11 April, 2009

മോശവത്സലം

മലയാളം വിക്കിപീഡിയക്കു വേണ്ടി, മലയാള ക്രൈസ്തവ ഗാനരചയിതാക്കളെക്കുറിച്ചെഴുതുന്ന ലേഖനങ്ങളുടെ ശ്രേണിയിലെ നാലാമത്തെ ലേഖനമാണു ഇതു്. വായിക്കുന്നവരില്‍ ആര്‍ക്കെങ്കിലും ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ അറിവുണ്ടെണ്ടെങ്കില്‍ അത് ഇവിടെ കമെന്റ് ആയി ഇടുമല്ലോ. വൈജ്ഞാനിക സ്വഭാവമുള്ള കമെന്റുകളെല്ലാം വിക്കിപീഡിയക്കു മുതല്‍ക്കൂട്ടാകും. മോശവത്സലത്തെ കുറിച്ചു് ഞാന്‍ ശേഖരിച്ച വിവരങ്ങള്‍ അപൂര്‍ണ്ണമാണു്. അതിനാല്‍ വൈജ്ഞാനിക മൂല്യമുള്ള കൂടുതല്‍ കാര്യങ്ങള്‍ ലേഖനത്തിലേക്കു് ചേര്‍ക്കേണ്ടതുണ്ടു്. കൂടുതല്‍ പലര്‍ ചേര്‍ന്ന് എഴുതുമ്പോഴാണല്ലോ വിക്കിയിലെ ലേഖനങ്ങള്‍ ഉന്നത നിലവാരത്തിലേക്ക് എത്തുന്നത്.

ഈ ശ്രേണിയിലെ ആദ്യത്തെ ലേഖനമായ വിദ്വാന്‍ കുട്ടിയച്ചനെ കുറിച്ചുള്ള ബ്ളോഗ് പോസ്റ്റ് ഇവിടെയും കുറച്ചു കൂടി മെച്ചപ്പെടുത്തലുകള്‍ വരുത്തിയ മലയാളം വിക്കിപീഡിയ ലേഖനം ഇവിടെയും വായിക്കാം.

രണ്ടാമത്തെ ലേഖനമായ നാഗല്‍ സായിപ്പിനെക്കുറിച്ചുള്ള ലേഖനം ഇവിടെ വായിക്കാം മലയാളം വിക്കിലേഖനം ഇവിടെയും വായിക്കാം.

മുന്നാമത്തെ ലേഖനമായ മഹാകവി കെ.വി. സൈമണെ കുറിച്ചുള്ള ബ്ളോഗ് പോസ്റ്റ് ഇവിടെയും മലയാളം വിക്കിപീഡിയ ലേഖനം ഇവിടെയും വായിക്കാം.


---------------------------------------------------------------------

മോശവത്സലം

  • നിന്റെ ഹിതം പോലെയെന്നെ നിത്യം നടത്തീടേണമേ http://www.youtube.com/watch?v=dSNay12TQFg
  • യെരുശലേമിന്‍ ഇമ്പവീടെ എപ്പോള്‍ ഞാന്‍ വന്നു ചേരും http://www.youtube.com/watch?v=2nhOVudzHAc
  • അനുഗ്രഹത്തോടെ ഇപ്പോള്‍ അയക്ക യഹോവായെ
  • പൊന്നേശു നരര്‍ തിരുബലി മരണം നിനപ്പാന്‍

തുടങ്ങിയ പ്രശസ്ത ഗാനങ്ങളുടേയും ഇന്നു് കേരളാക്രൈസ്തവര്‍ വ്യാപകമായി ആരാധനകളിലും മറ്റും ഉപയോഗിക്കുന്ന നിരവധി മലയാള ക്രിസ്തീയ കീര്‍ത്തനങ്ങളുടെ രചയിതാവുമാണു് മോശവത്സല ശാസ്ത്രികള്‍. മോശവത്സലം എന്ന പേരിലാണു് അദ്ദേഹം കേരളക്രൈസ്തവരുടെ ഇടയില്‍ അറിയപ്പെടുന്നതു്.

നാഗല്‍ സായിപ്പിന്റെ “സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു” എന്ന ഗാനം പോലെ വളരെ പ്രശസ്തമായ ഗാനമാണു് “യരുശലേമിന്‍ ഇമ്പവീടെ എപ്പോള്‍ ഞാന്‍ വന്നു ചേരും“ എന്ന ഗാനം. പക്ഷെ “സമയമാം രഥത്തിനു“ സംഭവിച്ചതു പോലെ “യരുശലേമിന്‍ ഇമ്പവീടെ“ എന്ന ഗാനം ഒരു കള്‍‌ട്ട് ഗാനമായി മാറിയില്ല.

ജനനം, ബാല്യം, വിദ്യാഭ്യാസം

1837-ല്‍ റവ. ജോണ്‍ കോക്സ് എന്ന പാശ്ചാത്യ മിഷനറിയുടെ മിഷനറി പ്രവര്‍ത്തനത്തിന്റെ ഫലമായി തിരുവനന്തപുരത്തിനടുത്തുള്ള നെയ്യാറ്റിന്‍‌കര താലൂക്കിലുള്ള തിരുപ്പുറം ഗ്രാമത്തിലെ ഒരു റോമന്‍ കത്തോലിക്ക കുടംബാംഗമായിരുന്ന അന്തോണി മിഷനറി സായിപ്പുമാറോടു് ഒപ്പം ചേര്‍ന്നു. അരുളാനന്ദം എന്ന പുതു നാമവും സ്വീകരിച്ചു. LMS മിഷനറിയായിരുന്ന ജോണ്‍ നോക്സിനു് അരുളാനന്ദത്തിനോടുള്ള വാത്സല്യം നിമിത്തം അദ്ദേഹത്തെ വത്സലം എന്ന ഓമനപ്പേരിലാണു് വിളിക്കാറുണ്ടായിരുന്നതു്. ജോണ്‍ നോക്സ് വത്സലത്തെ ഒരു സുവിശേഷ പ്രവര്‍ത്തകനായി നിയമിച്ചു.

സുവിശേഷകന്‍ അരുളാന്ദവത്സലത്തിനു് ഒരു മകന്‍ ജനിച്ചപ്പോള്‍ ആ കുട്ടിയുടെ ജ്ഞാനസ്നാപനം നടത്തിയ മിഷനറി അവനു് മോശ എന്നു് പേരിട്ടു. മറ്റൊരു മിഷനറി ശമുവേല്‍ മെറ്റീര്‍ പിതാവിന്റെ ഓമനപ്പേരായ വത്സലം കൂടി ചേര്‍ത്തു് കുഞ്ഞിനെ മോശവത്സലം എന്നു് വിളിച്ചു.

പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞതിനു് ശേഷം സംസ്കൃതം, ഇംഗ്ലീഷ് എന്നിവ പഠിച്ചു് ജയിച്ചു് ഒരദ്ധ്യാപകനായി.

ലളിതകലകളില്‍ ജന്മവാസനയുണ്ടായിരുന്ന മോശ, സംഗീതത്തിലും ചിത്രരചനയിലും പ്രത്യേക പരിശീലനം നേടിയിരുന്നതിനാല്‍ സ്കൂളില്‍ ആ വിഷയങ്ങളും പഠിപ്പിച്ചു.

1868-ല്‍ 21-ആം വയസ്സില്‍ തിരുവനന്തപുരം നെല്ലിക്കുഴിയില്‍ മനവേലി കുടുംബത്തില്‍ നിന്നു് റാഹേലിനെ വിവാഹം ചെയ്തു.

അദ്ധ്യാപകനായി ജീവിതം തുടങ്ങിയെങ്കിലും മോശവത്സലത്തിന്റെ ആഗ്രഹം ഒരു സുവിശേഷകനാകണമെന്നായിരുന്നു. വൈദീകപഠനത്തിനായിട്ടു് അദ്ദേഹം അദ്ധ്യാപകവൃത്തി ഉപേക്ഷിച്ചു്; നാഗര്‍ കോവിലിലുള്ള സെമിനാരിയില്‍ നിന്നു് വൈദീകവിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അതിനു് ശേഷം സംഗീതത്തിലും ചിത്രമെഴുത്തിലും ഉപരിപഠനത്തിനായി തിരുവനന്തപുരത്തു് താമസമാക്കി. ചിത്രമെഴുത്തില്‍ നേടിയ പരിശീലനത്തിന്റെ ഫലമായി സുവിശേഷപ്രവര്‍ത്തനത്തിനു് സഹായകരമായ് വേദകഥകള്‍ സ്ലൈഡുകളായി നിര്‍മ്മിക്കുവാന്‍ തുടങ്ങി. അതേകാലത്തു് തന്നെ കര്‍ണ്ണാടകസംഗീതത്തിലും പാശ്ചാത്യസംഗീതത്തിലും കൂടുതല്‍ പ്രാവീണ്യം നേടി.

മോശവത്സലത്തിന്റെ മലയാള ക്രിസ്തീയ കീര്‍ത്തനങ്ങള്‍

ഇതിനു് ശേഷമാണു് അദ്ദേഹം ക്രിസ്തീയഗാനങ്ങള്‍ രചിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ തുടങ്ങിയതു്. ഇംഗ്ലീഷിലെ പ്രസ്തമായ ക്രൈസ്തഗാനങ്ങള്‍ മലയാളത്തിലാക്കുന്നതിനായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ശ്രമം. അങ്ങനെ അദ്ദേഹം മലയാളത്തിലാക്കിയ ഗാനങ്ങളില്‍ പ്രശസ്തമായവയാണു് താഴെ പറയുന്ന പാട്ടുകള്‍


തിരുവനന്തപുരത്തെ മിഷനറിയായിരുന്ന സാമുവല്‍ മെറ്റീര്‍, മോശവത്സലത്തെ LMS മിഷന്‍ ഓഫീസില്‍ നിയമിക്കുകയും അവിടുത്തെ ബൃഹത്തായ പുസ്ത്കസഞ്ചയത്തിന്റെ ചുമതല ഏല്പിക്കുകയും ചെയ്തു. ഇതു് ഇംഗ്ലീഷിലും,സംസ്കൃതത്തിലും, തമിഴിലുമുള്ള നിരവധി അപൂര്‍വ്വ ഗ്രന്ഥങ്ങളുമായി പരിചയപ്പെടാന്‍ അദ്ദേഹത്തിനു് അവസരം നല്‍കി. അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഇങ്ങനെ പറയുന്നു.

1872-ലാണു് ഞാന്‍ പ്രഥമകീര്‍ത്തനം രചിച്ചതു്. അന്നു മുതല്‍ ഗാനരചന അഭംഗുരം തുടര്‍ന്നു വന്നു. മലയാളത്തിലും, തമിഴിലും, തെലുങ്കിലും, സംസ്കൃതത്തിലും, ഇംഗ്ലീഷിലും പ്രമുഖകവികള്‍ രചിച്ച കൃതികളിലെ ആശയങ്കാരങ്ങള്‍ ഇളവുകൂടാതെ ഞാന്‍ പഠിച്ചു കൊണ്ടിരുന്നു.

ആരാധനകളില്‍ ഉപയോഗിക്കുവാനുള്ള കീര്‍ത്തനങ്ങള്‍ രചിക്കുവാന്‍ മിഷനറി സായിപ്പു് മോശവത്സലത്തെ നിയോഗിക്കുകയും വേണ്ട പ്രോത്സാഹനം നല്കുകയും ചെയ്തു. അതിനെ തുടര്‍ന്നു് അദ്ദേഹം നിരവധി ക്രിസ്തീയ കീര്‍ത്തനങ്ങള്‍ രചിച്ചു. അദ്ദേഹം രചിച്ചവയില്‍ വളരെ പ്രശസ്തി ആര്‍ജ്ജിച്ചതും ഇന്നും കേരളാക്രൈസ്തവര്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്ന ചില മലയാള ക്രിസ്തീയ കീര്‍ത്തനങ്ങള്‍ താഴെ പറയുന്നവ ആണു്

  • നിന്റെ ഹിതം പോലെയെന്നെ നിത്യം നടത്തീടണമേ http://www.youtube.com/watch?v=dSNay12TQFg
  • സ്വന്തം നിനക്കിനി ഞാന്‍ യേശുദേവാ പാപബന്ധം നീക്കെന്നില്‍
  • യരുശലേമിന്‍ ഇമ്പവീടെ എപ്പോള്‍ ഞാന്‍ വന്നു ചേരും http://www.youtube.com/watch?v=2nhOVudzHAc
  • വരിക സുരാധിപ പരമപരാ നിന്‍ കരുണാസനം വഴിയായ് സഭയില്‍
  • ശാലേമിന്‍ അധിപതി വരുന്നതിനെ കണ്ടു സീയോന്‍ മലയില്‍ ബാലര്‍
  • അതിശയ കാരുണ്യ മഹാദൈവമായോനേ
  • രാജ രാജ ദൈവ രാജ യേശുമഹാരാജന്‍
  • പിന്നാലെ വരിക കുരിശെടുത്തെന്‍ പിന്നാലെ നീ വരിക
  • സ്നേഹവിരുന്നനുഭവിപ്പാന്‍ സ്നേഹ ദൈവമക്കളെല്ലാം

