27 April, 2007

shadjnE pAya yE vardhAn- ഒരു ജീവന്‍ മരണ പോരാട്ടം

പൂര്‍ത്തിയാകാത്ത ഒരു ചിത്രത്തില്‍ ഇവര്‍ ഒരുക്കിയ ഒരപൂര്‍വ്വ ഗാനം പണ്ട് 'വിവിധ്ഭാരതി'യില്‍ നിന്ന് റെക്കൊഡ് ചെയ്തതിന്റെെ അല്പഭാഗം ♫ഇവിടെ♫.(ശബ്ദശകലത്തിന്റെനിലവാരം മോശമാണെങ്കില്‍ ദയവായി പൊറുക്കുക)

ഇതു കുറച്ച് ദിവസം മുന്‍പ് സുരലോഗം ചേട്ടന്‍ തന്റെ ബ്ലോഗില്‍ ഇട്ടിരുന്ന ഒരു പോസ്റ്റിലെ വരികള്‍ ആണ്. ആ പോസ്റ്റില്‍ അദ്ദേഹം പൊതുവായി രവീന്ദ്ര ജയിനെനെ കുറിച്ചാണ് പറഞ്ഞത്.

യേശുദാസും രവീന്ദ്ര ജയിനും ചേര്‍ന്ന് ഹിന്ദി സംഗീതലോകത്ത് സൃഷ്ടിച്ച അത്ഭുതങ്ങള്‍ നമുക്ക് ഒക്കെ അറിയാവുന്നതാണ്.

പക്ഷെ സുരലോഗം ചേട്ടന്‍ അവസാനം നമുക്ക് എല്ലാവര്‍ക്കും വേണ്ടി പങ്ക് വെച്ച ഒരു പാട്ടുണ്ടല്ലോ. അത് ഒരു അത്ഭുതം ആണ്. അതിന്റെ കഥയിലേക്ക്.

കൈമള്‍

താഴോട്ടുള്ളത് വയിച്ച് ഈ ഷിജു ഇങ്ങനൊക്കെ എഴുതാന്‍ തുടങ്ങിയോ എന്നൊന്നും വിചാരിച്ച് ആരുടേയും കണ്ണ് തള്ളരുത്. കാരണം ഇതിന്റെ ഒരു ഭാഗം മാത്രമേ ഞാന്‍ എഴുതിയിട്ടുള്ളൂ.

ബാക്കി എഴുതിയത് ഈ വിഷയം കേട്ടതില്‍ പിന്നെ ഉറക്കം നഷ്ടപ്പെടുകയും അതോടൊപ്പം കോഡ് ചെയ്യുന്നത് എങ്ങനെ എന്നു മറന്നു പോകുകയും ചെയ്ത പൊന്നപ്പന്‍ - the Alien ആണ് . ഇതു ഇപ്പോള്‍ കിട്ടിയില്ലെങ്കില്‍ തട്ടിപോയാല്‍ സ്വര്‍ഗ്ഗം കിട്ടെല്ലെന്നാ പുള്ളി പറഞ്ഞത്.

ഈ പോസ്റ്റിന്റെ തിരക്കഥയും സംഭാഷണവും പൊന്നപ്പന്റെ വകയാണ്. കഥയും സംവിധാനവും പിന്നെ ഈ മുകളില്‍ കീടക്കുന്നതും താഴെകിടക്കുന്നതുമായ ചില അല്ലറ ചില്ലറ പരിപാടികള്‍ മാത്രം ആണ് എന്റെ വക. (ഈ പോസ്റ്റ് കൊണ്ടെങ്കിലും ഈ ബ്ലോഗില്‍ നാലാള്‍ കയറട്ടെ :)).

ഇനി ഈ പോസ്റ്റ് വായിച്ച് ആരുടെ എങ്കിലും ഉറക്കം നഷ്ടപ്പെട്ടാല്‍ ഞാന്‍ ഉത്തരവാദിയല്ല. കഴിഞ്ഞ ഒരു വര്‍ഷമയി ഈ പാട്ടിന്റെ പുറകേ ഓടിയിട്ട് എന്റെ കുറേ ഉറക്കം നഷ്ട്ടപ്പെട്ടതാ. )

മൈക്ക് പൊന്നപ്പനു കൈമാറുന്നു. :)

ഇടയ്ക്കിടയ്ക്ക് പുട്ടിനു പീര ഇടുന്നതു പോലെ ഞാന്‍ വരാം. :)

ജീവന്‍ മരണ പോരാട്ടം

സഹൃദയരേ..

കലാസ്നേഹികളേ..

തുടങ്ങും മുന്‍പേ പറയാം ഇതു സം‌ഗതി സീരിയസ്സാ..
ചില സ്വപ്നങ്ങളെ പറ്റിയുള്ള ശാസ്ത്രീയ വിശകലനം പോലെ അറുബോറും എന്നാല്‍ ആത്മാവിന്റെ അന്തരാളങ്ങളെ കീറി മുറിക്കുന്നതുമായ ഒരു സമസ്യ...
കൃത്യമായി പറഞ്ഞാല്‍ ഒരു ജീവന്‍ മരണ പോരാട്ടം..

