മലയാളം വിക്കി സംരഭങ്ങളെ കുറിച്ച് ഒരു ആമുഖം എന്ന രീതിയില്‍ പൊതുജനങ്ങള്‍ക്കു വേണ്ടി തയ്യാറാക്കിയതാണു ഈ ലേഖനം. വിക്കി എന്നാല്‍ എന്താണെന്നും വിക്കിവിജ്ഞാനകോശത്തിന്റെ ചരിത്രവും മലയാളം വിക്കിപീഡിയയുടെ ചരിത്രവും ഒക്കെ ഒരു സാധാരണ വായനക്കാരനു പരിചയപ്പെടുത്തുക എന്നതാണ് ഉദ്ദേശം.
മാതൃഭൂമി പത്രപ്രവര്‍ത്തകന്‍ ശ്രീ. ജോസഫ് ആന്റണി മലയാളം വിക്കിപീഡിയയെയെ കുറിച്ച് ചില വിവരങ്ങള്‍ നല്‍കണം എന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഇങ്ങനെ ഒരു ലേഖനം എഴുതുന്ന ആശയം ഉടെലെടുത്തതു.
മലയാളം വിക്കിപീഡിയ പ്രവര്‍ത്തകര്‍ ആയ മന്‍ജിത് കൈനിക്കര, സിമി ഫ്രാന്‍സിസ് നസ്രത്ത്, എന്നിവരാണ് ഈ ലേഖനം തയ്യാറാകുന്നതില്‍ പ്രധാനമായും സഹകരിച്ചതു. മറ്റു വിക്കിപീഡിയരായ പ്രവീണ്‍ പ്രകാശ്, പെരിങ്ങോടന്‍ എന്നിവരും ചില വിഭാഗങ്ങള്‍ എഴുതിയിട്ടുണ്ട്. സിബുചേട്ടന്റെ വരമൊഴി വിക്കിയില്‍ നിന്നും ചില വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അവര്‍ക്കേവര്‍ക്കും നന്ദി.
ആമുഖം
ലോകത്തിലെ വിജ്ഞാനം മുഴുവന്‍ ഒരിടത്ത് സ്വരുക്കൂട്ടാനുള്ള മനുഷ്യന്റെ ഉദ്യമങ്ങള്‍ക്ക് ബി.സി. മൂന്നാം നൂറ്റാണ്ടിലുണ്ടായിരുന്ന ഈജിപ്തിലെ അലക്സാന്‍ട്രിയയിലെ ലൈബ്രറിയോളം പഴക്കമുണ്ട്. അച്ചടിയുടെ ലോകത്തിനു പുറത്ത്, ഒരു വിജ്ഞാനശേഖരമൊരുക്കുന്ന കഥ എച്. ജി. വെല്‍സ് തന്റെ വേള്‍ഡ് ബ്രെയിന്‍ (1937) എന്ന നോവലില്‍ പറയുന്നു. ഇന്റര്‍നെറ്റിന്റെ കണ്ടുപിടുത്തത്തോടും പ്രചാരത്തോടും കൂടി ഇന്റര്‍നെറ്റ് വിജ്ഞാനകോശങ്ങള്‍ ഒരുക്കാനുള്ള ഉദ്യമങ്ങള്‍ പലതും ഉണ്ടായിട്ടുണ്ട്. അങ്ങനെ ഉള്ള എറ്റവും വലിയതും, ജനകീയവും, സ്വതന്ത്രവും ആയ ഒരു ഓണ്‍ ലൈന്‍ വിജ്ഞാനകോശ സംരഭം ആണ് വിക്കിപീഡിയ.
മറ്റ് സര്‍വ്വവിജ്ഞാനകോശങ്ങളെ (എന്‍സൈക്ലോപീഡിയകളെ) അപേക്ഷിച്ച് വിക്കിപീഡിയയ്ക്ക് പ്രത്യേകതകള്‍ പലതാണ്. അതില്‍ ഏറ്റവും പ്രധാനം ആര്‍ക്കും ലേഖനങ്ങള്‍ എഴുതാം എന്നതു തന്നെയാണ്. ഈ വിജ്ഞാനകോശത്തില്‍ ലേഖനങ്ങള്‍ എഴുതാന്‍ ഏതെങ്കിലും വിഷയത്തിലെ പാണ്ഡിത്യമോ ആരുടെ എങ്കിലും അനുമതിയോ ആവശ്യം ഇല്ല. മലയാളം വിക്കിപീഡിയയുടെ വെബ് വിലാസത്തില്‍ (http://ml.wikipedia.org) ചെന്ന് ആര്‍ക്കും ലേഖനങ്ങള്‍ എഴുതാം. ലേഖനങ്ങളില്‍ അല്പം എങ്കിലും വിജ്ഞാനം വേണമെന്നേ ഉള്ളൂ.
എന്താണ് വിക്കി
സാധാരണ ഗതിയില്‍ ഇന്റര്‍നെറ്റിലെ ഏതെങ്കിലുംമൊരു താളില്‍ എന്തെങ്കിലും എഴുതിച്ചേര്‍ക്കണമെങ്കില്‍ സാങ്കേതിക പരിജ്ഞാനവും മറ്റു പലരുടേയും സമ്മതവും വേണം. പക്ഷെ ഇതേ പോലുള്ള ചരടുകള്‍ ഒന്നുമില്ലാതെ ആര്‍ക്കും (സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത വായനക്കാരനും) വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും, നീക്കം ചെയ്യാനും, മാറ്റംവരുത്താനുമുള്ള സ്വാതന്ത്ര്യവും സൗകര്യവും നല്കുന്ന വെബ് സൈറ്റുകളെയാണ് വിക്കി എന്നു വിളിക്കുന്നത്. വളരെ എളുപ്പത്തില് വിവരങ്ങള്‍ ചേര്‍ക്കാം എന്നതിനാല്‍ കൂട്ടായ്മയിലൂടെ രചനകള്‍ നടത്താനുള്ള മികച്ച ഉപാധി ആണ് വിക്കി. സോഫ്റ്റ്‌വെയര്‍ രംഗത്ത് കൂട്ടായ്മയുടെ പുതിയ മാനങ്ങള്‍ നല്കുകയാണ് വിക്കി എന്ന ആശയം. ഒരു കൂട്ടം ഉപയോക്താക്കളാണ് ഇത്തരം ലേഖന സമുച്ചയം സാധാരണയായി രചിക്കുന്നത്. ആരും ആരുടേയും സംഭാവനകളെ അംഗീകരിക്കേണ്ട ആവശ്യം ഇല്ലാത്തതിനാല്‍, ഇന്റര്‍നെറ്റ് ലോകത്തെ, ജനാധിപത്യരീതിയാണ് വിക്കിയുടേത് എന്നു
വേണമെങ്കില്‍ പറയാം.
വിക്കിയുടെ ചരിത്രം
വാര്‍ഡ് കനിംഹാം എന്ന പോര്‍ട്ട്‌ലാന്‍ഡുകാരനാണ് വിക്കി എന്ന ആശയത്തിനും, സോഫ്റ്റ്‌വെയറിനും അടിത്തറയിട്ടത്. 1994 -ല്‍ അദ്ദേഹം വികസിപ്പിച്ചെടുത്ത വിക്കിവിക്കിവെബ് എന്ന സോഫ്റ്റ്വെയറാണ് വിക്കി എന്ന ആശയത്തിന് തുടക്കമിട്ടത്. 1995 മാര്ച്ച് 25 ന് അദ്ദേഹം ഇത് www.c2.com എന്ന ഇന്റര്നെറ്റ് സൈറ്റില് സ്ഥാപിച്ചു.
കനിംഹാം തന്നെയാണ് വിക്കി എന്ന പേര് നിര്ദ്ദേശിച്ചത്. ഹോണോലുലു ദ്വീപിലെ വിമാനത്താവളത്തിലെ ടെര്മിനലുകളെ ബന്ധിപ്പിച്ചുകൊണ്ട് ഓടിയിരുന്ന വിക്കിവിക്കി ചാന്സ് ആര്‍.ടി 52 എന്ന ബസ്സ് സര്‍വീസിനെകുറിച്ച് അവിടുത്തെ ഒരു തൊഴിലാളി പറഞ്ഞതിനെ ഓര്‍ത്തായിരുന്നു ഈ പേരിടല്‍. ഹവായിയന് ഭാഷയില് വിക്കി എന്നാല് വേഗത്തില്‍ എന്നാണ് അര്‍ത്ഥം. "What I Know Is" എന്നതിന്റെ ചുരുക്കെഴുത്തായും വിക്കിയെ ഇപ്പോള്‍ വികസിപ്പിച്ചു പറയാറുണ്ട്.
വിക്കിയുടെ സ്വഭാവങ്ങള്‍
ലളിതമായ കമ്പ്യൂട്ടര്‍ ഭാഷ (മാര്‍ക്കപ്പ്) ഉപയോഗിച്ചാണ് വിക്കിയിലെ താളുകള്‍ രചിക്കപ്പെടുന്നത് എന്നതിനാല് എല്ലാവര്‍ക്കും ഇതില് പങ്കാളിയാകാന് കഴിയുന്നു. ഇന്റര്‍നെറ്റിലെ മാര്‍ക്കപ്പ് ഭാഷയായ എച്ച്.ടി.എം.എല്‍-നെ സാധാരണ വിക്കികള്‍ പൂര്‍ണ്ണമായും പിന്തുണയ്ക്കാറുണ്ട്. എങ്കിലും വിക്കിയില്‍ പൊതുവെ ഉപയോഗിക്കപ്പെടുന്ന മാര്‍ക്കപ്പകള്‍ അതിലും ലളിതമാണ്. വിക്കി പേജുകള് രചിക്കാനോ, മാറ്റങ്ങള് വരുത്താനോ, വെബ് ബ്രൌസര് ഒഴികെ മറ്റൊരു സോഫ്റ്റ്വെയറും വേണ്ട എന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. വിക്കിപേജുകള്‍ എല്ലാം കണ്ണികളിലൂടെ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കും.
സാധാരണയായി ഏതു വായനക്കാരനും വിവരങ്ങളിലല്‍ മാറ്റംവരുത്താനുള്ള സൗകര്യം വിക്കി താളുകള്‍ നല്കാറുണ്ട്. എങ്കിലും ചില വിക്കിപേജുകളില് ഇത് റജിസ്റ്റര് ചെയ്ത ഉപയോക്താക്കള്‍ക്കു മാത്രമായി ചുരുക്കാറുണ്ട്. വിക്കി താളുകളില്‍ വരുത്തുന്ന മാറ്റങ്ങളൊക്കെ അപ്പപ്പോള്‍ തന്നെ പ്രാബല്യത്തില്‍ വരും.
വിക്കിപീഡിയ എന്ന വിശ്വവിജ്ഞാനകോശം
ആര്‍ക്കും എഴുതാവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശം എന്ന ആശയം സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പ്രണേതാവായ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ 1999-ല്‍ മുന്നോട്ടു വച്ചിരുന്നു. ആ ആശയത്തിനെ പ്രാവര്‍ത്തികമാക്കാനുള്ള ആദ്യശ്രമം റിക്ക് ഗേറ്റ്സിന്റെ ഇന്റര്‍പീഡിയ ആയിരുന്നു. എങ്കിലും അത് പ്ലാനിങ് ഘട്ടം കഴിഞ്ഞ് അധികം മുന്നോട്ടുപോയില്ല.
അതാത് വിഷയങ്ങളിലെ പ്രമുഖരുടെ ലേഖനങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ന്യൂപീഡിയ ആയിരുന്നു അടുത്തത്. ജിമ്മി വെയില്‍സും സഹായി ലാരി സാങറും ആയിരുന്നു അതിന്റെ ശില്‍പ്പികള്‍. ലേഖനങ്ങളുടെ ഗുണമേന്മയ്ക്കു കൊടുത്തിരുന്ന അമിതപ്രാധാന്യമാവാം, അതിന്റെ വളര്‍ച്ച മെല്ലെയായിരുന്നു. അതുകൊണ്ട്, ന്യൂപീഡിയയെ സഹായിക്കാനായി പൊതുജനങ്ങള്‍ക്കെല്ലാം ഒരു പോലെ എഡിറ്റ് ചെയ്യാനാവുന്ന വിക്കിപീഡിയ എന്ന സംരംഭം ജിമ്മി വെയില്‍സും സഹായി ലാരി സാങറും ചേര്‍ന്ന് ആരംഭിച്ചു.
വിദഗ്ദ്ധന്മാര്‍ ലേഖനങ്ങളെഴുതിയ നൂപീഡിയ എന്ന വെബ് വിജ്ഞാനകോശത്തിന്റെ പൂരകസംവിധാനമായി ആരംഭിച്ച വിക്കിപീഡിയ ജനകീയ പങ്കാളിത്തത്തിലൂടെ മാതൃവെബ്സൈറ്റിനെയും കടത്തി വെട്ടി കാലാന്തരത്തില് തനതുവ്യക്തിത്തമുള്ള ഏറ്റവും വലിയ സ്വതന്ത്രവിജ്ഞാനകോശമായി മാറി.
അനേകം എഴുത്തുകാരുടേയും വായനക്കാരുടേയും സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഒരു സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമാണ് വിക്കിപീഡിയ. വിക്കിപ്പീഡിയയാണ് ഇന്നുള്ള എറ്റവും വലിയ വിക്കി. 2001 ജനുവരി 15-നാണ് വിക്കിപീഡിയ പ്രൊജക്റ്റിനു തുടക്കംകുറിച്ചത്. ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ തന്നെയാണ് ലാഭേച്ഛയില്ലാതെ വിക്കിപീഡിയയിലെ ലേഖനങ്ങള്‍ എഴുതുന്നത്. വിക്കിപീഡിയ വെബ് പേജില് ലേഖനങ്ങളെഴുതാനും അവ തിരുത്തുവാനും ഏവര്ക്കും സ്വാതന്ത്ര്യവും സൗകര്യവും നല്കുന്ന വിക്കിസോഫ്റ്റ്വെയര് ആണ് ഈ സ്വതന്ത്രവിജ്ഞാനകോശത്തിന്റെ അടിസ്ഥാനം. വളരെയധികം ഉപയോക്താക്കള്‍ തുടര്‍ച്ചയായി വിക്കിപീഡിയ മെച്ചപ്പെടുത്തുന്നുണ്ട്. ആയിരക്കണക്കിനു മാറ്റങ്ങള്‍ ഒരോ മണിക്കൂറിലും അവര്‍ നടത്തുന്നുമുണ്ട്. ഈ മാറ്റങ്ങള്‍ എല്ലാംതന്നെ വിക്കിപീഡിയ സൂക്ഷിച്ച് വെക്കുന്നുണ്ട്. അനാവശ്യ മാറ്റങ്ങള്‍ വളരെ പെട്ടെന്നു തന്നെ സാധാരണയായി ഒഴിവാക്കാറുണ്ട്. അതുപോലെ തുടര്‍ച്ചയായി ശല്യപ്പെടുത്തുന്ന നിയമവിരുദ്ധരെ മാറ്റങ്ങള്‍ വരുത്തുന്നതില്‍ നിന്നും തടയാറുണ്ട്.
