04 January, 2009

മലയാളം വിക്കിഗ്രന്ഥശാല - 2008-ലെ പ്രവര്‍ത്തനങ്ങള്‍

മലയാളം വിക്കിഗ്രന്ഥശാലയുടെ (http://ml.wikisource.org/) 2008-ആം ആണ്ടിലെ പ്രവര്‍ത്തനത്തിന്റെ സംക്ഷിപ്ത റിപ്പോര്‍ട്ടാണിത്. 2008 വിക്കിഗ്രന്ഥശാല കൂടുതല്‍ സജീവമായ വര്‍ഷം ആയിരുന്നു. വിക്കിഗ്രന്ഥശാലയിലേക്ക് 2008 ല്‍ വന്ന പ്രമുഖകൃതികള്‍ താഴെ പറയുന്നവ ആണ്.

1. കുമാരനാശാന്റെ കൃതികള്‍

വിക്കിഗ്രന്ഥശാലയുടെ ഏറ്റവും പ്രധാന പ്രവര്‍ത്തനം 2007 അവസാനം തുടക്കം കുറിച്ചതും ഇപ്പോള്‍ ഏതാണ്ട് അവസാനിക്കാറുമായ കുമാരനാശാന്റെ സമ്പൂര്‍ണ്ണ കൃതികള്‍ വിക്കിയിലാക്കുന്നതായിരുന്നു.

വീണപൂവ് എന്ന ആശാന്‍ കവിത ഗ്രന്ഥശാലയിലേക്ക് ആക്കി 30 നവംബര്‍ 2007 നു രാജേഷ് വര്‍മ്മ എന്ന വിക്കിഗ്രന്ഥശാല ഉപയോക്താവാണു കുമാരനാശാന്റെ കവിതകള്‍ വിക്കിയിലാക്കുന്ന പരിപാടികള്‍ തുടങ്ങിയത്. അതിനു ശേഷം മറ്റ് പല ഗ്രന്ഥശാല ഉപയോക്താക്കളും ഇതില്‍ പങ്കാളികളായി. പെട്ടന്ന് തിരഞ്ഞപ്പോള്‍ കണ്ട ചിലര്‍ ഇവരാണു.

  1. വിനയ് രാജ്
  2. വെള്ളെഴുത്ത്
  3. കണ്ണൂരാന്‍
  4. അരയില്‍ ദാസ്

ഇവരുടെ നിസ്വാര്‍ത്ഥമായ സന്നദ്ധ സേവനം മൂലം കുമാരനാശാന്റെ സമ്പൂര്‍ണ്ണ കൃതികള്‍ വിക്കിയിലാക്കുക എന്ന പ്രവര്‍ത്തനം അതിന്റെ പരിസമാപ്തിയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. നിലവില്‍ കുമാരനാശാന്റെ കൃതികളില്‍ വിക്കിയിലാക്കാന്‍ ബാക്കി നില്‍ക്കുന്നത് ഇവയാണ്.

ശ്രീബുദ്ധചരിതം എന്ന കവിതയിലെ നാലാം കാണ്ഡത്തിന്റെ അവസാന കുറച്ച് ഭാഗങ്ങളും അഞ്ചാം കാണ്ഡം മുഴുവനായും.

ബാക്കി കുമാരനാശാന്റെ കവിതകളില്‍ പൂര്‍ത്തിയാകാതെ കിടക്കുന്നത് ഇവയാണു്.

വനമാല എന്ന കവിതാ സമാഹാരത്തിലെ

  1. വിവേകാനന്ദസ്വാമികളുടെ ഒരു കവിത
  2. ഭാഷാമേഘസന്ദേശം
  3. ശിഖിവാഹനധ്യാനദശകം
  4. മയൂരസന്ദേശം
  5. ഓം
  6. ശാരദാസ്തവം
  7. രാജയോഗസമര്‍പ്പണം
  8. ഒരു സമര്‍പ്പണം
  9. കിമപി പ്രതിനിവേദനം
  10. പുറന്നാള്‍ മംഗളം
  11. ഒരു കത്ത്‌
  12. സ്നേഹോക്തി
  13. സ്വാഗതപഞ്ചകം
  14. സ്വാഗതപത്രിക