അല്ലാ.. സങ്ങതി എന്നാന്നു വച്ചാ..????

പറയാം..
ശ്രദ്ധിച്ചു കേട്ടോ..
ഞാനിങ്ങനെ ഒരു പണിയുമില്ലാതെയും കുറച്ചു പണിയോടു കൂടെയും അതികൂലങ്കഷങ്ങളായ പണികളോടു കൂടിയും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇങ്ങനെ ജീവിച്ചു വരികയായിരുന്നു.

അപ്പോഴാണ് ഉണ്ടിരിക്കുന്ന നായര്‍‌ക്കൊരു വിളി പോലെ, കൃസ്ത്യന്‍ പള്ളിയില്‍ കൂട്ടമണിയടിക്കുന്ന പോലെ, പാതിരാത്രിയിലെ ബാങ്കു വിളി പോലെ (മൂന്നെണ്ണവും കൃത്യമായല്ലോ... റിസ്കെടുക്കാന്‍ ഒട്ടും താല്പര്യമില്ല.) സോറി.. ബുദ്ധവിഹാരങ്ങളിലെ ആ കറക്കുന്ന സാധനം പോലെ കൂടി.. (ബാലേട്ടാ.. അരൂപിയെങ്കിലും അങ്ങിവിടെയൊക്കെയുണ്ടാവുമെന്ന് ഞാന്‍ മറന്നു പോയി.. നോ ഫീലിങ്ങ്സേ....)ആ ഞെട്ടിക്കുന്ന ഓര്‍‌മ്മ എന്നിലേക്കു തുളച്ചു കേറിയത്..

എന്ത്?

ആറാം തമ്പുരാനില്‍ ലാലേട്ടന്‍ പറയുന്നതുപോലെ.. (ഒരു സൈഡ് ചരിഞ്ഞ്.. ഒന്നു ചിരിച്ച്..)"ഹിന്ദുസ്ഥാനി സംഗീതം പഠിക്കണം" - ചെറിയൊരു ചെയ്ഞ്ച്.. "കേള്‍‌ക്കണം". അറ്റ്‌ലീസ്റ്റ് ഒരു ഹിന്ദി പാട്ടെങ്കിലും കേള്‍‌ക്കണം..

വെറുതേ കേട്ടാല്‍ പോരാ..

കിണ്ണന്‍ പാട്ടു തന്നെ കേള്‍‌ക്കണം..

അതും നമ്മുടെ ദാസേട്ടന്‍ പാടിയതു തന്നെ കേള്‍‌ക്കണം..

അതേതാ.. അങ്ങിനൊരു പാട്ട്.. ?ഞാന്‍ പിടിക്കുന്ന മുയലിനു മുന്നൂറ്റി പതിനാറര കൊമ്പാണല്ലോ പണ്ടു തൊട്ടേ..ചില കണ്ടീഷന്‍സ് ഉണ്ടാവണം..


1. പടം റിലീസാവാന്‍ പാടില്ല..

2. കാസറ്റും റിലീസാവാന്‍ പാടില്ല..

3. യേശുദാസിനു താന്‍ പാടിയ ഹിന്ദി പാട്ടുകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഹിന്ദി പാട്ടു തന്നെ ആവണം..

4. സം‌ഗീത സം‌വിധായകന്‍ കണ്ട ആപ്പ ഊപ്പ ഒന്നും ആവരുത്..

5. മൂന്ന് ഒക്ടേവുകളും കവര്‍ ചെയ്യുന്ന പാട്ടാവണം

6. പുതി‌യ പാട്ടെന്റെ നാടുവിട്ടു പോയ പട്ടിക്കുട്ടി ജിമ്മിക്കു വേണം.. ഒണ്‍ലി പഴയത്.. അതും എഴുപതുകളിലേത്

7. പിന്നെ പാട്ടുതു കേട്ടാല്‍ മൂളിപ്പാട്ടു പാടാന്‍ പോലും ആരുമൊന്നു മടിക്കണം..

അതേതാ അങ്ങിനെയൊരു പാട്ട്.. ?? കണ്‍‌ഫൂഷനായോ..??ഒരു കണ്‍‌ഫൂഷനും വേണ്ടാ..അങ്ങിനെയൊറ്റ പാട്ടേയുള്ളൂ..

പുറത്തിറങ്ങാത്ത ഒരു ഹിന്ദി പടമായ താന്‍സന്‍-നിലെ "ഷടജനേ പായ യേ വര്‍ദ്ധാന്‍" എന്ന പാട്ട്..

ഈ പാട്ടിന്റെ പിന്നില്‍ ചില കഥകളുണ്ട്..ബോംബൈയിലെ രാജശ്രീ പ്രോഡക്ഷനു 79 ലോ 80 ലോ ഒരു പൂതി..താന്‍‌സനെ പറ്റി ഒരു പടമെടുക്കണം.. പ്രീ പ്രൊഡക്ഷന്‍ സെറ്റപ്പൊക്കെയായി.. സം‌ഗീതപ്പണി അവരുടെ സ്ഥിരം ഗഡി രവീന്ദ്ര ജൈനിനും കൊടുത്തു.

രവീന്ദ്ര ജെയിനെ അറിയുമല്ലോ..?കണ്ണില്‍ കിട്ടേണ്ടിയിരുന്ന നിറങ്ങള്‍ കൂടെ തന്റെ സം‌ഗീതത്തിലേക്കു പകര്‍‌ത്തുന്ന അനുഗ്രഹീതനായ ഒരു കലാകാരനാണ് അദ്ദേഹം (അദ്ദേഹത്തിനു കാഴ്ചയില്ല).

സം‌ഗീതത്തിനെ മഴപ്പെരുക്കമാക്കിയ താന്‍‌സനെ പറ്റിയുള്ള ആ ചിത്രത്തില്‍ (ഇതു ഫുള്‍ തള്ളലാണ്.. സത്യമായും എനിക്കറിയില്ല ആ സിനിമയുടെ കഥ എന്തായിരുന്നു എന്ന്..

പണ്ടാറം..

അതൊന്നിറങ്ങിയിട്ടു വേണ്ടേ കഥയറിയാന്‍ !

അദ്ദേഹം ആത്മാവു ചാലിച്ചു സം‌ഗീതമൊരുക്കി. അതിലൊരു പാട്ട്.. (അതേ..ലവന്‍ തന്നെ..ല്ല പുലി..) വെറും 15 മിനുട്ടു മാത്രം..


അതും കൊണ്ട് അദ്ദേഹം മൊഹമ്മദ് റാഫിച്ചേട്ടനെ കാണാന്‍ പോയി. റാഫിച്ചേട്ടനാണേല് അന്നു കത്തിക്കേറി അഗ്നികുണ്ഠമായി ഞെരിച്ചു നില്‍‌ക്കണ സമയം.. ജെയിന്‍ ആ പാട്ടങ്ങു കയ്യില്‍ കൊടുത്തു.. (ചിലപ്പോ പാടിക്കൊടുത്തു കാണും.. കഥയില്‍ ചോദ്യം ചോദിക്കുന്നോ.. അടി.. അടി..) പാട്ടു കേട്ടതും അഗ്നികുണ്ഠത്തിനു കുണ്ഠിതമായി.. കണ്ഠത്തില്‍ ശ്വാസം തടഞ്ഞു.. പിന്നെ പൊട്ടിക്കരച്ചിലായി.. എന്നിട്ടു ജെയിന്റെ കാലു പിടിച്ചു പറഞ്ഞു.. "അണ്ണാ... ഈ ജമ്മത്തിലെന്നെക്കൊണ്ടിതു പറ്റത്തില്ല.. ഇനീം നിര്‍‌ബന്ധിച്ചെനിക്കു കോം‌പ്ലെക്സടിപ്പിക്കരുത്.."

ജെയിന്‍ പിന്നെ ഹേമന്ത് ദാ യെ കാണാന്‍ പോയി.. ദാ ഓടിയ വഴി ദോ ദവിട ദിപ്പഴും കാണാം.. "എനിക്കു പേടിയാവുന്നേ" ന്നും പറഞ്ഞാ പുള്ളി ഓടിയത്..


പിന്നാണ് ദാസേട്ടന്‍ വെള്ളുടപ്പും വെള്ള ഷൂസും ചുക്കു വെള്ളവുമായി രം‌ഗത്തെത്തുന്നത്..ആളു ഹിന്ദിക്കാരുടെ മുന്നിലൊക്കെ ഞെളിഞ്ഞു നിന്നു ക്ലാസ്സിക്കലും സെമി ക്ലാസ്സിക്കലുമൊക്കെ തകര്‍‌ക്കുന്ന സമയം.. പോരാഞ്ഞു ജൈന്‍ ദാദ യുടെ സ്വന്തം പുള്ളിയും.."ഇതിങ്ങു തന്നേ.. ജൈന്‍ ദാദാ.. ഒരു മൂന്നു മൂന്നര മിനുട്ട്.. മ്മക്കിതിപ്പോ റെക്കോഡ് ചെയ്ത് രണ്ട് ചുക്കു വെള്ളം ചീയേഴ്സടിച്ചു വീട്ടിപ്പോകാം" ന്നായി ദാസേട്ടന്‍.


ജൈന്‍ ദാദ ഒന്നു ചിരിച്ചു.

പരിപാടി തുടങ്ങി..


സത്യം പറയാല്ലോ.. ചുക്കു വെള്ളം പോയിട്ടു രണ്ടു ദിവസം രണ്ടാളും പച്ച വെള്ളം കുടിച്ചില്ല.. കരിമ്പട്ടിണി..അങ്ങോട്ടൊരു സ്വരമൊക്കുമ്പോ ഇങ്ങോട്ടൊരു സ്വൈരക്കേട്. ഇങ്ങോട്ടൊരു രാഗത്തിന് അങ്ങോട്ടൊരു രാഗേഷ് കുരുത്തക്കേട്.. (കുറുമാഞ്ചേട്ടാ.. ഇതു ഞാനല്ലാ...)

ദിവസം ഒന്നു കഴിഞ്ഞു. എന്തെങ്കിലും ആയോ. ഇല്ല.

പിന്നേം പഠിത്തം തന്നെ പഠിത്തം...

ദിവസം രണ്ട് കഴിഞ്ഞു.

ദിവസം മൂന്നു കഴിഞ്ഞു..

നാലായി..

അപ്പോ ജൈന്‍ ദാദക്കൊരു തോന്നല്‍ .. ഇനിയൊന്നു പാടി നോക്കിപ്പിക്കാം..

പാടി നോക്കി.. എവിടൊക്കാന്‍..??

ടേക്ക് ഒന്നു കഴിഞ്ഞു.. രണ്ടു കഴിഞ്ഞു.. പത്തായി.. ഇരുപതായി.. ഇരുപത്തി രണ്ടായി..

(അയ്യടാ.. ഇരുപത്തി മൂന്നിലോ നാലിലോ ഞാന്‍ വണ്ടിയൊതുക്കുമെന്നു കരുതിയോ.. അതങ്ങു റെഡ്‌സ്റ്റാര്‍ ആര്‍‌ട്സ് സ്പോര്‍‌ട്സ് ക്ലബ്ബിന്റെ ജനറല്‍ ബോഡിക്കു പറഞ്ഞാല്‍ മതി..)

മുപ്പത്.. നാല്പ്പത്.. അമ്പത്..എവിടെ, പറ്റുന്നില്ല


അവസാനം ആറാം ദിവസം പരിപാടി നിര്‍‌ത്തിയപ്പോമൊത്തം 59 ടേക്ക്..


പാടിക്കഴിഞ്ഞിട്ടു രണ്ടാളും എന്തു ചെയ്തെന്നറിയോ..?വെള്ള ഷൂസും വെള്ള ഡ്രസ്സും അതിന്റെ ഉള്ളിലെ പുള്ളിയും കൂടെ ആ പാവം ജൈന്‍ ദാദയും ഒരു വെള്ള ആം‌ബുലന്‍സില്‍ കേറി പോയി..രണ്ടാള്‍‌ക്കും സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ഡിസൂസ.. സ്ട്രെസ്സ്..!!

(ദാസേട്ടനൊരു പാട്ടു പഠിക്കാന്‍ 30 മിനിട്ടു മതീന്നാ ബാക്കി സം‌ഗീതക്കാരൊക്കെ പറയുന്നേ.. അസൂയ കൊണ്ടു പറയുന്നതാവും അല്ലേ..?)


എന്നിട്ടോ.. പണ്ടാറം പടം റിലീസും ചെയ്തില്ല.. പാട്ടുമിറങ്ങീല..നിധി കാക്കുന്ന ഭൂതം പോലെ ആകാശവാണി മാത്രം വിവിധ ഭാരതി മറിയാമ്മ അയിഷക്കുട്ടി പ്രോഗ്രാമ്മില്‍ അതിടക്കിടക്കിടും..


കാസറ്റും റിലീസ് ചെയ്തില്ല. അതിനാല്‍ ഈ അദ്ധാനത്തിന്റെ ഫലം നമ്മള്‍ക്ക് കേള്‍ക്കാന്‍ പറ്റിയില്ല. ഇന്ന് ഈ പാട്ട് ഞങ്ങളുടെ അറിവ് വെച്ച് ആകാശവാണിയുടെ വിവിധ് ഭാരതിയില്‍ മാത്രം ആണ് ഉള്ളത്. വിവിധഭാരതിയില്‍ ഈ പാട്ട് വന്നപ്പോള്‍ ആരോ റെക്കാര്‍ഡ് ചെയ്ത് (അതിന്റെ രണ്ട് മിനിട്ട് മാത്രം) അത് നെറ്റില്‍ ഏതോ ഫോറത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. അവിടെ നിന്നാണ് എന്റെ ഒരു സുഹൃത്ത് വഴി എനിക്ക് ഇതിന്റെ 2 മിനിട്ട് വേര്‍ഷന്‍ ലഭിച്ചു.

