06 June, 2009

കപ്പല്‍ ശവസംസ്കാരവും കല്ലു കപ്പലുകളും

പ്രാചീന കാലം മുതല്‍ മനുഷ്യന്‍ ശവസംസ്കാരത്തിനായി ഉപയോഗിച്ചിട്ടുള്ള വിവിധ രീതികളെക്കുറിച്ചു് പലയിടത്തു നിന്നു് വായിച്ചും, നേരിട്ടു കണ്ടും ഉള്ള പരിചയം നമുക്കു് ഓരോരുത്തര്‍ക്കും ഉണ്ടു്. ഭാരതത്തില്‍,നമ്മുടെ ഇടയില്‍ തന്നെ, ഏതൊക്കെ വൈവിധ്യമായ വിധത്തിലാണു് ആളുകള്‍ ശവസംസ്ക്കാരം നടത്തുന്നതു്. ചിലര്‍ മണ്ണില്‍ മറവു് ചെയ്യുന്നു (അതു് തന്നെ ഏതൊക്കെ വൈവിധ്യമാര്‍ന്ന രീതികളില്‍), ചിലര്‍ വിറകു് കൂട്ടിയിട്ടു് ദഹിപ്പിക്കുന്നു. വേറെ ചിലര്‍ വൈദ്യുതി ഉപയോഗിച്ചു് ദഹിപ്പിക്കുന്നു, മറ്റു ചിലര്‍ പറവജാതികള്ക്കു് ഭക്ഷണമായി കൊടുക്കുന്നു (ഉദാ: പാര്‍സികള്‍), വേറെ ചിലര്‍ നദിയിലൊഴുക്കുന്നു (ഉദാ: ഗംഗ), ഇനി മറ്റൊരു കൂട്ടര്‍ നദിയിലൊഴുക്കിയ ശവശരീരം ഭക്ഷണമാക്കുന്നു (ഉദാ: അഘോരികള്‍).അങ്ങനെ ജീവനറ്റ ശരീരം മണ്ണിനോടു് ലയിക്കുന്നതിനു് മുന്‍പു് പല വിധത്തില്‍ സംസ്ക്കരിക്കപ്പെടുന്നു.

ഈ പോസ്റ്റില്‍ എന്നെ സംബന്ധിച്ചിടത്തോളം പുതിയൊരു അറിവായ ഒരു പുരാതന ശവസംസ്കാര രീതിയെക്കുറിച്ചു് വളരെ അടിസ്ഥാനപരമായ വിവരങ്ങള്‍ മാത്രം ചിത്രങ്ങള്‍ സഹിതം പരിചയപ്പെടുത്താനാണു് ഉദ്ദേശിക്കുന്നതു്. യൂറോപ്പില്‍ പ്രാചിന കാലത്തു് (പ്രധാനമായും കുരിശു യുദ്ധങ്ങളുടേയും ക്രൈസ്തവ മതം അവിടം പിടിമുറുക്കുന്നതിന്റേയും ഒക്കെ മുന്‍പു്) നിലവിലിരുന്ന ഒരു ശവസംസ്കാരരീതിയാണു് കപ്പല്‍ ശവസംസ്കാരവും കല്ലു് കപ്പലുകളും.

ജോലിയോടുള്ള ബന്ധത്തില്‍, വടക്കേ യൂറോപ്പിലെ ഒരു പ്രമുഖരാജ്യമായ സ്വീഡനില്‍ ഈയടുത്ത കാലത്തു് കുറച്ചു് നാള്‍ ചെലവഴിക്കേണ്ടി വന്നു. സ്വീഡന്റെ തെക്കു ഭാഗത്തുള്ള വസ്തരോസു് (Västerås) എന്ന പട്ടണത്തിലായിരുന്നു ഞാന്‍ തങ്ങിയതു്. സ്വീഡനില്‍ ഇപ്പോള്‍ സൂര്യന്‍ അസ്തമിക്കുന്നതു് ഏതാണ്ടു് 10:30 മണിയോടെയാണു്. അതിനാല്‍ പല ദിവസങ്ങളിലും ജോലി സമയം കഴിഞ്ഞു് കിട്ടുന്ന 4-5 മണിക്കൂറുകള്‍ ഞാന്‍ വസ്തരോസിനു് സമീപമുള്ള പ്രദേശങ്ങളില്‍ കറങ്ങാന്‍ പോകുമായിരുന്നു. രാത്രി 10:30 മണി ആകുന്നതു വരെ ഇരുട്ടു് വീഴും എന്ന പേടി വേണ്ടല്ലോ :) അങ്ങനെ ഒരു ദിവസം ഞാന്‍ പോയതു് അനുന്ദ്‌‌സ്ഹോഗ് എന്ന സ്ഥലത്തേക്കാണു്.