നിലവില് 229 ഭാഷകളില്‍ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്. മൃതമായി കൊണ്ടിരുന്ന പല ഭാഷകളും ലിപികളും വിക്കിപീഡിയയുടെ പ്രവര്‍ത്തനങ്ങളിലൂടെ പുനര്‍ജീവിച്ചു കൊണ്ടിരിക്കുന്നു. പതിനെട്ടുലക്ഷത്തിലധികം ലേഖനങ്ങളുള്ള വിക്കിപീഡിയയുടെ ഇംഗ്ലീഷ് പതിപ്പാണ് ഈ സംരംഭത്തിന്റെ പതാകവാഹക. തുടങ്ങിയ ആദ്യവര്‍ഷത്തില്‍ തന്നെ ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു. ഇന്ന് ഇംഗ്ലീഷ് വിക്കിപീഡിയയിലെ മാത്രം ലേഖനങ്ങളുടെ എണ്ണം പതിനെട്ടു ലക്ഷത്തില്‍ കൂടുതലാണ്. ഒരു ദിവസം 6 ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ ഇംഗ്ലീഷ് വിക്കിപീഡിയ റഫര്‍ ചെയ്യുന്നു. മലയാളമടക്കം 21 ഇന്ത്യന്‍ഭാഷകളിലും വിക്കിപീഡിയ പ്രവര്‍ത്തിക്കുന്നു. മലയാളം വിക്കിപീഡിയയില്‍ നിലവില്‍ 3700 ഓളം ലേഖനങ്ങള്‍ ഉണ്ട്.
വിക്കിപീഡിയയിലെ ഉള്ളടക്കം ഗ്നു(GNU) Free Documentation License-നാല് നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ വിക്കിപീഡിയയില്‍ ഉള്ളടക്കം എല്ലാക്കാലവും സ്വത്രന്ത്രവും സൗജന്യവും ആയിരിക്കും. ലാഭേച്ഛകൂടാതെ പ്രവര്‍ത്തിക്കുന്ന വിക്കിമീഡിയ ഫൌണ്ടേഷന്‍ എന്ന സ്ഥാപനമാണ് ഇപ്പോള്‍ വിക്കിപീഡിയയെ നിയന്ത്രിക്കുന്നത്. എല്ലാ ഭാഷകളിലും സ്വതന്ത്രവും
സമ്പൂര്‍ണ്ണവുമായ വിജ്ഞാനകോശം ഉണ്ടാക്കാനുള്ള കൂട്ടായ ശ്രമമാണ് വിക്കിമീഡിയ ഫൌണ്ടെഷന്റേത്.
വിക്കിപീഡിയ തുടങ്ങിയ കാലത്ത് അതൊരു മഹാപ്രസ്ഥാനമായി മാറുമെന്ന് വിചാരിച്ചവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു. എന്നാലിന്ന്, ബ്രിട്ടാണിക്ക എന്‍സൈക്ലോപീഡിയയോടൊപ്പം തന്നെ നില്‍ക്കുന്ന ഒരു സ്വതന്ത്ര, സൌജന്യ വിജ്ഞാനകോശമായി മാറിക്കഴിഞ്ഞു വിക്കിപീഡിയ. ഇത് വെറുതെ പറയുന്നതല്ല. ശാസ്ത്രലോകത്തെ ഏറ്റവും പേരുകേട്ട മാഗസിനായ നേച്ചര്‍ അത് ശാസ്ത്രീയമായ രീതികളുപയോഗിച്ച് സ്ഥിരീകരിച്ചു. അതിങ്ങനെയാണ്: ബ്രിട്ടാണിക്കയിലേയും വിക്കിപീഡിയയിലേയും ലേഖനങ്ങള്‍ എവിടെ നിന്നെടുത്തതാണെന്നറിയിക്കാതെ അതാത് വിഷയങ്ങളിലെ പ്രമുഖരെ കാണിച്ചു. അവയിലെ തെറ്റുകളും കുറവുകളും രേഖപ്പെടുത്തി. അവസാനം കൂട്ടിനോക്കിയപ്പോള്‍ രണ്ടിന്റേയും വിവിധ വിഷയങ്ങളിലെ ശരാശരി സ്കോര്‍ ഒപ്പത്തിനൊപ്പം!
വിക്കിപീഡിയ എന്തൊക്കെയാണ് /എന്തൊക്കെയല്ല
വിക്കിപീഡിയ ഒരു ഓണ്‍ലൈന്‍ വിജ്ഞാനകോശമാണ്. അറിവു പങ്കു വെയ്കാനും, ഉയര്‍ന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുകയും, പരസ്പരബഹുമാനവും, വിജ്ഞാനതൃഷ്ണയുമുള്ള ഓണ്‍ലൈന്‍ സമൂഹമാണ് വിക്കീപീഡിയയുടെ ശക്തി. അതുകൊണ്ടൊക്കെ തന്നെ വിക്കിപീഡിയ ചിലമേഖലകളെ പ്രതിനിധാനം ചെയ്യുന്നില്ല.
- വിക്കിപീഡിയ കടലാസ് വിജ്ഞാനകോശമല്ല. അതു കൊണ്ടു തന്നെ ഒരു കടലാസ് വിജ്ഞാനകോശം പോലെ ഇതിനു പതിപ്പുകളോ ഒന്നുമില്ല.
- ഓണ്‍ലൈന്‍ വിജ്ഞാനകോശം ആയതുകൊണ്ട് തന്നെ വിക്കിപീഡിയയില്‍ വിഷയങ്ങളുടെ എണ്ണത്തില് ഒരിക്കലും അവസാനം ഉണ്ടാവാന്‍ പാടില്ല. ഒരു ലേഖനത്തിന്റെ വലിപ്പം വളരെയധികം ആവുകയാണെങ്കില് ആ ലേഖനം വിഷയാധിഷ്ഠിതമായി വിഭജിക്കേണ്ടിവരും. ഒരു ലേഖനം കാരണങ്ങളില്ലാതെ വിഭജിക്കാമെന്ന് ഇതുകൊണ്ട് അര്‍ത്ഥമാക്കേണ്ടതില്ല.
- വിവരങ്ങള്‍ ആയി എന്നതുകൊണ്ടുമാത്രം വിക്കിപീഡിയ ചില കാര്യങ്ങള് പ്രസിദ്ധീകരിക്കില്ല. 100% ശരിയായ കാര്യങ്ങള്
എന്നതിലുപരി വിജ്ഞാനകോശസ്വഭാവമുള്ള കാര്യങ്ങളാണ് വിക്കിപീഡിയക്കനുയോജ്യം. - വിക്കിപീഡിയ ചിലപ്പോള്‍ ചില വായനക്കാര്ക്ക് ആക്ഷേപകരമോ വ്രണപ്പെടുത്തുന്നതോ ആയ കാര്യങ്ങള് ഉള്ക്കൊള്ളാനിടയുണ്ട്. വിക്കിപീഡിയ ആര്‍ക്കുവേണമെങ്കിലും തിരുത്തുവാന്‍ പാകത്തില് സ്വതന്ത്രമായതുകൊണ്ട് ഒരു ലേഖനത്തിന്റെയും ഉള്ളടക്കത്തെ കുറിച്ച് ഉറപ്പു പറയാന് വിക്കിപീഡിയക്കാവില്ല.
- വിക്കിപീഡിയ സ്വതന്ത്രവും ഏവര്‍ക്കും തുറന്നിട്ടിട്ടുള്ളതുമാണ്. എന്നാല് അതിന്റെ ഘടന സ്വതന്ത്രവും സരളവുമായ വിജ്ഞാനകോശം എന്ന നിലയിലുള്ളതാണ്.
- വിക്കിപീഡിയയിലെ വിവരങ്ങള്‍ ഗ്നു ഫ്രീ ഡോക്യുമെന്റേഷന്‍ അനുമതി അനുസരിച്ച് എവിടേയും സ്വതന്ത്രമായി ഉപയോഗിക്കാം. വിവരങ്ങള്‍ ആര്‍ക്കും സ്വന്തമല്ല എന്ന ആശയത്തിലാണ് വിക്കിപീഡിയ പടുത്തുയര്‍ത്തിയിരിക്കുന്നതു തന്നെ. വിക്കിപീഡിയയില്‍ വിവരങ്ങള്‍ ആയുള്ള എന്തു തന്നെയും ചേര്‍ക്കാം. അതുകൊണ്ട് വിക്കിപീഡിയയിലെ വിവരങ്ങള്‍ക്ക് പരിധിയില്ല.
- അതുപോലെ തന്നെ ഒരു ലേഖനം അനേകര്‍ തിരുത്തുന്നതുമൂലം ഗുണനിലവാരത്തില്‍ ഉറപ്പു പറയാന് വിക്കിപീഡിയക്കാവില്ല.ലേഖനം നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കാറുണ്ടെങ്കിലും അത് വളരെ പെട്ടന്നു തന്നെ ശരിയാക്കാറുമുണ്ട്.
- വിക്കിപീഡിയയില്‍ തിരുത്തുന്നതുമൂലം ലേഖകര്‍ക്ക് അവരുടെ അറിവു വര്‍ദ്ധിക്കും എന്നൊതൊഴിച്ച് എന്തെങ്കിലും ഗുണമുണ്ടാകാനിടയില്ല. ബ്ലോഗുകളെ പോലെയോ, പത്രങ്ങളില്‍ ലേഖനമെഴുതുന്നതു പോലെയോ വിക്കിപീഡിയയില്‍ ലേഖനമെഴുത്തിനെ സമീപിക്കരുത്.
വിക്കിപീഡിയര്‍
വിക്കിപീഡിയക്കായി സേവനങ്ങള്‍ ചെയ്യാന്‍ സന്നദ്ധരായവരെ പൊതുവേ വിക്കിപീഡിയര്‍ എന്നു വിളിക്കുന്നു. ഇവരുടെ സമൂഹത്തെ വിക്കിസമൂഹമെന്നും പറയുന്നു. വിക്കിപീഡിയ എന്താണെന്ന വ്യക്തമായ അവബോധത്തോടെ സേവനങ്ങള്‍ ചെയ്യുകയും വിജ്ഞാനതൃഷ്ണയും, അറിവു പങ്ക് വെക്കാനുള്ള മനസ്സും, പരസ്പരബഹുമാനവും ഉള്ള സ്വതന്ത്ര സമൂഹമാണ്
വിക്കിപീഡിയരുടേത്.
വിക്കിപീഡിയയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെയാണ് വിക്കിപീഡിയരുടെ എണ്ണം കണക്കാക്കുന്നത്. മലയാളത്തില് ഇതുവരെ 2000 ത്തോളം ഔദ്യോഗിക വിക്കിപീഡിയരുണ്ട്. എന്നിരുന്നാലും വിക്കിപീഡിയയില്‍ രജിസ്റ്റര്‍ ചെയ്യാത്ത വിക്കിപീഡിയരും കുറവല്ല. സാധാരണ മനുഷ്യര്‍ക്കിടയില്‍ അവരിലൊരാളായി, അവര്‍ ചെയ്യുന്ന പണികളിലേതെങ്കിലും ചെയ്താണ് വിക്കിപീഡിയരുടെ ജീവിതവും മുന്നോട്ടുപോകുന്നത്. എന്നാല്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തിയ കമ്പ്യൂട്ടര്‍ ലഭിച്ചാല്‍ ഇവര്‍ വിക്കിപീഡിയരായി മാറുന്നു.
തങ്ങള്‍ ചെയ്യുന്നതും വിക്കിപീഡിയക്ക് നല്കുന്നതുമായ എന്തും മറ്റു വിക്കിപീഡിയര്‍ക്കോ, വിക്കിപീഡിയയുടെ വായനക്കാര്‍ക്കോ സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അനുവാദം വിക്കിപീഡിയര്‍ നല്കിയിരിക്കുന്നു. പലതുള്ളി പെരുവെള്ളം എന്ന തത്വത്തിലാണ് വിക്കിപീഡിയര് വിശ്വസിക്കുന്നത്. റാണിയില്ലാത്ത ഉറുമ്പുകൂട്ടത്തെ പോലെയാണിവര്. ചിലര് വിക്കിപീഡിയക്കായി ലേഖനങ്ങള്‍ എഴുതുന്നു, ചിലര്‍ പുതിയതായി സമൂഹത്തില്‍ ചേരുന്നവരെ സ്വാഗതം ചെയ്യുന്നു, ചിലര്‍ തെറ്റുകള് തിരുത്തുന്നു, ചിലര്‍ ചിത്രങ്ങള്‍ ചേര്‍ക്കുന്നു, ചിലര്‍ ലേഖനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. അങ്ങിനെ അങ്ങിനെ നാനാ വിധ ജോലികള്‍ വിക്കിപീഡിയര്‍ ചെയ്യുന്നു . വിക്കിപീഡിയര്‍ക്ക് പോലീസോ, കോടതിയോ, ഒരു കെട്ടുറപ്പുള്ള നിയമസംഹിതയോ ഇല്ല. തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ചിലപ്പോള്‍ അവര്‍ തമ്മില് ആശയസംഘടനങ്ങള്‍ സൃഷ്ടിക്കാറുണ്ടെങ്കിലും അവര്‍ അത് സമവായത്തിലൂടെ പരിഹരിക്കുന്നു. വിക്കിപീഡിയയില്‍ വിക്കിപീഡിയര്‍ക്കായുള്ള താളുകളില് ഇവരെ പരിചയപ്പെടാം. ഇത്തരം താളുകളില്‍ ചെറുപെട്ടികളില്‍ (user box) ഉപയോഗിച്ച് സ്വന്തം ശൈലി വെളിപ്പെടുത്തുന്നു എന്നത് ഇവരുടെ മറ്റൊരു പ്രത്യേകതയാണ്.
