02 August, 2008

കുമാരനാശാന്റെ കവിതകളും മലയാളം വിക്കിഗ്രന്ഥശാലയും

കഴിഞ്ഞകാലത്തിലെ അമൂല്യഗ്രന്ഥങ്ങള്‍ ശേഖരിക്കുന്ന വിക്കിയാണ് മലയാളംവിക്കിഗ്രന്ഥശാല (http://ml.wikisource.org) എന്നു എല്ലാവര്‍ക്കും അറിയാമല്ലോ. പകര്‍പ്പവകാശ പരിധിയില്‍ വരാത്ത പ്രാചീന കൃതികള്‍ (ഉദാ: ബൈബിള്‍, വേദങ്ങള്‍..), പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ കൃതികള്‍ (ഉദാ: കേരളപാണിനീയം, ആശാന്‍ കവിതകള്‍), പകര്‍പ്പവകാശത്തിന്റെ അവകാശി പൊതുസഞ്ചയത്തിലാക്കിയ കൃതികള്‍ എന്നിങ്ങനെ മൂന്നു തരം കൃതികളാണു വിക്കി ഗ്രന്ഥശാലയില്‍ ചേര്‍ത്തു കൊണ്ടിരിക്കുന്നത്.

കുമാരനാശാന്റെ സമ്പൂര്‍ണ്ണ കൃതികള്‍, കേരളപാണിനീയം എന്നിവയാണു വിക്കിഗ്രന്ഥശാലയില്‍ ചേര്ക്കുവാന്‍ ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ കുമാരനാശാന്റെ കൃതികള്‍ ചേര്‍ത്തു കൊണ്ടിരിക്കുന്ന വിവരം ഇതിനു മുന്‍പു സൂചിപ്പിച്ചിട്ടുള്ളതാണല്ലോ. ആ പ്രവര്‍ത്തനം തീരാറായി കൊണ്ടിരിക്കുകയാണു. ആശാന്റെ എല്ലാ പ്രമുഖ കവിതകളും ഇതിനകം വിക്കിഗ്രന്ഥശാലയില്‍ എത്തി കഴിഞ്ഞു. ഇനി വിക്കിയിലാവാനുള്ള പ്രമുഖ കൃതികള്‍ ദുരവസ്ഥ, ശ്രീബുദ്ധചരിതം എന്നിവയാണു.

പിന്നീടു ബാക്കിയുള്ളത്
  • പുഷ്പവാടി
  • മണിമാല
  • വനമാല
എന്നീ കവിതാസമാഹരങ്ങളിലെ ചെറു കവിതകളാണു. ഈ സമാഹാരങ്ങളിലെ പല കവിതകളുടേയും പേരുകള് കിട്ടിയിട്ടില്ല. ഇതു പൂര്‍ത്തിയായാല്‍ കുമാരനാശാന്റെ സമ്പൂര്‍ണ്ണ കൃതികള്‍ പബ്ലിക്ക് ഡൊമൈനില്‍, മലയാളം യൂണിക്കോഡില്‍, തിരയാനുള്ള സൗകര്യത്തോടെ വിക്കിയിലായി എന്നതില് നമുക്കു അഭിമാനിക്കാം.

ഈ സം‌രംഭം പൂര്‍ത്തീകരിക്കുന്നതിനായി, ഇതില്‍ സഹരിക്കുവാന്‍ താല്പര്യം ഉള്ളവരെ മലയാളം വിക്കിഗ്രന്ഥശാലയിലേക്കു ക്ഷണിക്കുന്നു.

നാലു കാര്യങ്ങള്‍ക്കാണു ഇപ്പോള്‍ സഹായം വേണ്ടതു.

  1. ദുരവസ്ഥ, ശ്രീബുദ്ധചരിതം എന്നീ പ്രമുഖ കൃതികള്‍ പൂര്‍ത്തിയാക്കണം. ശ്രീബുദ്ധചരിതത്തിന്റെ മൂന്നു കാണ്ഡങ്ങള്‍ പൂര്‍ത്തിയായി. ഇനി നാലും അഞ്ചും കാണ്ഡങ്ങള്‍ തീര്‍ക്കണം.
  2. പുഷ്പവാടി, മണിമാല, വനമാല എന്നീ കവിതാസമാഹരങ്ങളിലെ കവിതകള്‍ ഏതൊക്കെയാണെന്നു കണ്ടു പിടിക്കുന്നതിനു സഹായിക്കണം.
  3. മുകളിലെ കവിതാസമാഹരങ്ങളിലെ ചെറു കവിതകള്‍ വിക്കിയിലാക്കാന്‍ സഹായിക്കണം.
  4. ഏതെന്കിലും കവിതയോ, കവിതാസമാഹരങ്ങളോ വിട്ടു പോയിട്ടുണ്ടോ എന്നു വേരിഫൈ ചെയ്യണം.

ഇതിനകം വിക്കിയിലാക്കിയ കുമാരനശാന്റെ കവിതകളില്‍ ഭൂരിഭാഗവും ചെയ്തതു വെള്ളെഴുത്ത്, കണ്ണൂരാന്‍ എന്നീ ബ്ലോഗര്‍മാരാണു. അവരുടെ സഹായസഹകരണങ്ങള്‍ ഇവിടെ പ്രത്യേകം സ്മരിക്കുന്നു.

അതോടൊപ്പം, ഇത്തരം ബൃഹത്തായ ഒരു സം‌രംഭം പൂര്‍ത്തിയാക്കുന്നതിനു രണ്ടോ മൂന്നോ പേര്‍ പോരാ എന്ന തിരിച്ചറിവോടെ കൂടുതല്‍ സുമനസ്സുകള്‍ ഇതില്‍ സഹകരിക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.

അതിനു വേണ്ടി വിക്കിഗ്രന്ഥശാലയില്‍ നേരിട്ടു ഒരു അക്കൗണ്ട് ഉണ്ടക്കുകയോ എനിക്കു ഒരു മെയിലയക്കുകയോ ചെയ്യുക. (എന്റെ മെയില്‍ ഐഡി shijualexonline@gmail ).

4 comments: