01 June, 2013

Robert Drummond -ന്റെ Grammar of the Malabar language എന്ന പുസ്തകത്തെക്കുറിച്ച്

ശ്രീധരമേനോന്റെ  Kerala History and its Makers എന്ന പുസ്തകത്തിൽ 1799-ൽ ബോംബെയിൽ നിന്ന് പ്രസിദ്ധീകരിച്ച Grammar of the Malayalam language എന്ന പുസ്ത്കത്തെ കുറിച്ച് ഒരു പരാമർശം ഉണ്ട്. അത് Robert Drummond എന്ന ഒരാളാണ് എഴുതിയത് എന്ന വിവരവും ഉണ്ട്.ഈ വിവരങ്ങൾ ആണ് ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ എന്നെ പ്രേരിപ്പിച്ചത്. 




ഇതിനെകുറിച്ച്  വേറെ ഇടങ്ങളിൽ കുറച്ച് കൂടി തപ്പിയപ്പോൾ  Robert Drummond  ഒരു സർജൻ ആയിരുന്നു എന്നും 1799-ൽ ആണ് ഈ പുസ്തകം പ്രസിദ്ധീകരച്ചത് എന്ന പരാമർശവും കണ്ടു. അങ്ങനെ തപ്പി തപ്പി പോയപ്പോൾ 1799-ൽ ബോംബെ കുറിയർ പ്രസ്സിൽ നിന്നു പ്രസിദ്ധീകരിച്ച Grammar of the Malabar Language എന്ന പുസ്തകത്തിന്റെ PDF കണ്ടെത്തി. ഗൂഗിൾ ബുക്സിൽ ഉണ്ടായിരുന്നു അത്.



പുസ്തകം വിക്കിമീഡിയ കോമൺസിലേക്ക് ചേർത്തു. അത് ഇവിടെ കാണാം: http://commons.wikimedia.org/wiki/File:Grammar_of_the_Malabar_Language_Robert_Dummond.pdf

ഈ പുസ്തകത്തിനെ കുറിച്ച് എനിക്ക് മനസ്സിലായ കുറച്ച് വിവരങ്ങൾ പങ്ക് വെക്കുന്നു.

  • ഈ പുസ്തകത്തിനു ഏതാണ്ട് 150ഓളം താളുകൾ ആണ് ഉള്ളത്.
  • ചതുരവടിവിലുള്ള മലയാള അക്ഷരങ്ങൾ ആണ് ഇതിൽ ഉപയൊഗിച്ചിരിക്കുന്നത്. 1799-ൽ അച്ചടിച്ചതിനാൽ അത് സ്വാഭാവികം. ഏതാണ്ട് അര നൂറ്റാണ്ടിനു ശേഷം ബെഞ്ചമിൻ ബെയിലി ആണല്ലോ അച്ചടിയിൽ ഉരുണ്ട മലയാളലിപികളെ അവതരിപ്പിക്കുന്നത്. കുറിയർ പ്രസ്സിൽ അച്ചടിച്ച മലയാളലിപികൾ ഉൾപ്പെടുന്ന പുസ്തകങ്ങളിൽ ഒക്കെയും ചതുരവടിവിലുള്ള  മലയാളലിപികൾ തന്നെയാണല്ലോ. വേറൊരു ഉദാഹരണം: റമ്പാൻ ബൈബിൾ.
  • ഇംഗ്ലീഷിലുള്ള ഈ പുസ്തകത്തിൽ  ചില ഇംഗ്ലീഷ് വാക്കുകളിൽ ഇംഗ്ലീഷിലെ s എന്ന അക്ഷരത്തിനു പകരം f നോട് സാദൃശ്യം ഉള്ള വേറെ ഒരു അക്ഷരം ആണ് ഈ പുസ്തകത്തിൽ പലയിടത്തും ഉപയോഗിച്ചിരിക്കുന്നത്. ഉച്ചാരണം മാറുന്നതിനനുസരിച്ച് വേറൊരു അക്ഷരം ഉപയോഗിച്ചതാണോ? പ്രത്യേകിച്ച് ഷ്,ക് എന്ന ഉച്ചാരണം വരുന്ന ഇടങ്ങളിൽ. ഇത് എന്താണെന്ന് മനസ്സിലാകന്നില്ല
  • Bhermajee Jeejebhoy എന്ന ഒരു പാർസി ആണ് മലയാളത്തിനായി അച്ചുകൾ ഉണ്ടാക്കിയത്.
  • ഌ, ൡ എന്നീ അക്ഷരങ്ങളുടെ ഉച്ചാരണവും ഉപയോഗവും ഒരുമിച്ച് അങ്ങനെ ആദ്യമായി കാണാൻ ഇടയായി :)
  • ംരം എന്ന രൂപത്തിൽ ആണ് ഈ എല്ലായിടത്തും പ്രയോഗിച്ചിരിക്കുന്നത്. 19ആം നൂറ്റാണ്ടിന്റെ അവസാനം വരേയും അതായിരുന്നല്ലോ മലയാളത്തിന്റെ ഈ
  •  ന്റ യുടെ വേറൊരു രൂപം കൂടി ഇതിൽ കണ്ടു. (റൻറ) എന്ന രൂപം ആണ് ഇതിൽ.
  •  യ ഒരു പ്രത്യേക രൂപം അവലംബിച്ചിരിക്കുന്നത് ടൈപ്പോഗ്രാഫർ അത് അത്തരത്തിൽ വരച്ചത് കൊണ്ടാണെന്ന് കരുതാം. 
  • ഴ യുടെ ചില്ല് എന്ന് ഇന്ന് പറയുന്ന രൂപം , അനുസാരം ഇതിനെ രണ്ടിനേയും ഇന്ന് നമ്മൾ ചില്ല് (താൾ 141 കാണുക) എന്ന് പറയുന്ന ർ,ൻ,ൾ,ൻ,ൺ തിന്റെ ഒപ്പം തന്നെ ആണ് കൂട്ടിയിരിക്കുന്നത്. പക്ഷെ യയുടെ ചില്ലിനെ കുറിച്ച് പരാമർശം കണ്ടില്ല.  
  • മലയാള അക്കങ്ങൾക്കായി ഒരു അദ്ധ്യായം തന്നെ മാറ്റിവെച്ചിട്ടൂണ്ട്. (താൾ 15 മുതൽ)സാധാരണ മലയാളികൾക്ക് പൂജ്യം ഉപയോഗിക്കുന്ന ശീലം ഇല്ലായിരുന്നു എന്ന വാദത്തെ ബലപ്പെടുത്തുന്നതാണ് ഈ പുസ്കത്തിലെ  മലയാള അക്കങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ എല്ലാം.  
  • ഏ കാരത്തെയോ ഓ കാരത്തെയോ സ്വരങ്ങളായി രേഖപ്പെടുത്തിയിട്ടില്ല. ഇതു രണ്ടും എപ്പോഴാണ് മലയാളഭാഷയിൽ എത്തപ്പെട്ടത്?


ഈ വിഷയത്തെ കുറിച്ച് കൂടുതൽ അറിവില്ലാത്തതിനാൽ   കൂടുതൽ നിരീക്ഷണങ്ങൾക്ക് മുതിരുന്നില്ല. ഭാഷാശാസ്ത്രത്തിൽ താല്പര്യമുള്ളവർക്ക് ഈ പുസ്തകം ഒരു മുതൽക്കൂട്ടായിരിക്കും എന്നാണ് എന്റെ അനുമാനം.

ഇംഗ്ലീഷ് വിക്കിഗ്രന്ഥശാലയ്ക്ക് പുറമേ ഇത് മലയാളം ഗ്രന്ഥശാലയിലും വരണം എന്നാണ് എന്റെ അഭിപ്രായം.  

1799-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകമാണ് മലയാളവ്യാകരണം ആദ്യമായി കൈകാര്യം ചെയ്ത ഇംഗ്ലീഷ് പുസ്തകം എന്ന് തോന്നുന്നു. ഇതിനു മുൻപ് 1772-ൽ ലാറ്റിനിൽ മലയാളവ്യാകരണഗ്രന്ഥം ഇറങ്ങിയതായി അറിയാം. അതിനു മുൻപുള്ളവയെ കുറിച്ച് അറിയില്ല.


Robert Drummond നെ കുറിച്ച് ഇംഗ്ലീഷ് വിക്കിയിലോ മലയാളം വിക്കിയിലോ ലേഖനം ഇല്ല. അല്പം കൂടെ ഗവേഷണം നടത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ച് ലേഖനം ആരെങ്കിലും തുടങ്ങിയാൽ നന്നായിരുന്നു.

ഈ പുസ്തകം ആരെങ്കിലും മലയാളത്തിലേക്ക് പരിഭാഷ ചെയ്തിരുന്നു എങ്കിൽ നന്നായേനെ എന്ന് തോന്നുന്നു.




15 January, 2013

വിക്കിഗ്രന്ഥശാലയിൽ നിന്നുള്ള ഇ-പുസ്തകങ്ങൾ

മുൻകുറിപ്പ്: ഈ പോസ്റ്റിൽ കൈകാര്യം ചെയ്യുന്ന വിഷയം പുതിയ ഒരു ആശയം അല്ല. ഇംഗ്ലീഷിലും ലാറ്റിൻ ഭാഷകളിലും ePUB ഫോർമാറ്റിലുള്ള പുസ്തകങ്ങൾ ധാരാളം ഉണ്ട്. ആ ഭാഷക്കാർ അതൊക്കെ ധാരാളമായി ഉപയൊഗിക്കുകയും ചെയ്യുന്നു. പക്ഷെ മലയാളത്തിലേക്ക് വരുമ്പോൾ സ്ഥിതി വ്യത്യസ്തമാണ്. സ്മാർട്ട് ഫോൺ ഡിവൈസുകളിലെ മലയാളം റെൻഡറിങ്ങ് മൊശമായത് കാരണം   ePUB ഫോർമാറ്റിലുള്ള പുസ്തകങ്ങൾ പ്രസിദ്ധമായി തുടങ്ങിയിട്ടില്ല. മീഡിയവിക്കി സോഫ്റ്റ്‌വെയറിൽ തന്നെ ePUB/ODT/PDF/ZIM തുടങ്ങിയ വിവിധ ഫോർമാറ്റുകളിൽ പുസ്തകം നിർമ്മിക്കാനുള്ള സൗകര്യം ഉണ്ട്. പക്ഷെ അതൊന്നും ഇതു വരെ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. ആ സ്ഥിതി ഒക്കെ മാറ്റി മലയാളത്തിനായി പുതിയ ഒരു വായനാരീതി അവതരിപ്പിരിക്കുക ആണ് ഇവിടെ. 

വിക്കിമീഡിയ സംരംഭങ്ങളുമായി ബന്ധപ്പെട്ട് നിരവധി നൂതന പദ്ധതികളിലൂടെ മലയാളം വിക്കിസമൂഹം മറ്റ് വിക്കിസമൂഹങ്ങൾക്ക് മാതൃക ആയിട്ടുണ്ടല്ലോ. അങ്ങനെയുള്ള സവിശേഷ പദ്ധതികളിലൂടെ കൂടുതൽ പേരെ വിക്കിയിലേക്ക് ആകർഷിക്കാനും,  മലയാളം  വിക്കിസംരംഭങ്ങളുടെ പ്രചാരം വർദ്ധിപ്പിക്കാനും,  മലയാളം വിക്കിസംരംഭങ്ങളിലെ ഉള്ളടക്കം കൂടുതൽ പേരിലെത്തിക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്.

വർത്തമാനകാലത്ത് മലയാളം വിക്കിസംരംഭങ്ങളിൽ ഏറ്റവും ജനശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്ന സംരംഭം ആണ് മലയാളം വിക്കിഗ്രന്ഥശാല (http://ml.wikisource.org/). പകർപ്പവകാശകാലാവധി തീർന്നതോ, സ്വതന്ത്രപകർപ്പവകാശ ലൈസൻസിലോ ഉള്ള മലയാളഭാഷയിലുള്ള/മലയാളലിപിയിലുള്ള പുസ്തകങ്ങളാണ് വിക്കിഗ്രന്ഥശാലയുടെ ഭാഗമായി മാറി കൊണ്ടിരിക്കുന്നത്. ഇങ്ങനെ പുസ്തകം ചേർത്തത് മാത്രം കൊണ്ട് ആയില്ലല്ലോ. ചേർത്തത് വിവിധ തരത്തിൽ മലയാളി വായനക്കാരിലേക്ക് എത്തിക്കാനും നമുക്ക് കഴിയണം. അങ്ങനെയുള്ള ഒരു പദ്ധതിക്ക് മലയാളം വിക്കിസമൂഹം തുടക്കമിടുകയാണ്.