കാര്യനിര്‍വ്വാഹകര്‍
വിക്കിപീഡിയരില്‍ ചിലരെ കാര്യനിര്‍വ്വാഹകര്‍ (സിസോപ്പുകള്‍) ആയി തിരഞ്ഞെടുക്കുന്നു. വിക്കിപീഡിയയില് ഉണ്ടായേക്കാവുന്നചപ്പും ചവറും എടുത്തുമാറ്റുക എന്നതാണ് കാര്യനിര്‍വ്വാഹകരുടെ പ്രധാന ജോലി. തങ്ങളുടെ ഇടയില് നുഴഞ്ഞുകയറിയിട്ടുണ്ടേക്കാവുന്ന വിക്കിവിരുദ്ധരെ ഭയന്ന്, സമൂഹത്തിന് നേരിട്ട് തിരുത്താന് കഴിയാത്ത രീതിയിലേക്ക് നിര്ദ്ദേശിച്ചിട്ടുള്ള താളുകളില് മാറ്റം വരുത്തുവാന് വിക്കിപീഡിയര്‍ കാര്യനിര്‍വ്വാഹകരെ നിയോഗിച്ചിരിക്കുന്നു. ഇത്തരം ആള്ക്കാരെ കണ്ടെത്തിയാല് അവരെ തിരുത്തലുകള്‍ വരുത്തുന്നതില്‍ നിന്നു തടയേണ്ട ചുമതലയും കാര്യനിര്‍വ്വാഹര്‍ക്കുണ്ട്. ഒരേ സമയം വിക്കിസമൂഹത്തിന്റെ പടയാളികളും തൂപ്പുകാരുമാണ് കാര്യനിര്‍വ്വാഹകര്‍. അതിനുപുറമേ സാധാരണ വിക്കിപീഡിയര്‍ ചെയ്യുന്നതെന്തും ഇവരും ചെയ്യുന്നു.
ബ്യൂറോക്രാറ്റുകള്‍
സാധാരണ വിക്കിപീഡിയരേയും സിസോപ്പുകളേയും അപേക്ഷിച്ച് ജോലിഭാരം കൂടിയ ഉപവിഭാഗമാണ് ബ്യൂറോക്രാറ്റുകള്. ഇവരേയും മറ്റു വിക്കിപീഡിയര് തിരഞ്ഞെടുക്കുന്നതാണ്. വൃത്തിയാക്കല്, തങ്ങളുടെ സൃഷ്ടികളേയും മറ്റും സംരക്ഷിക്കുക, എന്നീ ജോലികള്ക്കു പുറമേ വിക്കിപീഡിയര് നിയോഗിക്കുന്ന സിസോപ്പുകളേയും മറ്റു ബ്യൂറോക്രാറ്റുകളേയും അത്തരത്തില് മാറ്റുക, വിക്കിപീഡിയയുടെ സ്രോതസ് രൂപത്തില് എന്തെങ്കിലും മാറ്റം വരുത്തുക എന്നീ കാര്യങ്ങളും ബ്യൂറോക്രാറ്റുകള് ചെയ്യുന്നു.
പലഭാഷകളിലുള്ള വിക്കിപീഡിയകള്‍
2001 , ജനുവരി 15-നു ഇംഗ്ലീഷിലാണ് ആദ്യ വിക്കിപീഡിയ തുടങ്ങുന്നത്. 2001 മാര്‍ച്ച് 16നു ആരംഭിച്ച ജര്‍മ്മന്‍ ഭാഷയിലുള്ള വിക്കിപീഡിയയാണ് രണ്ടാമത്തെ വിക്കിപീഡിയ. തുടര്‍ന്നുള്ള മാസങ്ങളില്‍ ഫ്രഞ്ച്, ചൈനീസ്, ഡച്ച്, ഹീബ്രു, ഇറ്റാലിയന്‍, റഷ്യന്‍ തുടങ്ങിയ ഭാഷകളില്‍ വിക്കിപീഡിയ ആരംഭിച്ചു.
വര്‍ഷം ഒന്നു കഴിഞ്ഞ് 2002 പകുതി ആയിട്ടും ഒരു ഇന്ത്യന്‍ ഭാഷയില്‍ പോലും വിക്കി ആരംഭിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായില്ല. ഈ വഴിക്കുള്ള ആദ്യത്തെ ശ്രമം ഉണ്ടായത് 2002 ജൂണ്‍ മാസത്തില്‍ പഞ്ചാബി, അസ്സാമീസ്, ഒറിയ ഭാഷകളില്‍ ഉള്ള വിക്കിപീഡിയ ആരംഭിച്ചപ്പോഴാണ്. പക്ഷെ നിര്‍ഭാഗ്യകരം എന്നു പറയട്ടെ ഇന്ത്യന്‍ ഭാഷകളിലെ ആദ്യത്തെ വിക്കിപീഡിയകളായ ഇവ മൂന്നും ഇപ്പോള്‍ നിര്‍ജീവം ആണ്. ഈ മൂന്നു വിക്കിപീഡിഅയയിലും ലേഖനങ്ങളുടെ എണ്ണം ഇപ്പോഴും 250-ല്‍ താഴെയാണ്. ഈ മൂന്നു ഭാഷകള്‍ കഴിഞ്ഞാല്‍ വേറൊരു ഇന്ത്യന്‍ ഭാഷയില്‍ വിക്കിപീഡിയ ആരംഭിക്കുന്നത് മലയാളത്തിലാണ്.
മലയാളത്തിനു ശേഷം 2003-ഫെബ്രുവരിയില്‍ ബീഹാറി, മെയ് 2003-നു മറാഠി, ജൂണ്‍ 2003-നു കന്നഡ, ജൂലൈ 2003-നു ഹിന്ദി, സെപ്തംബര്‍ 2003-നു തമിഴ്, ഡിസംബര്‍ 2003-നു തെലുഗ്, ഗുജറാത്തി, ജനുവരി 2004-നു ബംഗാളി എന്നിങ്ങനെ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ഉള്ള വിക്കിപീഡിയകള്‍ ആരംഭിച്ചു.
മലയാളം യൂണിക്കോഡും വിക്കീപീഡിയയും
മലയാളം പോലുള്ള ഭാഷകള്‍ക്ക് കമ്പ്യൂട്ടരില്‍ എഴുതാനും വായിക്കാനുമുപയോഗിക്കുന്ന ലിപിവ്യവസ്ഥകളില്‍ ആദ്യമൊന്നും പൊതുവായ ഒരു മാനദണ്ഡമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഇത്തരം ഭാഷയില്‍ എഴുതുന്ന ലേഖനങ്ങള്‍ വായിക്കാന് പ്രസ്തുത ലേഖനം എഴുതിയ ആള് ഉപയോഗിച്ച ഫോണ്ടും കമ്പ്യൂട്ടര് വ്യവസ്ഥയും തന്നെ ഉപയോഗിക്കണം എന്ന സ്ഥിതി ആയിരുന്നു. യുണികോഡ് എന്നറിയപ്പെടുന്ന കമ്പ്യൂട്ടര്‍ ലിപിവ്യവസ്ഥ വന്നതോടുകൂടി മലയാളം കമ്പ്യൂട്ടറിനു വഴങ്ങുന്ന ഒന്നായി. എല്ലാഭാഷയ്ക്കും തനതായ ലിപിസ്ഥാനങ്ങല്‍ നിശ്ചയിച്ചുകൊണ്ട് അന്താരാഷ്ട്രതലത്തില്‍ നിലവില്‍ വന്നിട്ടുള്ള സംവിധാനമാണ് യുണികോഡ്. മലയാളം യൂണിക്കോഡ് സാര്‍വത്രികമായി ഉപയോഗിക്കുവാന് തുടങ്ങിയതോടെ മലയാളം വിക്കിപ്പീഡിയയും സജീവമായി.
മലയാളം വിക്കിപീഡിയയുടെ തുടക്കം
2002 ഡിസംബര്‍ 21-നു അമേരിക്കന്‍ സര്‍വ്വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ തിരുവനന്തപുരം സ്വദേശിയായ ശ്രീ।വിനോദ് മേനോന്‍ എം. പി യാണ് മലയാളം വിക്കിപീഡിയയ്ക്കു തുടക്കം ഇട്ടതു. അദ്ദേഹം തന്നെയായിരുന്നു തുടര്‍ന്ന് 2 വര്‍ഷത്തോളംമലയാളം വിക്കിയെ സജീവമായി വിലനിര്‍ത്താന്‍ പ്രയത്നിച്ചതും. കുറേ കാലത്തോളം അദ്ദേഹം ഒറ്റയ്ക്കായിരുന്നു ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നത്. മലയാളം വിക്കിപീഡിയയുടെ ആരംഭകാലങ്ങളില് ഉണ്ടായിരുന്ന അംഗങ്ങളെല്ലാം വിദേശമലയാളികളായിരുന്നു.
മന്ദഗതിയിലുള്ള വളര്‍ച്ച
പക്ഷെ ഒന്നോ രണ്ടോ പേര്‍ ചേര്‍ന്ന് ഇത്രയും ബൃഹത്തായ ഒരു പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നത് അസാദ്ധ്യം ആയതിനാല് മലയാളം വിക്കിയുടെ തുടക്കം വളരെ മന്ദഗതിയിലായിരുന്നു. 2002-ല്‍ തുടങ്ങിയിട്ടും 2004 വരെ മലയാളം വിക്കിയില് കാര്യമായ പുരോഗതിയുണ്ടായില്ല. 2004 മധ്യത്തോടെ മലയാളം യുണിക്കോഡ് എഴുത്തു സാമഗ്രികള്‍ സജീവമായിത്തുടങ്ങിയിരുന്നു. ബ്ലോഗുകളിലും മറ്റും പ്രചരിച്ച ഇത്തരം ടൈപ്പിങ്ങ് ഉപകരണങ്ങളുടെ സഹായത്തോടെ ഏതാനും പേര് വിക്കിപീഡിയയിലും സ്ഥിരമായി എത്തിത്തുടങ്ങി. മറ്റെല്ലാ വിക്കികളിലേയുംപോലെ മലയാളത്തിലും ഇക്കാലത്ത് ചെറിയ ലേഖനങ്ങളായിരുന്നു അധികവും. അവ മൊത്തത്തില് നൂറെണ്ണം പോലും തികഞ്ഞിരുന്നുമില്ല. 2004 ഡിസംബറിലാണ് മലയാളം വിക്കിയില് നൂറു ലേഖനങ്ങള്‍ തികയുന്നത്. 2005 മധ്യത്തോടെ പിന്നെയും പുതിയ അംഗങ്ങള്‍ എത്തി. മലയാളം വിക്കിപീഡിയയുടെ മുഖ്യതാള്‍ അണിയിച്ചൊരുക്കപ്പെട്ടു. ലേഖനങ്ങള്‍ വിഷയാനുസൃതമായി ക്രമീകരിച്ചു തുടങ്ങി. 2005 സെപ്റ്റംബറില് ആദ്യത്തെ സിസോപ്പിനെ ലഭിച്ചു. ഒരു മാസത്തിനുശേഷം ഇതേയാള്‍ ആദ്യത്തെ ബ്യൂറോക്രാറ്റുമായി. ഇതോടെ സാങ്കേതിക കാര്യങ്ങളില് മലയാളം വിക്കി ഏകദേശം സ്വയം പര്യാപ്തമായി.
2006-ലെ കുതിപ്പ്
മലയാളികള്‍ക്ക് മലയാളത്തില്‍ ടൈപ്പ് ചെയ്യനുള്ള അജ്ഞത മൂലം മലയാളം വിക്കിപീഡിയയുടെ വളര്‍ച്ച ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയായിരുന്നു. 2006ലാണ് ഇതിനുമാറ്റം കണ്ടുതുടങ്ങിയത്. യൂണീക്കോഡ് മലയാളം ഉപയോഗിച്ച് കേരളത്തില്‍ നിന്നും ഗള്‍ഫ് നാടുകളിലും ഉള്ള അനേകര്‍ മലയാളത്തില്‍ ബ്ലോഗു ചെയ്യുവാന്‍ തുടങ്ങി. ബ്ലോഗിങ്ങിലൂടെ മലയാളം ടൈപ്പിങ്ങ് അനായസം പഠിച്ചെടുത്ത ഇവരില്‍ പലരുടേയും ശ്രദ്ധ ക്രമേണ വിക്കിപീഡിയയിലേക്ക് തിരിഞ്ഞു. അങ്ങനെ കുറച്ച് സജീവ പ്രവര്‍ത്തകര്‍ വിക്കിപീഡിയയിലെത്തിയതോടെ ലേഖനങ്ങളുടെ എണ്ണവും ഉള്ളടക്കത്തിന്റെ വൈവിധ്യവും മെച്ചപ്പെട്ടു. 2006 ഏപ്രില് 10ന് മലയാളം വിക്കിയില്‍ അഞ്ഞൂറാമത്തെ ലേഖനം പിറന്നു. ലേഖനങ്ങളുടെ എണ്ണം അതേവര്‍ഷം സെപ്റ്റംബറില്‍ 1000-വും, നവംബറില്‍ 1500ഉം ആയി ഉയര്ന്നു. ഈ കുതിപ്പ് ഇപ്പോഴും തുടരുകയാണ്. 2007 ജനുവരി 15-നു ലേഖനങ്ങളുടെ എണ്ണം 2000-ഉം, ജുണ്‍ 30ന് 3000 ലേഖനങ്ങള്‍ എന്ന നാഴികക്കല്ലും മലയാളം വിക്കിപീഡിയ പിന്നിട്ടു കഴിഞ്ഞു. നിലവില്‍ മലയാളം വിക്കിയില്‍ ഏതാണ്ട് 3700ഓളം ലേഖനങ്ങള്‍ ഉണ്ട്.
