പ്രാചീന കാലം മുതല്‍ മനുഷ്യന്‍ ശവസംസ്കാരത്തിനായി ഉപയോഗിച്ചിട്ടുള്ള വിവിധ രീതികളെക്കുറിച്ചു് പലയിടത്തു നിന്നു് വായിച്ചും, നേരിട്ടു കണ്ടും ഉള്ള പരിചയം നമുക്കു് ഓരോരുത്തര്‍ക്കും ഉണ്ടു്. ഭാരതത്തില്‍,നമ്മുടെ ഇടയില്‍ തന്നെ, ഏതൊക്കെ വൈവിധ്യമായ വിധത്തിലാണു് ആളുകള്‍ ശവസംസ്ക്കാരം നടത്തുന്നതു്. ചിലര്‍ മണ്ണില്‍ മറവു് ചെയ്യുന്നു (അതു് തന്നെ ഏതൊക്കെ വൈവിധ്യമാര്‍ന്ന രീതികളില്‍), ചിലര്‍ വിറകു് കൂട്ടിയിട്ടു് ദഹിപ്പിക്കുന്നു. വേറെ ചിലര്‍ വൈദ്യുതി ഉപയോഗിച്ചു് ദഹിപ്പിക്കുന്നു, മറ്റു ചിലര്‍ പറവജാതികള്ക്കു് ഭക്ഷണമായി കൊടുക്കുന്നു (ഉദാ: പാര്‍സികള്‍), വേറെ ചിലര്‍ നദിയിലൊഴുക്കുന്നു (ഉദാ: ഗംഗ), ഇനി മറ്റൊരു കൂട്ടര്‍ നദിയിലൊഴുക്കിയ ശവശരീരം ഭക്ഷണമാക്കുന്നു (ഉദാ: അഘോരികള്‍).അങ്ങനെ ജീവനറ്റ ശരീരം മണ്ണിനോടു് ലയിക്കുന്നതിനു് മുന്‍പു് പല വിധത്തില്‍ സംസ്ക്കരിക്കപ്പെടുന്നു.
ഈ പോസ്റ്റില്‍ എന്നെ സംബന്ധിച്ചിടത്തോളം പുതിയൊരു അറിവായ ഒരു പുരാതന ശവസംസ്കാര രീതിയെക്കുറിച്ചു് വളരെ അടിസ്ഥാനപരമായ വിവരങ്ങള്‍ മാത്രം ചിത്രങ്ങള്‍ സഹിതം പരിചയപ്പെടുത്താനാണു് ഉദ്ദേശിക്കുന്നതു്. യൂറോപ്പില്‍ പ്രാചിന കാലത്തു് (പ്രധാനമായും കുരിശു യുദ്ധങ്ങളുടേയും ക്രൈസ്തവ മതം അവിടം പിടിമുറുക്കുന്നതിന്റേയും ഒക്കെ മുന്‍പു്) നിലവിലിരുന്ന ഒരു ശവസംസ്കാരരീതിയാണു് കപ്പല്‍ ശവസംസ്കാരവും കല്ലു് കപ്പലുകളും.
ജോലിയോടുള്ള ബന്ധത്തില്‍, വടക്കേ യൂറോപ്പിലെ ഒരു പ്രമുഖരാജ്യമായ സ്വീഡനില്‍ ഈയടുത്ത കാലത്തു് കുറച്ചു് നാള്‍ ചെലവഴിക്കേണ്ടി വന്നു. സ്വീഡന്റെ തെക്കു ഭാഗത്തുള്ള വസ്തരോസു് (Västerås) എന്ന പട്ടണത്തിലായിരുന്നു ഞാന്‍ തങ്ങിയതു്. സ്വീഡനില്‍ ഇപ്പോള്‍ സൂര്യന്‍ അസ്തമിക്കുന്നതു് ഏതാണ്ടു് 10:30 മണിയോടെയാണു്. അതിനാല്‍ പല ദിവസങ്ങളിലും ജോലി സമയം കഴിഞ്ഞു് കിട്ടുന്ന 4-5 മണിക്കൂറുകള്‍ ഞാന്‍ വസ്തരോസിനു് സമീപമുള്ള പ്രദേശങ്ങളില്‍ കറങ്ങാന്‍ പോകുമായിരുന്നു. രാത്രി 10:30 മണി ആകുന്നതു വരെ ഇരുട്ടു് വീഴും എന്ന പേടി വേണ്ടല്ലോ :) അങ്ങനെ ഒരു ദിവസം ഞാന്‍ പോയതു് അനുന്ദ്‌സ്ഹോഗ് എന്ന സ്ഥലത്തേക്കാണു്.
ശവസംസ്കാരത്തിനു് ശെഷം കപ്പലിന്റെ രൂപത്തില്‍ കല്ലു് ഉയര്‍ത്തി വെക്കുന്നതാണു് കല്ലു് കപ്പലുകള്‍ (stone ships) എന്നു് അറിയപ്പെടുന്നതു്. അനുന്ദ്‌സ്ഹോഗ് അങ്ങനെയുള്ള ഒരു പുരാതന ചരിത്രാവശിഷടങ്ങള്‍ നിലനില്‍ക്കുന്ന ഒരു സ്ഥലമാണു്.