മലയാളം വിക്കിഗ്രന്ഥശാലയിലെ  ഡിജിറ്റൈസേഷൻ പൂർത്തിയായ കുറച്ച് പുസ്തകങ്ങൾ ഇപബ്ബ് (ePUB) ഫോർമാറ്റിൽ ഇ-പുസ്തകം ആയി പുറത്തിറക്കുന്നു.

വിക്കിഗ്രന്ഥശാലയിലെ കൃതികൾ ഇനി മുതൽ ഇ-പുസ്തകം ആയി വായിക്കാനുള്ള സൗകര്യം ആണ് ഇതിലൂടെ പ്രധാനമായും കിട്ടുന്നത്. ഇ-പുസ്തകം ആയതിനാൽ  ഓഫ്‌ലൈനായി വായിക്കാം എന്ന സൗകര്യവും ഉണ്ട്. ഒപ്പം നിങ്ങളുടെ ഡിവൈസുകളിൽ വിക്കിഗ്രന്ഥശാലയുടെ ഒരു ചെറിയ പതിപ്പ് കിട്ടുകയും ചെയ്യുന്നു.

ഇത് ആരെ ലക്ഷ്യം വെക്കുന്നു?

ഈ ഇ-പുസ്തകങ്ങൾ പ്രധാനമായും സ്മാർട്ട് ഫോണുകൾ, ടാബ്‌ലറ്റ് പിസികൾ തുടങ്ങിയവ ഉപയോഗിക്കുന്നവരെ ലക്ഷ്യം വെച്ചാണ് എഴുതിയത്. പക്ഷെ സാധാരണ പി.സി.കളിൽ ePUB ഫോർമാറ്റിലുള്ള ഇ-പുസ്തകങ്ങൾ വായിക്കാൻ ധാരാളം സോഫ്റ്റ്‌വെയകൾ ഉണ്ട്. അതിനാൽ അതിനെ കുറിച്ച് എഴുതുന്നില്ല.  സ്മാർട്ട് ഫോൺ, ടാബ്‌ലറ്റ് പിസികൾ എന്നിവർ ഉപയോഗിക്കുന്നവർ യാത്ര ചെയ്യുമ്പൊഴോ, ഓഫ് ലൈനായോ ഇരിക്കുമ്പൊഴോ ഒക്കെ വിക്കിഗ്രന്ഥശാലയിലെ പുസ്തകങ്ങൾ വായിക്കാൻ ഈ സൗകര്യം നിങ്ങൾക്ക് സഹായകരമാകും.

ആൻഡ്രോയിഡ് ജിഞ്ചർ ബ്രെഡ് എങ്കിലും ഉപയോഗിക്കുന്നവർക്കേ ഇത് സഹായകരമാകൂ. ഐഫൊണിൽ ഡിഫാൾട്ടായി മലയാളം റെൻഡറിങ്ങ് നന്നായതിനാൽ വേർഷൻ പ്രശ്നമല്ല.

ഏതൊക്കെ പുസ്തകങ്ങൾ ആണ് നിലവിൽ ePUB ഫോർമാറ്റിൽ ഇ-പുസ്തകം ആക്കിയിട്ടുള്ളത്?

നിലവിൽ ഇ-പുസ്തകം ആക്കിയ ഗ്രന്ഥങ്ങൾ https://code.google.com/p/ml-wikisource-ebooks/downloads/list എന്ന കണ്ണിയിൽ നിന്നു കിട്ടും.

താഴെ പറയുന്ന കൃതികൾ ആണ് നിലവിൽ ഇ-പുസ്തകം ആക്കിയിട്ടുള്ളത്
  • ധർമ്മരാജ (ചരിത്രാഖ്യായിക) - സി.വി._രാമൻപിള്ള
  • കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ (രാഷ്ട്രീയരചന) - കാറൽ മാർക്സ്, ഫ്രെഡറിൿ ഏങ്ഗൽസ്
  • ദ്വാരക (ചെറുകഥ) - വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
  • ജാതിക്കുമ്മി (കവിത) - പണ്ഡിറ്റ്_കെ.പി.കറുപ്പൻ
  • കർണ്ണഭൂഷണം (ഖണ്ഡകാവ്യം) - ഉള്ളൂർ എസ്. പരമേശ്വരയ്യർ
  • വാഴക്കുല (കവിത) - ചങ്ങമ്പുഴ കൃഷ്ണപ്പിള്ള
  • വീണപൂവ് (കവിത) -കുമാരനാശാൻ
  • വൃത്താന്തപത്രപ്രവർത്തനം (പത്രപ്രവർത്തനത്തെക്കുറിച്ചുള്ള പുസ്തകം) - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
ഇത് നിങ്ങളുടെ ഇഷ്ടാനുസരണം ഡൗൺലൊഡ് ചെയ്ത് ഇഷ്ടാനുസരണം വായിക്കൂ. വിക്കിഗ്രന്ഥശാലയിലെ കൃതികൾ വായിക്കാൻ ഇനി ഇന്റർനെറ്റ് കണക്ഷൻ വേണം എന്നത് ഒരു നിർബന്ധമല്ല.

ഗ്രന്ഥശാല ഇ-പുസ്തകം വായിക്കാൻ നിങ്ങൾ ചെയ്യേണ്ടത്

ഇനി വിശദാംശങ്ങളിലേക്ക്. ePUB ഫോർമാറ്റിലുള്ള ഇ-പുസ്തകങ്ങൾ വായിക്കാൻ നിരവധി ആപ്പുകൾ ഉണ്ട്. എങ്കിലും വിവിധ ആപ്പുകൾ പരീക്ഷിച്ചതിൽ  FBReader എന്ന ആപ്പാണ് കുടുതൽ അനുയോജ്യം എന്ന് കാണുന്നു. അതിനാൽ ആ ആപ്പിനെ അടിസ്ഥാനമാക്കിയുള്ള വിവരണങ്ങളാണ് ഈ പോസ്റ്റിൽ കൊടുത്തിരിക്കുന്നത്. വേറെ ഏതെങ്കിലും ആപ് ഉപയോഗിക്കണങ്കിൽ അതിനുള്ള സ്വാതന്ത്യം നിങ്ങൾക്കുണ്ട്.

മലയാളം ഇ-പുസ്തകം വായിക്കാൻ നിങ്ങൾ ചെയ്യേണ്ടത്.

  1. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് FBReader എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക.
  2. https://code.google.com/p/ml-wikisource-ebooks/downloads/list എന്ന ലിങ്കിൽ നിന്നു മലയാളം വിക്കിഗ്രന്ഥശാലയിൽ നിന്നുള്ള ePUB ഫോർമാറ്റിലുള്ള ഇ-പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യുക
  3. FBReaderൽ ഇ-പുസ്തകം തുറന്ന് വായിക്കുക. 
ഈ ഇ-പുസ്തകം ഐഫോണിലും ആൻഡ്രോയിഡിലും നന്നായി വായിക്കാൻ പറ്റുന്നുണ്ട്. പക്ഷെ ആൻഡ്രോയിഡിൽ വേർഷൻ ജിഞ്ചർ ബ്രെഡോ (2.3.6) അതിനു മുകളിൽ ഉള്ള ഏതെങ്കിലും വേർഷൻ ആയിരിക്കണം. അതിനു താഴെയുള്ള വേർഷനുകളിൽ ഇത് നടക്കില്ല. ജിഞ്ചർ ബ്രെഡ് ഉള്ള സാംസങ്ങ് ഫോണുകളിൽ എങ്കിലും താഴെ പറയുന്ന വിധത്തിലുള്ള ക്രമീകരണം ചെയ്താൽ മലയാളം നന്നായി വായിക്കാം.

ക്രമീകരണങ്ങൾ

നിങ്ങളുടെ ഡിവൈസിൽ സ്വതെ മലയാളം റെൻഡറിങ്ങ് ശരിയല്ലെങ്കിൽ ക്രമീകരണങ്ങളിൽ ചില മാറ്റങ്ങൾ വരുത്തണം. അതിനു ഈ ആപ്പിൽ കഴിയും. വിക്കിമീഡിയ ഫൗണ്ടേഷന്റെ ആപ്പിൽ നിന്നു വ്യത്യസ്തമായി FBReaderൽ ഫോണ്ട് തിരഞ്ഞെടുക്കാനും, ഫോണ്ട് ഇടാനുള്ള ഡയറക്ടറിയും ഒക്കെ ക്രമീകരിക്കാൻ സൗകര്യം തരുന്നത് കൊണ്ടാണ് ഇത് നടക്കുന്നത്.

എന്റെ ഗാലക്സി Y-ൽ (ജിഞ്ചർ ബ്രെഡ്)   FBReader-ൽ  ധർമ്മരാജ ഇ-പുസ്തകം തുറന്നപ്പോൾ സ്വതെ ഉള്ള ദൃശ്യം നോക്കൂ.



പതിവ് പോലെ ചില്ലു പ്രശ്നം, റകാരത്തിന്റെ പ്രശ്നം, ഡിഫാൾട്ട് മലയാളം ഫോണ്ടിന്റെ ദ്വൃശ്യ/വായനാ സുഖം ഇല്ലായ്മ എന്നിവ മൂലം ധർമ്മരാജയുടെ സുഖമല്ല. ഇത് ശരിയാക്കാൻ പറ്റുമോ എന്ന് നമുക്ക് നോക്കാം. 

ഫോണ്ട് ഡൗൺലോഡ് ചെയ്യുക

  1.  നല്ല മലയാളം യൂണിക്കോഡ് ഫോണ്ട് ഡൗൺ ലോഡ് ചെയ്യുക. നിങ്ങൾക് ഇഷ്ടമുള്ള ഏത് മലയാളം യൂണിക്കോഡ് ഫോണ്ടും ഉപയോഗിക്കാം.  കൗമുദി സ്മാർട്ട് ഫോണിൽ നല്ല വായനാസുഖം തരുന്നു എന്നതിനാൽ അത് ശുപാർശ ൾചെയ്യുന്നു. അത് ഇവിടെ നിന്നു കിട്ടും  http://news.keralakaumudi.com/info/Kaumudi.ttf  (ചിലപ്പോൾ ചില ഫോണുകളിൽ .ttf ഫോർമാറ്റിലുള്ള ഫയൽ ഡൗൺലോഡ് ചെയ്യാൻ സമ്മതിക്കില്ല. അങ്ങനെയുള്ളവർക്ക് വേണ്ടി ഇതേ ഫോണ്ടിന്റെ എക്സ്റ്റെൻഷൻ .PDF എന്നാക്കി ഇവിടെ ഇട്ടിട്ടുണ്ട്. അത് ഡൗൺലോഡ് ചെയ്ത് എക്സ്റ്റെൻഷൻ .ttf തന്നെ ആക്കുക)
  2. അതിനു ശെഷം ഫയൽ കോപ്പി ചെയ്ത് നിങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലത്ത് വെക്കുക.ഞാൻ  /sdcard/Fonts എന്ന ഫോൾഡറിൽ ആണ് ഇട്ടത്.
ഫയലുകൾ അങ്ങോട്ടും ഇങ്ങോട്ടും കോപ്പി ചെയ്യാനും, റീനേം വഴി എക്സ്റ്റെഷൻ മാറ്റാനും, ഫോൾഡർ ഉണ്ടാക്കാനും, ഫോൾഡറുകൾ ബ്രൗസ് ചെയ്യാനും ഒക്കെ നിങ്ങളെ സഹായിക്കുന്ന ഒരു ആപ് ആണ് ES File Explorer.   അതുപയോഗിച്ച് മുകളിൽ പറഞ്ഞ 2 സംഗതികളും സുഖമായി ചെയ്യാം.

അപ്പോൾ നമ്മൾ ഫോണ്ട് ഡൗൺലോഡ് ചെയ്തു. അത്  /sdcard/Fonts എന്ന ഫോൾഡറിൽ ഇട്ടു.

FBReader-ന്റെ Settings-ൽ മലയാളം ഫോണ്ട് തിരഞ്ഞെടുക്കൽ

നേരത്തെ പറഞ്ഞത് പോലെ FBReaderൽ ഫോണ്ട് തിരഞ്ഞെടുക്കാനും ഫോണ്ട് ഇടാനുള്ള ഡയറക്ടറിയും ഒക്കെ ക്രമീകരിക്കാൻ സൗകര്യം തരുന്നത് കൊണ്ട് നമുക്ക് മലയാളം ഫോണ്ട് അതിൽ ക്രമീകരിക്കാം.