മണിമാല എന്ന കവിതാ സമാഹാരത്തിലെ

  1. പണം
  2. കര്‍ഷകന്റെ കരച്ചില്‍
  3. ഒരു ദൂഷിതമായ ന്യായാസനം
  4. ഒരു മംഗളാശംസ
  5. സി.വി.സ്മാരകം അഥവാ നിന്നുപോയ നാദം
  6. വിവാഹമംഗളം
  7. സന്ധിഗീതം
  8. അദ്ധ്യാപകവൃത്തി

എന്നീ ചെറു കവിതകളും ആണ്. ഇതൊഴിച്ച് കുമാരനാശാന്റെ മിക്കവാറും എല്ലാ കൃതികളും വിക്കിയിലായി കഴിഞ്ഞു. ഈ ചെറു കവിതകള്‍ വിക്കിയിലാക്കാന്‍ സന്മനുസ്സുള്ള സന്നദ്ധസേവകര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ദയവായി അത് ചെയ്യുമല്ലോ. വിക്കിയിലുള്ളവരുടെ ശ്രദ്ധയില്‍ പെടാതെ പോയ അപൂ‌‌ര്‍വ്വകൃതികള്‍ കുമാരനാശാന്റേതായി ഉണ്ടാവാം. എങ്കില്‍ അതും കണ്ടെത്തി വിക്കിയിലാക്കേണ്ടതാകുന്നു. അതിനും സഹായം അഭ്യര്‍ത്ഥിക്കുന്നു.

2. ഖുര്‍‌ആന്‍

2008-ല്‍ വിക്കിയിലെത്തിയ ആദ്യത്തെ സമ്പൂര്‍ണ്ണ ഗ്രന്ഥം ഖുര്‍‌ആന്‍-ന്റെ മലയാള പരിഭാഷ ആണ്. ഖുര്‍‌ആന്റെ മലയാള പരിഭാഷ വിക്കിയില്‍ ചേര്‍ക്കുവാന്‍ ആവശ്യമായ വിധത്തില്‍ ഖുര്‍‌ആന്‍ മലയാളം എന്ന സൈറ്റില്‍ നിന്നു ഉള്ളടക്കം പകര്‍ത്തുന്നതിനു എല്ലാ സഹായങ്ങളും ചെയ്തു തന്ന ഖുര്‍‌ആന്‍ മലയാളം സെറ്റിന്റെ വെബ് മാസ്റ്റര്‍ ശ്രീ. ഹിഷാം കോയക്ക് പ്രത്യേക നന്ദി. ഖുര്‍‌ആന്‍ വിക്കി ഗ്രന്ഥശാലയിലാക്കുന്നതിനു വിക്കിഗ്രന്ഥശാല ഉപയോക്താവായ അനൂപന്‍ സഹകരിച്ചു.

ഖുര്‍‌ആന്‍ മലയാളം സൈറ്റില്‍ നിന്നു തന്നെ ഹദീസും വിക്കിയിലക്കുന്നതിനു പദ്ധതി ഉണ്ട്. അതുമായി ബന്ധപ്പെട്ട പണികള്‍ പുരോഗമിക്കുന്നു. മലയാളത്തിനു നല്ല ഒരു ഒ.സി.ആര്‍ ആപ്ളിക്കേഷന്‍ ഉണ്ടാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആപ്ളീക്കേഷന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഹദീസ് ഇതിനകം വിക്കിയിലെത്തുമായിരുന്നു.