മലയാളം വിക്കികളില്‍ ലേഖനം എഴുതാനുള്ള ഉപാധികള്‍
വായിക്കാനെന്നപോലെ കമ്പ്യൂട്ടറില്‍ മലയാളം എഴുതാനും എളുപ്പമാണ്. അതിനുവേണ്ടിയുള്ള പല പ്രോഗ്രാമുകളും ഇന്ന് ലഭ്യമാണ്. ഭൂരിപക്ഷം പേരും മൊഴി വ്യവസ്ഥയിലുള്ള Transliteration സാമഗ്രി ഉപയൊഗിച്ചാണ് മലയാളം ടൈപ്പ് ചെയ്യുന്നത്.
എഴുതേണ്ട മലയാളവാക്കുകള്‍ക്കു സമാനമായി ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിച്ച് ടൈപ്പുചെയ്യുന്ന മംഗ്ലീഷ് രീതിയെ ശാസ്ത്രീയമായി ലിപിമാറ്റം അഥവാ Transliteration എന്നു പറയുന്നു. ലിപിമാറ്റം തന്നെ പല രീതിയിലും ആവാം. ഇപ്പോള്‍ മലയാളത്തില്‍ ഏറ്റവും പ്രചാരത്തിലുള്ള ലിപിമാറ്റരീതി ‘മൊഴി’ എന്ന വ്യവസ്ഥയാണ്. 1998 മുതല്‍ പ്രചാരത്തിലുള്ള മൊഴിയില്‍ മലയാളികള്‍ പൊതുവായി ഉപയോഗിക്കുന്ന മംഗ്ലീഷ് കീ കോമ്പിനേഷന്‍ തന്നെയാണ് ഒരോ മലയാള അക്ഷരത്തിനും ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ‘മൊഴി’ സമ്പ്രദായം വളരെ കുറഞ്ഞ സമയം കൊണ്ട് ആര്‍ക്കും പഠിക്കാവുന്നതേ ഉള്ളൂ.
മലയാളം വിക്കിയുടെ തുടക്കത്തില്‍ വരമൊഴി എന്ന പ്രോഗ്രാം ആണ് മലയാളം വിക്കി പ്രവര്‍ത്തകര്‍ മലയാളം ടൈപ്പ് ചെയ്യാന്‍ വ്യാപകമായി ഉപയോഗിച്ചു കൊണ്ടിരുന്നത്. മലയാളം അക്ഷരങ്ങളുടെ മൊഴി സ്കീമിലുള്ള വിവിധ കീകോംബിനേഷന്‍ പഠിച്ചെടുക്കുന്നതോടെ അതേ കീകോമ്പിനേഷന്‍ ഉപയോഗിക്കുന്ന വേറെ ഉപാധികളും ഉപയോഗിക്കാം എന്നായി. അങ്ങനെ ബ്രൌസറിലേക്ക് നേരിട്ടു മലയാളം ടൈപ്പു ചെയ്യാവുന്ന ഒരു ടൂള്‍ ആയ കീമാന്‍ എന്ന പ്രോഗ്രം ഉപയോഗിക്കാന്‍ തുടങ്ങി.
ഈ അടുത്ത കാലത്ത് വേറെ ഒരു ബാഹ്യ ഉപകരണങ്ങളുടേയും സഹായം ഇല്ലാതെ വിക്കിയില്‍ നേരിട്ട് മലയാളം ടൈപ്പു ചെയ്യാവുന്ന ഒരു ഇന്‍ബില്‍റ്റ് ടൂളും വിക്കിയില്‍ കൂട്ടിച്ചേര്‍ത്തു.
മൊഴി സ്കീമില്‍ താല്പര്യം ഇല്ലാത്ത വേറെ ചിലര്‍ ഒരു മാതിരി എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ളടക്കം ചെയ്തിരിക്കുന്ന ഇന്‍സ്ക്രിപ്റ്റ് എന്ന ടൂള്‍ ഉപയോഗിക്കാന്‍ തുടങ്ങി.
വിക്കിപീഡിയയിലെ തെളിവ് ചോദിക്കലും റെഫറന്‍സുകള്‍ ചേര്‍ക്കലും
സ്വന്തം കണ്ടെത്തലുകളും കാഴ്ചപ്പാടുകളും മാറ്റിനിര്‍ത്തി ലേഖനങ്ങളെഴുതുക എന്നതാണ് വിക്കിപീഡിയയുടെ ശൈലിയും കീഴ്‌വഴക്കവും. അതായത് എഴുതപ്പെടുന്ന കാര്യങ്ങള്‍ക്ക് വ്യക്തമായ തെളിവുകളുണ്ടാകണം. പത്രമാസികകളും ഇതര പ്രസിദ്ധീകരനങ്ങളും ഉദ്ധരിച്ചാണ് മിക്കവാറും വിക്കിപീഡിയയിലെ ലേഖനങ്ങള്‍ എഴുതപ്പെടുന്നത്. വിശ്വാസ്യയോഗ്യമായ രേഖകള്‍ പരിശോധിച്ച് ലേഖനങ്ങളെഴുതുക എന്നതു തുടക്കത്തില്‍ ശ്രമകരമായിത്തോന്നാം. എന്നാല്‍ വിക്കിപീഡിയയിലെ സജീവ പ്രവര്‍ത്തനത്തിലൂടെ ഇക്കാര്യത്തിലും പരിചയം നേടിയെടുക്കാവുന്നതേയുള്ളൂ. എഴുതുന്ന കാര്യങ്ങള്‍ക്കെല്ലാം തെളിവുകള്‍ വേണം എന്നതുകൊണ്ട് എല്ലാവരികള്‍ക്കും ഉറവിടം ചേര്‍ത്തുകൊള്ളണം എന്നില്ല. സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ക്കോ മറ്റുള്ളവര്‍ക്ക് അധികം സംശയമില്ലാത്ത കാര്യങ്ങള്‍ക്കോ ഇപ്രകാരം റഫറന്‍സുകള്‍ ചേര്‍ക്കണം എന്നു നിര്‍ബന്ധമില്ല.
ഒട്ടുമിക്ക ലേഖനങ്ങളിലും പ്രധാന റഫറന്‍സ് ദിനപത്രങ്ങളാണ്. അതായത് എതെങ്കിലും വിഷയത്തെപ്പറ്റി ലേഖനമെഴുതാനുദ്ദേശിക്കുന്ന വിക്കിപീഡിയന്‍ അതുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകളും ലേഖനങ്ങളും സേര്‍ച്ച് ചെയ്തെടുക്കുന്നു. ഓണ്‍ലൈന്‍ ആക്റ്റിവിസത്തിന്റെ ഇക്കാലത്ത് അനായാസമായ ഈ സൌകര്യം പക്ഷേ മലയാളത്തില്‍ ശൈശവാവസ്ഥയിലാണ്. ഓണ്‍ലൈന്‍ തിരയിലിലൂടെ റഫറന്‍സുകള്‍ കണ്ടെത്തുക എന്നത് മലയാളഭാഷയില്‍ ബുദ്ധിമുട്ടാണെന്നകാര്യം എവര്‍ക്കുമറിവുള്ളതാണല്ലോ. കാരണം നമ്മുറ്റെ പത്രങ്ങള്‍ ഒക്കെ ഇപ്പോഴും യൂണിക്കോഡ് ഫോണ്ട് ഉപയോഗിക്കാന്‍ തുടങ്ങിയിട്ടില്ല എന്നതാണ്.
കേരളത്തിനുള്ളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന വിക്കിപീഡയര്‍ ഏറെയുണ്ടാകുന്നതുകൊണ്ടുള്ള മറ്റൊരു സുപ്രധാനനേട്ടവും ഈ റഫറന്‍സുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കേരള ചരിത്രത്തെപ്പറ്റിയും സംസ്കാരത്തെപ്പറ്റിയുമൊക്കെയുള്ള ഗ്രന്ഥങ്ങളും ലേഖനങ്ങളും എളുപ്പത്തില്‍ കണ്ടെത്താം എന്നതിനാല്‍ കേരളത്തിലുള്ളവര്‍ക്ക് ആധികാരിക രേഖകള്‍ അടിസ്ഥാനമാക്കി ലേഖനങ്ങളെഴുതുക കൂടതല്‍ സൌകര്യപ്രദമാണ്. മലയാളം വിക്കിപീഡിയ കേരളത്തിനുള്ളില്‍ നിന്നും കൂടുതല്‍ പ്രവര്‍ത്തകരെ സ്വാഗതം ചെയ്യുന്നതും ഇക്കാരണംകൊണ്ടാണ്.
വിക്കിപീഡിയയിലെ ലേഖനങ്ങളുടെ സ്വഭാവം
വിക്കിപീഡിയയിലെ ഒരു ലേഖനത്തിനും കൃത്യമായൊരു രചയിതാവില്ല. അതായത് ഒരു ലേഖനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പലരുണ്ടാവും. അവരുടെ കാഴ്ചപാടുകളും വ്യത്യസ്തമാവും. അതുകൊണ്ടുതന്നെ, എല്ലാവര്‍ക്കും ഒരു പോലെ യോജിക്കാനാവുന്ന ഒരു മധ്യമാര്‍ഗത്തിനേ വിക്കിയിലെ ലേഖനങ്ങളില്‍ നിലനില്‍പ്പുണ്ടാവൂ. അതായത് വിക്കി വളരെ സ്വാഭാവികമായി തന്നെ നിഷ്പക്ഷത
ഉറപ്പാക്കുന്നു. കാശ്മീര്‍, സിന്ധൂനദീതടസംസ്കാരം, ഇസ്രായേല്‍-പാലസ്തീന്‍ എന്നിങ്ങനെയുള്ള ഏറ്റവും കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങളില്‍ പോലും ഏറ്റവും നിഷ്പക്ഷമായ സമീപനത്തിന് പേരുകേട്ടതാണ് വിക്കിപീഡിയ. വിക്കിപീഡിയയിലെ വിവരണം മാത്രമേ ഏതു പ്രശ്നത്തിന്റേയും രണ്ടു വശങ്ങളും ഒരുപോലെ വിവരിക്കുന്നുള്ളൂ എന്നു വിശ്വസിക്കുന്നവരിപ്പോള്‍ ഏറി വരികയാണ്. ഇങ്ങനെ അനേകം പേരുടെ കൂട്ടയ്മയില്‍ നിന്നാണ് ഓരോ ലേഖനങ്ങളുടേയും ആധികാരികത ആരുറപ്പാക്കപ്പെടുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ തെറ്റെഴുതിയാല്‍ തിരുത്താനും ആളുണ്ടെന്നര്‍ഥം.
എല്ലാ ലേഖകരും, എല്ലാ വിവരസ്രോതസ്സുകളും വസ്തുതകളോട് പക്ഷപാതിത്വം ഉള്ളവരായിരിക്കും അതുകൊണ്ടുതന്നെ വലിയൊരു ലേഖകസംഘം തങ്ങളുടെ കാഴ്ചപ്പാടുകള്‍ സ്രോതസ്സുകളുടെ പിന്‍ബലത്തോടെ ഒരു ലേഖനത്തില്‍ അവതരിപ്പിക്കുമ്പോള്‍ ലേഖനത്തിന് സ്വതന്ത്രമായ ഒരു നിഷ്പക്ഷത ലഭിക്കേണ്ടതാണ്. ഇത്തരത്തില്‍ ചേരുന്നതും ചേരാത്തതുമായ വിവിധ കാഴ്ചപ്പാടുകളെ ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിനെ സന്തുലിതമായ കാഴ്ചപ്പാട് എന്നാണ് വിക്കിപീഡിയ സ്വയം വിളിക്കുന്നത്. ഇനി ഒരാള്‍ക്ക് തന്റെ കാഴ്ചപ്പാട് വിക്കിപീഡിയയില്‍ ഇല്ല എന്നു തോന്നിയന്നിരിക്കട്ടെ, അയാള്‍ക്ക് അത് സ്വയം സ്രോതസ്സിന്റെ പിന്‍ബലത്തോടെ വിക്കിപീഡിയയില്‍ ചേര്‍ക്കാവുന്നതാണ്. ചിലര്‍ക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങള്‍ മറ്റു ചിലര്‍ക്ക് അത് ചീത്തയായി അനുഭവപ്പെട്ടേക്കാം, അതുകൊണ്ട് വിവരങ്ങളെ വസ്തുതകള്‍ ആക്കി ചേര്‍ക്കാനാണ് വിക്കിപീഡിയ ആഗ്രഹിക്കുന്നത്. ഉദാഹരണത്തിന് ജോര്‍ജ്ജ്. ഡബ്ല്യു. ബുഷ്. നല്ലവനാണോ ചീത്തയാണോ എന്ന് വിക്കിപീഡിയയില്‍ നിന്ന് അറിയാന്‍ കഴിയില്ല. പക്ഷേ അദ്ദേഹത്തിന്റെ ജനനം മുതലുള്ള എല്ലാ പ്രധാന കാര്യങ്ങളും വിക്കിപീഡിയയില്‍ ഉണ്ടാവും. നിരൂപണങ്ങള്‍ വിക്കിപീഡിയയില്‍ ഉണ്ടാവില്ലന്നര്‍ത്ഥം.
എല്ലാവര്‍ക്കും എഴുതാനും മറ്റുള്ളവര്‍ എഴുതിയത് തിരുത്താനും പറ്റുന്ന ഒരു കൂട്ടായ്മയില്‍ നിന്ന് എങ്ങനെയാണ് ഒരു വിശ്വവിജ്ഞാനകോശം പിറക്കുക എന്നത് അല്‍ഭുതപ്പെടുത്തുന്ന കാര്യമാണ്। കൂടുതല്‍ കണ്ണുകള്‍ കാണുകയും തിരുത്തുകയുംചെയ്യുമ്പോള്‍ ലേഖനങ്ങളുടെ ഗുണനിലവാരം ഉയരുന്നു എന്നതാണ് മലയാളം വിക്കിപീഡിയയുടെയും മറ്റ് വിക്കികളുടെയുംപ്രവര്‍ത്തന തത്വം. ഉദാഹരണത്തിന് ഒറ്റവരി ലേഖനത്തെ മറ്റ് ഉപയോക്താക്കള്‍ വന്ന് കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്ത് വലുതാക്കി എടുക്കാറുണ്ട്. ചാലക്കുടി എന്ന ലേഖനം പത്തോളം പേര്‍ ചേര്‍ന്ന് 300-ഓളം തവണ വെട്ടിയും തിരുത്തിയും വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തും എഴുതിയതാണ്.