FBReader-ന്റെ Settings-ൽ പോയി More-എന്ന കണ്ണിയിൽ ഞെക്കുമ്പോൾ താഴെ കാണുന്ന വിൻഡോ തുറന്നു വരും. 



ഇതിലെ Directories എന്നതിൽ ഞെക്കുക. അപ്പോൾ താഴെ കാണുന്ന വിധത്തിൽ ദൃശ്യമാകും. 

ഇതിൽ Fonts Directory എന്നതിൽ Font Directory set  ചെയ്യുക. ഞാൻ .../sdcard/Fonts എന്ന ഫോൾഡറാണ് ഫോണ്ട് ഇടാനുള്ള ഡയറക്ടറി ആയി സെറ്റ് ചെയ്തത്. (മുകളിൽ സൂചിപ്പിച്ച പോലെ ഞാൻ ഡൗൺലോഡ് ചെയ്ത കൗമുദി ഫോണ്ട് അവിടാണല്ലോ വെച്ചിരിക്കുന്നത്)

അതിനു ശെഷം തിരിച്ചു വന്ന്  Text എന്നതിൽ ഞെക്കുക. അപ്പോൾ താഴെ കാണുന്ന വിൻഡോ തുറന്നു വരും.


ഇതിൽ Font family എന്നതിൽ ഞെക്കുക. നിലവിൽ ഡിഫാൾട്ടായി Droid Sans എന്ന ഫോണ്ട് കിടക്കുന്നത് കാണാം. Font familyയിൽ ഞെക്കുമ്പോൾ താഴെ കാണുന്ന വിൻഡൊ തുറന്നു വരും.

ഇതിൽ നിന്നു Kaumudi തിരഞ്ഞെടുക്കുക.

ഇനി തിരിച്ചു പോയി ധർമ്മരാജ എങ്ങനെ കാണുന്നു എന്ന് നമുക്ക് നോക്കാം.


മുകളിൽ സൂചിപ്പിച്ച പ്രശ്നം എല്ലാം തീർന്നു. ധർമ്മരാജ സുഖമായി വായിക്കാം എന്ന് കാണുന്നു :)

FBReaderൽ TOCഒക്കെ തിരഞ്ഞെടുക്കാനും നമുക്ക് ഇഷ്ടമുള്ള അദ്ധ്യായങ്ങളിലേക്ക് പോകാനും മറ്റ് ക്രമീകരണങ്ങൾ ശരിയാക്കാനും ഒക്കെ ഉള്ള ഓപ്ഷൻസ് ഉണ്ട്. അതൊക്കെ ഒരൊരുത്തരുടെ ഇഷ്ടമനുസരിച്ച് ചെയ്യാവുന്നതാണ്.

നന്ദി

വിക്കിഗ്രന്ഥശാലയിലെ പുസ്തകം എടുത്ത് ePUB ഫോർമാറ്റിലുള്ള -പുസ്തകം ആക്കുന്ന ഈ പദ്ധതി ഏകോപിക്കുന്ന പരിപാടി ഞാൻ ചെയ്തു എങ്കിലും ഈ പദ്ധതി പ്രാവർത്തികമാകുമ്പോൾ കൃതികൾ ഗ്രന്ഥശാലയിൽ ആക്കിയ വിക്കിപ്രവർത്തകർക്കു പുറമേ നന്ദി പറയേണ്ട ഒരാൾ ജീസ് മോൻ ജേക്കബ്ബ് ആണ്.

വിക്കിഗ്രന്ഥശാലയിൽ ഉള്ള ഡിഫാൾട്ട് ബുക്ക് ക്രിയേറ്റർ ഉപയോഗിച്ച് നിർമ്മിക്കുന്ന ePUB പുസ്തകങ്ങളുടെ ഫോർമാറ്റിങ്ങ് അത്ര ശരിയല്ലാത്തതിനാൽ അത് ഇവിടെ ഉപയൊഗിച്ചിട്ടില്ല.

മലയാളം ഇ-പുസ്തകം വായിക്കാനുള്ള വിവിധ ആപ്പുകൾ പരീക്ഷിക്കുകയും, നിലവിലുള്ള ഇ-പുസ്തകങ്ങൾ എല്ലാം നിർമ്മിക്കുകയും ചെയ്ത ജീസ് മോൻ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഇ-പുസ്തകം നിർമ്മിക്കാൻ അദ്ദേഹം ഉപയോഗിച്ചത് https://code.google.com/p/sigil/ എന്ന ആപ്ലിക്കേഷനാണ്. അതുപയോഗിച്ച് ഇ-പുസ്തകം നിർമ്മാണം വളരെ എളുപ്പം ആണെന്നാണ് അദ്ദേഹം പറഞത്. അത് ഉപയോഗിക്കാനുള്ള ഡോക്കുമെന്റേഷൻ ഇവിടെ ഉണ്ട് http://web.sigil.googlecode.com/git/files/OEBPS/Text/introduction.html

ഇ-പുസ്തകം ഇറക്കുന്ന പരിപാടി അത്ര സങ്കീർണ്ണം ഒന്നും അല്ലാത്തതിനാൽ ഇനി ധാരാളം പേർ വിവിധ തരത്തിൽ വിക്കിഗ്രന്ഥശാലയിലെ ഉള്ളടക്കം എടുത്ത് പുനരുപയോഗിക്കും എന്ന് കരുതട്ടെ. അത് ചെയ്യാൻ താല്പര്യമുള്ളവർ മറ്റൊരു സംവിധാനം ആകുന്നത് വരെ (https://code.google.com/p/ml-wikisource-ebooks/downloads/list) ഇവിടെ തന്നെ ഇ-പുസ്തകം അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുമല്ലോ.

ആശംസകളോടെ
ഷിജു






12 January, 2013

ആൻഡ്രോയിഡ് ജിഞ്ചർ ബ്രെഡിൽ മലയാളം ശരിയാക്കാൻ




 \\ഈ പരിഹാരം പ്രവർത്തിക്കുന്ന ഫോണുകളിൽ എല്ലാ ആപ്പുകളിലും മലയാളം ശരിയാക്കാൻ ഒരു വിദ്യ ഉണ്ട്. അത് അടുത്ത പോസ്റ്റിൽ.\\

എന്ന് കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നല്ലോ. അതിനെ സംബന്ധിച്ചാണ് ഈ പോസ്റ്റ്

കഴിഞ്ഞ പൊസ്റ്റിൽ വിശദീകരിച്ചത് പോലെയുള്ള സെറ്റിങ്ങ് ഉപയോഗിച്ച് നിങ്ങൾക്ക് വിക്കിപീഡിയ ആപ്പ് ഉപയോഗിച്ച് മലയാളം വിക്കിപീഡിയ വായിക്കാൻ കഴിഞ്ഞു എങ്കിൽ മലയാളം വായിക്കാൻ ഉള്ള ഈ സൗകര്യം ഫോണിനു മൊത്തമായി (എല്ലാ ആപ്പുകളിലും മലയാളം ശരിയാകുന്ന വിധം‌) ബാധകമാക്കാൻ പറ്റും.

അത് ചെയ്യുന്നത് എങ്ങനെ ആണെന്ന് കാണാൻ നാരായം എന്ന ബ്ലോഗിൽ അഖിലൻ എഴുതിയ ഈ പൊസ്റ്റ് (http://narayam.in/read-malayalam-in-android/) കാണുക. അതിൽ എഴുതിയിരിക്കുന്ന പോലെ ചെയ്താൽ ബ്രൗസറിലും മറ്റ് ആപ്പുകളിലും ഒക്കെ മലയാളം നന്നായി കാണാൻ കഴിയുമെന്ന് കാണുന്നു. ജിഞ്ചർബ്രെഡും അതിനു മുകളിലും ഉള്ള വേർഷനുകൾ ഉപയോഗിക്കുന്ന സാംസങ്ങ്  ഫോണുകളിൽ എങ്കിലും അഖിൽ പറയുന്ന വിധത്തിൽ ചെയ്താൽ അത്യാവശ്യം നന്നായി മലയാളം വിരിയും എന്ന് കാണുന്നു.

ഇതിനായി കൗമുദിയുടെ .apk ഫയൽ ആണ് ഞാൻ ശുപാർശ ചെയ്യുന്നത്. ഫോണിൽ ആ ഫോണ്ട് നല്ല വായനാസുഖവും ദൃശ്യസുഖവും തരുന്നു എന്നതിനാലാണ് അത്. കൗമുദിയുടെ .apk ഫയൽ ഇവിടെ നിന്നു കിട്ടും.

ഇതു ചെയ്യുന്നതിനു മുൻപും ശേഷവും എന്റെ ഗാലക്സി Y (ജിഞ്ചർ ബ്രെഡ് 2.3.6) ഫോണിൽ നിന്നുള്ള ചിത്രങ്ങൾ കാണൂ


ഫോണിലെ ഡിഫാൾട്ട് ഫോണ്ട് ഉപയോഗിച്ചപ്പൊഴുള്ള ബ്രൗസർ ദൃശ്യം

 
 കൗമുദി ഫോണ്ട് ഡിഫാൾട്ട് ഫോണ്ടാക്കി കഴിഞ്ഞപ്പോഴുള്ള ബ്രൗസർ ദൃശ്യം


ആകെ ഒരു പ്രശ്നം കാണുന്നത് ഔന്റെ ചിഹ്നത്തിലാണ്. അതിനു മുൻപ് അനാവശ്യ സ്പെസ് വരുന്നു. കഴിഞ്ഞ പോസ്റ്റിൽ കാണുന്ന പോലെ മലയാളം വിക്കിപീഡിയ ആപ്പിൽ മലയാളം ഫോണ്ട് സെറ്റ് ചെയ്തപ്പോൾ ഈ പ്രശ്നവും ഇല്ലായിരുന്നു എന്ന് ഓർക്കുക. അതിനാൽ ആത്യന്തികമായി ആപ്പിൽ ഫോണ്ട് തിരഞ്ഞെടുക്കാനുള്ള സൗകര്യം കിട്ടണം എന്നാണ് എന്റെ ആഗ്രഹം. അത് കിട്ടുന്ന വരെ ഈ താൽക്കാലിക സൗകര്യം ഉപകാരപ്രദം ആകും എന്ന് കരുതുന്നു.



11 January, 2013

മലയാളം വിക്കിപീഡിയ വായിക്കാനുള്ള ആൻഡ്രോയിഡ് ആപ്പ്


ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളിലെ വിക്കിപീഡിയ വായന


ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളിൽ വിക്കിപീഡിയ വായിക്കാനായി വിക്കിമീഡിയ ഫൗണ്ടെഷന്റെ വക വിക്കിപീഡിയ ആപ് ഉള്ള കാര്യം കുറഞ്ഞ പക്ഷം സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്കെങ്കിലും അറിയും എന്ന് കരുതുന്നു. ആ ആപ് ഇവിടെ നിന്ന് (https://play.google.com/store/apps/details?id=org.wikipedia) കിട്ടും.

സ്മാർട്ട് ഫോണുകളിലെ മലയാളം വിക്കിപീഡിയ വായന


ഇംഗ്ലീഷ് വിക്കിപീഡിയ ഉപയൊഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് വളരെ ഉപയോഗപ്രദം ആണെങ്കിലും മലയാളത്തിലോ (മറ്റ് ഭാരതീയ ഭാഷകളിലോ) ഉള്ള വിക്കിപീഡിയ വായിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ ആപ് ഉപയൊഗശൂന്യമാണ്. പ്രത്യേകിച്ച് അവരുടെ സ്മാർട്ട് ഫോണിലെ ആൻഡ്രോയിഡ് വേർഷൻ 4.0 ക്ക് താഴെയുള്ളത് ആണെങ്കിൽ. (ഐസ് ക്രീം സാൻഡ് വിച്ച്, ജെല്ലി ബീൻ ഉപയൊഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് വലിയ പ്രശ്നം അല്ല). പക്ഷെ ആഗൊളതലത്തിൽ ഇപ്പൊഴും ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന വേർഷൻ ജിഞ്ചർ ബ്രെഡ് ആണല്ലോ (ഡാറ്റ ഇവിടെ :http://developer.android.com/about/dashboards/index.html) മൊത്തം ആൻഡ്രോയിഡ് ഉപയോക്താക്കളിൽ 50 % ശതമാനത്തിനടുത്ത് ജിഞ്ചർ ബ്രെഡിലാണ്.  ഇന്ത്യയിൽ ഈ ശതമാനം പിന്നെയും കൂടാനാണ് സാദ്ധ്യത.

ജിഞ്ചർ ബ്രെഡിലെ മലയാളം റെൻഡറിങ്ങ്


പക്ഷെ ജിഞ്ചർ ബ്രെഡിൽ മലയാളം റെൻഡറിങ് വളരെ മോശമാണ്. ഉദാഹരണത്തിനു ഡിഫാൾട്ട് ബ്രൗസറിൽ മലയാളം വിക്കിപീഡിയ തുറന്നപ്പോൾ കിട്ടിയത് താഴെ.


ചില്ലുപ്രശ്നത്തിനു പുറമേ, ഔന്റെ ചിഹ്നം, റയുടെ ചിഹ്നം ഇതൊക്കെ പ്രശ്നം തന്നെ.


ഇനി ഇതേ സെറ്റിങ്ങിൽ വിക്കിമീഡിയ ഫൗണ്ടേഷന്റെ ആപിൽ മലയാളം വിക്കിപീഡിയ വായിക്കാൻ തുറന്നപ്പോൾ ഉള്ള ദൃശ്യം അടുത്തത്.


അവിടെയും മുകളിലെ അതേ പ്രശ്നങ്ങൾ നിലനിൽക്കുന്നു.

ഫൗണ്ടെഷൻ ആപിലെ സ്വതെയുള്ള സെറ്റിങ്ങ്


സാധാരണ ഫോണ്ട് പ്രശ്നം ഉണ്ടായാൽ ആപ്ലിക്കേഷന്റെ സെറ്റിങ്ങിൽ പോയി ഫോണ്ട് മാറ്റാൻ ശ്രമിക്കുകയാണ് നമ്മൾ (മലയാളം കപ്യൂട്ടറിൽ ഉപയോഗിക്കുന്നവർ) ആദ്യം ചെയ്യുക. അതിനായി വിക്കിമീഡിയ ഫൗണ്ടെഷൻ ആപിൽ പോയി സെറ്റിങ്ങിൽ ഞെക്കിയപ്പോൾ കിട്ടിയ ദൃശ്യം താഴെ.

അതിൽ ഫോണ്ട് തിരഞ്ഞെടുക്കാൻ ഉള്ള ഓപ്ഷനേ ഇല്ല. ഒട്ടും മടിച്ചില്ല. നേരെ പോയി ബഗ് ലോഗ് ചെയ്തു. https://bugzilla.wikimedia.org/show_bug.cgi?id=43651 ഫൗണ്ടേഷൻ ഡെവലപ്പറുമാർ അവരുടെ മുൻഗണന അനുസരിച്ച് അത് ഫിക്സ് ചെയ്യുമായിരിക്കും.

ജീസ് മോൻ സഹായിക്കുന്നു


എന്തായാലും എന്നെ സംബന്ധിച്ചിടത്തോളം മുൻഗണന മലയാളത്തിനായതിനാൽ ഫൗണ്ടെഷൻ ആപ് ഹാക്ക് ചെയ്ത് ഫോണ്ടിനുള്ള പിന്തുണ ചേർക്കാൻ പറ്റുമോ എന്ന് ഇതിനകം MLBrowser, Varamozhi app, Sathyavedathapusthakam app തുടങ്ങി ആപുകൾ മലയാളത്തിനായി വികസിപ്പിച്ച ജീസ് മോൻ ജേക്കബ്ബിനോട് ചൊദിച്ചു. അദ്ദേഹം ശ്രമിക്കാം എന്ന് പറയുകയും അൽപ ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ അത് ശരിയാക്കുകയും ചെയ്തു. അങ്ങനെ മലയാളമടക്കമുള്ള എല്ലാ ഭാഷകളും കൈകാര്യം ചെയ്യാൻ പറ്റുന്ന വിക്കിപീഡിയ ആപ് തയ്യാറായി.  അത് നിങ്ങൾക്കായി സമർപ്പിക്കുന്നു.
ഇത് ഒരു താൽക്കാലിക ആപ് ആണ്. ഫൗണ്ടേഷൻ ഡെവലപ്പറുമാർ ഔദ്യോഗിക ആപ്പിൽ ഫോണ്ട് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ചേർക്കുന്നത് വരെയേ ഈ ആപിനു പ്രസക്തിയുള്ളൂ. അത് താമസിയാതെ അവർ ചെയ്യും എന്ന പ്രതീക്ഷയൊടെ ഈ ആപ് മലയാളം വിക്കിപീഡിയ മൊബൈലിൽ വായിക്കുന്നവർക്കായി സമർപ്പിക്കുന്നു.

ഈ ആപിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ 

  • ഫോണ്ട് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ചേർത്തു
  • ഫോണ്ട് ഡയറക്ടറി ഹാർഡ് കോഡ് ചെയ്ത് (/sdcard/Fonts) ആപിൽ ചേർത്തു
  • സ്വതെയുള്ള വിക്കിപീഡിയ മലയാളം വിക്കിപീഡിയ ആക്കി


ഈ ആപ് ഉപയോഗിച്ച് മലയാളം വിക്കിപീഡിയ വായിക്കാൻ നിങ്ങൾ ചെയ്യേണ്ടത്


  1. നിലവിലുള്ള വിക്കിപീഡിയ ആപ് അൺഇൻസ്റ്റാൾ ചെയ്യുക (ഈ ആപുമായി കോൺഫ്ലിറ്റ് ഉണ്ടാകുന്നത് തടയാനാണ് അത്)
  2. https://github.com/jeesmon/WikipediaMobile/blob/master/dist/WikipediaMobile-ml.apk ഇവിടെ നിന്നു ജീസ് മോൻ നമുക്കായി കസ്റ്റമൈസ് ചെയ്ത വിക്കിപീഡിയ ആപ്  ഇൻസ്റ്റാൾ ചെയ്യുക
ആപ് ഇൻസ്റ്റാൾ ചെയ്ത സ്ഥിതിക്ക് അതൊന്ന് ഉപയോഗിച്ച് നോക്കാം.

ഏറ്റവും പ്രധാനവ്യത്യാസം ആപ് തുറക്കുമ്പോൾ തന്നെ മലയാളം വിക്കിപീഡിയ തന്നെ കിട്ടും എന്നതാണ്. പക്ഷെ റെൻഡറിങ്ങിൽ വ്യത്യാസം ഒന്നും ഇല്ല. അത് പഴേ പോലെ തന്നെ.


 പുതിയ ആപ്പിലെ സെറ്റിങ്ങ്


 ഇനി ആപ്പിലെ സെറ്റിങ്ങ് നമുക്ക് ഒന്ന് നോക്കാം.




ആപിൽ ഫോണ്ട് സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ ചേർത്തിരിക്കുന്നു! ഇനി അതൊന്ന് ഞെക്കി നോക്കാം. അപ്പോൾ കിട്ടുന്ന ദൃശ്യം താഴെ.


ഇത് നമ്മുടെ പ്രശ്നം പരിഹരിച്ചില്ല. കാരണം ഫോണ്ട് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ചേർത്തെങ്കിലും നിലവിൽ ഫോണിൽ ഡിഫാൾട്ട് ഫോണ്ടേ ഉള്ളൂ. അതിനാൽ അടുത്ത പടി ഫോണ്ട് ഇൻസ്റ്റളേഷനാണ്.

ഫോണ്ട് ഇൻസ്റ്റലേഷൻ


  1. നല്ല മലയാളം യൂണിക്കോഡ് ഫോണ്ട് ഡൗൺ ലോഡ് ചെയ്യുക. നിങ്ങൾക് ഇഷ്ടമുള്ള ഏത് മലയാളം യൂണിക്കോഡ് ഫോണ്ടും ഉപയോഗിക്കാം.  കൗമുദി സ്മാർട്ട് ഫോണിൽ നല്ല വായനാസുഖം തരുന്നു എന്നതിനാൽ അത് ശുപാർശ ൾചെയ്യുന്നു. അത് ഇവിടെ നിന്നു കിട്ടും  http://news.keralakaumudi.com/info/Kaumudi.ttf  (ചിലപ്പോൾ ചില ഫോണുകളിൽ .ttf ഫോർമാറ്റിലുള്ള ഫയൽ ഡൗൺലോഡ് ചെയ്യാൻ സമ്മതിക്കില്ല. അങ്ങനെയുള്ളവർക്ക് വേണ്ടി ഇതേ ഫോണ്ടിന്റെ എക്സ്റ്റെൻഷൻ .PDF എന്നാക്കി ഇവിടെ ഇട്ടിട്ടുണ്ട്. അത് ഡൗൺലോഡ് എക്സ്റ്റെൻഷൻ .ttf തന്നെ ആക്കുക)
  2. അതിനു ശെഷം ഫയൽ കോപ്പി ചെയ്ത് /sdcard/Fonts എന്ന ഫോൾഡറിൽ ഇടുക. Fonts ഫോൾഡറിന്റെ പേരിൽ Capital F  തന്നെ ഉപയോഗിക്കണം. 
ഫയലുകൾ അങ്ങോട്ടും ഇങ്ങോട്ടും കോപ്പി ചെയ്യാനും, റീനേം വഴി എക്സ്റ്റെഷൻ മാറ്റാനും, ഫോൾഡർ ഉണ്ടാക്കാനും, ഫോൾഡറുകൾ ബ്രൗസ് ചെയ്യാനും ഒക്കെ നിങ്ങളെ സഹായിക്കുന്ന ഒരു ആപ് ആണ് ES File Explorer   അതുപയോഗിച്ച് മുകളിലെ 2 സ്റ്റെപ്പുകളും സുഖമായി ചെയ്യാം.

അപ്പോൾ നമ്മൾ ഫോണ്ട് ഡൗൺലോഡ് ചെയ്തു. അത്  /sdcard/Fonts എന്ന ഫോൾഡറിൽ ഇട്ടു.

ആപ്പിൽ മലയാളം വിരിയുന്നു


ഇനി നമുക്ക് നമ്മുടെ ആപ്പിന്റെ സെറ്റിങ്ങിൽ ഫോണ്ടിന്റെ ഓപ്ഷൻ ഒന്ന് നോക്കാം. അതിന്റെ ദൃശ്യം താഴെ.



നമ്മൾ ഇപ്പോൾ ഡൗൺലോഡ് ചെയ്ത് ഇട്ട Kaumudi.ttf അതാ അതിൽ കാണുന്നു. Kaumudi.ttf നമ്മുടെ ആപ്പിൽ മലയാളം വായിക്കാനായി തിരഞ്ഞെടുക്കുക, Done എന്ന ബട്ടണിൽ അമർത്തുക. ഇനി ആപ്പിൽ മലയാളം റെൻഡർ ചെയ്യുന്നത് കാണൂ.


നേരത്തെ സൂചിപ്പിച്ച പ്രശ്നങ്ങൾ ഒക്കെ അപ്രത്യക്ഷമായി. മലയാളം നന്നായി വായിക്കാം.

കുറിപ്പ്: ഈ വിധത്തിൽ സെറ്റിങ്ങിൽ പോയി ഭാഷ മാറ്റി, ഫോണ്ടും തിരെഞ്ഞെടുത്താൽ മറ്റ് ഇന്ത്യൻ ഭാഷകളിലുള്ള വിക്കിപീഡിയയും വായിക്കാവുന്നതാണ്. മലയാളത്തിനു വേണ്ടി ചെയ്തതതിനാൽ ഈ ആപിൽ മലയാളം പ്രഥമഭാഷ ആയി വെച്ചെന്നേ ഉള്ളൂ. മറ്റ് ഭാഷകളേയും ഇത് പിന്തുണയ്കും. ആ ഭാഷയിലുള്ള ശരിയായ യൂണിക്കോഡ് ഫോണ്ട് കിട്ടുക എന്നത് മാത്രമായിരിക്കും പ്രധാന കടമ്പ.

കുറച്ച് മുന്നറിയിപ്പുകൾ.

  •  വിക്കിപീഡിയ ആപിൽ മലയാളം വായിക്കാനുള്ള ഈ പരിഹാരം ആൻഡ്രോയിഡ് 2.3.6 (ജിഞ്ചർ ബ്രെഡ്) തൊട്ടേ പ്രവർത്തിക്കൂ. അതിനു മുൻപുള്ള വേർഷനുകളിൽ (ഉദാ: Froyo) ഈ പരിഹാരം നടക്കില്ല.
  • സാംസങ്ങിന്റെ ഫോണുകളിലെങ്കിലും (ആൻഡ്രോയിഡ് 2.3.6നു മുകളിൽ) ഇത് നന്നായി പ്രവർത്തിക്കുന്നു എന്ന് കാണുന്നു. പക്ഷെ ബാക്കിയുള്ള ആൻഡ്രോയിഡ് ഫോണുകളിൽ (LG, SONY, etc)  ഇത് ഇങ്ങനെ തന്നെ പ്രവർത്തിക്കും എന്നതിനു യാതൊരു ഉറപ്പും ഇല്ല. നിങ്ങൾ ടെസ്റ്റ് ചെയ്ത് ഫലം ഇവിടെ ഇടുമല്ലോ
  • ഐസ് ക്രീം സാൻഡ്‌വിച്ച്, ജെല്ലി ബീൻ എന്നിവയിൽ സ്വതേ മലയാളം അത്യാവശ്യം നന്നായി കാണും എന്നതിനാൽ ഈ പരിഹാരം അവർക്ക് വേണ്ടി ഉള്ളതല്ല. 

മുൻപോട്ട്

  • ആദ്യം സൂചിപ്പിച്ച പോലെ ഇത് ഒരു താൽക്കാലിക ആപ് ആണ്. ഫൗണ്ടേഷൻ ഡെവലപ്പറുമാർ ഔദ്യോഗിക ആപ്പിൽ ഫോണ്ട് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ചേർക്കുന്നത് വരെയേ ഈ ആപിനു പ്രസക്തിയുള്ളൂ. അത് താമസിയാതെ അവർ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. അതിൽ ഫോണ്ട് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനു പുറമേ ഫോണ്ട് ഡയറക്ടറി സെറ്റ് ചെയ്യാനുള്ള ഓപ്ഷനും വേണം. അപ്പോൾ നമ്മൾ ഫോണ്ട് ഡയറക്ടറിയും മറ്റും ഉണ്ടാക്കണ്ട പണി ഇല്ലാതാവും. 
  •  എല്ലാ ആപുകളിലും ഫോണ്ടും ഫോണ്ട് ഡയറക്ടറിയും സെറ്റ് ചെയ്യാനുള്ള അവകാശത്തിനായി ലാറ്റിനേതര ഭാഷകൾ  ഉപയോഗിക്കുന്നവർ പോരാടണം :)  സാങ്കേതിക വിദ്യകളെ ലാറ്റിൻ ഭാഷകളുടെ നീരാളിപിടുത്തത്തിൽ നിന്ന് രക്ഷപ്പെടുത്തണം :) :) :) സാംസങ്ങ് കൊറിയൻ കമ്പനി ആയത് കൊണ്ടാണെന്ന് തോന്നുന്നു ഈ വക പരിഹാരങ്ങൾ അവരുടെ പ്രൊഡക്ടുകളിൽ ആദ്യം വരുന്നത്.

എല്ലാവർക്കും സ്മാർട്ട് ഫോണുകളിൽ നല്ല മലയാളം വിക്കിപീഡിയ വായാനുഭവം ആശംസിക്കുന്നു.

ഈ പരിഹാരം പ്രവർത്തിക്കുന്ന ഫോണുകളിൽ എല്ലാ ആപ്പുകളിലും മലയാളം ശരിയാക്കാൻ ഒരു വിദ്യ ഉണ്ട്. അത് അടുത്ത പോസ്റ്റിൽ.

നന്ദി




02 October, 2012

മലയാളം വിക്കിപീഡിയ- ഐടി@സ്കൂൾ വിക്കിപീഡിയ വിദ്യാഭ്യാസ പദ്ധതി - ഓഗസ്റ്റ് - സെപ്റ്റംബർ റിപ്പോർട്ട്



മലയാളം വിക്കിസമൂഹവും ഐടി@സ്കൂളും സംയുക്തമായി അഞ്ചൽ വെസ്റ്റ് സ്കൂളിൽ നടക്കുന്ന മലയാളം വിക്കിപീഡിയ - ഐടി@സ്കൂൾ വിദ്യാഭ്യാസപദ്ധതിയെ കുറിച്ച് മെയിൽ വഴിയും വിക്കിമീഡിയ ഫൗണ്ടേഷൻ ബ്ലോഗിലെ ഒരു പോസ്റ്റ് വഴിയും ജൂലൈ ആദ്യം സൂചിപ്പിച്ചിരുന്നല്ലോ.
  

ജൂലൈ മാസത്തെ റിപ്പോർട്ടിൽ പ്രധാനമായും ഐടി@സ്കൂൾ ഡയറക്ടർ കൊല്ലത്ത് വന്നപ്പോൾ  അദ്ദേഹത്തെ നമ്മുടെ സൗകര്യാർത്ഥം കിട്ടാൻ ബുദ്ധിമുട്ടായതിനാൽ നടത്തിയ ഉൽഘാടന ചടങ്ങിനെ കുറിച്ചായിരുന്നല്ലോ വാർത്ത. അതിനു ശേഷം ഏകദേശം 3 മാസം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. ഈ മൂന്നു മാസത്തിടയ്ക്ക് ഓണപരീക്ഷ, ഓണാവധി, സ്കൂളുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ, ഹർത്താലുകൾ തുടങ്ങിയ മൂലം കുറച്ച് ദിവസങ്ങൾ പദ്ധതിയിൽ ഒന്നും നടന്നില്ല. ബാക്കി സമയത്ത് നടന്ന കാര്യങ്ങളും പദ്ധതിയുടെ ഇതുവരെയുള്ള പുരോഗതിയും ആണ് ഇതിൽ വിവരിച്ചിരിക്കുന്നത്.



ഈ പദ്ധതിയുടെ ചുക്കാൻ പിടിക്കുന്ന സതീശൻ ‌മാഷ് ഇതു വരെ നടന്ന കാര്യങ്ങൾ നടക്കുന്ന ക്രമമനുസരിച്ച് പദ്ധതിയുടെ റിപ്പോർട്ട് താളിൽ പുതുക്കുന്നുണ്ട്. അത്  ഇവിടെ നിന്ന് വായിക്കാം.

ജൂലൈ മാസത്തിൽ നടന്ന പ്രധാന പരിപാടികൾ പദ്ധതിയുടെ ഉൽഘാടനവും അതിനെ തുടർന്ന് ജൂലൈ 14ശനിയാഴ്ച അഞ്ചൽ സ്കൂളിൽ പദ്ധതിയിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നടന്ന വിക്കിപീഡിയ പഠനശിബിരവും ആണ്. നമ്മുടെ പ്രതീക്ഷയ്ക്ക്  അപ്പുറം ഏതാണ്ട് 150-ഓളം കുട്ടികൾ ആണ് പദ്ധതിയിൽ താല്പര്യം  പ്രകടിപ്പിച്ച് ജൂലൈ 14നു നടന്ന വിക്കിപീഡിയ പഠന ശിബിരത്തിൽ പങ്കെടുത്തത്. പ്രസ്തുത ശിബിരത്തിൽ ഈ പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങളും വിശദീകരിച്ചതിനു ശേഷം പദ്ധതിയുടെ ഭാഗമാകാൻ താല്പര്യമുള്ള കുട്ടികളോട് അഞ്ചലുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് ലേഖനം എഴുതി സമർപ്പിക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ  സമർപ്പിച്ച നൂറോളം കുട്ടികളിൽ നിന്നു് ഓഗസ്റ്റ് 8 ഓടുകൂടി 48 കുട്ടികളെ തിരഞ്ഞെടുത്തു.  

ഓഗസ്റ്റ് 9നു പദ്ധതിയുടെ ഭാഗമായ കുട്ടികളുടെ യോഗം സ്കൂൾ ഐ.ടി. ലാബിൽ നടന്നു. പദ്ധതിക്ക് ഏറ്റവും  ആവശ്യം പദ്ധതിയുടെ ഭാഗമായ കുട്ടികൾക്ക് മലയാളം ടൈപ്പിങ്ങ് അറിയുക എന്നായതിനാൽ കുട്ടികൾക്കെല്ലാം മലയാളം ഇൻസ്ക്രിപ്റ്റ് കീബോർഡ് ലൈഔട്ടിന്റെ പ്രിന്റ് എടുത്തുനൽകി. കൂടുതൽ വിശദമായി മലയാളം ടൈപ്പിങ്ങ് സിലബസ്സിന്റെ ഭാഗമായ ഏഴാംക്ലാസ്സിലെ ഐ.ടി. പാഠപുസ്തകം പരിശോധിക്കാൻ അവസരം നൽകി. കുട്ടികളോട് അടുത്ത 2 മാസങ്ങൾക്കുള്ളിൽ മലയാളം ടൈപ്പിങ്ങ്  പഠിക്കണം. എന്നാൽ മാത്രമേ പദ്ധതി വിജയകമായി പൂർത്ത്തിയാക്കാൻ കഴിയൂ എന്ന് അറിയിച്ചു. അന്ന് തൊട്ട് കുട്ടികൾ മലയാളം ടൈപ്പിങ്ങ് പരിശീലനത്തിലാണ്.

പദ്ധതിയുടെ ഭാഗമായ 48 കൂട്ടികളിൽ 12 പേരുടെ വീടുകളിലേ കമ്പ്യൂട്ടർ ഉള്ളൂ. ബാക്കിയുള്ള 36 പേർക്കും സ്കൂളിലെ ഐടി ലാബിലുള്ള കമ്പ്യൂട്ടറുകൾ മാത്രമാണ് മലയാളം ടൈപ്പിങ്ങിനും തുടർന്ന് ഈ പദ്ധതിയുടെ മുൻപോട്ടുള്ള പോക്കിനും ശരണം. 

സെപ്റ്റംബർ 8നു മലയാളം വിക്കിപീഡിയരായ കണ്ണൻ മാഷും, സുഗീഷും സ്കൂൾ സന്ദർശിക്കുകയും പദ്ധതിയുടെ ഭാഗമായ വിദ്യാർത്ഥികളെ കാണുകയും ഉണ്ടായി. അവർ അന്ന് തന്നെ പദ്ധതിയുടെ ഭാഗമായി പരിഗണനയ്ക്ക് വന്ന ലേഖനങ്ങളുമായി ബന്ധപ്പെട്ട ചില വ്യക്തികളേയും സ്ഥലങ്ങളും സന്ദർശിക്കുകയും ഉണ്ടായി.

മലയാളം ടൈപ്പിങ്ങ് പരിശീലനം നടക്കുന്നതിനു ഒപ്പം തന്നെ സമയം കിട്ടുമ്പോൾ കുട്ടികൾ സതീശൻ മാഷുടെ സഹായത്തോടെ മലയാളം വിക്കിപീഡിയയിൽ ഉപയോക്തൃനാമം ഉണ്ടാക്കുന്നുണ്ട്. അങ്ങനെ നിലവിൽ ഏതാണ്ട് 22 പേർ മലയാളം വിക്കിയിൽ അംഗത്വം എടുത്തു കഴിഞ്ഞു. ബാക്കിയുള്ള കുട്ടികൾ തുടർന്നുള്ള ദിവസങ്ങളിൽ വിക്കിയിൽ അംഗത്വം എടുക്കും.


നിലവിൽ കുട്ടികൾ മലയാളം ടൈപ്പിംഗ് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഒപ്പം തന്നെ അവർ എഴുതാൻ ഉദ്ദേശിക്കുന്ന ലേഖനത്തെ കുറിച്ചുള്ള വിവരങ്ങൾ ആളുകളെ സന്ദർശിച്ചും വിവിധ സ്ഥലങ്ങളിൽ ‌പോയും ശേഖരിച്ച് അത് ‌അവരുടെ  നോട്ട് പുസ്തകത്തിൽ എഴുതി വെക്കുന്നു.  ചുരുക്കത്തിൽ കുട്ടികൾ വളരെ ഊർജ്ജ്വസ്വലതയോടെ ഈ പദ്ധതിയിൽ പങ്കെടുക്കുന്നു എങ്കിലും മലയാളം ടൈപ്പിങ്ങ് അറിയാത്തത് അവർക്ക് തടസ്സമാണ്.