സ്കാന്‍ഡനേവിയന്‍ രാജ്യങ്ങളില്‍ പല സ്ഥലങ്ങളിലും (പ്രധാനമായും സ്വീഡന്‍, ഡെന്മാര്‍ക്ക്, നോര്‍വെ തുടങ്ങിയ രാജ്യങ്ങളില്‍) ഇത്തരത്തിലുള്ള ധാരാളം ചരിത്രാവശിഷ്ടങ്ങള്‍ കാണാം. അത്തരത്തില്‍ പെട്ട ഒരു സ്ഥമാണു് ഞാന്‍ സന്ദര്‍ശിച്ച വസ്തരോസിലുള്ള അനുന്ദ്‌സ്ഹോഗ് എന്ന സ്ഥലം.
ഇന്തോ-യൂറോപ്യന്‍ ഭാഷാകുടുംബത്തിന്റെ ഒരു ശാഖയായ സ്കാന്‍ഡനേവിയന്‍ അല്ലെങ്കില്‍ നോര്‍ത്തു് ജെര്‍മ്മാനിക്കു് ഭാഷാകുടുംബത്തില്‍ പെട്ട ഭാഷകള്‍ സംസാരിക്കുന്ന ആളുകളുടെ (നോര്‍സ്മെന്‍ (Norsemen) എന്ന പേരിലിവര്‍ അറിയപ്പെടുന്നു) ഇടയില്‍ നിലനിന്നിരുന്ന സവിശേഷമായ ഒരു ശവസംസ്ക്കാര രീതിയാണു് കല്ലു കപ്പല്‍ (stone ship) ശവസംസ്ക്കാരം. തോണിയിലോ (ഇതു് ship burial എന്നു് അറിയപ്പെടുന്നു) അല്ലെങ്കില്‍ മണ്ണില്‍ ശവസംസ്കാരത്തിനു് ശെഷം ശവക്കുഴിയെ ചുറ്റി തോണിയുടെ രൂപത്തില്‍ ഭൂമിയില്‍ ഉയര്‍ത്തുന്ന കല്ലുകള്‍ക്കു് ഇടയിലോ ആയിരുന്നു നോര്‍സു് ജനതയുടെ ശവസംസ്ക്കാരത്തിന്റെ പ്രത്യേകത. മരിച്ച ആള്‍ക്കുണ്ടായിരുന്ന പദവിയും അധികാരവും ഒക്കെയാണു് ശവകുടീരത്തില്‍ ബഹുമാനപൂര്‍വ്വം അര്‍പ്പിക്കുന്ന വസ്തുക്കളെ നിര്‍ണ്ണയിച്ചിരുന്നതു്. അടിമകളുടെ രക്തസാക്ഷിത്വവും ഇതിന്റെ ഭാഗമായിരുന്നു. ഇതിനു ശേഷം ശവകുടീരത്തില്‍ കല്ലുകള്‍ തോണിയുടെ രൂപത്തില്‍ ഉയര്‍ത്തി വെക്കുന്നു. അങ്ങനെ ഉയര്‍ത്തി വെച്ചിരിക്കുന്ന 2 കല്ലു് കപ്പലുകളെ താഴെയുള്ള ചിത്രങ്ങളില്‍ കാണാം.
മരിച്ചു് കഴിഞ്ഞവര്‍ക്കു് കടല്‍ കടന്നു് Valhalla എന്ന കൊട്ടാരത്തിലേക്കു് പോകാന്‍ വേണ്ടിയാണു് ഇത്തരത്തില്‍ കപ്പലില്‍ ശവമടക്കുന്നതു് എന്നു് ഒരു ഐതിഹ്യം പറയപ്പെടുന്നു. എന്നാല്‍ കല്ലു് കപ്പലുകള്‍ക്കു് ജ്യോതിശാസ്ത്രപരമായ പ്രത്യേകത ഉണ്ടു് എന്നും പറയുന്നവരുണ്ടു്.
ഞാന്‍ കണ്ട ഈ സൈറ്റില്‍ അഞ്ചോളം ഇത്തരത്തിലുള്ള കല്ലു് കപ്പലുകളെ കണ്ടു. എന്നോടൊപ്പം വന്ന ആള്‍ക്കു് വേറെ ചില പണി തിരക്കുണ്ടായിരുന്നതിനാല്‍ കഷ്ടിച്ചു് അര മണിക്കൂര്‍ മാത്രമേ ഈ സ്ഥലത്തു് ചിലവഴിക്കാന്‍ എനിക്കു് പറ്റിയുള്ളൂ. അതിനാല്‍ തന്നെ പടങ്ങളും കുറവാണു്.