ശവസംസ്കാരത്തിനു് ശെഷം കപ്പലിന്റെ രൂപത്തില്‍ കല്ലു് ഉയര്‍ത്തി വെക്കുന്നതാണു് കല്ലു് കപ്പലുകള്‍ (stone ships) എന്നു് അറിയപ്പെടുന്നതു്. അനുന്ദ്‌‌സ്ഹോഗ് അങ്ങനെയുള്ള ഒരു പുരാതന ചരിത്രാവശിഷടങ്ങള്‍ നിലനില്‍ക്കുന്ന ഒരു സ്ഥലമാണു്.

സ്കാന്‍ഡനേവിയന്‍ രാജ്യങ്ങളില്‍ പല സ്ഥലങ്ങളിലും (പ്രധാനമായും സ്വീഡന്‍, ഡെന്മാര്‍ക്ക്, നോര്‍വെ തുടങ്ങിയ രാജ്യങ്ങളില്‍) ഇത്തരത്തിലുള്ള ധാരാളം ചരിത്രാവശിഷ്ടങ്ങള്‍ കാണാം. അത്തരത്തില്‍ പെട്ട ഒരു സ്ഥമാണു് ഞാന്‍ സന്ദര്‍ശിച്ച വസ്തരോസിലുള്ള അനുന്ദ്‌‌സ്ഹോഗ് എന്ന സ്ഥലം.






ഇന്തോ-യൂറോപ്യന്‍ ഭാഷാകുടുംബത്തിന്റെ ഒരു ശാഖയായ സ്കാന്‍ഡനേവിയന്‍ അല്ലെങ്കില്‍ നോര്‍‌ത്തു് ജെര്‍മ്മാനിക്കു് ഭാഷാകുടുംബത്തില്‍ പെട്ട ഭാഷകള്‍ സംസാരിക്കുന്ന ആളുകളുടെ (നോര്‍‌സ്മെന്‍ (Norsemen) എന്ന പേരിലിവര്‍ അറിയപ്പെടുന്നു) ഇടയില്‍ നിലനിന്നിരുന്ന സവിശേഷമായ ഒരു ശവസംസ്ക്കാര രീതിയാണു് കല്ലു കപ്പല്‍ (stone ship) ശവസംസ്ക്കാരം. തോണിയിലോ (ഇതു് ship burial എന്നു് അറിയപ്പെടുന്നു) അല്ലെങ്കില്‍ മണ്ണില്‍ ശവസംസ്കാരത്തിനു് ശെഷം ശവക്കുഴിയെ ചുറ്റി തോണിയുടെ രൂപത്തില്‍ ഭൂമിയില്‍ ഉയര്‍ത്തുന്ന കല്ലുകള്‍ക്കു് ഇടയിലോ ആയിരുന്നു നോര്‍‌സു് ജനതയുടെ ശവസംസ്ക്കാരത്തിന്റെ പ്രത്യേകത. മരിച്ച ആള്‍ക്കുണ്ടായിരുന്ന പദവിയും അധികാരവും ഒക്കെയാണു് ശവകുടീരത്തില്‍ ബഹുമാനപൂര്‍വ്വം അര്‍പ്പിക്കുന്ന വസ്തുക്കളെ നിര്‍ണ്ണയിച്ചിരുന്നതു്. അടിമകളുടെ രക്തസാക്ഷിത്വവും ഇതിന്റെ ഭാഗമായിരുന്നു. ഇതിനു ശേഷം ശവകുടീരത്തില്‍ കല്ലുകള്‍ തോണിയുടെ രൂപത്തില്‍ ഉയര്‍ത്തി വെക്കുന്നു. അങ്ങനെ ഉയര്‍ത്തി വെച്ചിരിക്കുന്ന 2 കല്ലു് കപ്പലുകളെ താഴെയുള്ള ചിത്രങ്ങളില്‍ കാണാം.