പദ്ധതിയുടെ ഇതുവരെയുള്ള പോക്ക് വെച്ച് സമാനപദ്ധതികൾ മലയാളത്തിൽ വിപുലമായി തുടങ്ങുന്നതിനുള്ള ഏറ്റവും വലിയ പ്രതിബന്ധം കുട്ടികൾക്കും അദ്ധ്യാപകർക്കും മലയാളം ടൈപ്പിങ്ങ് അറിയില്ല എന്നതാണെന്ന് വ്യക്തമായിരിക്കുകയാണ്.

പദ്ധതിയിൽ ഇതുവരെ കണ്ട ചില പ്രശ്നങ്ങൾ
  • എല്ലാ കുട്ടികളുടേയും ഐ.ടി. പീരീഡിനനുസരിച്ച് സ്കൂൾ കമ്പ്യൂട്ടർ ലാബിലെത്താൻ അവർക്ക് കഴിയുന്നില്ല.
  • കൂടാതെ കുട്ടികൾ വൈകുന്നേരങ്ങളിൽ ട്യൂഷൻ ക്ലാസ്സുകൾ ഒഴിവാക്കുന്നതിൽ രക്ഷകർത്താക്കൾക്ക് ബുദ്ധിമുട്ടുണ്ട്.
  • വിവിധ ക്ലാസ്സ് പീരീഡുകൾ കളഞ്ഞ് കുട്ടികൾ മലയാളം ടൈപ്പിംഗ് പഠിക്കാൻ ലാബിലെത്തുന്നത് മറ്റുള്ള കുട്ടികൾക്ക് അസൗകര്യം സൃഷ്ടിക്കുന്നുണ്ട്.
  • ഇംഗ്ലീഷിൽ തന്നെയും കീബോർഡ് സ്കിൽ ഇല്ലാത്തത് ഏറെ സമയം അപഹരിക്കുന്നുണ്ട്.
എങ്കിലും കുട്ടികളുടെ ആത്മാർത്ഥമായ പരിശ്രമത്തിന് അവരെ അഭിനന്ദിക്കുന്നു. വിക്കിപീഡിയയിൽ അവരുടെ ലേഖനങ്ങൾ വരുന്നതിന് അത്ര ശ്രമകരമായി അത്യദ്ധ്വാനം ചെയ്യുന്നു. പദ്ധതിയിൽ പങ്കെടുക്കുന്ന കുട്ടികൾ മിക്കവരും അവർ വിക്കിയിൽ എഴുതാൻ ഉദ്ദേശിക്കുന്ന ലേഖനത്തെ കുറിച്ചുള്ള വിവരങ്ങൾ തേടി പിടിച്ച് അത് അവരുടെ നോട്ട് പുസ്തകത്തിൽ ക്രമമായി എഴുതി വെക്കുന്നുണ്ട്. വിക്കിയിലേക്ക് മലയാളത്തിൽ ടൈപ്പ് ചെയ്ത് ചേർക്കാൻ ഉള്ള കഴിവ് അവർ ആർജ്ജിച്ചു കഴിഞ്ഞാൽ പദ്ധതി പെട്ടെന്ന് തന്നെ തീർക്കാനാകും എന്നാണ് നിലവ് നിലവിലുള്ള നിഗമനം..

കുട്ടികളുടെ നിരന്തരഇടപെടലുകൾ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. അവർക്ക് ഫോട്ടോ ഐഡന്റിറ്റി ഫോറം നൽകിയിട്ടുണ്ട്. അതിൽ അവരുടെ ടൈപ്പിംഗ് പഠനനിലവാരം മുതൽ പങ്കെടുക്കുന്ന മീറ്റിംഗ്, ചെയ്യുന്ന പ്രവർത്തികൾ, മറ്റ് മൂല്യനിർണ്ണയപ്രവർത്തനങ്ങൾ, ഗ്രേഡുകൾ ഇവ രേഖപ്പെടുത്താനുള്ള സൗകര്യമുണ്ട്.

ഇതുവരെ ടൈപ്പിംഗ് പരിശീലനത്തിനെത്തിയ കുട്ടികളിൽ ആറുപേർക്കാണ് അല്പം വേഗതയിൽ മലയാളം ടൈപ്പ് ചെയ്യാൻ കഴിയുന്നത്. അവർക്ക് വീട്ടിൽ കമ്പ്യൂട്ടറുണ്ട്.

കഴിഞ്ഞ ദിവസം പദ്ധതിയുടെ ഭാഗമായ (മലയാളം ടൈപ്പിങ്ങ് ഇതിനകം പഠിച്ചവർ) 4 കുട്ടികൾ വിക്കിയിൽ ലേഖനം തുടങ്ങിയിട്ടുണ്ട്. അതിനെ കുറിച്ചുള്ള വിവരങ്ങൾ ഇവിടെ കാണാം. 

ഇനി മുൻപോട്ട് പോകുമ്പൊൾ നമ്മൾ 2 വിധത്തിൽ ഈ വിദ്യാർത്ഥികളെ സഹായിക്കണം. ഒന്ന്. കൊല്ലം വഴി പോവുന്നുണ്ടെങ്കിൽ അഞ്ചലിൽ ഈ വിദ്യാർത്ഥികളെ സന്ദർശിച്ച് അവർക്ക് പ്രോത്സാഹനം ‌നൽകണം. വലിയൊരു സമൂഹത്തിന്റെ ഭാഗമാണ് അവർ‌ എന്ന തിരിച്ചറിവ്‌ അവർക്ക് തീർച്ചയായും ‌പ്രോത്സാഹനം ആകും. രണ്ട്. വിക്കിയിൽ അവർ എഴുതുന്ന ലേഖനങ്ങളിൽ അവർക്ക്‌‌  ആവശ്യമായ മാർഗ്ഗനിർദ്ദേശം കൊടുക്കുക. 

ഇനിയുള്ള ദിവസങ്ങളിൽ എല്ലാവരുടേയും കൂടുതൽ സഹായം ‌ഈ പദ്ധതിക്ക്‌‌ ആവശ്യമുണ്ട്.

29 April, 2011

മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - സ്ഥിതിവിവരക്കണക്കുകൾ

വിക്കിമീഡിയ കോമൺസിലേക്ക് കേരളത്തേയും മലയാളത്തേയും സംബന്ധിച്ച പരമാവധി സ്വന്തന്ത്ര ചിത്രങ്ങൾ എത്തിക്കുക എന്ന പ്രധാന ഉദ്ദേശത്തോടെ നടത്തിയ  മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന വിക്കി പദ്ധതി വൻവിജയം ആയിരുന്നു എന്ന് ഇതിനകം എല്ലാവരും അറിഞ്ഞല്ലോ.




ഈ പദ്ധതിയിലൂടെ 2155ഓളം സ്വതന്ത്ര ചിത്രങ്ങളാണു് വിക്കിമീഡിയ കോമൺസിൽ എത്തിയത്.  പദ്ധതിയുടെ സൂക്ഷമമായ സ്ഥിതിവിവരക്കണക്കുകൾ ആണിത്.

(ഒരു പ്രധാന കാര്യം; ഈ സ്ഥിതി വിവരക്കണക്ക് അതീവ കൃത്യത ഉള്ളത് ആണെന്ന് കരുതുന്നില്ല. എങ്കിലും ഏകദേശ സ്ഥിതിവിവരക്കണക്ക് മനസ്സിലാക്കാൻ ഈ വിശകലനം സഹായിക്കും)

പദ്ധതിയുടെ സ്ഥിതി വിവരക്കണക്ക് ഈ വിധത്തിൽ വിശകലനം ചെയ്തെടുക്കാൻ നിരവധി പേർ സഹായിച്ചിട്ടൂണ്ട്. അവരിൽ പ്രമുഖർ താഴെ പറയുന്നവർ ആണൂ്.
അങ്ങനെ നിരവധി പേർ ഈ സ്ഥിതിവിവരക്കണക്ക് തയ്യാറക്കാൻ സഹായിച്ചു. അവർക്കെല്ലാം നന്ദി.

പദ്ധതി വിജയിപ്പിക്കാൻ എല്ലാ മലയാളം വിക്കിമീഡിയരും ഒരുമിച്ചു പ്രവർത്തിച്ചു എന്ന് പ്രത്യേകം പറയേണ്ടതുണ്ട്. പദ്ധതികാവശ്യമായ വിവിധ ടെമ്പ്ലേറ്റുകൾ നിർമ്മിക്കാനും മറ്റ് സാങ്കേതിക കാര്യങ്ങൾ നടത്താനും മുൻകൈ എടുത്ത പ്രവീൺ പി, കോമൺസിലേക്ക് ചിത്രങ്ങൾ മാറ്റുന്നതിനും മറ്റും മുൻകൈ ഏടുത്ത ശ്രീജിത്ത്, പദ്ധതിക്കായി പോസ്റ്ററും മറ്റും നിർമ്മിച്ച അജയ് കുയിലൂർ, ലോഗോ നിർമ്മിച്ച രാജേഷ് എന്നിവരുടെ സേവനങ്ങൾ എടുത്തു പറയേണ്ടതുണ്ട്. എങ്കിലും ഇതിനൊക്കെ അപ്പുറം ചിത്രങ്ങൾ അപ്ലോഡ് ചെയ്യുകയും ബസ്സിലൂടെയും ബ്ലോഗിലുടെയും ഫേസ് ബുക്കിലൂടെയും ഒക്കെ പരമാവധി പ്രചാരണം നിർവഹിക്കുകയും ചെയ്ത നിങ്ങൾ ഓരോരുത്തരും ആണു് ഈ പദ്ധതിയുടെ താരങ്ങൾ. എല്ലാവർക്കും അഭിനന്ദനങ്ങൾ