സുരലോഗത്തിന്റെ പോസ്റ്റും ലിങ്കും കണ്ടപ്പോള്‍ ഞന്‍ സന്തോഷിച്ചു. പാട്ട് മൊത്തം കേള്‍ക്കാലൊ എന്ന് ആലോചിച്ച്. പക്ഷെ അതും റേഡിയോയില്‍ നിന്നുള്ള 2 മിനിട്ട് വേര്‍ഷന്‍ തന്നെ.
ഈ രണ്ട് മിനിറ്റ് സേമ്പിള്‍ ഈ പാട്ട് ഇതു വരെ കേള്‍ക്കാത്തവര്‍ക്കായി ഓഡിയോ പ്ലെയറിലേക്ക് അപ്‌ലോഡ് ചെയ്ത് വച്ചിരിക്കുന്നു. കോപ്പി റൈറ്റ് വയലെഷന്‍ ഒക്കെ വരുന്നതിനു മുന്‍പ് ഇതു എല്ലവരും ഒന്ന് കേട്ടോ. താമസിയാതെ ഈ ലിങ്ക് മാറ്റും.





powered by ODEO



ഡീറ്റൈല്‍സ് ദാ ഒന്നും കൂടെ താഴെയുണ്ട്..


പടം : താന്‍സന്‍ (റിലീസ് ചെയ്തിട്ടില്ല)

നിര്‍മ്മാണം: രാജശ്രീ പ്രൊഡക്ഷ്ന്‍‌സ് (മേം നേ പ്യാര്‍ കിയാ, ദില്‍ വാലെ ദുല്‍ഹനി..... വിവാഹ്, തുടങ്ങിയ പടങ്ങള്‍ ഇറക്കിയ അതേ നിര്‍മ്മാണ കമ്പനി തന്നെ)

സം‌ഗീത സം‌വിധാനം : രവീന്ദ്ര ജെയിന്‍

പാടിയത് : യേശുദാസ്

കാലം :1979 ആണെന്നു തോന്നുന്നു

പാട്ട് : ഷടജനേ പായ യേ വര്‍ദ്ധാന്‍ (15 മിനുട്ട് ഉണ്ട് പാട്ട്)


അതാണു കാര്യം.. കാര്യമെന്തായാലും കാര്‍‌ത്ത്യാനിക്കുട്ടിക്കു കമ്മലു വേണം.. എനിക്കിപ്പോ പാട്ടു വേണം... കൊണ്ടു വന്നു തരുന്നവര്‍‌ക്കു രണ്ടു പോപ്പിന്‍സ് കവറു പൊട്ടിക്കാതെ തരാം.. എവിടെ കിട്ടുമെന്നു ബിബരം തരുന്നവര്‍‌ക്കു പൊട്ടിച്ച പോപ്പിന്‍സ് (വയലറ്റ് കളറ് - പച്ചേം മഞ്ഞേം ഞാനെടുക്കും.)


എങ്ങിനേലും ബാക്കി ഒപ്പിച്ചു തരണം..

ആകാശവാണിയിലെ ആരേലും പരിചയമുണ്ടെങ്കില്‍ അങ്ങിനെയോ വേറെ ഏതേലും വഴിയോ..

എനിക്കിതു കേള്‍ക്കാതെ ജീവിക്കാന്‍ മേലാ.. എന്റെ ജീവന്‍ ഇപ്പോ നിങ്ങളുടെ കയ്യിലാ..



ഈ പാട്ടിനെ കുറിച്ച് പറയുമ്പോഴൊക്കെ പലരും എടുത്തു പറയുന്ന ഒന്നാണ്.
The song from Tansen composed by Ravindra Jain spans FULL THREE OCTAVES and it is intensely classical.


സംഗീതം അറിയാത്ത എനിക്ക് (ഷിജു) ഇതു എന്തു കുന്തമാണെന്ന് അറിയില്ലെങ്കിലും ഇതു ഭയങ്കരം ആയിരിക്കും അല്ലെ. :)

ഈ പാട്ട് ദാസേട്ടന്‍ പല കച്ചേരികള്‍ക്കും പാടാരുണ്ടെന്ന് കേട്ടിട്ടുണ്ട്.


അനുബന്ധം


ഇനി ഈ പാട്ടിനെ കുറിച്ചും യേശുദാസും രവീന്ദ്ര ജയിനും തമ്മിലുള്ള സംഗീത ബന്ധത്തെ കുറിച്ചും പറയുന്ന ചില വാര്‍ത്തകള്‍ :

1. The raga of friendship - യേശുദാസും രവീന്ദ്രജയിനും ഈ അടുത്ത് ചെന്നെയില്‍ വച്ച് കണ്ട (?)തിനെ കുറിച്ച് ഹിന്ദുവില്‍ വന്ന വാര്‍ത്ത. http://www.hindu.com/thehindu/mp/2007/04/10/stories/2007041000830100.htm



2. http://www.tribuneindia.com/2005/20051015/saturday/main1.htm



3. http://www.themusicmagazine.com/yesudas60.html

4. ദാസേട്ടന്‍ തന്നെ തന്റെ പല ഇന്റര്‍വ്യൂവിലും തനിക്ക് ഏറ്റവും പ്രിയപ്പെട്ട തന്റെ ഹിന്ദി ഗാനം ഇതാണെന്ന് പറഞ്ഞിട്ടുണ്ട്.