ഇങ്ങനെ അനേകം വിക്കിപീഡിയരുടെ ശ്രമഫലമായി ഇന്ന് മലയാളം വിക്കിപീഡിയയില്‍ ചെറുതും വലുതുമായി 3700-ല്‍ ഏറെ ലേഖനങ്ങള്‍ ഉണ്ട്. എല്ലാ മാസവും മുന്നൂറോളം പുതിയ ലേഖനങ്ങള്‍ ചേര്‍ക്കപ്പെടുന്നു. പല ലേഖനങ്ങളും സചിത്ര ലേഖനങ്ങള്‍ ആണ്. ലേഖനങ്ങളിലെ ചിത്രങ്ങളും വിക്കിപീഡിയര്‍ തന്നെയാണ് സംഭാവന ചെയ്യുക. മലയാളം വിക്കിപീഡിയയില്‍ ഉള്ള ലേഖനങ്ങളില്‍ ഇ. എം. എസ്. നമ്പൂതിരിപ്പാട്, എ. കെ. ആന്റണി, വി.എസ്. അച്യുതാനന്ദന്‍, മാണി മാധവ ചാക്യാര്‍, രാജാ രവിവര്‍മ്മ, തുടങ്ങിയവരുടെ ജിവചരിത്ര ലേഖനങ്ങള്‍, സിന്ധൂ നദീതട സംസ്കാരം, കേരളത്തിലെ നാട്ടുരാജ്യങ്ങള്‍, മാമാങ്കം , തുടങ്ങിയ ചരിത്ര ലേഖനങ്ങള്‍, സൂപ്പര്‍നോവ, ജ്യോതിശാസ്ത്രം, തുടങ്ങിയ ശാസ്ത്ര ലേഖനങ്ങള്‍, കേരളത്തിലെയും ലോകത്തിലെ പല സ്ഥലങ്ങളെയും കുറിച്ചുള്ള ഭൂമിശാസ്ത്ര ലേഖനങ്ങള്‍, ഇസ്ലാം മതം, ക്രിസ്തീയ സഭകള്‍, ഹിന്ദുമതാചാരങ്ങള്‍, തുടങ്ങിയ മതപരമായ ലേഖനങ്ങള്‍, കണ്ണ്, ചെവി, ആന, വിശറിവാലന്‍, കുരങ്ങ്, തുടങ്ങിയ ജീവശാസ്ത്ര
ലേഖനങ്ങള്‍, സദ്യ, ചോക്കളേറ്റ് കേക്ക്, തുടങ്ങിയ ഭക്ഷണ സംബന്ധിയായ ലേഖനങ്ങള്‍, ഖസാക്കിന്റെ ഇതിഹാസം, ആരോഹണം (ചലച്ചിത്രം), തുടങ്ങിയ സിനിമ / നോവല്‍ സംബന്ധിയായ ലേഖനങ്ങള്‍, കുട്ടിയും കോലും, കീശേപ്പി, ക്രിക്കറ്റ്, തുടങ്ങിയ കളികളെക്കുറിച്ചുള്ള ലേഖനങ്ങള്‍, ലളിത കലകളെയും ക്ഷേത്രങ്ങളെയും കുറിച്ചുള്ള ലേഖനങ്ങള്‍, എന്നുവേണ്ട, മലയാളികളായ വായനക്കാര്‍ക്ക് വിജ്ഞാനപ്രദമായ എന്തും വിക്കിപീഡിയയില്‍ ലേഖനങ്ങള്‍ക്ക് വിഷയമാവുന്നു.
മറ്റെവിടെയും കാണാത്ത ലേഖനങ്ങള്‍
ഒരു വിജ്ഞാനകോശമെന്ന നിലയില്‍ വിക്കിപീഡിയയുടെ ഏറ്റവും വലിയ പ്രത്യേകത അതിനു കൈവരിക്കാവുന്ന വ്യാപ്തിയാണ്. ഒരു പേപ്പര്‍ വിജ്ഞാനകോശത്തിന് അതിന്റെ വലിപ്പത്തില്‍ നിയന്ത്രണം പാലിക്കേണ്ടതിനാല്‍ ഉള്‍ക്കൊള്ളിക്കാനുള്ളതിലേറെ ഒഴിവാക്കാനുള്ള വിഷയങ്ങളായിരിക്കും ഉണ്ടാവുക. ഇവിടെയാണ് വിക്കിപീഡിയ വ്യത്യസ്തമാകുന്നത്. ഓണ്‍-ലൈന്‍ വിജ്ഞാനകോശമായതിനാല്‍ വിജ്ഞാനപ്രദമായ ഏതു ചെറുവിഷയത്തെയും വിക്കി സ്വാഗതം ചെയ്യുന്നു. ഒരുദാഹരണമെടൂത്താല്‍, മലയാളത്തില്‍ പ്രസിദ്ധീകൃതമായ ചെറുതും വലുതുമായ വിജ്ഞാനകോശങ്ങളിലൊന്നും ഒരുപക്ഷേ കുട്ടിയും കോലും എന്ന കളിയെക്കുറിച്ച് ഒരു ലേഖനം കണ്ടേക്കില്ല. വളരെ നിസാരമെന്നു തോന്നാവുന്ന ഈ വിഷയത്തെക്കുറിച്ചും അറിയാന്‍ താല്പര്യമുള്ളവര്‍ക്കാണും എന്നതില്‍ സംശയമില്ലല്ലോ. മലയാളം വിക്കിപീഡിയയില്‍ ഏറ്റവും താല്പര്യത്തോടെ തിരുത്തപ്പെടുന്ന ലേഖനങ്ങളിലൊന്നാണിത്.
കേരളത്തിനുള്ളിലെ വിവിധ സ്ഥലങ്ങളെക്കുറിച്ചു തന്നെ സമഗ്രമായ വിവര ശേഖരമൊന്നും ഇന്റര്‍നെറ്റില്‍ കിട്ടിയേക്കില്ല. ഉള്ളവയാകട്ടെ കേവലം ട്രാവല്‍ ഗൈഡിന്റെ സ്വഭാവമുള്ളതായിരിക്കും. ഈ ഒരു കുറവുനികത്താനും വിക്കിയിലെ ഉപയോക്താക്കള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ചാലക്കുടി എന്ന ലേഖനം ഉദാഹരണം.
നമ്മുടെ സ്കൂളുകളിലെ പഠനസമ്പ്രദായങ്ങള്‍ വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകുന്ന ഇക്കാലത്ത് പാഠപ്പുസ്തകത്തിനപ്പുറമുള്ള വിവരശേഖരണം പ്രധാനമാണല്ലോ. സ്കൂളുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിച്ചുവരുന്നതിനാല്‍ കുട്ടികള്‍ക്ക് മലയാളം വിക്കിപീഡിയ പ്രയോജനപ്പെടുത്താനുള്ള അവസരമുണ്ട്. ചരിത്രം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയ മേഖലകളില്‍ മലയാളം വിക്കിയിലുള്ള ലേഖനങ്ങള്‍ വിജ്ഞാനപ്രദമാണ്.
തിരഞ്ഞെടുത്ത ലേഖനങ്ങള്‍
വിക്കിപീഡിയയുടെ വെബ് വിലാസത്തിന്റെ ആദ്യതാളില്‍ വരാനുള്ള ലേഖനങ്ങളാണ് തിരഞ്ഞെടുത്ത ലേഖനങ്ങള്‍. ഒരു വായനക്കാരന്റെ ശ്രദ്ധയില്‍ ആദ്യം പെടുന്ന ലേഖനം ആയതുകൊണ്ട് ഈ ലേഖനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുവാന്‍ വിക്കിപീഡിയയിലെ ലേഖകര്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തുന്നു.
എല്ലാ മാസവും തിരഞ്ഞെടുത്ത ലേഖനം ആകുവാന്‍ സമര്‍പ്പിക്കപ്പെടുന്ന പല ലേഖനങ്ങള്‍ ഉണ്ടാവാം. ഇതില്‍ നിന്ന് ജനാധിപത്യ പ്രക്രിയയിലൂടെ വിക്കിപീഡിയര്‍ എല്ലാ മാസവും ഓരോ ലേഖനങ്ങളെ തിരഞ്ഞെടുക്കുന്നു. ഇംഗ്ലീഷ് പോലുള്ള വിക്കിപീഡിയകളില്‍ എല്ലാ ദിവസവും പുതിയ ലേഖനങ്ങളെ തിരഞ്ഞെടുത്ത് പ്രധാന താള്‍ പുതുക്കാരുണ്ട്. സാമാന്യം പൂര്‍ണ്ണമായ ഉള്ളടക്കവും കൃത്യതയും ഉള്ള ലേഖനങ്ങളെ ആണ് തിരഞ്ഞെടുത്ത ലേഖനങ്ങളാവാന്‍ സമര്‍പ്പിക്കുക. ഒരു ലേഖനം തിരഞ്ഞെടുത്ത ലേഖനം ആവുന്നതിനു മുന്‍പ് വിക്കിപീഡിയര്‍ ഈ ലേഖനത്തില്‍ ധാരാളം തിരുത്തലുകള്‍ വരുത്തുന്നു. ലേഖനത്തെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ചേര്‍ത്ത് ലേഖനം സമ്പൂര്‍ണ്ണമാക്കുന്നതിനും എല്ലാ ചെറുതും വലുതുമായ തെറ്റുകള്‍ തിരുത്തുന്നതിനും വിക്കിപീഡിയര്‍ ശ്രദ്ധിക്കുന്നു.
ലേഖനത്തിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ഗ്രന്ഥങ്ങളെയും മറ്റ് വിജ്ഞാന ശ്രോതസ്സുകളെയും കുറിച്ചുള്ള വിവരങ്ങളും വിക്കിപീഡിയര്‍ ലേഖനത്തിനു അവലംബമായി ചേര്‍ക്കുന്നു. ലേഖനത്തിനു ആവശ്യമായ ചിത്രങ്ങളും ചേര്‍ക്കുമ്പോള്‍ വിജ്ഞാനപ്രദമായ ഒരു സമ്പൂര്‍ണ്ണലേഖനം പിറക്കുകയായി.
ചാലക്കുടി, ആന, ലാറി ബേക്കര്‍, റോമന്‍ റിപ്പബ്ലിക്ക്, ക്രിക്കറ്റ്, നൈട്രജന്‍, ഇന്ത്യന്‍ റെയില്‍വേ, തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങള്‍ ഇതുവരെ തിരഞ്ഞെടുത്ത ലേഖനങ്ങളായി. പറയിപെറ്റ പന്തിരുകുലം, ഇബ്സന്‍, തുടങ്ങിയ ലേഖനങ്ങള്‍ ഈ മാസത്തെ തിരഞ്ഞെടുത്ത ലേഖനങ്ങളാവാന്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു.
ലേഖനങ്ങളുടെ ഭാഷാപരമായ ഗുണങ്ങളും കോട്ടങ്ങളും
വലിയൊരു സംഘം വിക്കിപീഡിയര്‍ ആണ് വിക്കിപീഡിയയിലെ ലേഖനങ്ങള്‍ തയ്യാറാക്കുന്നത്. ചിലര്‍ക്ക് അനേകം വിജ്ഞാനശകലങ്ങള്‍ കൈമുതലായുണ്ടാവും, ചിലര്‍ക്ക് അസാമാന്യമായ ഭാഷാസ്വാധീനമുണ്ടാവും. വിജ്ഞാനശകലങ്ങള്‍
ചേര്‍ക്കുന്നവര്‍ക്കുണ്ടായേക്കാവുന്ന ഭാഷാപരമായ തെറ്റുകള്‍ ഭാഷയില്‍ സ്വാധീനമുള്ള ലേഖകര്‍ ശരിയാക്കുന്നു. അങ്ങിനെ അങ്ങിനെ നിരന്തരമായ തിരുത്തലുകള്‍ക്കൊടുവില്‍ നല്ലൊരു ലേഖനം പിറക്കുന്നു. മലയാളം വിക്കിപീഡിയയിലെ ലേഖകര്‍ മലയാളികളാണ് അതുകൊണ്ട് മലയാള ഭാഷയുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളും തിരുത്തലുകളും മലയാളം വിക്കിപീഡിയയിലുണ്ടാകാറുണ്ട്. ഇത്തരത്തില്‍ സംവൃതോകാരത്തിന്റെ ഉപയോഗം സംബന്ധിച്ചിണ്ടായ ഇത്തരം ചര്‍ച്ച ഇന്നും അവസാനിച്ചിട്ടില്ല. ഇംഗ്ലീഷ് പദങ്ങളുടെ മലയാളീകരണമാണ് പ്രശ്നമുള്ള മറ്റൊരു മേഖല. പല ഇംഗ്ലീഷ് പദങ്ങള്‍ക്കും തുല്യമായ മലയാളം പദമില്ലാത്തതിനാല്‍ ചിലര്‍ അവിടെ അതേ പദം തന്നെ മലയാളം ലിപിയില്‍ ഉപയോഗിക്കുന്നു. മറ്റു ചിലരാകട്ടെ അവയ്ക്ക് സ്വന്തം കഴിവനുസരിച്ച് മലയാളം പദങ്ങള്‍ സൃഷ്ടിച്ച് ഉപയോഗിക്കുന്നു. മലയാളം വിക്കിപീഡിയയില്‍ ഉപയോക്താക്കളുടെ എണ്ണം വളരെയധികം ഇല്ലാത്തതിനാല്‍ ഇത്തരം കാര്യങ്ങളെല്ലാം ഇന്ന് കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ്. മലയാളം വിക്കിപീഡിയയില്‍ ലേഖകരുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ഇത്തരം പ്രശ്നം എല്ലാം പരിഹരിക്കപ്പെടുമെന്നാണ് പൊതുവേ വിശ്വസിക്കുന്നത്.