മരിച്ചു് കഴിഞ്ഞവര്‍‌ക്കു് കടല്‍ കടന്നു് Valhalla എന്ന കൊട്ടാരത്തിലേക്കു് പോകാന്‍ വേണ്ടിയാണു് ഇത്തരത്തില്‍ കപ്പലില്‍ ശവമടക്കുന്നതു് എന്നു് ഒരു ഐതിഹ്യം പറയപ്പെടുന്നു. എന്നാല്‍ കല്ലു് കപ്പലുകള്‍ക്കു് ജ്യോതിശാസ്ത്രപരമായ പ്രത്യേകത ഉണ്ടു് എന്നും പറയുന്നവരുണ്ടു്.

ഞാന്‍ കണ്ട ഈ സൈറ്റില്‍ അഞ്ചോളം ഇത്തരത്തിലുള്ള കല്ലു് കപ്പലുകളെ കണ്ടു. എന്നോടൊപ്പം വന്ന ആള്‍ക്കു് വേറെ ചില പണി തിരക്കുണ്ടായിരുന്നതിനാല്‍ കഷ്ടിച്ചു് അര മണിക്കൂര്‍ മാത്രമേ ഈ സ്ഥലത്തു് ചിലവഴിക്കാന്‍ എനിക്കു് പറ്റിയുള്ളൂ. അതിനാല്‍ തന്നെ പടങ്ങളും കുറവാണു്.

ഈ ശവസംസ്കാരരീതിയുടെ പ്രത്യേകതയെക്കുറിച്ചു് എന്നെ അനുന്ദ്‌‌സ്ഹോഗിലേക്കു് കൊണ്ടു് പോയ ആളോടു് ചോദിച്ചപ്പോള്‍, സമൂഹത്തില്‍ ഉന്നതസ്ഥാനം ഉണ്ടായിരുന്നവരെ ആണു് ഈ വിധത്തില്‍ ശവമടക്കിയിരുന്നതു് എന്ന പരിമിതമായ വിവരം മാത്രമേ എനിക്കു് ലഭിച്ചുള്ളൂ. വസ്തരോസില്‍ തന്നെയുള്ള Västermanland Provincial മ്യൂസിയത്തില്‍ ഇത്തരത്തില്‍ അടക്കപ്പെട്ട തോണിയും ആ തോണിയില്‍ നിന്നു് ലഭിച്ച വസ്തുക്കളും പ്രദര്‍‌ശിപ്പിച്ചിട്ടുണ്ടു്. ഏതാണ്ടു് 350 ഗ്രാമോളം വരുന്ന സ്വര്‍‌ണ്ണാഭരണങ്ങളും മറ്റു് നിരവധി വസ്തുക്കളും അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ടു്. ‌ആ മ്യൂസിയം സ്ഥിതി ചെയ്യുന്ന കാസിലിന്റെ ചിത്രം താഴെ.







ആ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ശവമടക്കപ്പെട്ട കപ്പലിന്റേയോ മറ്റു് വസ്തുക്കളുടേമ്യൂസിയത്തിനകത്തു് ക്യാമറയ്ക്കു് വിലക്കും, മ്യൂസിയത്തിന്റെ പ്രത്യേക പ്രകാശസജ്ജീകരനവും മൂലവും സാധിച്ചില്ല.

നോര്‍‌സു് ജനതയുടെ ശവസംസ്ക്കാര രീതിയുടേതോ മറ്റോ ആയ കൂടുതല്‍ വിവരങ്ങളൊന്നും എനിക്കു് പിടിയില്ല. സ്വീഡിഷ് ഭാഷയിലുള്ള കുറച്ചു് പുസ്തകങ്ങള്‍ എന്റെ ഒരു സുഹൃത്തു് കാണിച്ചു് തന്നുവെങ്കിലും അതു് എനിക്കൊട്ടും ഉപയോഗപ്പെടുന്നവ ആയിരുന്നില്ല. നെറ്റില്‍ തിരഞ്ഞപ്പോള്‍ ഈ വിഷയത്തെ സംബന്ധിച്ചു് എനിക്കു് ലഭിച്ച കണ്ണികള്‍ താഴെ കൊടുക്കുന്നു. കല്ലു കപ്പലുകളെക്കുറിച്ചു് മലയാളം വിക്കിപീഡിയയില്‍ ഒരു സമഗ്രലെഖനം എഴുതണം എന്നാണു് കരുതിയിരുന്നതു് എങ്കിലും ഈ വിഷയം വളരെ കുറച്ചു് മാത്രമേ ഇംഗ്ലീഷില്‍ പോലും ഡോക്കുമെന്റ് ചെയ്തിട്ടുള്ളൂ എന്നു് മനസ്സിലായി.