5. http://www.studio-systems.com/Playback&Fastforward/PlayBack/1988/October/47oct.htm

22 comments:

  1. പൂര്‍ത്തിയാകാത്ത ഒരു ചിത്രത്തില്‍ ഇവര്‍ ഒരുക്കിയ ഒരപൂര്‍വ്വ ഗാനം പണ്ട് 'വിവിധ്ഭാരതി'യില്‍ നിന്ന് റെക്കൊഡ് ചെയ്തതിന്റെെ അല്പഭാഗം ♫ഇവിടെ♫.


    ഇതു കുറച്ച് ദിവസം മുന്‍പ് സുരലോകം ചേട്ടന്‍ തന്റെ ബ്ലോഗില്‍ ഇട്ടിരുന്ന ഒരു പോസ്റ്റിലെ വരികള്‍ ആണ്. ആ പോസ്റ്റില്‍ അദ്ദേഹം പൊതുവായി രവീന്ദ്ര ജയിനെനെ കുറിച്ചാണ് പറഞ്ഞത്.

    യേശുദാസും രവീന്ദ്ര ജയിനും ചേര്‍ന്ന് ഹിന്ദി സംഗീതലോകത്ത് സൃഷ്ടിച്ച അത്ഭുതങ്ങള്‍ നമുക്ക് ഒക്കെ അറിയാവുന്നതാണ്.

    പക്ഷെ സുരലോകം ചേട്ടന്‍ അവസാനം നമുക്ക് എല്ലാവര്‍ക്കും വേണ്ടി പങ്ക് വെച്ച ഒരു പാട്ടുണ്ടല്ലോ. അത് ഒരു അത്ഭുതം ആണ്. അതിന്റെ കഥയിലേക്ക്.

    ReplyDelete
  2. ഷിജൂ,പൊന്നപ്പന്‍,
    ഈ ഗാനത്തിന്റെ ചരിത്രം വ്യക്തമാക്കിയത് നന്നായി.നന്ദി.
    വര്‍ഷങ്ങള്‍ക്കുമുമ്പ് റെക്കൊഡ് ചെയ്ത ഈ ഗാനം നാടുവിട്ട് നാടുമാറി തിരിച്ചെത്തിയപ്പോള്‍ നഷ്ടപ്പെട്ടു എന്നു കരുതിയതാണ്. അവസാനം കസെറ്റ് കിട്ടിയിട്ടും അത് പ്രവര്‍ത്തിപ്പിക്കാന്‍ ഏറെ പാടുപെട്ടു. എന്റെ കൈവശമുള്ളത് നാലു മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ്. പകര്‍പ്പവകാശം പ്രശ്നമാകാനിടയുള്ളതുകൊണ്ടാണ് അല്പം മാത്രം അവിടെയിട്ടത്. പാട്ടിന്റെ യഥാര്‍ഥനീളം അറിയില്ല.
    പാട്ടിനെപ്പറ്റി:
    ഹിന്ദുസ്ഥാനിയിലെ വിവിധ ഥാട്ടുകളെ ശ്രുതിഭേദത്തിലൂടെ പരിചയപ്പെടുത്തുന്നതാണ് പ്രതിപാദ്യം.രാഗമാലികയായ ഈ ഗാനമാണ് 'H. H. അബ്ദുള്ള' എന്ന പടത്തിലെ 'ദേവസഭാതലം...' എന്ന ഗാനത്തിന് പ്രചോദനമായത് എന്നു തോന്നുന്നു. രണ്ടു ഗാനങ്ങളും സൃഷ്ടിച്ചത് 'രവീന്ദ്ര'ന്‍മാര്‍! രണ്ടു പേരോടും യേശുദാസിനുള്ള അടുപ്പം സുവിദിതം.

    ReplyDelete
  3. നീ പൊന്നപ്പനല്ല...തങ്കപ്പന്‍..തനി തങ്കപ്പന്‍...
    താന്‍‌ക്സപ്പാ...നല്ല പോസ്റ്റ്...ഒറ്റ ഇരുപ്പിനു വായിച്ച് തീര്‍ത്തു...
    അനനതം അജ്ഞാതം അവര്‍ണനീയം...ഇപ്പോള്‍
    ഭാവ രാഗ താള സംഗമം....

    ReplyDelete
  4. ഷിജൂ,പൊന്നപ്പാ,സൂരലോഗം എല്ലാവര്‍ക്കും ഒരുഗ്രന്‍ കങ്കാരുലേഷന്‍സ്.യേശുദാസിന്റെ ഈ പാട്ടിനേ പറ്റി ആദ്യമായിട്ടാണ് കേള്‍ക്കുന്നത്,വായന തുടങ്ങിയപ്പോ പിന്നീടാക്കാന്‍ തോന്നുവാന്‍ കഴിയാത്ത രീതിയിലുള്ള അദ്ഭുതം തോന്നുന്ന വാര്‍ത്തയും,എഴുത്തും. നന്ദി

    ഷിജുവേ..ഗവേഷണ താല്പര്യം സംഗീതത്തില്‍ കൂടി തിരിച്ചു വിടുന്നത് കൊള്ളാം,വിക്കിക്ക് കുറേ സംഗീതബന്ധം ഉള്ള ലേഖനങ്ങള്‍ സ്വന്താമാവൂല്ലോ :)

    ReplyDelete
  5. ഷിജുവപ്പോ, പൊന്നപ്പോ കണ്‍ഗ്രാജുലേഷന്‍സ്.