ഇംഗ്ലീഷ് വിക്കിപീഡിയയില്‍ പലപ്പോഴും ഭൂരിപക്ഷം ആളുകളുടെ അഭിപ്രായം സത്യം എന്ന രൂപത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ സാദ്ധ്യതയുണ്ടാവാറുണ്ട്। ഉദാഹരണത്തിന് കശ്മീര്‍ പ്രശ്നം - ഇതില്‍ പാക്കിസ്ഥാന്‍ വംശജരെക്കാളും കൂടുതല്‍ വിക്കിപീഡിയ ഉപയോക്താക്കള്‍ ഇന്ത്യയില്‍ നിന്ന് ഉള്ളവരായതിനാല്‍ ലേഖനത്തിന് ഇന്ത്യാ അനുകൂല ചായ്‌വ് വരാന്‍ സാദ്ധ്യതയുണ്ട്. അതുപോലെ തന്നെ ബെല്‍ഗാം ജില്ലയെച്ചൊല്ലി മഹാരാഷ്ട്രയും കര്‍ണ്ണാടകയും തമ്മില്‍ ഉള്ള തര്‍ക്കം. വിവിധ രാഷ്ട്രീയ പ്രശ്നങ്ങളെ കുറിച്ചുള്ള ലേഖനങ്ങള്‍, അന്താരാഷ്ട്ര തര്‍ക്കങ്ങള്‍, അതിര്‍ത്തി തര്‍ക്കങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ചുള്ള ലേഖനങ്ങള്‍, എന്നിവയൊക്കെ തര്‍ക്ക വിഷയങ്ങള്‍ ആവാറുണ്ട്. അനേകം ഉപയോക്താക്കള്‍ തങ്ങളുടെ കാഴ്ച്ചപ്പാട് അനുസരിച്ച് ലേഖനം മാറ്റി എഴുതുമ്പോള്‍ പലപ്പൊഴും ഒരാള്‍ എഴുതിയ കാര്യങ്ങള്‍ പുതുതായി എഴുതുന്ന ആള്‍ മായ്ച്ചുകളയാറുമുണ്ട്. ഇങ്ങനെ വരുമ്പൊള്‍ വിക്കിപീഡിയയുടെ കാര്യ നിര്‍വ്വാഹകര്‍ ലേഖനത്തിന്റെ നിഷ്പക്ഷത സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. ലേഖനത്തെ തിരുത്തല്‍ യുദ്ധത്തില്‍ നിന്നും സംരക്ഷിക്കേണ്ട ചുമതലയും പലപ്പോഴും ഇവര്‍ക്കാണ്.
മലയാളം വിക്കിപീഡിയയും മറ്റു ഭാരതീയ ഭാഷകളിലുള്ള വിക്കിപീഡിയകളും
നിലവില്‍ വിവിധ ഭാരതീയ ഭാഷകളിലുള്ള ലേഖനങ്ങളുടെ എണ്ണം താഴെ പറയുന്ന വിധത്തിലാണ്
- തെലുങ്ക് - 33109
- ബംഗാളി - 16033
- ഹിന്ദി - 12329
- തമിഴ് - 11027
- മറാഠി - 10364
- കന്നഡ - 4721
- സംസ്കൃതം - 3870
- മലയാളം - 3700
- ഭോജ് പുരി - 2231
- പാലി - 2227
- കശ്മീരി - 352
- ഗുജറാത്തി - 344
- പഞ്ചാബി - 228
- സിന്ധി - 182
- ആസ്സാമി 167
- ഒറിയ - 22
പുറത്തു നിന്നു നോക്കുന്ന ഒരാള്‍ക്ക് വിക്കിപീഡിയയുടെ വളര്‍ച്ചയും, വലിപ്പവും, ലേഖനങ്ങളുടെ ഗുണ നിലവാരവും ഒക്കെ നിര്‍ണ്ണയിക്കുന്നത് അതിലെ ലേഖനങ്ങളുടെ എണ്ണം മാത്രം നോക്കിയാണെന്നു മാത്രം തോന്നാം. ലേഖനങ്ങള് എഴുന്നവരുടെ
എണ്ണവും, തിരുത്തലുകള് നടത്തുന്നവരുടെ എണ്ണവും മറ്റും വലരെ ഉയര്ന്നു നില്ക്കുന്ന ഇംഗ്ലീഷ് വിക്കിപീഡിയയുടെ കാര്യത്തില് ഇതു ഒരു പരിധി വരെ ശരിയുമാണ്. പക്ഷെ വിക്കിപീഡിയയില് ഒരു ലേഖനം ആയി പരിഗണിച്ച് അതിനെ ലേഖനങ്ങളുടെ എണ്ണത്തിലേക്ക് ചേര്‍ക്കാന്‍ ഒരു തലക്കെട്ടും പിന്നെ ലേഖനത്തില് ഒന്നോ രണ്ടോ വരിയും മതി.
പല ഇംഗ്ലീഷേതര വിക്കികളിലും ഇതു ലേഖനങ്ങളുടെ എണ്ണം കൂട്ടി മത്സരത്തിനുള്ള ഒരു വിദ്യയായി കണ്ടു. അതായത് തലക്കെട്ട് മാത്രം ഉണ്ടാക്കി രണ്ട് വരി എഴുതിയിട്ട് ലേഖനങ്ങളുടെ എണ്ണം കൂട്ടുന്ന ഒരു പ്രക്രിയ. സത്യത്തില്‍ ലേഖനങ്ങളുടെ എണ്ണം കൂടുമെങ്കിലുംപ്രസ്തുത വിക്കിയുടെ ഗുണ നിലവാരം കുറയുകയാണ് ഇത്തരം തലക്കെട്ടു ലേഖനങ്ങള്‍ ഉണ്ടാക്കുന്നതിലൂടെ സംഭവിക്കുന്നത്.
വിക്കിയുടെ ഗുണനിലവാരം അളക്കുന്ന ഒരു ഏകകം പിന്നീട് വിക്കിയില് കൊണ്ട് വന്നു. വിക്കിയില് എത്ര ലേഖനങ്ങള് ഉണ്ട്, ഓരോ ലേഖനത്തിലും എത്ര തിരുത്തലുകള് നടന്നു, എത്ര മുഖ്യേതര ലേഖനങ്ങള്‍ ഉണ്ടാക്കി, ഇവയുടെ ഒക്കെ കണക്കെടുത്ത് ഒരു സമീകരണം കണ്ടുപിടിക്കും. അതിന്നാണ് പേജ് ഡെപ്ത് എന്നു പറയുന്നത്.
ആവശ്യമായ തിരുത്തലുകളോ , മുഖ്യേതര ലേഖനങ്ങളോ വിക്കിയില് ഉണ്ടാകുന്നില്ലെങ്കില് വിക്കിയുടെ പേജ് ഡെപ്ത്ത് താഴേക്ക് പോകും. നിലവില്‍ ഏറ്റവും അധികം പേജ് ഡെപ്ത്ത് ഉള്ളത് ഇംഗ്ലീഷ് വിക്കിക്കാണ്. ഓരോ ദിവസവും ലക്ഷക്കണക്കിനു തിരുത്തലുകളും നൂറുകണക്കിനു മുഖ്യേതര ലേഖനങളും ഉണ്ടാകുന്ന ഇംഗ്ലീഷ് വിക്കിയുടെ പേജ് ഡെപ്ത്ത് 320 ഓളം ആണ് ഇപ്പോള്‍. ഇംഗ്ലീഷ് വിക്കിയിലെ ലേഖനങ്ങളുടെ ഗുണ നിലവാരം പരിശോധിച്ചാല് നമുക്ക് ഇതിന്റെ പ്രാധാന്യവും മനസ്സിലാക്കാം.
പക്ഷെ ഇന്ത്യന് ഭാഷകളിലെ പല വിക്കികളും ലേഖനങ്ങളുടെ എണ്ണം കൂട്ടുക എന്ന ഒരൊറ്റ ഉദ്ദേശത്തിലാണ് മുന്നോട്ട് പോകുന്നത്. തുടക്കം മുതല് തന്നെ മലയാളം വിക്കിപീഡിയയുടെ പ്രവര്‍ത്തകര്‍ ലേഖനങ്ങളുടെ എണ്ണം കൂട്ടി മറ്റു വിക്കിപീഡിയകളോട് മത്സരിക്കുവാന് ശ്രമിച്ചില്ല. പുതിയതായി തുടുങ്ങുന്ന ഏതു ലേഖനത്തിലും ഏറ്റവും കുറഞ്ഞത് പ്രാഥമികമായ വിവരങ്ങളും, ചിത്രങ്ങള്‍ ലഭ്യമാണെങ്കില് അതു ചേര്‍ക്കാനും, അതോടൊപ്പം ആ ലേഖനത്തിനു ആവശ്യമായ മറ്റു അനുബന്ധ ലേഖനേതര സംഭവങ്ങള്‍ ഉണ്ടക്കാന് മലയാളം വിക്കിപീഡിയയുടെ പ്രവര്‍ത്തകര്‍ ശ്രമിച്ചു. അതിനാല് തന്നെ 3700 ലേഖനങ്ങള്‍ മാത്രമുള്ള മലയാളം വിക്കിപീഡിയയുടെ പേജ് ഡെപ്ത്ത് ഇന്നു 70നു മുകളില്‍ ആണ്. ഇക്കാര്യത്തില് മലയാളം വിക്കിപീഡിയ ഇതര ഭാരതീയ വിക്കികളെക്കാള് ബഹുദൂരം മുന്‍പിലാണ്. ഏതാണ്ട് 33,000 ലേഖങ്ങള്‍ ഉള്ള തെലുഗു വിക്കിപീഡിയയുടെ പേജ് ഡെപ്ത്ത് വെറും 2
മാത്രമാണ്. മലയാളത്തിനു പിറകില്‍ രണ്ടാമതായി പേജ് ഡെപ്ത്ത് ഉള്ളത് ബംഗാളി വിക്കിപീഡിഅയക്കാണ്. അതു പക്ഷെ വെറും 35 മാത്രമാണ്.
പക്ഷെ പേജ് ഡെപ്ത്ത് കൂടിയിരുന്നതു കൊണ്ട് മാത്രം വിക്കിയുടെ ഗുണനിലവാരം ഒരു പരിധിക്ക് അപ്പുറം ഉയരില്ല. പേജ് ഡെപ്ത്തും, ലേഖനങ്ങളുടെ എണ്ണവും ഒക്കെ ആഭരണമായി കൊണ്ടുനടക്കാം എന്നതിനപ്പുറം വിക്കിയുടെ ഗുണനിലവാരം നല്ല എഴുത്തുകാരുടെ സഹായത്തോടെ ഉയര്‍ത്തുക എന്നതാണ് മലയാളം വിക്കി പ്രവര്‍ത്തകരുടെ ആഗ്രഹം. കാരണം വിക്കിയില്‍ ഇപ്പോള്‍ സംഭാവന നല്കുന്ന പത്തോ പതിനഞ്ചോ ആള്‍ക്കാര്‍ക്ക് കൈവെക്കാവുന്ന വിഷയങ്ങള്‍ക്കും, എഴുതാവുന്ന ലേഖനങ്ങള്‍ക്കും, നടത്താവുന്ന തിരുത്തലുകള്‍ക്കും ഒക്കെ പരിധി ഉണ്ട്. അതിനാല് വിവിധ വിഷയത്തില് നൈപുണ്യം ഉള്ള, നല്ല തിരുത്തലുകള്‍ നടത്താന് കഴിവുള്ള നിരവധി ആളുകള്‍ വിക്കിപീഡിയയിലേക്ക് വരേണ്ടതാണ്.
വാന്‍ഡലിസവും അജ്ഞാത ഉപയോക്താക്കളുടെ തിരുത്തലുകളും
ദുരുദ്ദേശത്തോടുകൂടി വിക്കിപീഡിയയില്‍ മോശമായ തിരുത്തലുകള്‍ നടത്തുന്നതിനാണ് വാന്‍ഡലിസം എന്നുപറയുക. ആര്‍ക്കും വിക്കിപീഡിയയില്‍ എഴുതാവുന്നതുകൊണ്ട് നല്ല ലേഖനങ്ങള്‍ ചില ഉപയോക്താക്കള്‍ വന്ന് പാടേ മായ്ച്ചുകളയുന്നതും, പരസ്പരബന്ധമില്ലാത്ത കാര്യങ്ങളും തമാശകളും എഴുതിവെക്കുന്നതും, ലേഖനങ്ങളില്‍ അശ്ലീല ചിത്രങ്ങള്‍ ചേര്‍ക്കുന്നതും ഒക്കെ വാന്‍ഡലിസത്തിന് ഉദാഹരണമാണ്. വാന്‍ഡലിസം കാണിക്കുന്ന ഉപയോക്താവിന് അങ്ങനെ ചെയ്യരുത് എന്ന് മറ്റു വിക്കിപീഡിയര്‍ താക്കീതു കൊടുക്കുന്നു. താക്കീതുകള്‍ കേള്‍ക്കാതെ വീണ്ടും ദുഷ്:പ്രവര്‍ത്തി തുടരുകയാണെങ്കില്‍ ഈ ഉപയോക്താവിനെ ഏതെങ്കിലും അഡ്മിന്മാര്‍ വീണ്ടും തിരുത്തുകള്‍ നടത്തുന്നതില്‍ നിന്നും തടയുന്നു.
പലപ്പോഴും പുതിയ ഉപയോക്താക്കള്‍ തങ്ങള്‍ക്ക് തിരുത്തലുകള്‍ വരുത്താന്‍ പറ്റുമോ എന്ന് പരീക്ഷിച്ചുനോക്കാന്‍ താളുകളില്‍ അര്‍ത്ഥമില്ലാത്ത തിരുത്തലുകള്‍ നടത്തി നോക്കാറുണ്ട്. ഇത് വാന്‍ഡലിസം അല്ല. മറ്റ് വിക്കിപീഡിയര്‍ സാധാരണയായി ഇത്തരം തിരുത്തലുകളോട് സഹിഷ്ണുക്കള്‍ ആണ്.
വിക്കിപീഡിയയില്‍ ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്ത് തിരുത്തലുകള്‍ നടത്താന്‍ സൌകര്യമുണ്ട്. കൂടുതലും വാന്‍ഡലിസം
വരുന്നത് ലോഗിന്‍ ചെയ്യാത്ത ഉപയോക്താക്കളില്‍ നിന്നാണ് (അജ്ഞാത ഉപയോക്താക്കള്‍ എന്ന് ഇവരെ വിളിക്കുന്നു).