എന്തായാലും ഞാന്‍ കണ്ടതും മനസ്സിലാക്കിയതും ആയ കാര്യങ്ങള്‍ മാത്രമാണു് ഇവിടെ പങ്കു വെച്ചതു്.

പുറത്തേക്കുള്ള കണ്ണികള്‍

01 June, 2009

മലയാളം വിക്കിപീഡിയയില്‍ പതിനായിരം (10,000) ലേഖനങ്ങളായി




മലയാളഭാഷയിലെ ആദ്യത്തെ സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ 10,000 ലേഖനങ്ങള്‍ എന്ന കടമ്പ കടന്നിരിക്കുന്നു. ഇന്ത്യന്‍ വിക്കിപീഡിയകളില്‍ ഈ കടമ്പ കടക്കുന്ന ഏഴാമത്തെ വിക്കിപീഡിയ ആണു് മലയാളം.

മലയാളത്തിനു മുന്‍പേ 10,000 ലേഖനങ്ങള്‍ എന്ന കടമ്പ കടന്ന ഇന്ത്യന്‍ ഭാഷകളിലെ മറ്റു് വിക്കിപീഡിയകള്‍ താഴെ പറയുന്നവ ആണു്.

  • തെലുങ്ക്‌
  • ഹിന്ദി
  • മറാഠി
  • ബംഗാളി
  • ബിഷ്ണുപ്രിയ മണിപ്പൂരി
  • തമിഴു്

2002 ഡിസംബര്‍ 21നു തുടക്കമിട്ട മലയാളം വിക്കിപീഡിയിലെ ലേഖനങ്ങളുടെ വളര്‍ച്ച ക്രമാനുഗതമായിരുന്നു. മലയാളം വിക്കിപീഡിയ ഓരോ കടമ്പയും കടന്ന തീയതി താഴെ.

ലേഖനങ്ങളുടെ എണ്ണംതീയതി
1 2002, ഡിസംബര്‍ 21
1002004, ഡിസംബര്‍ 7
5002006, ഏപ്രില്‍ 10
10002006, സെപ്റ്റംബര്‍
20002007, ജനുവരി 15
30002007, ജൂണ്‍ 30
50002007, ഡിസംബര്‍ 12
60002008 ഏപ്രില്‍ 9
70002008 ജൂലൈ 19
80002008 ഒക്ടോബര്‍ 27
90002009 ഫെബ്രുവരി 24
100002009 ജൂണ്‍ 1



















പ്രതിഫലേച്ഛ തീരയില്ലാതെ വിജ്ഞാനം പങ്കു വെക്കുക എന്ന ഒറ്റ ഉദ്ദേശത്തോടു കൂടി മാത്രം ഒരു കൂട്ടം മലയാളികള്‍ പ്രവര്‍ത്തിക്കുന്നു എന്നതു് സമകാലീന മലയാളിയുടെ പൊതു സ്വഭാവത്തെ വച്ചു നോക്കുമ്പോള്‍ ശ്ലാഘിക്കപ്പെടെണ്ട ഒന്നാണു്.

ഇന്ത്യന്‍ ഭാഷകളിലെ മികച്ച വിക്കിപീഡിയകളില്‍ ഒന്നാണു് ഈ മലയാളി സന്നദ്ധ പ്രവര്‍ത്തകര്‍ പടുത്തുയര്‍ത്തിയിരിക്കുന്നതു്. ലേഖനങ്ങളുടെ എണ്ണത്തിലൊഴിച്ചു് മറ്റു് പല മാനദണ്ഡങ്ങളിലും നമ്മള്‍ ഇതര ഇന്ത്യന്‍ വിക്കികളേക്കാള്‍ വളരെയേറെ മുന്നിലാണു്.