3. അദ്ധ്യാത്മരാമായണം കിളിപ്പാട്ടു്

തുഞ്ചത്തു് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടു് ആണ് 2008-ല്‍ വിക്കിയിലെത്തിയ വേറൊരു പ്രമുഖ ഗ്രന്ഥം. Peringz ആണ് 2006 ഏപ്രിലില്‍ അദ്ധ്യാത്മരാമായണം കിളിപ്പാട്ടു് വിക്കിയിലാക്കുന്ന പ്രവര്‍ത്തനത്തിനു തുടക്കമിട്ടത്. അതു 2008-ല്‍ ഈ വലിയ ഗ്രന്ഥത്തിന്റെ സിംഹഭാഗവും വിക്കിയിലാക്കി അദ്ധ്യാത്മരാമായണം കിളിപ്പാട്ടു് പൂര്‍ത്തീകരിച്ചത് Souparnika എന്ന വിക്കിഗ്രന്ഥശാല ഉപയൊക്താവ് ആണ്. വേറെ പല വിക്കിഗ്രന്ഥശാല ഉപയോക്താക്കളും ഇതില്‍ സഹകരിച്ചിട്ടുണ്ട്. വളരെ വലിയ ഗ്രന്ഥവും ഒട്ടേറെ അദ്ധ്യായങ്ങളും ഉപ അദ്ധ്യയങ്ങളും ഉള്ളതിനാല്‍ എല്ലാവരുടേയും പേര്‍ തപ്പിപിടിക്കുന്നതു തന്നെ വലിയ പണിയായതിനാല്‍ അതിനു മുതിരുന്നില്ല.

<2>

4. കേരളപാണിനീയം

2008-ല്‍ മലയാളം വിക്കിഗ്രന്ഥശാലയിലെത്തിച്ചേര്‍ന്ന ഒരു പ്രമുഖ കൃതി എ.ആര്‍. രാജരാജ വര്‍മ്മയുടെ കേരളപാണിനീയം ആണ്. 2006 സെപ്റ്റംബര്‍ 2നു കൈപ്പള്ളിയാണു കേരളപാണിനീയം വിക്കിഗ്രന്ഥശാലയില്‍ ആക്കുന്ന പരിപാടിക്കു തുടക്കം കുറിച്ചത്. മലയാളദേശവും ഭാഷയും എന്ന ആദ്യത്തെ അദ്ധ്യായത്തിന്റെ കുറയേറെ ഭാഗങ്ങള്‍ അദ്ദേഹം തന്നെ വിക്കിഗ്രന്ഥശാലയില്‍ ആക്കിയിരുന്നു.

അതിനു ശെഷം 1.5 വര്‍ഷത്തോളം കേരളപാണിനീയം ആരും ശ്രദ്ധിച്ചില്ല. അതിനു മാറ്റമുണ്ടായത് എസ്.എം.സി. വികസിപ്പിച്ചെടുത്ത പയ്യന്‍സ് എന്ന ആസ്കി to യൂണിക്കോഡ് കണ്‍വേട്ടറിന്റെ വരവാണു്. ഈ സോഫ്‌‌റ്റ്‌‌വെയറിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രത്യെക നന്ദി. മലയാളം വിക്കിഗ്രന്ഥശാലയ്ക്കു താമസിയാതെ തന്നെ ഏറ്റവും അധികം പ്രയോജനപ്പെടാന്‍ പോകുന്ന ഒരു സോഫ്റ്റ്‌‌വെയര്‍ ആയിരിക്കും പയ്യന്‍സ്.

പയ്യന്‍സ് ഉപയോഗിച്ച് കേരളപാണിനീയം യൂണിക്കോഡിലേക്ക് കണ്‍വേര്‍ട്ട് ചെയ്യുകയും അതു വിക്കിയിലാക്കുന്നതിനു എല്ലാ വിക്കി ഗ്രന്ഥശാല ഉപയോക്താവായ സന്തൊഷ് തോട്ടിങ്ങല്‍ സഹകരിച്ചു. അദ്ദേഹം തന്നെ "ഇന്ദുലേഖ" പോലെയുള്ള ഗ്രന്ഥങ്ങളും യൂണീക്കോഡില്‍ ആക്കി വെച്ചിട്ടുണ്ട്. പക്ഷെ അതൊക്കെ വിക്കിയിലാക്കണമെങ്കില്‍ വിക്കിഗ്രന്ഥശാലയെ ചുറ്റിപറ്റി നല്ലൊരു സമൂഹം ഉയര്‍ന്നു വന്നേ പറ്റൂ. ഇപ്പോള്‍ അവിടെ സജീവരായ നാലോ അഞ്ചോ പേര്‍ക്കു ചെയ്യാവുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പരിമിതി ഉണ്ട്.