വാന്‍ഡലിസം തടയുവാനായി അജ്ഞാത ഉപയോക്താക്കള്‍ക്ക് വിക്കിപീഡിയയില്‍ ചിത്രങ്ങള്‍ ചേര്‍ക്കാനോ പുതിയ ലേഖനങ്ങള്‍ തുടങ്ങുവാനോ ഉള്ള അനുമതി ഇല്ല. എന്നാല്‍ ഇവര്‍ക്ക് ഉള്ള ലേഖനങ്ങളില്‍ തിരുത്തലുകള്‍ നടത്തുവാനും ലേഖനങ്ങള്‍ മെച്ചപ്പെടുത്തുവാനും സാധിക്കും. പല ഉപയോക്താക്കളും ലോഗിന്‍ ചെയ്യാതെ തിരുത്തലുകള്‍ നടത്തുവാന്‍ ഇഷ്ടപ്പെടുന്നു. വിക്കിപീഡിയ ഇവരെ തടയുന്നില്ല.
വിക്കിപീഡിയയില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്നല്ല. ചിലപ്പോഴെല്ലാം ചില സാമൂഹ്യവിരുദ്ധര്‍ സത്യവിരുദ്ധമായ വസ്തുതകളും സ്വകാര്യലാഭത്തിനു വേണ്ടി പരസ്യപ്രചരണമോ ചില താളുകളില്‍ കൂട്ടിച്ചേര്‍ത്തെന്നുവരും. എന്നാലും ആ താളുകള്‍ ശ്രദ്ധിക്കുന്നവര്‍ അവയെല്ലാം പെട്ടന്നുതന്നെ മാച്ചു കളയുന്നു. ഇംഗ്ലീഷ് വിക്കിപീഡിയ ഇത്തരം പ്രശ്നങ്ങളില്‍ നിന്നു പൂര്‍വ്വസ്ഥിതിയിലെത്തുവാന്‍ എത്ര സമയം എടുക്കുന്നു എന്നറിയുവാന്‍ വിക്കിമീഡിയ ഓര്‍ഗനൈസേഷന്‍ ഒരു ടെസ്റ്റു നടത്തി. അഞ്ചുമിനിറ്റിനുള്ളില്‍ അനാശ്യാസമായ എഡിറ്റുകളെല്ലാം പൂര്‍വ്വസ്ഥിതിയിലായി. ഒരു വലിയ സന്നദ്ധസമൂഹം ഇതിനു പിന്നിലുണ്ടെങ്കിലേ ഇതൊക്കെ സാധ്യമാവുകയുള്ളൂ. എന്നാല്‍ അതൊട്ട് അപ്രാപ്യമല്ല താനും. ഇംഗ്ലീഷ് വിക്കിപീഡിയ കാണിച്ചു തരുന്നതതാണ്.
ആര്‍ക്കൊക്കെ വിക്കിയിലെഴുതാം?
പണ്ഡിതനും പാമരനും സംഭാവന ചെയ്യാനും രണ്ടു പേര്‍ക്കും ഒരേ പരിഗണനയും കിട്ടുന്ന ഒരു സംവിധാനം ആണ് വിക്കിപീഡിയയില്‍. ഓണത്തെപ്പറ്റി പത്തുവാചകം എഴുതാന്‍പോരുന്നവരായാല്‍ വിക്കിയിലേക്കും എന്തെങ്കിലും ഒക്കെ സംഭാവന്‍ ചെയ്യാം. സ്കൂള്‍ കൂട്ടികള്‍ മുതല്‍ ശാസ്ത്രജ്ഞന്മാര്‍ വരെ വിക്കിപീഡിയയില്‍ എഴുതുന്നുണ്ട്. വിക്കിഎഴുതുന്നതെല്ലാം പെര്‍ഫക്റ്റാവണം എന്ന വാശി ആര്‍ക്കും വേണ്ട; പുറകേ വരുന്നവര്‍ തിരുത്തിക്കോളും അല്ലെങ്കില്‍ കൂട്ടിച്ചേര്‍ത്തോളും എന്ന അവബോധം വിക്കിയില്‍ എഴുതുന്ന സാധാരണം ഉപയൊക്താക്കള്‍ക്ക് വലിയൊരാത്മവിശ്വാസം നല്‍കുന്നുണ്ട്.
ഒരു പ്രൈമറി സ്ക്കൂള്‍ ടീചര്‍ അവരുടെ സ്കൂളിനെ പറ്റിയെഴുതുന്നു; പ്രൈമറി വിദ്യാഭ്യാസത്തിന്റെ വിവിധഘട്ടങ്ങളെ പറ്റിയെഴുതുന്നു. ഒരു ബാങ്ക് ജീവനാക്കാരന്‍ ബാങ്കിങ് മേഖലയെ കുറിച്ചും സ്വന്തം ബാങ്കിന്റെ ചരിത്രവും; ഒരു ഡിഗ്രിവിദ്യാര്‍ഥി അവന്‍ പഠിക്കുന്ന വിഷയത്തിലെ ചില വാക്കുകള്‍ എന്താണെന്ന് നിര്‍വചിക്കുന്നു. പാര്‍ട്ടിപ്രവര്‍ത്തകന്‍ നേതാക്കന്മാരുടെ ജീവിതരേഖ കുറിക്കുന്നു. ഒരു
വീട്ടമ്മ അന്നുകണ്ട സിനിമ ആരുണ്ടാക്കി, അഭിനയിക്കുന്നവരാരെല്ലാം എന്നെഴുതുന്നു. ഒരു കര്‍ഷകന്‍ കൃഷിയെപറ്റിയുള്ള അനേകം നാട്ടറിവുകള്‍ പങ്കുവയ്ക്കുന്നു... അങ്ങനെ അങ്ങനെ അനേകം ചെറുതുള്ളികള്‍ ചേര്‍ന്നൊരു പെരുമഴയാവുകയാണ്.
കേരളവും ഇന്റര്‍നെറ്റും
കാര്യങ്ങള്‍ നേരാംവണ്ണം മനസ്സിലാക്കിയെടുക്കാന് പാകപ്പെട്ടിട്ടുള്ളൊരു സൈക്കിയാണ് കേരളീയ സമൂഹത്തിന്റേത്. സമൂഹത്തില് നിലനിന്നിരുന്ന പല അസമത്വങ്ങളും മാറ്റിയെടുക്കാന് ഈ സൈക്കി, കേരളത്തിനെ സഹായിച്ചിട്ടുണ്ട്. അങ്ങിനെ വിപ്ലവങ്ങളുടെ നാടെന്നും കേരളത്തിന് പേരു വീണു. കാര്യങ്ങള് ഇതൊക്കെയാണെങ്കിലും ഡിജിറ്റല് ഡിവൈഡ് എന്ന അസമത്വം അവസാനിപ്പിക്കാന് നമുക്കായിട്ടില്ല. ചെറിയൊരു ന്യൂനപക്ഷം മാത്രമാണ് ഐടിയുടെ അനന്തസാധ്യതകള് അനുഭവിക്കുന്നത്. ഇതിനൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്, മലയാള ഭാഷയ്ക്ക് കമ്പ്യൂട്ടറില് സ്ഥാനമില്ലാത്തതാണ്. ഇംഗ്ലീഷെന്ന ഭാഷയ്ക്ക്
ഇത്രയധികം പ്രാധാന്യം കിട്ടിയത് ഐടി ഈ ഭാഷയെ ദത്തെടുത്തതോടെയാണ്. സൈറ്റുകളും മെയില് - മെസ്സെഞ്ചര് കമ്മ്യൂണിക്കേഷനും സെര്ച്ച് എഞ്ചിന് പ്രവര്ത്തനങ്ങളും ഇംഗ്ലീഷിലാവുമ്പോള് ഈ ഭാഷയ്ക്ക് പ്രാധാന്യം കിട്ടുന്നത് സ്വാഭാവികം മാത്രം. ഇംഗ്ലീഷ് വളരുന്നതിനൊപ്പം മറ്റുള്ള ഭാഷകള് തളരാനും ഇത് വഴിവെച്ചു. ചൈന, ജപ്പാന്, ജര്മ്മനി തുടങ്ങിയ രാജ്യങ്ങളാണ് ഇംഗ്ലീഷിന്റെ മേല്ക്കോയ്മക്കെതിരെ ആദ്യം പടവാളോങ്ങിയത്. തുടര്ന്ന് പ്രതിഷേധമുയര്ത്തുന്ന ഭാഷകളിലെല്ലാം വമ്പന് കമ്പനികളുടെ സോഫ്റ്റ്വെയര് പതിപ്പുകളിറങ്ങി. ഇന്റര്‍നെറ്റുമായുള്ള അനുയോജ്യതയാണ് ഇനി ഭാഷകളുടെ ഭാഗധേയം നിര്ണ്ണയിക്കുക.
അതേസമയം തന്നെ, വലിയൊരു മാറ്റത്തിന്റെ പാതയിലാണ് ഇന്ത്യന്‍ ഐടി രംഗം. മൈക്രോസോഫ്റ്റും നോക്കിയയും മോട്ടറോളയും ഒക്കെ ഇന്ത്യന് ഭാഷകളില് ഉല്പ്പന്നങ്ങള് ഇറക്കാന് തുടങ്ങിയിരിക്കുന്നു. ഇന്ത്യന് ഉപഭൂഖണ്ഡത്തില് ഉല്പ്പന്നങ്ങള് വിറ്റഴിക്കണമെങ്കില് പ്രാദേശികഭാഷകള്ക്ക് തുല്യ പ്രാധാന്യം നല്കണമെന്ന പാഠം ഐടി കമ്പനികള് പഠിച്ചു കഴിഞ്ഞിരിക്കുന്നു. അടുത്ത അഞ്ചു വര്ഷത്തിനുള്ളില് ഇപ്പോള് നിലവിലുള്ള എല്ലാ ഐടി സൌകര്യങ്ങളും മലയാള ഭാഷയിലും ലഭ്യമാവും.
അതിനോടൊപ്പം, മലയാളത്തിന്റെ കാര്യത്തില്‍, ഐടി മേഖലയില് പ്രവര്ത്തിക്കുന്ന ഭാഷാസ്നേഹികള് ആവുംവിധം ചിലതൊക്കെ ഭാഷയ്ക്ക് വേണ്ടി ചെയ്തിട്ടുണ്ട്. ലിപിമാറ്റ സോഫ്റ്റ്വയറുകളും വിക്കിപീഡിയയുടെ മലയാളം പതിപ്പും ബ്ലോഗുകളും സൈറ്റുകളും ഇവയില് ചിലതാണ്. ഇവ ഉപയോഗിച്ച് ഭാഷയെ പരിപോഷിപ്പിക്കേണ്ട കേരളീയ സമൂഹം, പക്ഷേ, ഒന്നുമറിയാത്ത മട്ടില് ഉറക്കത്തിലാണ്.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, എഴുതിവയ്ക്കപ്പെടേണ്ടത് ഏതു സംസ്കാരത്തിന്റേയും നിലനില്‍പിനെന്നതു പോലെ
കേരളസംസ്കാരത്തിനും ആവശ്യമാണ്. എഴുതിവയ്ക്കപ്പെടുക എന്നാല്‍ വരാനിരിക്കുന്ന അനേകം തലമുറകളിലേയ്ക്ക് സംപ്രേക്ഷണം ചെയ്യപ്പെടുക എന്നാണര്‍ഥം.സംസ്കാരമെന്നാല്‍ മറഞ്ഞുപോയ തലമുറകളില്‍ നിന്നും പകര്‍ന്നു കിട്ടിയതും. ഇത്രയും നമുക്ക് ദാനം കിട്ടിയതാണെങ്കില്‍, ഒരണ്ണാറക്കണ്ണന് ആവുന്നിടത്തോളമെങ്കിലും വരാനിക്കുന്നവര്‍ക്കു് വേണ്ടിയെടുത്തു വയ്ക്കാന്‍ നമുക്ക് കടമയില്ലേ?
കേരള സമൂഹത്തില് വിക്കീപീഡിയയുടെ പ്രാധാന്യം
ആശയങ്ങളെ ജനാധിപത്യരീതിയില്‍ സംരക്ഷിക്കുകയും ക്രോഡീകരിക്കുകയും ചെയ്യുന്നതാണ് വിക്കിയുടെ സ്വഭാവം. രാഷ്ട്രീയപരമായ പക്ഷപാതിത്വം ജ്ഞാനത്തിന്റെ വിതരണത്തില്‍ പ്രകടമാകുന്നത് സാധാരണമായിരിക്കുന്ന കാലത്ത് ഇത് അനുപേക്ഷണീയവുമാണ്. ഇതെല്ലാം മാതൃഭാഷയിലാകുന്നത്, ഭാഷയോടും, ആ ഭാഷമാത്രം കൈകാര്യം ചെയ്യുവാന്‍ കഴിയുന്ന സാധാരണക്കാരോടും പ്രകടിപ്പിക്കുവാന്‍ കഴിഞ്ഞേയ്ക്കുന്ന സാമൂഹികധാര്‍മ്മികതയുമായിരിക്കും. രാഷ്ട്രീയ-വര്‍ഗ്ഗ പക്ഷപാതിത്വങ്ങള്‍ ഇല്ലാതിരിക്കുന്ന ഒരു വിജ്ഞാനകോശം സമൂഹത്തിന്റെ ആവശ്യമായിരിക്കെ തന്നെ, അത് ആ സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിനും ചിന്തിക്കുവാന്‍ കഴിയുന്ന മാതൃഭാഷയില്‍ ആയിരിക്കേണ്ടതിനു പ്രധാനകാരണങ്ങള്‍ രണ്ടെണ്ണമാണ്.
അതില്‍ ആദ്യത്തേത് ഇപ്രകാരമാണ്, വിദൂരഭാവിയിലാണെങ്കില്‍ കൂടെ ഒരു സാധാരണക്കാരന്റെ ശബ്ദം, വിജ്ഞാനത്തിന്റെ വിതരണത്തില്‍ പരിഗണിക്കപ്പെട്ടേയ്ക്കും, ചരിത്രത്തിനെയും സാമൂഹികതയേയും രേഖപ്പെടുത്തുമ്പോള്‍ അവന്റെ അഭിപ്രായവും രേഖപ്പെടുത്തപ്പെടും.