ഈ ശവസംസ്കാരരീതിയുടെ പ്രത്യേകതയെക്കുറിച്ചു് എന്നെ അനുന്ദ്‌സ്ഹോഗിലേക്കു് കൊണ്ടു് പോയ ആളോടു് ചോദിച്ചപ്പോള്‍, സമൂഹത്തില്‍ ഉന്നതസ്ഥാനം ഉണ്ടായിരുന്നവരെ ആണു് ഈ വിധത്തില്‍ ശവമടക്കിയിരുന്നതു് എന്ന പരിമിതമായ വിവരം മാത്രമേ എനിക്കു് ലഭിച്ചുള്ളൂ. വസ്തരോസില്‍ തന്നെയുള്ള Västermanland Provincial മ്യൂസിയത്തില്‍ ഇത്തരത്തില്‍ അടക്കപ്പെട്ട തോണിയും ആ തോണിയില്‍ നിന്നു് ലഭിച്ച വസ്തുക്കളും പ്രദര്‍ശിപ്പിച്ചിട്ടുണ്ടു്. ഏതാണ്ടു് 350 ഗ്രാമോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും മറ്റു് നിരവധി വസ്തുക്കളും അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ടു്. ആ മ്യൂസിയം സ്ഥിതി ചെയ്യുന്ന കാസിലിന്റെ ചിത്രം താഴെ.
ആ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ശവമടക്കപ്പെട്ട കപ്പലിന്റേയോ മറ്റു് വസ്തുക്കളുടേമ്യൂസിയത്തിനകത്തു് ക്യാമറയ്ക്കു് വിലക്കും, മ്യൂസിയത്തിന്റെ പ്രത്യേക പ്രകാശസജ്ജീകരനവും മൂലവും സാധിച്ചില്ല.
നോര്‍സു് ജനതയുടെ ശവസംസ്ക്കാര രീതിയുടേതോ മറ്റോ ആയ കൂടുതല്‍ വിവരങ്ങളൊന്നും എനിക്കു് പിടിയില്ല. സ്വീഡിഷ് ഭാഷയിലുള്ള കുറച്ചു് പുസ്തകങ്ങള്‍ എന്റെ ഒരു സുഹൃത്തു് കാണിച്ചു് തന്നുവെങ്കിലും അതു് എനിക്കൊട്ടും ഉപയോഗപ്പെടുന്നവ ആയിരുന്നില്ല. നെറ്റില്‍ തിരഞ്ഞപ്പോള്‍ ഈ വിഷയത്തെ സംബന്ധിച്ചു് എനിക്കു് ലഭിച്ച കണ്ണികള്‍ താഴെ കൊടുക്കുന്നു. കല്ലു കപ്പലുകളെക്കുറിച്ചു് മലയാളം വിക്കിപീഡിയയില്‍ ഒരു സമഗ്രലെഖനം എഴുതണം എന്നാണു് കരുതിയിരുന്നതു് എങ്കിലും ഈ വിഷയം വളരെ കുറച്ചു് മാത്രമേ ഇംഗ്ലീഷില്‍ പോലും ഡോക്കുമെന്റ് ചെയ്തിട്ടുള്ളൂ എന്നു് മനസ്സിലായി.
എന്തായാലും ഞാന്‍ കണ്ടതും മനസ്സിലാക്കിയതും ആയ കാര്യങ്ങള്‍ മാത്രമാണു് ഇവിടെ പങ്കു വെച്ചതു്.
പുറത്തേക്കുള്ള കണ്ണികള്‍
- കല്ലു് കപ്പലിനെക്കുറിച്ചുള്ള ഇംഗ്ലീഷ് വിക്കിപീഡിയ ലേഖനം - http://en.wikipedia.org/wiki/Stone_ship
- കപ്പല്‍ ശവസംസ്ക്കാരത്തെക്കുറിച്ചുള്ള ഇംഗ്ലീഷ് വിക്കിപീഡിയ ലേഖനം - http://en.wikipedia.org/wiki/Ship_burial
- അനുന്ദ്സ്ഹോഗിനെ കുറിച്ചുള്ള ഒരു ലേഖനം - http://hem.bredband.net/sim1/swe/mal/anunds/anunds_01.html
നന്ദി ഷിജു..
ReplyDeletegood information and something new
ReplyDeletegood info :).Expecting an article on this on ml wikipedia also :)
ReplyDeleteനമ്മുടെ തൊപ്പിക്കല്ലുകള്‍ക്ക്, കുടക്കല്ലുകള്‍ക്ക്, പുലച്ചിക്കല്ലുകള്‍ക്ക് ഇങ്ങനെ ചില ആകൃതിയൊക്കെയുണ്ട്. ഇതിനെന്തു സ്ഥലം വേണം ! ഓരോസ്ഥലത്തും ഉണ്ടായിരുന്ന ശവസംസ്കാര രീതി എന്നതിനേക്കാള്‍ ചില സംസ്കാരരീതികള്‍ക്ക് ഉള്ള സാധര്‍മ്മ്യമാണ് പരിഗണനയ്ക്ക് വരേണ്ടത് എന്നുതോന്നുന്നു.ഇതു വായിക്കുമ്പോള്‍. തൊപ്പിക്കല്ലുകള്‍ ഇതുപോലെ വരേണ്യവിഭാഗത്തിനു മാത്രമുള്ളതായിരിന്നിരിക്കുമോ?
ReplyDeleteGood One..
ReplyDeleteDhruvaraj