LMS മിഷന്‍ ഓഫീസില്‍ കുറച്ചു കാലം പ്രവര്‍ത്തിച്ചതിനു് ശേഷം മോശവത്സലം ഒരു സുവിശേഷകനായി സഭാസേവനത്തിനിറങ്ങി. തിരുപ്പുറം, നെല്ലിക്കാക്കുഴി എന്നീ സ്ഥലങ്ങളില്‍ സഭാശുശ്രൂഷകനായി സേവനമനുഷ്ടിച്ചു. 1891 മുതല്‍ ജീവിതാവസാനം വരെ മോശവത്സലത്തിന്റെ സകല പ്രവര്‍ത്തനങ്ങളും കാട്ടാക്കടയില്‍ കേദ്രീകരിച്ചു. 1916 ഫെബ്രുവരി 20ആം തീയതി മോശവത്സലം അന്തരിച്ചു.

മോശവത്സലത്തിന്റെ ചില പ്രശസ്ത ഗാനങ്ങളുടെ വരികള്‍

  • നിന്റെ ഹിതം പോലെയെന്നെ നിത്യം നടത്തീടണമേ
  • അനുഗ്രഹത്തോടെ ഇപ്പോള്‍ അയക്ക അടിയാരെ യഹോവായേ
  • പൊന്നേശു നരര്‍ തിരുബലി മരണം നിനപ്പാന്‍ തന്നാനൊരു നിയമം അതിശയമേ
  • യരുശലേമിന്‍ ഇമ്പവീടെ എപ്പോള്‍ ഞാന്‍ വന്നു ചേരും
  • ശോഭയേറും നാടൊന്നുണ്ടതു് കാണാമേ ദൂരെ വിശ്വാസത്താല്‍

നിന്റെ ഹിതം പോലെയെന്നെ


നിന്റെ ഹിതം പോലെയെന്നെ
നിത്യം നടത്തീടണമേ

എന്റെ ഹിതം പോലെയല്ലേ
എന്‍ പിതാവേ എന്‍ യഹോവേ

ഇമ്പമുള്ള ജീവിതവും
ഏറെ ധനവും മാനങ്ങളും
തുമ്പമറ്റ സൌഖ്യങ്ങളും
ചോദിക്കുന്നില്ലേ അടിയാന്‍

നേരുനിരപ്പാം വഴിയോ
നീണ്ടനടയോ കുറുതോ?
പാരം കരഞ്ഞോടുന്നതോ
പാരിതിലും ഭാഗ്യങ്ങളോ

അന്ധകാരം ഭീതികളോ
അപ്പനേ പ്രകാശങ്ങളോ
എന്തു നീ കല്പിച്ചിടുന്നോ
എല്ലാം എനിക്കാശിര്‍‌വ്വാദം

ഏതുഗുണമെന്നറിവാന്‍
ഇല്ല ജ്ഞാനമെന്നില്‍ നാഥാ
നീ തിരുനാമം നിമിത്തം
നീതി മാര്‍ഗ്ഗത്തില്‍ തിരിച്ചു

അഗ്നിമേഘത്തൂണുകളാല്‍
അടിയനെ എന്നും നടത്തി\
അനുദിനം കൂടെ ഇരുന്നു
അപ്പനേ കടാക്ഷിക്കുകെ
---------------------------------------------------------------------


അനുഗ്രഹത്തോടെ ഇപ്പോള്‍ അയക്ക



അനുഗ്രഹത്തോടെ ഇപ്പോള്‍ അയക്ക
അടിയാരെ യഹോവായേ
മനസ്സിലിവുടയ മഹോന്നത പരനേ
വന്ദനം നിനക്കാമ്മീന്‍

കരുണായിന്നാസനത്തില്‍ നിന്നു
കൃപ അടിയങ്ങള്‍ മേല്‍
വരണം എല്ലായ്പ്പോഴും ഇരിക്കണം
രാപകല്‍ വന്ദനം നിനക്കാമ്മീന്‍

തിരുസമാധാന വാക്യം അടിയാര്‍
സ്ഥിരപ്പെടാന്‍ അരുള്‍ക ഇപ്പോള്‍
അരുമയേറും വേദമരുളിയ പരനേ
ഹാലേലുയ്യാ ആമ്മീന്‍
---------------------------------------------------------------------

പൊന്നേശു നരര്‍ തിരുബലി മരണം നിനപ്പാന്‍



പൊന്നേശു നരര്‍ തിരുബലി മരണം നിനപ്പാന്‍
തന്നാനൊരു നിയമം അതിശയമേ

പൊന്നായ തിരു ജഡം നരര്‍ക്കു വേണ്ടി നുറുങ്ങി
ഒന്നോടെ തിരുരക്തം ചൊരിക്കുമെന്നും

അപ്പം ഒന്നെടുത്തവന്‍ വാഴ്ത്തി നുറുക്കി നല്‍കി
തൃപ്പാദം തൊഴുന്ന തന്നുടെ ശിഷ്യര്‍ക്കു്