രണ്ടാമത്തെ കാരണം കുറേകൂടി പ്രത്യക്ഷസ്വഭാവമുള്ളതാണ്, ഇന്നത്തെ സമൂഹത്തിന്റെ അടിയന്തിര ആവശ്യങ്ങളിലൊന്നുമാണ്. സ്കൂള്‍ കുട്ടികള്‍ മുതല്‍ രാജ്യത്തെ മുതിര്‍ന്ന പൌരന്മാര്‍ മുതല്‍ വിവരസമാഹരണത്തിനു നേരിട്ടോ അല്ലാതെയോ ഇന്റര്‍നെറ്റ് എന്ന മാധ്യമത്തെ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ വിവരം സൃഷ്ടിക്കപ്പെടുന്നതിനും, അത് രേഖപ്പെടുത്തുന്നതിനും സാമ്പത്തികബാധ്യതകള്‍ ഉള്ളതാകയാല്‍, മാനവരാശിക്ക് ആവശ്യമുള്ളതാണെങ്കില്‍ തന്നെയും അത് എല്ലാവര്‍ക്കും ഒരേ പോലെ ലഭ്യമല്ലാത്ത ഒന്നാണ്. ഈ അവസ്ഥയിലാണ് വിവരസാങ്കേതികവിദ്യയില്‍ വിജ്ഞാനം പങ്കുവയ്ക്കുന്നതില്‍ സ്വാതന്ത്ര്യവും സൌജന്യവും അവശ്യമാണെന്ന രീതിയില്‍ പലരും ചിന്തിക്കുവാന്‍ തുടങ്ങിയത്. വിക്കിപീഡിയ ഇത്തരം ചിന്തകളുടെ ശ്രമഫലമായുണ്ടായ സാങ്കേതികസംരംഭമാണ്.
കേരളം പോലെ ഒരു സമൂഹത്തില്‍, (വിവരസമ്പാദനത്തിനു ആവശ്യമായ ഗ്രന്ഥശാലകളില്ലാത്ത അനവധി സ്കൂളുകള്‍ ഉള്ള സമൂഹം എന്നും വായിക്കാം) കേവലമായ ഒരു ഇന്റര്‍നെറ്റ് ആക്സസിന്റെ ബലത്തില്‍ ലോകത്തിലെ വിജ്ഞാനത്തിന്റെ നല്ലൊരു പങ്കും വലിയ സാമ്പത്തികബാധ്യതകള്‍ വരുത്തിവയ്ക്കാതെ ലഭ്യമാകുന്നു. എങ്കിലും ‘പാവപ്പെട്ടവന്റെ ബ്രിട്ടാനിക്ക’യല്ല വിക്കിപീഡിയ, സൌജന്യത്തിനേക്കാള്‍ ഉപരി, വിജ്ഞാനത്തിന്റെ നിയന്ത്രണത്തിനു അതനുവദിക്കുന്ന സ്വാതന്ത്ര്യമാണ് കേരളം പോലെ ഒരു സമൂഹത്തില്‍, ഇന്ത്യയെന്ന രാജ്യത്തില്‍ വിക്കിപീഡിയയ്ക്കുള്ള പ്രസക്തി.
പുതിയ പാഠ്യപദ്ധതിയില്‍ തിരക്കഥാരചന പരിശീലിപ്പിക്കുന്നതു പോലെ, വിജ്ഞാനകോശങ്ങള്‍ എഴുതുവാന്‍ ഭാഷ പഠിക്കുന്ന വിദ്യാര്‍ഥികളെ പഠിപ്പിച്ചിരുന്നെങ്കില്‍ വിജ്ഞാനം പങ്കുവയ്ക്കുന്നതിലെ ജനാധിപത്യത്തിലെത്തിച്ചേരുവാന്‍ എളുപ്പം നമുക്കായേക്കും.
നിങ്ങള്‍ക്കെങ്ങിനെ പങ്കെടുക്കാം ?
സംഘാത പ്രവര്‍ത്തനമാണ് വിക്കിപീഡിയ എന്ന സംരംഭത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടുതല്‍ പേര്‍ ഈ പദ്ധതിയില്‍ പങ്കെടുക്കുന്തോറും ഇതിന്റെ മാറ്റേറുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തില്‍ നിന്നും ധാരാളം പേര് മലയാളം വിക്കിപീഡിയയില്‍ അംഗങ്ങളായി വന്നാല്‍ മാത്രമേ ഈ സംരംഭം അതിന്റെ ഫലപ്രാപ്തിയിലെത്തുകയുള്ളൂ.
ലേഖനങ്ങളുടെ എണ്ണം പൊലെ തന്നെ പ്രധാനമാണ് വിക്കിപീഡിയയിലെ സജീവ അംഗങ്ങളും. മലയാളം വിക്കിയില് ഇപ്പോള് 2000 -ത്തില്‍ ഏറെ രജിസ്റ്റര് ചെയ്ത അംഗങ്ങളുണ്ട്. പക്ഷേ ഇവരില് ലേഖനങ്ങളെഴുതിയും ചിത്രങ്ങള് നല്കിയും വിക്കിയെ പരിപോഷിപ്പിക്കുന്നവര് 20-ല്‍ താഴെയാണ്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്നാണ് മലയാളം വിക്കിപീഡിയയുടെ സജീവപ്രവര്‍ത്തകരുടെയെല്ലാം ആഗ്രഹം. മലയാളം ടൈപ്പ് ചെയ്യൂന്നതിലുള്ള പരിചയക്കുറവും വിജ്ഞാനകോശത്തില് ലേഖനങ്ങളെഴുതുന്നതിനുള്ള ശങ്കയുമൊക്കെയാകാം ഒരുപക്ഷേ ലേഖനങ്ങളെഴുതുന്നതില് നിന്നും കൂടുതല്‍ പേരേയും പിന്തിരിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യങ്ങളൊക്കെ വിക്കിയിലെ പ്രവര്‍ത്തനങ്ങളിലൂടെ മാറ്റിയെടുക്കാവുന്നതേയുള്ളു. നൂറുകണക്കിന് ലേഖനങ്ങള്‍ എഴുതപ്പെടുന്ന മലയാളം വിക്കിയില്‍ എല്ലാ ലേഖനങ്ങളും ഭാഷാശുദ്ധിയുള്ളതാകണമെന്നില്ല. അക്ഷരത്തെറ്റുകള്‍ തീര്‍ച്ചയായുമുണ്ടാകും. ഇത്തരം ചെറുകാര്യങ്ങള്‍ തിരുത്തിയാണ് മിക്കവരും വിക്കിപീഡിയയിലേക്കു കടന്നുവരുന്നത്. നിങ്ങള്‍ക്കും ഇപ്രകാരം കടന്നുവരാം.
ലേഖനങ്ങളെഴുതാന്‍ കഴിവില്ലെങ്കിലും ഒരുപക്ഷേ നിങ്ങള്‍ നല്ല ചിത്രങ്ങളെടുക്കുന്ന ഒരു ഫൊട്ടോഗ്രാഫറോ രേഖാചിത്രങ്ങളും മറ്റും തയാറാക്കുന്നതില്‍ വൈദഗ്ദ്ധ്യമുള്ള ചിത്രകാരനോ ആയിരിക്കാം. ഇങ്ങനെയുള്ളവരെയും വിക്കിപീഡിയ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. കേരളത്തിലെ സ്ഥലങ്ങള്‍, പ്രമുഖ വ്യക്തികള്‍, സ്ഥാപനങ്ങള്‍, പക്ഷിമൃഗാദികള്‍ എന്നിങ്ങനെ മലയാളം വിക്കിപീഡിയയ്ക്ക് ഒട്ടേറെ ചിത്രങ്ങള്‍ ആവശ്യമുണ്ട്. ഇന്റര്‍നെറ്റിലോ മറ്റുമാസികകളിലോ പ്രസിദ്ധീകൃതമാകാത്ത സ്വതന്ത്ര ചിത്രങ്ങളാണ് വിക്കിയിലേക്കു വേണ്ടത്. വിക്കിപീഡിയയില്‍ ചിത്രങ്ങള്‍ നല്‍കാന്‍ നിങ്ങള്‍ അതിവിദഗ്ദ്ധനായ ഫൊട്ടോഗ്രാഫര്‍ ആകണമെന്നില്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
ജീവിതത്തിലെ തിരക്കുകള്‍ കാരണം ഒരുപക്ഷേ വിക്കിപീഡിയയില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ലെങ്കിലും ഈ സംരംഭത്തിന്റെ പ്രാധാന്യത്തെപ്പറ്റി മറ്റുള്ളവരോടു പറയുവാനും ഈ സംരംഭത്തിനു പ്രയോജനപ്പെടുമെന്നുതോന്നുന്നവരെ വിക്കിപീഡിയയിലേക്കു നയിക്കവാനും നിങ്ങള്‍ക്കു സാധിച്ചേക്കും. നിങ്ങള്‍ക്ക് അംഗത്വമുള്ള വായനശാലയിലോ ക്ലബിലോ നിങ്ങളുടെ കലാലയത്തിലോ ജോലിസ്ഥലത്തോ ഒക്കെ വിക്കിപീഡിയയെപ്പറ്റിയുള്ള സന്ദേശം നല്‍കുക.വരുന്ന തലമുറയ്ക്കുവേണ്ടി വിജ്ഞാനം സൂക്ഷിച്ചുവയ്ക്കുന്ന ഈ സംരംഭത്തെക്കുറിച്ച് കൂടുതല്‍പേര്‍ അറിയേണ്ടത് അത്യാവശ്യമാണ്.
മലയാളം വിക്കീപീഡിയയുടെ സഹോദര സംരംഭങ്ങള്‍
വിക്കിപീഡിയ എന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശത്തിന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയെത്തുടര്‍ന്ന് വിക്കിമീഡിയ ഫൌണ്ടേഷന്‍ ഇതര വിവരശേഖരണ മേഖലകളിലേക്കും ശ്രദ്ധതിരിച്ചു. സ്വതന്ത്ര ബഹുഭാഷാ നിഘണ്ടുവായ വിക്‍ഷ്ണറി, പഠനസഹായികളും മറ്റും ചേര്‍ക്കുന്ന വിക്കിബുക്ക്സ്, സിറ്റിസണ്‍ ജേണലിസത്തെ പ്രോത്സാഹിപ്പിക്കുന്ന വിക്കിന്യൂസ്, പകര്‍പ്പവകാശകാലാവധി കഴിഞ്ഞ പുസ്തകങ്ങള്‍ ശേഖരിച്ചുവയ്ക്കുന്ന വിക്കിസോഴ്സ്, ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു വിക്കിവാഴ്സിറ്റി, ചൊല്ലുകള്‍ ശേഖരിച്ചുവയ്ക്കുന്ന വിക്കിക്വോട്ട്സ് എന്നിങ്ങനെ ഒട്ടേറെ സഹോദര സംരംഭങ്ങള്‍ വിക്കിപീഡിയയ്ക്കുണ്ട്. ഇതില്‍ വിക്കിസോഴ്സ് മലയാളത്തില്‍ വിക്കിവായനശാല എന്ന പേരിലും, വിക്ക്ഷ്ണറി വിക്കിനിഘണ്ടു എന്ന പേരിലും, വിക്കിബുക്സ് വിക്കിപുസ്തകശാല എന്ന പേരിലും വിക്കിക്വോട്സ് വിക്കിചൊല്ലുകള്‍ എന്ന പേരിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പദ്ധതികളെല്ലാം തന്നെ മലയാളത്തില്‍ ശൈശവദശയിലാണെന്നു പറയാം.
മേല്‍പ്പറഞ്ഞവയില്‍ മിക്കവയ്ക്കും മലയാളത്തില്‍ ഏറെ പ്രസക്തിയുണ്ട്. പകര്‍പ്പവകാശകാലാവധി കഴിഞ്ഞ് പൊതുസഞ്ചയത്തിലെത്തിയ ഒട്ടേറെ പുസ്തകങ്ങള്‍ നാമിപ്പോഴും വിലകൊടുത്തു വാങ്ങേണ്ടിവരുന്നുണ്ട്. ഇതിനൊരു പരിഹാരമാണ് വിക്കിവായനശാല. അദ്ധ്യാത്മരാമായണം, സത്യവേദപുസ്തകം, വിശുദ്ധ ഖുറാന്‍, കുഞ്ചന്‍നമ്പ്യാരുടെ കൃതികള്‍, നാരായണീയം, കൃഷ്ണഗാഥ, ജ്ഞാനപ്പാന എന്നിങ്ങനെ ഒട്ടേറെ അമൂല്യ ഗ്രന്ഥങ്ങള്‍ മലയാളം വിക്കിസോഴ്സില്‍ സമാഹരിച്ചുവരുന്നു.
സൌജന്യ ബഹുഭാഷാ നിഘണ്ടു തയാറാക്കാനുള്ള പരിശ്രമങ്ങളും മലയാളം വിക്കിനിഘണ്ടുവില്‍ നടക്കുന്നുണ്ട്. മലയാളം വാക്കുകള്‍ക്ക് തത്തുല്യമായ ഇതരമലയാള പദങ്ങളും അന്യഭാഷാ പദങ്ങളും ചേര്‍ത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ ഈ സംരംഭത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു.
വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ആവശ്യമായ പഠനസഹായികളും മറ്റും പുതുതായി രചിച്ചു ചേര്‍ക്കുന്ന വിക്കിപുസ്തകശാലയും കേരളീയര്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. നിലവില്‍ ഈ സംരംഭത്തില്‍ വലിയ പ്രവര്‍ത്തനങ്ങളില്ല. എന്നാല്‍ മത്സരപ്പരീക്ഷാ സഹായികള്‍, വിനോദയാത്രാ സഹായികള്‍, പഠനസഹായികള്‍ എന്നിവ ആര്‍ക്കും രചിച്ചുചേര്‍ക്കാവുന്ന ഈ പദ്ധതി വരും കാലങ്ങളില്‍ ഏറെപ്രയോജനപ്പെട്ടേക്കും.
മലയാളം വിക്കിപീഡിയയുടെ സഹോദര സംരംഭങ്ങളും അവയുടെ വെബ്‌വിലാസങ്ങളും താഴെച്ചേര്‍ക്കുന്നു:
- വിക്കിവായനശാല- http://ml.wikisource.org
- വിക്കിപുസ്തകശാല - http://ml.wikibooks.org
- വിക്കിനിഘണ്ടു - http://ml.wiktionary.org
- വിക്കിചൊല്ലുകള്‍ - http://ml.wikiquote.org