കേരളപാണിനീയം ഗ്രന്ഥശാലയില്‍ ആയെങ്കിലും അതിന്റെ പ്രൂഫ് റീഡിംഗ് ജോലികള്‍ ബാക്കികിടക്കുകയാണ്. അതു ചെയ്യുവാന്‍ കുറച്ച് സന്നദ്ധസേവകര്‍ വിക്കിയില്‍ വന്നേ തീരൂ. കേരളപാണിനീയത്തിലെ വിട്ടു പോയ Introduction എന്ന അദ്ധ്യായവും മറ്റ് അത്യാവശ്യം പ്രൂവ് റീഡിങ്ങ് പരിപാടികളും ഹരി നായര്‍ എന്ന വിക്കിഉപയോക്താവ് ചെയ്യുന്നുണ്ട്. പക്ഷെ ഇനിയും ധാരാളം സന്നദ്ധ സേവകരെ അവിടെ ആവശ്യമുണ്ട്.

5. ഭക്തിഗാനങ്ങള്‍/കീര്‍ത്തനങ്ങള്‍

ഇതൊക്കെ കൂടാതെ വിക്കിഗ്രന്ഥശാലയില്‍ ആക്കാന്‍ ശ്രമം നടക്കുന്നത് രചയിതാവ് മരിച്ച് 60 വര്‍ഷം എങ്കിലും പൂര്‍ത്തിയായ ഭക്തിഗാനങ്ങള്‍/കീര്‍ത്തനങ്ങള്‍ അതിലാക്കുന്നതിനാണു

തുടക്കം കുറിച്ചത് തുഞ്ചത്തു് എഴുത്തച്ഛന്റെ ഹരിനാമകീര്‍ത്തനം കൊണ്ട് ആണ്. അതിനു ശേഷം അറബി മലയാള സാഹിത്യത്തിലെ കണ്ടെടുക്കപ്പെട്ട ആദ്യത്തെ കാവ്യമായ മുഹ്‌‌യുദ്ദീന്‍ മാല എന്ന മാലപ്പാട്ട് വന്നു. അതിനെത്തുടര്‍ന്ന് വളരെപഴയ ചില ക്രിസ്തീയ കീര്‍ത്തനങ്ങളും എത്തി. ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും ഒക്കെ വിക്കിഗ്രന്ഥശാലയില്‍ ചേര്‍ക്കുന്നത് വിക്കിഗ്രന്ഥശാലയിലെ തന്നെ ഏറ്റവും വലിയ പദ്ധതി ആയി മാറും. രചയിതാവ് മരിച്ച് 60 വര്‍ഷം കഴിഞ്ഞതും ശ്രദ്ധേയത ഉള്ളതുമായ രചനകളാണു ഈ വിഭാഗത്തില്‍ വിക്കിയിലേക്ക് വരേണ്ടത്. അതിനാല്‍ തന്നെ സിനിമാഗാനവും മറ്റും ഇപ്പോഴത്തെ അവസ്ഥയില്‍ വിക്കിയില്‍ വരാന്‍ പറ്റില്ല. അല്ലെങ്കില്‍ അതിന്റെ കോപ്പിറൈറ്റ് ഓണേര്‍സ് അതൊക്കെ പബ്ളിക്ക് ഡൊമൈനില്‍ ആക്കണം.

ത്യാഗരാജ കൃതികള്‍ ബ്ളോഗില്‍ ഗോവിന്ദന്‍ എന്ന ഒരാള്‍ മലയാള ലിപിയില്‍ ഇടുന്നുണ്ട്. ആരെന്കിലും മുന്നോട്ടു വന്നാല്‍ അതു പ്രൂഫ് റീഡ് ചെയ്ത് വിക്കിയിലാക്കാവുന്നതേ ഉള്ളൂ.