കാസായില്‍ ദ്രാക്ഷാരസം പകര്‍ന്നുയര്‍ത്തിയരുളി
ഈശോ തന്‍ രക്തമതെന്നകത്തിരിപ്പാന്‍

മാഹാത്മ്യം അതിനനവധിയുണ്ടു് രഹസ്യമേ
ഏകന്‍ പോകുന്നു ബലി കഴിവതിനായു്
---------------------------------------------------------------------

യരുശലേമിന്‍ ഇമ്പവീടെ എപ്പോള്‍ ഞാന്‍ വന്നു ചേരും



യരുശലേമിന്‍ ഇമ്പവീടെ എപ്പോള്‍ ഞാന്‍ വന്നു ചേരും
ധരണിയിലെ പാടും കേടും എപ്പോള്‍ ഇങ്ങൊഴിയും

ഭക്തരിന്‍ ഭാഗ്യതലമേ പരിമണസ്ഥലം നീയെ
ദുഃഖം വിചാരം പ്രയത്നം നിങ്കലങ്ങില്ലേ

രാവും അന്ധകാരം വെയില്‍ ശീതവുമങ്ങില്ലേ
ദീപതുല്യം ശുദ്ധരങ്ങു് ശോഭിച്ചീടുന്നെ

രത്നങ്ങളല്ലോ നിന്‍‌മതില്‍ പൊന്നും മാണിക്യങ്ങള്‍
പന്ത്രണ്ടു് നിന്‍ വാതിലുകളും മിന്നും മുത്തല്ലോ

യരുശലേമിന്‍ ഇമ്പവീടെ എന്നു് ഞാന്‍ വന്നു ചേരും
പരമരാജാവിന്റെ മഹത്ത്വം അരികില്‍ കണ്ടീടും

ശ്രേഷ്ഠനടക്കാവുകളും തോട്ടങ്ങളുമെല്ലാം
കാട്ടുവാനിണയില്ലാത്ത കാട്ടുമരങ്ങള്‍

ജീവജലനദി ഇമ്പ ശബ്ദം മേവി അതിലൂടെ
പോവതും ഈരാറുവൃക്ഷം നില്‍പ്പതും മോടി

ദൂതരും അങ്ങാര്‍ത്തു സദാ സ്വരമണ്ഡലം പാടി
നാഥനെ കൊണ്ടാടിടുന്ന ഗീതം മാമോടി

യെരുശലേമിന്‍ അധിപനീശോ തിരുമുന്‍ ഞാന്‍ സ്തുതി പാടാന്‍
വരും വരെയും അരികില്‍ ഭവാന്‍ ഇരിക്കണം നാഥാ

---------------------------------------------------------------------

ശോഭയേറും നാടൊന്നുണ്ടതു് കാണാമേ ദൂരെ വിശ്വാസത്താല്‍


ശോഭയേറും നാടൊന്നുണ്ടതു് കാണാമേ ദൂരെ വിശ്വാസത്താല്‍
താതന്‍ വാസം നമുക്കൊരുക്കി നില്‍ക്കുണ്ടക്കരെ കാത്തതാല്‍

വേഗം നാം ചേര്‍ന്നിടും ഭംഗിയേറിയ ആ തീരത്തു്


നാം ആ ശോഭനനാട്ടില്‍ പാടും വാഴ്ത്തപ്പെട്ടോരുടെ സംഗീതം
ഖേദം രോദനമങ്ങില്ലല്ലോ നിത്യം സൌഭ്യാഗ്യമാത്മാക്കള്‍ക്കു്

സ്നേഹമാം സ്വര്‍ഗ്ഗതാതനുടെ സ്നേഹദാനത്തിനും നാള്‍ക്കുനാള്‍
വീഴ്ചയെന്യേ തരും നന്മയ്ക്കും കാഴ്ചയായി നാം സ്തോത്രം പാടും

1 comment:

  1. ഒരിക്കല്‍ക്കൂടി മോശവത്സലത്തിന്‍റെ വാക്കുകള്‍ സംസാരിക്കുമ്പോള്‍ അടുത്ത ചുവടുകള്‍ വെയ്ക്കേണ്ടിടം തെളിയുന്നു, നന്ദി...

    ReplyDelete