ കണ്ട ദൃശ്യമാണു് താഴത്തെ ചിത്രം.
പിനാക്കിനും ഉണര്‍ന്നു. വാതില്‍ തപ്പാന്‍ ഞാനും വേറെ ഒരു സംഘാംഗം കൂടി പിനാക്കിന്റെ ഒപ്പം പോയി. ഏതാണ്ടു് 15 മിനിറ്റു നേരത്തെ തപ്പലിനു ശേഷം ഞങ്ങള്‍ കിടന്നതിനു നൂറു മീറ്റര്‍ അകലെയായി കോട്ടവാതില്‍ കണ്ടെത്താന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. :) പക്ഷെ ആ വാതിലിലേക്കെത്താന്‍ ഒരു കിലോമീറ്റര്‍ ട്രെക്ക് ചെയ്യണം. ആ പോക്കിനു കോട്ടയുടെ ചുറ്റും നടന്നു് എടുത്ത ചില ചിത്രങ്ങള്‍ താഴെ.
രാജ്ഗഡില്‍
തിരിച്ചെത്തി സംഘാംങ്ങളേയും കൂട്ടി ഞങ്ങളെല്ലാം ആ രാക്ഷസന്‍ കോട്ടയുടെ കവാടത്തിലേക്കു് നടന്നു.
കവാടത്തിന്റെ ചിത്രം താഴെ.
കോട്ടയ്ക്ക് അകത്തു കയറിയപ്പോള്‍ തന്നെ ഉയര്‍ന്ന് ഒരു സ്ഥലത്തു കയറി ആ കോട്ടയുടെ വലിപ്പം നോക്കുകയാണു് ഞാന്‍ ചെയ്തതു്. കിലോമീറ്ററോളം നീണ്ടു നിവര്‍ന്നിങ്ങനെ കിടക്കുകയാണു് രാജ്ഗഡ് എന്ന രാക്ഷസക്കോട്ട. അതിന്റെ ഒരറ്റത്തു് നില്‍ക്കുകയാണു് ഞങ്ങള്‍.
രാജ്ഗഡിലെ പ്രഭാത ഭക്ഷണം
കോട്ടക്കകയ്ത്ത് കയറിയ ഉടനെ തന്നെ തലേ ദിവസം ഭക്ഷണം കഴിക്കാത്തതിനാല്‍ ഭക്ഷണം ഉണ്ടാക്കാനാണു് (മാഗി) പിനാക്കിന്‍ പോയതു്. പക്ഷേ അവിടെ ഷെഡ്രൂളില്‍ പെടാത്തെ മറ്റൊരു സംഗതി ഞങ്ങളെ കാത്തിരിക്കുകയാരിരുന്നു. പിനാക്കിന്‍ തീപ്പെട്ടി എടുക്കാന്‍ മറന്നു പോയിരുന്നു. അതിനാല്‍ തന്നെ ഭക്ഷണം പാചകം ചെയ്തു് കഴിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. പ്രഭാതഭക്ഷണം ഉണ്ടാക്കാനുള്ള ഒരുക്കങ്ങളുടെ ചിത്രം. ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ അകലെയായി തോരണ കോട്ട നില്‍ക്കുന്ന മലയും, അതിന്റെ ഇടത്തേവശത്തായി മങ്ങിയ ദൃശ്യമായി ഞങ്ങള്‍ തലെദിവസം നടന്നു വന്ന കുന്നിന്‍ നിരകളും കാണാം.
ട്രെക്കിങ്ങിനു പോകുമ്പോള്‍ ആളുകള്‍ എത്ര പെട്ടെന്നാണു് സാഹചര്യങ്ങളോടു് ഇണങ്ങി ചേരുന്നതു് എന്നു് നമുക്കു് കാണാനാവും. ട്രെക്കിങ്ങിനു് പോകുന്നവര്‍ക്ക് വേണ്ട ഏറ്റവും വലിയ ഗുണമാണതു്.
ഉടന്‍ തന്നെ സംഘാങ്ങളില്‍ ഒരാള്‍ തന്നെ മാഗിയുടെ പാക്കറ്റു് പൊട്ടിച്ചു് പാത്രത്തിലിട്ടു് മസാലയും ചേര്‍ത്തു് പൊടിച്ചെടുത്തു. എന്നിട്ടു് ഞങ്ങളെല്ലാം കൂടി പാചകം ചെയ്യാത്ത മാഗി തന്നെ വയറ്റിലാക്കി. സംഘാംഗങ്ങളുടെ എല്ലാവരുടേയും കൈയ്യില്‍ അത്യാവശ്യം ഡ്രൈ ഫ്രൂട്ട്സൊക്കെ ഉള്ളതിനാല്‍ അതൊക്കെ എല്ലാവരും കൂടെ പങ്കിട്ടെടുത്തു. എല്ലാവരുടേയും വിശപ്പടങ്ങി.