6. മറ്റ് കൃതികള്‍


ഇതു കൂടാതെ ഈ വര്‍ഷം (2009-ല്‍) വിക്കിഗ്രന്ഥശാലയില്‍ ചേ‌‌ര്‍ത്തുതുടങ്ങാവുന്ന കൃതികളില്‍ പ്രമുഖം ചങ്ങമ്പുഴയുടെ കവിതകള്‍ ആണു്. രമണന്‍ ചേര്‍ത്തു കഴിഞ്ഞു. അതൊന്ന് അടുക്കിപെറുക്കാനുണ്ട്. ഉള്ളൂരിന്റെ കവിതകളും ഈ വര്‍ഷം പബ്ളിക്ക് ഡൊമൈനില്‍ ആവുകയാണ്. അതും ചേര്‍ത്ത് തുടങ്ങിയിട്ടുണ്ട്. അത് ഇവിടെക്കാണാം.

7. മറ്റ് പ്രവര്‍ത്തനങ്ങള്‍

2008-ല്‍ വിക്കിഗ്രന്ഥശാലയ്ക്കു സംഭവിച്ച ഏറ്റവും വലിയ മാറ്റം അതിന്റെ മുഖ്യതാള്‍ അണിയിച്ച് ഒരുക്കിയതാണ്. അതിനു ചുക്കാന്‍ പിടിച്ച വിക്കിഗ്രന്ഥശാല ഉപയോക്താവായ സിദ്ധാര്‍ത്ഥനോട് വിക്കിസമൂഹം പ്രത്യേകം കടപ്പെട്ടിരിക്കുന്നു. ഗ്രന്ഥശാലയിലെ ലേഖനങ്ങള്‍ വര്‍ഗ്ഗീകരിക്കുന്നതിലും അദ്ദേഹം സവിശേഷ ശ്രദ്ധകേന്ദ്രീകരിക്കുന്നു.

2008-ല്‍ വിക്കിഗ്രന്ഥശാലയിലെത്തിയ എല്ലാ കൃതികളേയും ഇതില്‍ പരാമര്‍ശിച്ചു എന്നാണു കരുതുന്നത്. ഏതെങ്കിലും കൃതി വിട്ടുപോയിട്ടുണ്ടെങ്കില്‍ ശ്രദ്ധയില്‍ പെടുത്തുമല്ലോ. 2009-ല്‍ ധാരാളം ഗ്രന്ഥങ്ങളും ധാരാളം പുതിയ പ്രവര്‍ത്തകരും വിക്കിയിലേക്ക് എത്തും എന്ന് കരുതട്ടെ. മലയാളത്തിന്റെ ഓണ്‍ലൈന്‍ ഈ ഗ്രന്ഥശാല ഭാവിയില്‍ ഏറ്റവും കൂടുതല്‍ റെഫര്‍ ചെയ്യപ്പെടുന്ന ഒരു സൈറ്റായി മാറും എന്നാണു എന്റെ അനുമാനം. അതിനു ഇനിയും ധാരാളം ഗ്രന്ഥങ്ങള്‍ അവിടെ വരണം. അതിനു ധാരാളം പുതിയ സന്നദ്ധസേവകര്‍ അവിടെ എത്തിയേ തീരൂ.

3 comments:

  1. മലയാളത്തെയും മലയാളിയേയും കുറിച്ചുള്ള ആഴമുള്ള വിവരങ്ങള്‍ നെറ്റില്‍ നിറയട്ടെ. എല്ലാ വിക്കി പ്രവര്‍ത്തകര്‍ക്കും, മികച്ച സംഘാടനത്തിന് ഷിജു ഭായിക്കും ആശംസകള് .

    ReplyDelete
  2. ഇതൊരു മഹത്തായ സം‌രംഭം തന്നെ. പുസ്തകങ്ങള്‍ ഓണ്‍ലൈന്‍ ആയി റഫര്‍ ചെയ്യാന്‍ കഴിയുക എന്നത് മഹത്തായ ഒരു കാര്യം തന്നെയാണ്. മുകളില്‍ പറഞ്ഞ ഗ്രന്ഥങ്ങള്‍ എവിടെപോയി തപ്പും എന്ന് ആലോചിച്ചിരിക്കുകയായിരുന്നു ഞാന്‍. വളരെ സന്തോഷം.
    എല്ലാ വിധ ആശംസകളും

    ReplyDelete