    നന്ദ്രികളും. ശരിക്കും നല്ല ഒരു ലേഖനം. ആ പാട്ടിനെപ്പറ്റി ഞാനും ആദ്യമായാ അറിയുന്നത്‌.

    ഇനിയും ഇതേ പോലെ വിജ്ഞാനപ്രദമായ സാധനങ്ങള്‍ പോരട്ടെ.

    ReplyDelete
  6. ഷിജു/പൊന്നപ്പന്‍, ശരിക്കും അത്ഭുതം തോന്നി, പാട്ടിന്റെ പിന്നാമ്പുറം കഥകള്‍ അറിഞ്ഞപ്പോള്‍, അതുപോലെ വളരെ സരസമായ വിവരണവും.
    ഷിജു മാഷെ) പാട്ടിന്റെ ചരിത്രം തേടി നടന്ന മനസ്സിന്‌, അത്‌ പങ്കുവയ്കുവാന്‍ തോന്നിയ നല്ല മനസ്സിന്‌ ഒരുപാട്‌ നന്ദി. പാട്ട്‌ കിട്ടിയാല്‍ അറിയിക്കുമല്ലോ

    ReplyDelete
  7. പൊന്നപ്പാ..കൊടപ്പാ..കയ്യപ്പാ...
    മനോഹരമായിരിക്കുന്നപ്പാ..

    ReplyDelete
  8. ഷിജു, പൊന്നപ്പാ... ഈ പോസ്റ്റിന് നന്ദി. ഇതു വരെ കേട്ടിരുന്നില്ല, കേട്ടപ്പോള്‍ ബാക്കികൂടി കേള്‍ക്കണം എന്ന് തോന്നുന്നു. ആര്‍ക്കെങ്കിലും ഇത് കിട്ടിയാല്‍ പോസ്റ്റ് ചെയ്യണേ..
    ഈ യേശുദാസിനോ, വിജയ് യേശുദാസിനോ ഒന്നും ബ്ലോഗില്ലേ? ആ പൊടിപ്പും തൊങ്ങലിലും കമന്റിടാനെങ്കിലും...

    ReplyDelete
  9. ഷിജൂ,പൊന്നപ്പന്‍,

    നല്ല ലേഖനം, വേറിട്ട ലേഖനം, അഭിനന്ദനങ്ങള്‍!

    ReplyDelete
  10. തൃശ്ശൂര്‍ പൂരത്തിന്റെ ഇടയില്‍ പെട്ട് ശ്വാസം മുട്ടിയ ഒരു അസ്സല്‍ വെടിക്കെട്ട് പോസ്റ്റ്.

    നല്ല ലേഖനം പൊന്നപ്പാ, ഷിജു.

    ഷിജു ഇതാണ് പറയണത് സിനിമ റിലീസ് ചെയ്യണ ദിവസത്തിന്റന്ന് സ്പെഷല്‍ പൂജ ചെയ്യണം എന്ന്. അല്ലെങ്കെ ഇങ്ങനെ തൃശ്ശൂര്‍ പൂരം കേറി ഗോളടിക്കും.

    കറുത്ത പക്ഷികള്‍ പൊട്ടീതും രാജമാണിക്യം വിജയിച്ചതും എന്താനു മനസ്സിലാ‍ായിലേ

    ReplyDelete
  11. ഗംഭീരമായി പൊന്നപ്പാ, ഷിജൂ. വീട്ടില്‍ പോയിട്ടു വേണം പാട്ടു കേള്‍ക്കാന്‍
    -- കൂമന്‍

    ReplyDelete
  12. സോറി ഇതു കൂടിപ്പറയാന്‍ വിട്ടു. റാഫിയണ്ണനു പാടാന്‍ പറ്റീലാ എന്നതു തള്ളലല്ലേ എന്നൊരാശങ്ക. തിരിച്ചുള്ള കഥകളും കേട്ടിരിക്കുന്നു (“മാനസമൈനേ”യുടെ കാര്യത്തില്‍)

    (കൂമന്‍)

    ReplyDelete
  13. കൂമന്‍ said...
    സോറി ഇതു കൂടിപ്പറയാന്‍ വിട്ടു. റാഫിയണ്ണനു പാടാന്‍ പറ്റീലാ എന്നതു തള്ളലല്ലേ എന്നൊരാശങ്ക. തിരിച്ചുള്ള കഥകളും കേട്ടിരിക്കുന്നു.