പദ്ധതി തുടങ്ങുന്നത് 2011 ഏപ്രിൽ 2 നാണെന്ന് ആവർത്തിച്ചു പറഞ്ഞെങ്കിലും പദ്ധതി അനൗൺസ് ചെയ്ത 2011 മാർച്ച് 24 തൊട്ട് തന്നെ ചിലരൊക്കെ അപ്‌ലോഡിങ്ങ് തുടങ്ങി. മാർച്ച് 24 തൊട്ട് ഏപ്രിൽ 1 വരെ ഇതേ പോലെ ഏപ്രിൽ 2-ാം തീയതി വരെ കാത്തു നിൽക്കാൻ ക്ഷമയില്ലാത്ത കുറച്ച് പേർ  ചേർന്ന് 100 നടത്ത് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തിട്ടൂണ്ട്. പദ്ധതി തുടങ്ങിയ ഏപ്രിൽ 2 തൊട്ട് പിന്നെ പതുക്കെ അപ്‌ലോഡിങ്ങ് കൂടി. സ്ഥിതി വിവരക്കണക്ക് വിശകലനം ചെയ്തതിൽ നിന്നുള്ള പ്രധാന വിവരങ്ങൾ ഇവയാനു്
  • പദ്ധതി അവസാനിക്കുന്ന ദിവസമായ ഏപ്രിൽ 25നാനൂ് ഏറ്റവും അധികം അപ്‌ലോഡ് നടന്നത്. 343ഓളം  ചിത്രങ്ങളാണു് അന്ന് ഒറ്റ ദിവസം അപ്‌ലൊഡ് ചെയ്യപ്പെട്ടത്.
  • പദ്ധതി തുടങ്ങിയതിനു ശെഷം ഏറ്റവും കുറച്ച് അപ്‌ലൊഡിങ്ങ് നടന്നത് ഏപ്രിൽ 13നാനൂ്. അന്ന് വെറും 9 ചിത്രങ്ങളാണൂ് അപ്‌ലൊഡ് ചെയ്യപ്പെട്ടത്.
  • 75 ഓളം ഉപയോക്താക്കൾ ഈ പദ്ധതിയിൽ പങ്കെടുത്തു. ഇതിൽ പലരും വിക്കിപീഡിയയിൽ അംഗത്വം പോലും ഇല്ലാത്തവർ ആണെന്ന് ഓർക്കണം. അവർ ഒക്കെ വിക്കിയിലേക്ക് (ലേഖനമെഴുത്തല്ലാതെ) സംഭാവന ചെയ്യാൻ എന്തെങ്കിലും വഴി നോക്കി ഇരിക്കുകയായിരുന്നു.
  • ഏറ്റവും അധികം ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തത് user:Ranjithsiji ആണു്. 246 സ്വതന്ത്ര ചിത്രങ്ങൾ ആണു് രജ്ഞ്ജിത് വിക്കിമീഡിയ കോമൺസിലേക്ക് അപ്‌ലോഡ് ചെയ്ത്. 
  • ഏറ്റവും പ്രായം കുറഞ്ഞ അപ്‌ലോഡർ user:Sai K shanmugam ആണെന്ന് തോന്നു. രണ്ടാം ക്ലാസ്സുകാരനായ സായി ഷണ്മുഖം 14 ഓളം ചിത്രങ്ങൾ സംഭാവന ചെയ്തു.
  • പദ്ധതിയിൽ പങ്കെടുത്ത ഏക വനിത  user:Ks.mini ആണെന്ന് തോന്നുന്നു. മിനി ടീച്ചർ 16-ഓളം സ്വതന്ത്ര ചിത്രങ്ങൾ ആണു് വിക്കിയിലെക്ക് സംഭാവന ചെയ്തത്. വിക്കിയിൽ വനിതാപ്രാതിനിത്യം വർദ്ധിപ്പിക്കാനുള്ള വഴികൾ ആരായേണ്ടതുണ്ട്. (മിനി ടീച്ചർക്ക് പുറമേ 2 വനിതകൾ കൂടെ (user:Snehae, user:Seenatn) പങ്കെടുത്തു എന്ന പിന്നീട് മനസ്സിലായി. അത് സന്തോഷം ഉള്ള കാര്യം തന്നെ. എങ്കിലും അത് പങ്കെടുത്ത ആളുകളുടെ 10 ശതമാനം പോലും ആകുന്നില്ല. ഈ സ്ഥിതി മാറേണ്ടതുണ്ട്.
  • കേരളത്തെയും മലയാളത്തേയും സംബന്ധിച്ച നമ്മൾ വിചാരിച്ചത്ര ചിത്രങ്ങൾ ലഭിച്ചില്ല എന്നതും, കേരളത്തിനകത്ത് നിന്നുള്ള പങ്കാളിത്തം കുറവായിരുന്നു എന്നതും ആണു് പദ്ധതിയുടെ ന്യൂനത ആയി ചൂണ്ടിക്കാണിക്കാവുന്നത്.
ഓരോ ദിവസവും നടന്ന അപ്‌ലോഡുകളെ കുറിച്ചുള്ള വിവരങ്ങൾ
  • 3/24/2011        1
  • 3/25/2011        30
  • 3/26/2011        33
  • 3/27/2011        3
  • 3/28/2011        2
  • 3/29/2011        2
  • 3/30/2011        1
  • 3/31/2011        14
  • 4/1/2011        15
  • 4/2/2011        3
  • 4/3/2011        26
  • 4/4/2011        64
  • 4/5/2011        183
  • 4/6/2011        82
  • 4/7/2011        52
  • 4/8/2011        154
  • 4/9/2011        119
  • 4/10/2011        196
  • 4/11/2011        195
  • 4/12/2011        49
  • 4/13/2011        9
  • 4/14/2011        28
  • 4/15/2011        19
  • 4/16/2011        29
  • 4/17/2011        14
  • 4/18/2011        82
  • 4/19/2011        126
  • 4/20/2011        31
  • 4/21/2011        75
  • 4/22/2011        30
  • 4/23/2011        87
  • 4/24/2011        57
  • 4/25/2011        343
ഓരോരുത്തരും നടത്തിയ അപ്‌ലോഡുകളുടെ എണ്ണം.
  1. user:Ranjithsiji : 246
  2. user:Tinucherian : 197
  3. user:Raghith : 166
  4. user:Sreejithk2000 : 147 + 14 (flicker bot) = 161
  5. user:Ajaykuyiloor : 134
  6. user:Rameshng : 2 + 127 = 129
  7. user:നിരക്ഷരൻ : 103 + 2 (Magnus Manske)+ 21 (Upload to ml wiki) = 127
  8. user:Praveenp : 90
  9. user:Rajeshodayanchal : 78 + 1 (Magnus Manske) + 8 (Upload to ml wiki) = 87
  10. user:Manojk : 71
  11. user:Prasanths : 71
  12. user:Vaikoovery : 61
  13. user:Ashlyak : 58
  14. user:Vijayakumarblathur : 48
  15. user:Anoopan : 27 + 7 (flicker bot) = 34
  16. user:Fotokannan : 31
  17. user:Jithindop : 28
  18. user:Akhilsunnithan : 23 + 1 (Magnus Manske) = 24
  19. user:Edukeralam : 20
  20. http://www.flickr.com/people/47608778@N05 ViBGYOR Film Collective - 19
  21. user:Vinayaraj : 18
  22. user:Pradeep717 : 18
  23. user:Rojypala : 18
  24. user:Ks.mini : 16
  25. user:Anilankv : 16
  26. user:Arayilpdas : 16
  27. user:Sadik Khalid : 15
  28. user:Johnchacks : 15
  29. user:Reji Jacob : 15
  30. user:Sai K shanmugam : 11 + 1 ((Magnus Manske)) + 2 (Upload to ml wiki) = 14
  31. user:Jacob.jose : 14
  32. http://www.flickr.com/people/26323088@N00 Rakesh S - 14
  33. user:Naveenpf : 13
  34. user:Jyothis : 11
  35. user:ShajiA : 11
  36. user:Irvin calicut : 10
  37. user:Manjithkaini : 6 + 4 (flicker bot) = 10
  38. user:Shijualex : 8
  39. user:Ezhuttukari : 8
  40. user:Snehae : 7
  41. http://www.flickr.com/people/51668926@N00 Ryan - 7
  42. user:Manucherian : 6
  43. user:Santhoshj : 6
  44. user:Hrishikesh.kb : 6
  45. user:Mrriyad : 5
  46. user:Sivahari : 5
  47. user:Bluemangoa2z : 5
  48. user:Seenatn : 4
  49. user:Kiran Gopi : 4
  50. user:Jayeshj : 4
  51. user:Vm devadas : 3
  52. [[user:]] : 2
  53. user:Joshypj : 2
  54. user:Sreelalpp : 2
  55. user:Prasanth Iranikulam : 2
  56. http://www.flickr.com/people/91314344@N00 Dinesh Valke - 2
  57. user:Sudheeshud : 1
  58. user:Sameerct : 1
  59. user:Srijithpv : 1
  60. user:Jairodz : 1
  61. user:Pranchiyettan : 1
  62. user:Satheesan.vn : 1
  63. user:Kevinsooryan : 1
  64. user:Dpkpm007 : 1
  65. user:AniVar : 1
  66. user:Shehnad : 1
  67. user:വെള്ളെഴുത്ത് : 1
  68. user:Sugeesh : 1
  69. user:Anoop puthu : 1
  70. user:Aneeshnl : 1
  71. user:Suraj : 1
  72. http://www.flickr.com/people/61799827@N06 vagheseej - 1
  73. http://www.flickr.com/people/29695407@N00 Easa Shamih - 1
  74. http://www.flickr.com/people/9598429@N06 yeokhirnhup - 1
  75. http://www.flickr.com/people/55925503@N02 Hari Krishnan - 1

അപ്‌ലോഡിങ്ങ് ഒക്കെ ധാരാളം നടന്നുമെങ്കിലും ഇനിയും ധാരാളം പണികൾ ബാക്കിയാനു്. ഇതുമായി ബന്ധപ്പെട്ട പണികളീൽ സഹകരിക്കാൻ താല്പര്യമുള്ളവർ ഈ താളിൽ ഒപ്പ് വെക്കുക. എല്ലാവർക്കും ഒരിക്കൽ കൂടി മലയാളം വിക്കി സമൂഹത്തിന്റെ പേരിൽ നന്ദി

28 March, 2011

നിങ്ങൾക്കും ഒരു ചിത്രം വിക്കിപീഡിയക്ക് നൽകാനാകും

നമ്മളൊക്കെ തന്നെ ബ്ലോഗിലും, ബസ്സിലും, നമ്മുടെ വ്യക്തിഗത സൈറ്റുകളിലും, ഇമെയിൽ ഫോർവേർഡുകൾക്കും മറ്റുമായി വിക്കിപീഡിയയിൽ നിന്ന് ഉള്ളടക്കവും ചിത്രങ്ങളും ധാരാളമായി ഉപയോഗിക്കാറുണ്ടല്ലോ.

നമുക്ക് പരിചയമോ, നമ്മളോട് കടപ്പാടോ ഒന്നും ഇല്ലാത്ത ആയിരക്കണക്കിനു് സുമനസ്സുകൾ ഉള്ളടക്കവും ചിത്രങ്ങളും സൗജന്യമായി വിക്കിമീഡിയ സംരംഭങ്ങളിൽ ലഭ്യമാക്കിയിരിക്കുന്നത് കൊണ്ടാണു് ഇതൊക്കെ നമുക്ക് സൗജന്യമായി ഉപയോഗിക്കാനാവുന്നത്. ഇതൊക്കെ തന്നെയാണു് ചിത്രങ്ങളും മറ്റും സ്വതന്ത്രലൈസൻസിൽ ലഭ്യമാക്കുന്നതിന്റെ പ്രാധാന്യവും. പക്ഷെ ഇതൊക്കെ സൗജന്യമായി ഉപയോഗിക്കാൻ നമ്മൾ മിടുക്കരാണെങ്കിലും മിക്കപ്പോഴും കടപ്പാട് പോലും കൊടുക്കാൻ നമ്മൾ തയ്യാറാകാറില്ല.

ഇത്രയും നാൾ ആവശ്യാനുസരണം വിക്കിപീഡിയയിൽ നിന്ന് വിവിധ സംഗതികൾ എടുത്ത് ഉപയോഗിച്ച നമ്മൾ മിക്കവർക്കും പകരം എന്തെങ്കിലും വിക്കിമീഡിയയ്ക്ക്  നൽകാനുള്ള അവസരം ഇതു വരെ ഒത്തുവന്നില്ല. എന്നാൽ ഇപ്പോൾ അതിനുള്ള അവസരം മലയാളം വിക്കിസംരംഭങ്ങൾ നിങ്ങൾക്ക് തരുന്നു.

മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പേരോട് കൂടി വിക്കിയിലേക്ക് ചിത്രങ്ങൾ സംഭാവന ചെയ്യാനുള്ള ഒരു പദ്ധതി മലയാളം വിക്കിപ്രവർത്തകർ ആരംഭിച്ചിരിക്കുന്നു. 2011 ഏപ്രിൽ 2 മുതൽ 17 വരെയാണൂ് ലോകത്തുള്ള എല്ലാ മലയാളികളേയും പങ്കെടുപ്പിച്ചു് കൊണ്ടുള്ള ഈ ഓൺലൈൻ വിക്കിപരിപാടി അരങ്ങേറുന്നത്. അതിൽ പങ്കാളികളാൻ വിക്കിയുടെ പ്രവർത്തനത്തിൽ താല്പര്യമുള്ള എല്ലാ മലയാളികളേയും ഞങ്ങൾ ക്ഷണിക്കുന്നു.

  • പരിപാടി: മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു
  • തീയ്യതി: 2011 എപ്രിൽ 02 മുതൽ 17 വരെ
  • ആർക്കൊക്കെ പങ്കെടുക്കാം: വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വതന്ത്ര വിജ്ഞാനത്തെ പിന്തുണയ്ക്കുന്ന ആർക്കും പങ്കെടുക്കാം.
  • ലക്ഷ്യം: വൈജ്ഞാനിക സ്വഭാവമുള്ള കഴിയുന്നത്ര സ്വതന്ത്ര ചിത്രങ്ങൾ വിക്കിപീഡിയയിൽ എത്തിക്കുക
  • അപ്‌ലോഡ് എവിടെ: വിക്കിമീഡിയ കോമൺസ് അല്ലെങ്കിൽ മലയാളം വിക്കിപീഡിയ
നിങ്ങൾ ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നുള്ളവരായാലും നിങ്ങളുടെ കൈയ്യിലുള്ള വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്ത് ഈ സംരംഭത്തിൽ പങ്കാളികളാകാൻ ക്ഷണിക്കുന്നു.

ഈ പരിപാടിക്കായി മലയാളം വിക്കിമീഡിയനായ അജയ് കുയിലൂർ തയ്യാറാക്കിയ പോസ്റ്റർ ഇതോടൊപ്പം വെക്കുന്നു. ഇത് ആവശ്യാനുസരണം പരസ്യത്തിനായി ഉപയോഗിക്കുക.  