പ്രഭാതഭക്ഷണത്തിനു ശേഷം ഞങ്ങള്‍ കോട്ടയുടെ മുഖ്യകവാടത്തിനു സമീപമുള്ള ക്ഷേത്രത്തിലേക്കു നടന്നു. അങ്ങൊട്ടുള്ള വഴിമദ്ധ്യേ എടുത്ത ചില ചിത്രങ്ങള്‍.
ബാലെകിലെയിലേക്കു്
9:00 മണിയോടു് കൂടി ക്ഷേത്രത്തിലെത്തി ബാഗൊക്കെ ആ അമ്പലത്തിനകത്തു് വച്ചു് ഞങ്ങളെല്ലാം കുറച്ചു നേരം വിശ്രമിച്ചു. 9:30 യോടു കൂടി രാജ് ഗഡ് എന്ന കോട്ടയുടെ മദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ബാലെകില എന്ന മറ്റൊരു കടമ്പ കീഴടക്കാന്‍ ഞങ്ങള്‍ പുറപ്പെട്ടു. സംഘാംങ്ങളില്‍ 3 പേര്‍ അതീവ ക്ഷീണിതരായതിനാല്‍ അവര്‍ അങ്ങോട്ടു വരുന്നില്ല എന്നറിയിച്ചു. സാധനങ്ങള്‍ ഒക്കെ അവരെയേല്‍പ്പിച്ചു് ഞങ്ങള്‍ ബാലെകില കീഴടക്കാന്‍ പുറപ്പെട്ടു.ബാലെകിലയുടെ ഒരു വിദൂര ദൃശ്യം.
ബാലെകിലെയെ,
കോട്ടയ്ക്കുമുകളിലെ കോട്ട എന്നു വിശേഷിപ്പിക്കാം. 2007 ഒക്ടോബറില്‍ പൂണെയിലെ എന്റെ ആദ്യത്തെ ട്രെക്കില്‍ ഞാനതു് ഒരിക്കല്‍ കയറിയതാണെങ്കിലും അന്നത്തെ കയറലിന്റെ പേടി എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. ബാലെകില കയറ്റം അത്യാവശ്യം കഠിനം തന്നെയാണു്. പ്രത്യേകിച്ചു് ആദ്യമായി ട്രെക്കു് ചെയ്യുന്ന പലര്‍ക്കും അതൊരു ബാലികേറമലയായി തോന്നും. 10:00യോടു കൂടി ബാലെകില കയറാന്‍ ആരംഭിച്ച ഞങ്ങള്‍ 10:45യോടു കൂടി അതിന്റെ മുകളില്‍ എത്തി. ബാലെകിലയുടെ പ്രവേശനകവാടത്തിന്റെ ഒരു ചിത്രം താഴെ.
മുകളില്‍ അര മണിക്കൂറോളം ചുറ്റി നടന്നു് സ്ഥലങ്ങള്‍ ഒക്കെ കണ്ടു. പിനാക്കിന്‍ പല കെട്ടിട അവശിഷ്ടങ്ങളുടേയും സമീപത്തു നിന്നു് അതിന്റെ ചരിത്രം വിവരിച്ചു തന്നു.
രാജ്ഗഡ്-ലഘു ചരിത്രം
രാജ്ഗഡ് -കോട്ടകളുടെ രാജാവു് - മഹാരാഷ്ട്രയിലെ ഏറ്റവും വലിയ കോട്ടകളില്‍ ഒന്നാണു്. മഹാരാഷ്ട്രയിലെ പൂണെ ജില്ലയില്‍ പൂണെ നഗരത്തില്‍ നിന്നു് ഏകദേശം 50 കിലോമീറ്റര്‍ അകലെയാണു് രാജ്ഗഡിലേക്കു പോകാനുള്ള അടിവാരഗ്രാമമായ ഗുഞ്ചന്‍ വണെ സ്ഥിതി ചെയ്യുന്നതു്.
മുരുംദേവ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ കോട്ടയായിരുന്നു 26 വര്‍ഷത്തോളം മറാഠാ സാമ്രാജ്യത്തിന്റെ തലസ്ഥാനം. മറാഠാ സിംഹം ചത്രപതി ശിവജി, റായ് ഗഡ് തന്റെ ആസ്ഥാനമാക്കുന്നതിനു് മുന്‍പ് 26 വര്‍ഷത്തോളം ഈ കോട്ടയൊലിരുന്നു് തന്റെ സാമ്രാജ്യം ഭരിച്ചു.