    കൂമന്‍ ചേട്ടാ,

    റാഫിയുടെ കഥ തള്ളിയതൊന്നും അല്ല. രവീന്ദ്ര ജയിന്‍ തന്നെ പറഞ്ഞതാ. ലേഖനത്തോടൊപ്പം കൊടുത്തിരുന്ന ഈ ഹിന്ദു ലേഖനം ഒന്നു വായിച്ചേ. ‍

    ReplyDelete
  14. ഷിജു + പൊന്നപ്പന്‍സ് !
    നല്ല ഉഗ്രന്‍ പോസ്റ്റ് ! ആശംസകള്‍

    ആത്മഗതം: “”ഈ ഷിജു ഇങ്ങനൊക്കെ എഴുതാന്‍ തുടങ്ങിയോ എന്നൊന്നും വിചാരിച്ച് ആരുടേയും കണ്ണ് തള്ളരുത്.“”

    എന്റെ കണ്ണു തള്ളി ;)

    ഷിജുവിന്റെ പോസ്റ്റില്‍ ഒരു കമന്റിടാന്‍ ന്‍പറ്റുമെന്നു വിചാര്രിച്ചതല്ല.. ബാക്കി ലേഖനങ്ങള്‍ക്കു കമന്റാനുള്ള “പിക്കപ്പ്” ഇല്ല്ലായിരുന്നു ;)

    ReplyDelete
  15. വളരെ നന്ദി പാട്ടു പരിചയപ്പെടുത്തിയതിനും അണിയറ വിശേഷങ്ങള്‍‌‍ക്കും.

    ReplyDelete
  16. സുരലോകത്തു് വായിച്ചിരുന്നു.
    പാട്ടിന്‍റെ പിന്നാമ്പുറം അറിയിച്ചതിനു് ഷിജുവിനും പൊന്നപ്പനും നന്ദി.:)

    ReplyDelete
  17. നല്ല സുഖമുള്ള വായന..നന്ദി.

    ReplyDelete
  18. നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടൂ......ഷിജു, അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍.

    ReplyDelete
  19. പതിനഞ്ചു മിനിറ്റ് ഉള്ള പാട്ട് 59 പ്രാവശ്യം പാടിയിട്ടും അങ്ങേരുടെ തൊണ്ട അടിച്ചു പോയില്ലേ.

    അതൊന്ന് കേട്ടിട്ടു തന്നെ കാര്യം

    ReplyDelete
  20. ഇത്‌ എനിക്കു ഒരു പുതിയ അറിവാണ്‌ കെട്ടോ...ഈ പൊസ്റ്റിനു നന്ദി..

    ReplyDelete
  21. Shadaj ne Paaya-Yesudas

    Once-in-a-lifetime song

    (This was posted by my friend in www.entelokam.com)

    Yesudasinte sangeetha jeevithathile ee apoorva gaanathinu vendi
    harimurali oru abhyarthana natathiyirunnu.

    Tansen enna chithrathinu vendi Raveendra jain compose
    cheythathaanee gaanam.
    Chithram purathirangiyilla.
    Yesudas hindiyil tharangam shrushticha kaalathu thanneyaanu
    thu record cheyyappettathu.
    Ee gaanathinte original purathirangiyittilla ennaariyunnu.

    ee gaanam 1986- April 24-nu Abu Dhabiyil India Social Centre-il natanna
    gaanamelayil Yesudas aalapichathu ivite post cheyyunu.

    Ee gaanathe kurichu harimurali ezhuthiya kaaryangal aanu
    njaanum vayicharinjathu.
    Let me quote from harimurali's request:

    Song: Shataj ne paya ye vardhan....

    Hindi film: Tansen
    Music: Raveendra Jain

    This film was produced by Rajasree Pictures was never completed and
    the songs were not commercially released.

    Yesudas described this as a marathon recording session where he learnt a 12-minute
    song in five days for the movie. At the end of it all, both the singer and the music director
    fell ill due to exhaustion. Sadly, neither the movie nor the song, Shadjane payal,
    was released. Today, Yesudas sings it during his live concerts.

    According to Raveendra Jain: "When I composed the music for `Tansen,' there was
    one particular song that played on the ragas and the position of the `Sa.'
    Mohammed Rafi was at his peak then. When I played this song for him, he told me
    `Raviji, Mohammed Rafi would not be able to sing this song in this lifetime.'
    That was the greatness of Rafi. Hemant Da [Hemant Kumar] told me that the very
    thought of singing the song made him tense. It was finally sung by Yesu.
    Both of us worked on that song for two days during the recording. No food,
    no break or even a sip of water. We finished it only after 59 takes."

    To download the recorded version of this rare song:



    http://www.4shared.com/file/29150779/b629a4e8/

    ReplyDelete
  22. dasettante ee paat full undo enn ariyilla 4 shared il und ....atrayum kettappol thanne entammo dasettan is really a tansen ,,,,,,,,,

    ReplyDelete