 പോസ്റ്ററിനു് കടപ്പാട്: അജയ് കുയിലൂർ

വൈജ്ഞാനിക സ്വഭാവമുള്ള ധാരാളം ചിത്രങ്ങൾ, പ്രത്യേകിച്ച് കേരളത്തെ സംബന്ധിച്ചുള്ള വൈജ്ഞാനികചിത്രങ്ങൾ, സ്വതന്ത്രലൈസൻസോടെ വിക്കിയിൽ എത്തണം എന്ന് വിക്കിപ്രവർത്തകർ ആഗ്രഹിക്കുന്നു.  കേരളനിയമസഭാതിരഞ്ഞെടുപ്പ്, പാഞ്ഞാൾ അതിരാത്രം, വിഷു, തുടങ്ങി നിരവധി പരിപാടികൾ ഈ കാലയളവിൽ കേരളത്തിൽ നടക്കുന്നുണ്ട്. അതിൽ നിന്നുള്ള വൈജ്ഞാനിക സ്വഭാവമുള്ള ചിത്രങ്ങളൊക്കെ തന്നെ വിക്കിയിലെത്താൽ എല്ലാവരും ദയവായി സഹകരിക്കണം. 

കേരളത്തിൽ നിന്നു് മാത്രമല്ല, നിങ്ങൾ ലോകത്തിന്റെ ഏത് ഭാഗത്ത് ആയാലും ഈ പരിപാടിയിൽ പങ്കെടുക്കാവുന്നതാണു്. നിങ്ങൾ ഇപ്പോൾ താമസിക്കുന്ന പ്രദേശത്ത് നിന്നു് ലഭ്യമാകുന്ന വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ വിക്കിയിലേക്ക് അപ്ലോഡ് ചെയ്ത് ഇത് മലയാളികൾ വിക്കിമീഡിയക്ക് നൽകുന്ന ഒരു ബൃഹത്ത് സംഭാവന ആക്കാൻ എല്ലാവരും ഇതിൽ സഹകരിക്കുക.


ഇത് സംബന്ധിച്ച് നിങ്ങൾക്കുള്ള എന്ത് ചോദ്യങ്ങളും  ഈ താളീൽ ഉന്നയിക്കുകയോ help@mlwiki.in എന്നതിലേക്ക് ഇ-മെയിലയക്കുകയോ ചെയ്യുക.

25 March, 2011

മലയാളരാജ്യത്തെ ഭൂപടത്തിലൊതുക്കുന്നു

വിജ്ഞാനകോശത്തിലും, സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്ക് വെക്കുന്ന മറ്റിടങ്ങളിലും (ബ്ലോഗ്, പത്രവാർത്ത, ഇന്റർനെറ്റ് ഫൊറങ്ങൾ....) ഭൂപടത്തിന്റെ പ്രാധാന്യം പറയേണ്ടതില്ലല്ലോ.

ഇപ്പോൾ തന്നെ നിയമസഭാതിരെഞ്ഞെടുപ്പിനോടനുബന്ധിച്ച് പലരായി പലയിടത്തായി എഴുതുന്ന വിവിധ ലേഖനങ്ങളിൽ വെക്കുവാൻ, തക്കതായ ഭൂപടം ഇല്ലാതെ എത്രയോ പേർ കഷ്ടപ്പെടുന്നു. സ്വതന്ത്ര ലൈസൻസിൽ ഉള്ള ഭൂപടങ്ങൾ ഇല്ല എന്ന് തന്നെ പറയേണ്ടി വരും.

ചിലരൊക്കെ അവിടുന്നും ഇവിടുന്നും ഒക്കെ അടിച്ച് മാറ്റിയ കുത്തക ഭൂപടങ്ങൾ ഉപയോഗിച്ച് (അത് ശരിയായ ഭൂപടം ആണെന്ന് യാതൊരു ഉറപ്പുമില്ല താനും) പകർപ്പവകാശലംഘനം നടത്തി താൽക്കാലികാശ്വാസം നേടുന്നു.



മലയാളം വിക്കിപീഡിയയിൽ കേരളത്തിലെ സ്ഥലങ്ങളെ കുറിച്ചുള്ള അസംഖ്യം ലേഖനങ്ങളിൽ ഉപയോഗിക്കുവാൻ തക്കതായ ഭൂപടങ്ങൾ ഇല്ലാതെ മലയാളം വിക്കിപീഡിയർ ബുദ്ധിമുട്ടുകയായിരുന്നു.

ഈ പ്രശ്നത്തിനു് ശ്വാശ്വത പരിഹാരവുമായി മലയാളം വിക്കിപീഡിയരായ രാജേഷ് ഒഡയഞ്ചാലും അജയ് കുയിലൂരും എത്തിയിരിക്കുന്നു. കേരളത്തെ മൊത്തമായി ഭൂപടത്തിലാക്കുന്ന ബൃഹത്ത് പദ്ധതിക്കാണു് അവർ തുടക്കം കുറിച്ചിരിക്കുന്നത്.

ഭൂപടനിർമ്മാണ പദ്ധതിയുടെ തുടക്കമായി  കാസർഗോഡ് ജില്ലയെ അവർ ഭൂപടത്തിൽ ഒതുക്കി. നിലവിൽ ഇതിൽ പഞ്ചായത്ത് തലം വരെയുള്ള വിഭജനം ആണു് നടത്തിയിരിക്കുന്നത്. ഇതിൽ നിന്ന് തന്നെ നിയമസഭാമണ്ഡലങ്ങളും കിട്ടും.



കാസർഗോട് ജില്ലയുടെ ഭൂപടം. പഞ്ചായത്ത് തലം വരെയുള്ള വിഭജനം
 കടപ്പാട്: രാജേഷ് ഒഡയഞ്ചാൽ, ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ പ്രകാരം മലയാളം വിക്കിപീഡിയയിൽ പ്രസിദ്ധീകരിച്ചത്.

ബാക്കി 13 ജില്ലകളൂടെ ഭൂപടം കൂടി ഇത്തരത്തിൽ തീർത്തതിനു് ശേഷം, ഇതിന്റെ അടുത്ത ഘട്ടമായ പഞ്ചായത്ത് തലത്തിൽ ഉള്ള ഭൂപടനിർമ്മാണം തുടങ്ങാനാണു് രാജേഷും അജയും ഉദ്ദേശിക്കുന്നത്. ഇത് നോക്കി സ്ഥലനാമങ്ങളിലോ മറ്റോ തെറ്റുകൾ ഉണ്ടെങ്കിലോ മറ്റ് നിർദ്ദേശങ്ങൾ ഉണ്ടെങ്കിലോ അറിയിക്കാൻ മറക്കരുത്.  ആർക്കെങ്കിലും ഈ പദ്ധതിയിൽ അംഗമായി രാജേഷിനേയും അജയിനേയും സഹായിക്കണമെങ്കിലും അറിയിക്കുക. 

സ്വതന്ത്രാനുമതിയൊടെ പ്രസിദ്ധീകരിക്കുന്ന ഈ ഭൂപടങ്ങൾ എല്ലാവർക്കും പ്രയോജനപ്പെടും എന്ന് കരുതട്ടെ

ലെബൽ: ജനങ്ങളുടെ കോടികണക്കിനു് പണം കട്ടു മുടിച്ച്  IKM പോലുള്ള കേരള സർക്കാർ സംവിധാനങ്ങൾ ഇതെ പോലുള്ള (ഈ ഗുണനിലവാരം എന്തായാലും എതിനു് ഉണ്ടാവാൻ സാദ്ധ്യത ഇല്ല) ഭൂപടങ്ങൾ ഉണ്ടാക്കി ബാങ്ക് ലോക്കറിൽ പൂട്ടി വെച്ചിട്ടുണ്ട്. ജനങ്ങൾ അതൊക്കെ നോക്കി കാര്യങ്ങൾ മനസ്സിലാക്കിയാലോ എന്ന് പേടിച്ച്   അതൊന്നും തന്നെ ഈയടുത്ത് വെളിച്ചം കാണാൻ ഇടയില്ല. 

24 March, 2011

മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു

സുഹൃത്തുക്കളേ,

മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെയും, വിക്കിമീഡിയയെ സ്നേഹിക്കുന്ന മറ്റ് മലയാളികളേയും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തുന്ന വിക്കിപദ്ധതി ആരംഭിച്ച വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളട്ടെ.

ഈ പദ്ധതിയുടെ പേര് മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്നാണു്. ഇതിന്റെ ഉദ്ദേശം ഏപ്രിൽ 2 തൊട്ട് ഏപ്രിൽ 17 വരെയുള്ള കാലയളവ് കൊണ്ട്  കഴിയുന്നത്ര സ്വതന്ത്ര അനുമതിയും വൈജ്ഞാനികമൂല്യമുള്ള ചിത്രങ്ങൾ വിക്കിയിൽ എത്തിക്കുക എന്നതാണു്.

ഈ വിക്കി പദ്ധതിയുടെ ഭാഗമാകാനും താങ്കളുടെ കൈവശമുള്ള സ്വതന്ത്ര ചിത്രങ്ങൾ വിക്കിപീഡിയയിലെക്ക് അപ്ലോഡ് ചെയ്യാനും ഈ പദ്ധതി ഒരു വിജയമാക്കാനും എല്ലാവരോടും അഭ്യർത്ഥിക്കുന്നു. താലപര്യമുള്ള ഏതൊരാൾക്കും പദ്ധതി താളിൽ താങ്കളുടെ പേര് ചേർത്തുകൊണ്ട്  അംഗമാകാവുന്നതാണ്.

പ്രധാനപ്പെട്ട ചില സംഭവങ്ങൾ ഏപ്രിൽ 2 തൊട്ട് ഏപ്രിൽ 17 വരെയുള്ള കാലയളവിൽ കേരളത്തിൽ നടക്കുന്നതിനാലാണ് ഈ തീയതി തിരഞ്ഞെടുത്തത്.
  • നിയമസഭാ തിരഞ്ഞെടുപ്പ്
  • വിഷു
  • പാഞ്ഞാൾ അതിരാത്രം

വേറെയും പരിപാടികൾ ഈ കാലയളവിൽ കേരളത്തിൽ നടക്കുന്നുണ്ടാകാം. ഓരോ പരിപാടിയിൽ നിന്നും വൈജ്ഞാനികമൂല്യമുള്ള ചിത്രങ്ങൾ വിക്കി നയങ്ങൾക്കും അനുസൃതമായി വിക്കിയിലെക്ക് അപ്‌ലോഡ് ചെയ്യുക.

വിക്കിയിലേക്ക് അത്യാവശ്യം വേണ്ട ചില ചിത്രങ്ങൾ താഴെ പറയുന്ന വിഷയങ്ങളിൽ പെടുന്നവയാണ്.
  • കേരളത്തിലെ പ്രമുഖസ്ഥലങ്ങളുടെ ചിത്രങ്ങൾ
  • കേരളത്തിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളുടേയും ചിത്രങ്ങൾ
  • കേരളത്തിലെ എല്ലാ ഭരണസ്ഥാപനങ്ങളുടേയും ചിത്രങ്ങൾ
  • കേരളത്തിലെ പ്രമുഖവ്യക്തികളുടെ ചിത്രങ്ങൾ
  • കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രങ്ങൾ
  • കേരളത്തിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ചിത്രങ്ങൾ
  • ശ്രദ്ധേയമായ പുസ്തകങ്ങളുടെ പുറംചട്ടയുടെ ചിത്രങ്ങൾ (ഇത് മലയാളം വിക്കിപീഡിയയിൽ മാത്രമേ അപ്‌ലോഡ് ചെയ്യാവൂ)
ഈ പദ്ധതിയിൽ ചേർന്ന് മലയാളം വിക്കിയിലേക്ക് ചിത്രങ്ങൾ  സംഭാവന ചെയ്യാൻ ഈ താളീൽ ഒപ്പ് വെക്കുക.




ഈ പദ്ധതിയുടെ ഭാഗമായി വിക്കിയിലെക്ക് അപ്‌ലോഡ് ചെയ്യാനുള്ള ചിത്രങ്ങൾ ഇന്ന് തന്നെ ശേഖരിച്ച് തുടങ്ങുക.

സഹായം ആവശ്യമെങ്കിൽ help@mlwiki.in എന്ന വിലാസത്തിലേക്ക് ഈമെയിൽ അയക്കുകയോ ഈ ലിങ്കിൽ ഞെക്കി ചോദിക്കുകയോ ചെയ്യാവുന്നതാണ്.

സ്നേഹപൂർവ്വം,
മലയാളി വിക്കി സമൂഹം.