  • ഏറ്റവും കൂടുതല് ചിത്രങ്ങള് അപ്‌ലോഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയ,
  • ഏറ്റവും അധികം പേജ് ഡെപ്ത്ത് ഉള്ള ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയ,
  • ഓരോ ലേഖനത്തിലും ഉള്ള ഗുണ നിലവാരമുള്ള ഉള്ളടക്കത്തിന്റെ കാര്യത്തില്‍,

തുടങ്ങി മിക്കവാറും എല്ലാ വിഭാഗത്തിലും നമ്മുടെ മലയാളം വിക്കിപീഡിയയും അതിന്റെ സഹോദര സംരംഭങ്ങളും (വിക്കിവായനശാല, വിക്കിനിഘണ്ടു തുടങ്ങിയവ) ഇന്ത്യന്‍ ഭാഷകളിലെ മറ്റ് വിക്കികളെ അപെക്ഷിച്ച് വളരെയധികം മുന്‍പിലാണ്. ഈയടുത്ത കാലത്തു് ഹിന്ദി വിക്കിപീഡിയ നമ്മെ മറികടക്കുന്നതു് വരെ, ഏറ്റവും കൂടുതല്‍ യൂസേര്‍‌സു് രെജിറ്റര്‍ ചെയ്ത ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയയും മലയാളം വിക്കിപീഡിയ ആയിരുന്നു.

അതിനാല്‍ തന്നെ മലയാളം വിക്കിപീഡിയയുടെ 7 ആം വാര്‍ഷികത്തിനു വളരെ മുന്‍പു തന്നെ 10,000 ലേഖനം എന്ന കടമ്പ നമുക്കു് പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞു എന്നത് സന്തോഷമുള്ള കാര്യമാണ്.

മലയാളം വിക്കിപീഡിയയും ഇന്ത്യന്‍ ഭാഷകളിലുള്ള മറ്റ് വിക്കിപീഡിയകളും തമ്മില്‍ വിവിധ വിഭാഗങ്ങളിലുള്ള താരതമ്യ പട്ടിക താഴെ കൊടുക്കുന്നു.

വിക്കിപീഡിയലേഖനങ്ങളുടെ എണ്ണംപേജ് ഡെപ്ത്ത്ഉപയോക്താക്കളുടെ എണ്ണംഅപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങളുടെ എണ്ണംവിക്കിയില്‍ ഇതുവരെ നടന്ന തിരുത്തലുകളുടെ എണ്ണം
മലയാളം10,001150.11054758363,68,310
തമിഴു്18,25023.6903633233,88,328
തെലുങ്കു്42,9505.1998945544,12,460
കന്നഡ656514.63340140598,368
ഹിന്ദി32,9009.41523329463,72,295
മറാഠി23,22014.5609816893,71,413
ബിഷ്ണുപ്രിയ മണിപ്പൂരി23,45012.636661722,88,839
ബംഗാളി19,71054.6633215584,68,022
ഗുജറാത്തി60402.13259018942,828
പഞ്ചാബി140310.9129014213,792

താരതമ്യ പട്ടിക ശ്രദ്ധിച്ചു നോക്കിയാല്‍ ലേഖനങ്ങളുടെ എണ്ണം ഒഴിച്ച് ബാക്കി ബാക്കി എല്ലാത്തിലും മലയാളം വിക്കിപീഡിയ മറ്റു ഇന്ത്യന്‍ വിക്കിപീഡിയകളേക്കാ‍ള്‍ ബഹുദൂരം മുന്നിലാണെന്നു കാണാം. ലേഖനങ്ങളുടെ എണ്ണം മറ്റു ഇന്ത്യന്‍ വിക്കിപീഡിയകളെ അപേക്ഷിച്ച് കുറവാണെങ്കിലും നമുക്കു് ഉള്ള ലേഖനങ്ങളില്‍ എല്ലാം തന്നെ അത്യാവശ്യം ഗുണനിലവാരമുള്ള ഉള്ളടക്കമാണുള്ളതു്. നമ്മുടെ വിക്കിയുടെ ഈ പ്രത്യേകത മറ്റു് ഇന്ത്യന്‍ ഭാഷകളിലെ വിക്കിപ്രവര്‍ത്തകര്‍ നമ്മുടെ വിക്കിയെ സൂക്ഷമമായി നിരീക്ഷിക്കാറുണ്ടു്. നിലവില്‍ മലയാളം വിക്കിയിലെ 10,000 ലേഖനങ്ങളില്‍ വലിയൊരുഭാഗം ഭൂമിശാസ്ത്രസംബന്ധിയായ ലേഖനങ്ങളാണു്. ചരിത്ര വിഭാഗത്തിലും അത്യാവശ്യം ലെഖനങ്ങളുണ്ടു്. ശാസ്ത്രവിഭാഗത്തില്‍ ജ്യോതിശാസ്ത്ര വിഭാഗത്തില്‍ മാത്രമാണു് അടിസ്ഥാനവിഷയളില്‍ എങ്കിലും ലേഖനങ്ങളുള്ളൂ. ബാക്കി ശാസ്ത്രവിഭാഗങ്ങളിലൊക്കെ ഇനിയും ധാരാളം ധാരാളം ലേഖനങ്ങള്‍ വന്നേ തീരൂ. ഒരു പ്രത്യേക വിഷയത്തെ അധികരിച്ചുള്ള ലേഖനങ്ങളെ ഏകോപിക്കുന്ന കവാടങ്ങളുടെ (പോര്‍ട്ടല്‍) പണി ഇനി ചില വിഷയങ്ങളിലെങ്കിലും മലയാളം വിക്കിപീഡിയയില്‍ തുടങ്ങാവുന്നതാണു്.