രാജ്ഗഡില്‍ നിന്നു് കണ്ണെത്താ ദൂരത്തു് കാണുന്ന തോരണ കോട്ടയില്‍ നിന്നു് ലഭിച്ച നിധിയാണു് ഈ ഭീമാകാരന്‍ കോട്ട കെട്ടിപ്പടുക്കാന്‍ ശിവാജിയെ സഹായിച്ചെതെന്നു് പറയപ്പെടുന്നു.
കോട്ടയുടെ ഘടന
കോട്ട നില്‍ക്കുന്ന സ്ഥലത്തെ മലയകളുടേയും കുന്നുകളുടേയും ഭൂമിശാസ്ത്രപരമായ കിടപ്പനുസരിച്ചാണു് കോട്ടയുടെ നിര്‍മ്മാണം. കോട്ടയെ നാലു് പ്രധാന ഭാഗങ്ങളായി തിരിക്കാം.
- പത്മാവതി മാച്ചി
- സഞ്ചീവനി മാച്ചി
- സുവേളാ മാച്ചി
- ബാലെ കില
മാച്ചികള്‍ കോട്ടയുടെ കൈകളാണെന്നു് പറയാം. ഒരു വൃത്തത്തെ 120ഡിഗ്രി വീതമുള്ള ഭാഗങ്ങളായി ഭാഗിച്ചാല്‍ 360/0, 120, 240 (ഏകദേശം) ദിശകളില്‍ ആണു് മാച്ചികളുടെ സ്ഥാനം.
മാച്ചികള്‍ ആണു് കോട്ടയുടെ പുറത്തേക്കു് നീണ്ടു കിടക്കുന്നതും താരതമ്യേനെ ഉയരം കുറഞ്ഞ ഭാഗത്തുള്ളതും എന്നാതിനാല്‍ ഒരു ആക്രമണം ഉണ്ടായാല്‍ മാച്ചി ആണു് ആദ്യം ആക്രമിക്കുക. പക്ഷെ അതിന്റെ നിര്‍മ്മാണം അത്യന്തം സങ്കീര്‍ണ്ണമാണു്. മാച്ചികളുടെ സമീപത്തു് നിന്നു് അകത്തേക്കുള്ള വാതില്‍ കണ്ടെത്തുന്ന കാര്യം വളരെ വളരെ ദുഷക്കരമാണു്. ശത്രു സൈസൈന്യം മാച്ഛികള്‍ പിടിച്ചടക്കിയാല്‍ പോലും അവര്‍ക്കു് പിന്നേം കടമ്പ കിടക്കുകയാണു് എന്ന രീതിയിലാണു് രാജ്ഗഡ് കോട്ടയുടെ നാലാമത്തെ ഭാഗമായ ബാലെ കിലയുടെ നിര്‍മ്മാണം.
ബാലെ കിലയെ കോട്ടയ്ക്കകത്തെ കോട്ട എന്നു് വിശേഷിപ്പിക്കാം. രാജ് ഗഡ് കോട്ടയില്‍ കയറിയാല്‍ ആദ്യം നമ്മുടെ കണ്ണില്‍ പെടുക ഏതാണ്ടു് മദ്ധ്യത്തില്‍ രാജകീയ പ്രൌഡിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന ബാലെ കിലെ ആണു്. ഇവിടായിരുന്നു കൊട്ടാരവും, റാണിയും കുട്ടികളും ഒക്കെ താമസിച്ചിരുന്നതു്. ശത്രു സൈന്യത്തിനു് മാച്ചിയും മറ്റും പിടിച്ചെടുക്കാന്‍ കഴിഞ്ഞാലും ബാലെ കില എന്ന ഭീമന്‍ നിര്‍മ്മാണത്തില്‍ കയറിപ്പറ്റുക എന്നതു് അതീവ ദുഷ്ക്കരമായ വിധത്തിലാണു് അതിന്റെ നിര്‍മ്മാണം. ഈ ഒരു കാരനത്താലാണു് ശിവാജി രാജ് ഗഡ് വച്ചു് ഒരിക്കലും തോല്‍പ്പിക്കപ്പെടാതിരുന്നതു്. ബാലെകിലയുടെ മുകളില്‍ നിന്നു് എടുത്ത ചില ചിത്രങ്ങള്‍ താഴെ.
ബാലെകിയയില്‍ നിന്നു് എടുത്ത ഈ ചിത്രത്തില്‍ വിദൂരതയില്‍ തോരണ കോട്ട കാണാം. ഒപ്പം തോരണയില്‍ നിന്നു് രാജ്ഗഡിലേക്കു് വരാന്‍ ഞങ്ങള്‍ പിന്നിട്ട കുന്നിന്‍ നിരകളും കാണാം.
11:30 മണിയോടെ ഞങ്ങള്‍ ബാലെകില ഇറങ്ങിത്തുടങ്ങി. 12:15ഓടു കൂടി ഞങ്ങള്‍ ക്ഷേത്രത്തില്‍ തിരിച്ചെത്തി.
രാജ്ഗഡിനോടു് വിട
ഉടനെ തന്നെ സാധനങ്ങളൊക്കെയെടുത്തു് ഞങ്ങള്‍ രാജ്ഗഡ് മലയിറങ്ങാന്‍ തുടങ്ങി. 2:30ക്കു് താഴവാരത്തുള്ള ഹോട്ടലില്‍ എത്തി ഭക്ഷണം കഴിക്കുക എന്നതായിരുന്നു ലക്ഷ്യം. കഴിഞ്ഞ 2 ദിവസത്തെ ട്രെക്കിങ്ങ് പരിശീലനം മൂലം രാജ് ഗഡില്‍ നിന്നുള്ള മലയിറക്കം മിക്കവര്‍ക്കും എളുപ്പമായിത്തോന്നി. ആദ്യമായി ടെക്ക് ചെയ്യുന്നവര്‍ പോലും വലിയ ബുദ്ധിമുട്ടില്ലാതെ വേഗം മുന്നോട്ടു് നീങ്ങി. അങ്ങനെ വിചാരിച്ച പോലെ (ഈ ട്രെക്കില്‍ വിചാരിച്ച പോലെ നടന്ന ഒരു കാര്യം അതു മാത്രമാണു്) 2:30 യോടെ ഞങ്ങള്‍ രാജ് ഗഡിന്റെ താഴവാരത്തുള്ള ഗുഞ്ചന്‍ ഗുണെ എന്ന ഗ്രാമത്തിലെത്തി ചേര്‍ന്നു. ഗുഞ്ചന്‍ ഗുണെയില്‍ നിന്നു് 4:00 മണിക്കു് പൂണെയ്ക്ക് ബസ്സ് ഉണ്ടെന്നു് അറിയാവുന്നതിനാല്‍ ഞങ്ങള്‍ പെട്ടന്നു് തന്നെ ഭക്ഷണം ഒക്കെ കഴിച്ചു് തയ്യാറായിരുന്നു. 4 മണിയുടെ ബസ്സില്‍ കയറി 7 മണിയോടെ പൂണെ സ്വാര്‍ഗേറ്റിലുള്ള എസ്.റ്റി. സ്റ്റാന്‍ഡില്‍ ഞങ്ങളെത്തി . താമസിയാതെ തന്നെ വേറൊരു ട്രെക്കിനു കാണാം എന്ന ആശംസയോടെ എല്ലാവരും അന്യോന്യം യാത്ര പറഞ്ഞു് എല്ലാവരും പിരിഞ്ഞു് നഗരത്തിന്റെ തിരക്കില്‍ അലിഞ്ഞു ചേര്‍ന്നു.
രണ്ടു് കോട്ടകളുടേയും ചരിത്രം പറയാനാണെങ്കില്‍ ധാരാളം ഉണ്ടു്. വിഷയബാഹുല്യം നിമിത്തം അതിനു മുതിരുന്നില്ല.
ഒരു പക്ഷെ പൂണെയിലെ എന്റെ അവസാത്തെ ട്രെക്കു് ആയിരിക്കും ഇതു്. ഇനിയും എത്രയോ സ്ഥലങ്ങള്‍ പോകാനുണ്ടു് എന്നു് അറിയാതെയല്ല. പക്ഷെ ജീവിതത്തിന്റെ മുന്‍ഗണനകള്‍ മൂലം ജീവിതം മറ്റൊരു നഗരത്തിലേക്കു് പറിച്ചു നടുമ്പോള്‍, പൂണെയില്‍ എനിക്കു് നഷ്ടപ്പെടാന്‍ പോകുന്നതു് സഹ്യാദ്രി മലനിരകളുടെ വന്യമായ സൌന്ദര്യവും, ആ മലനിരകളുടെ ഉയരങ്ങളില്‍ നിന്നു നേടിയെടുത്ത നിരവധി സൌഹൃദങ്ങളുമാണു്. പക്ഷെ എന്തൊക്കെ സംഭവിച്ചാലും ജീവിതം മുന്നോട്ടു് തന്നെ പോകണമല്ലോ. പൂണെയ്ക്ക് വിട.