കുറച്ചു നാളുകള്‍ക്കു് മുന്‍പു് കേരളാ സര്‍ക്കാര്‍, സര്‍ക്കാര്‍ സ്ഥാപനമായ സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരു പ്രമുഖ പ്രസിദ്ധീകരണമായ സര്‍വ്വവിജ്ഞാനകോശം (http://sarvavijnanakosam.gov.in/a-brief-his.htm) GNU Free Documentation License 1.2. ലൈസന്‍സോടെ റിലീസ് ചെയ്യുവാനും, അതോടൊപ്പം അതിലെ ഉള്ളടക്കം ആവശ്യാനുസരണം മലയാളം വിക്കിസംരംഭങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനും അനുമതി തന്നു കൊണ്ട് കേരളസര്‍ക്കാര്‍ തീരുമാനമായിരുന്നു. നിലവിലുള്ള ചില ലേഖനങ്ങളെ പുഷ്ടിപ്പെടുത്താനല്ലാതെ ഇതു് വരെ സര്‍വ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം മലയാളം വിക്കിപീഡിയയില്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടില്ല. തുടര്‍ന്നുള്ള മാസങ്ങളില്‍ വിക്കിയില്‍ കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എത്തുമ്പോള്‍, സര്‍‌വ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം മലയാളം വിക്കിപീഡിയയില്‍ ഉപയോഗിക്കുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കി നടപ്പാക്കുന്നതു് നന്നായിരിക്കും.

ആരേയും പേരെടുത്തു് പരാമര്‍ശിക്കുന്നില്ലെങ്കിലുംസ്കൂള്‍ കുട്ടികള്‍, അദ്ധ്യാപകര്‍, കര്‍ഷകര്‍, തൊഴില്‍രഹിതര്‍, ഡോക്ടര്‍മാര്‍, സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍, കേന്ദ്ര-കേരളാ ഗവര്‍‌മെന്റ് ഉദ്യോഗസ്ഥര്‍, പ്രവാസി മലയാളികള്‍, വീട്ടമ്മമാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധി സന്നദ്ധസേവകരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനമാണു് മലയാളം വിക്കിപീഡിയയുടെ ഇന്നത്തെ അഭിവൃദ്ധിക്കു് കാരണം.

എല്ലാ മലയാളം വിക്കിപ്രവര്‍ത്തകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും . ഭാവി മലയാളി സമൂഹത്തിനുള്ള നമ്മുടെ ഏറ്റവും മികച്ച സംഭാവനയായി നിങ്ങളുടെ ഈ സന്നദ്ധ സേവനം മാറട്ടെ എന്നു് ആശംസിക്കുന്നു.




10,000 ലേഖനം തികയുന്ന അവസരത്തില്‍ ഉപയോഗിക്കാന്‍ വേണ്ടി നിര്‍മ്മിച്ച ലോഗോയ്ക്കു (ഈ പൊസ്റ്റിന്റെ ആദ്യം കാണുന്ന ലോഗോ) മലയാളം വിക്കിപീഡിയ ഉപയോക്താവായ സാദിക്ക് ഖാലിദിനു പ്രത്യേക നന്ദി.