15 December, 2008

സര്‍വ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം മലയാളം വിക്കിപീഡിയയിലേക്ക്

ചില്ലു പ്രശ്നം മൂലം പ്രതിസന്ധിയിലായിരിക്കുന്ന മലയാളം വിക്കിസംരഭങ്ങള്‍ക്കും, മലയാളത്തെ സ്നെഹിക്കുന്ന മലയാളികള്‍ക്ക് ഏവര്‍ക്കും സന്തൊഷം തരുന്നതുമായ ഒരു വാര്‍ത്ത അറിയിക്കാനാണ് ഈ പോസ്റ്റ്.

കേരള സര്‍ക്കാര്‍ സ്ഥാപനമായ സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരു പ്രമുഖ പ്രസിദ്ധീകരണമായ സര്‍വ്വവിജ്ഞാനകോശം (http://sarvavijnanakosam.gov.in/a-brief-his.htm) GNU Free Documentation License 1.2. ലൈസന്‍സോടെ റിലീസ് ചെയ്യുവാനും, അതോടൊപ്പം അതിലെ ഉള്ളടക്കം ആവശ്യാനുസരണം മലയാളം വിക്കിസംരംഭങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനും അനുമതി തന്നു കൊണ്ട് കേരളസര്‍ക്കാര്‍ തീരുമാനമായിരിക്കുന്നു.

ഇതിനെ സംബന്ധിച്ച് കഴിഞ്ഞ 2-3 മാസമായി കേരളാ വിദ്യാഭ്യാസമന്ത്രിയടക്കം പലരും നിരവധി പ്രസ്ഥാവനകള്‍ നടത്തിയിരുന്നുവെങ്കിലും, സര്‍വ്വവിജ്ഞാനകോശം അധികൃതരില്‍ നിന്നു മലയാളം വിക്കിസംരംഭങ്ങളിലേക്ക് അറിയിപ്പൊന്നും കിട്ടിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് നടന്ന സ്വതന്ത്ര സോഫ്റ്റ്‌‌വെയര്‍ കോണ്‍ഫറന്‍സില്‍ മലയാളം വിക്കിസംരംഭങ്ങള്‍ക്ക് ഒരു പ്രത്യേക സെഷന്‍ അനുവദിക്കുകയും, പ്രസ്തുത സെഷനില്‍ സര്‍വ്വവിജ്ഞാനകോശം അധികൃതരും പങ്കെടുക്കുകയും അവരുടെ നിലപാട് വിശദീകരിക്കുകയും ചെയ്തു. കോണ്‍ഫറന്‍സില്‍ വെച്ച് സര്‍വ്വവിജ്ഞാനകോശം ഡയറക്ടറായ പാപ്പുട്ടി മാഷുമായി നേരിട്ടു സംസാരിക്കാനും അവസരം ലഭിച്ചു. സര്‍വ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം മലയാളം വിക്കിപീഡിയയ്ക്കു സംഭാവന ചെയ്യുകയല്ല സര്‍ക്കാര്‍ ചെയ്തത്. മറിച്ച്, സര്‍വ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം GNU Free Documentation License 1.2 പ്രകാരം സ്വതന്ത്രമാക്കുകയും, ഒരു പടി കൂടി കടന്ന് അത് വെബ്ബില്‍ ആക്കുകയും ആണ് ചെയ്തത്. ഇതോടുകൂടി സര്‍വ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം മലയാളം വിക്കിപ്രവര്‍ത്തകര്‍ക്ക് ടൈപ്പ് ചെയ്യാതെ തന്നെ മലയാളം വിക്കിസംരംഭങ്ങള്‍ക്ക് ഉപയോഗിക്കാം എന്നായി.

മറ്റൊരു ലോകഭാഷയിലും (കുറഞ്ഞ പക്ഷം ഭാരതീയ ഭാഷകളീല്‍ എങ്കിലും) ഇതേ വരെ നടന്നിട്ടില്ലാത്ത ഒരു ചുവടുവെപ്പാണിതു എന്നു തോന്നുന്നു (എനിക്കുറപ്പില്ല. പക്ഷെ പൊതു ജനത്തിന്റെ പണം ഉപയോഗിച്ച് നടത്തുന്ന ഇതേ പോലുള്ള എല്ലാ വൈജ്ഞാനിക സംരംഭങ്ങളും ഇതേ പോലെ സ്വതന്ത്രമാകണം എന്നാണു എന്റെ വ്യക്തിപരമായ അഭിപ്രായം). സ്വതന്ത്രസോഫ്റ്റ്‌‌വെയര്‍ കോണ്‍ഫറന്‍സില്‍ ഇതു ഒരു പ്രധാന വാര്‍ത്തയും ആയിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത ജിമ്മിവെയില്‍സ് ഇക്കാര്യം എടുത്തു പറയുകയും ചെയ്തു.

വിക്കിപീഡിയയില്‍ നിലവിലുള്ള ചില മികച്ച ലേഖനങ്ങള്‍ കറസ്പോണ്ടിങ്ങായ സര്‍വ്വവിജ്ഞാനകോശ ലേഖനവുമായി താരതമ്യം ചെയ്തതില്‍ നിന്ന് വളരെയധികം വിക്കിപീഡിയ ലേഖനങ്ങള്‍ കൊളാബറേറ്റീവ് ഓതറിങ്ങിലൂടെ മികച്ച നിലവാരം കൈവരിച്ചിട്ടുണ്ട് എന്നു കാണാം. അതിനാല്‍ അത്തരം ലേഖനങ്ങള്‍ക്ക് സര്‍വ്വവിജ്ഞാനകോശ ലേഖനങ്ങള്‍ ഉപകാരപ്പെടില്ല.

സര്‍വ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം, മൂന്നുവിധത്തില്‍ ഉപയോഗപ്പെടുത്താം എന്ന നിര്‍ദ്ദേശം ആണു പലരില്‍ നിന്നായി വന്നത്. അതു താഴെ പറയുന്നവ ആണു.

  • വിക്കിപീഡിയയില്‍ സ്റ്റബ് ആയി കിടക്കുന്ന ലേഖങ്ങളുടെ ഉള്ളടക്കം, കറസ്പോണ്ടിങ്ങായ സര്‍വ്വവിജ്ഞാനകോശ ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിച്ച് (അതിനു തക്കതായ നിലവാരം ഉണ്ടെന്കില്‍), മെച്ചപ്പെടുത്തുക. ഇതു വഴി ഏതാണ്ട് 3000 ലേഖനങ്ങളുടെയെന്കിലും ഉള്ളടക്കം മെച്ചപ്പെടുത്താനാവുമെന്നു പ്രതീക്ഷിക്കുന്നു.
  • വിക്കിപീഡിയയില്‍ ഇല്ലാത്തതും സര്‍വ്വവിജ്ഞാനകോശത്തിലുള്ളതും ആയ ലേഖനങ്ങളുടെ ഉള്ളടക്കം മലയാളം വിക്കിപീഡിയയില്‍ പുതിയ ലേഖനം തുടങ്ങാനായി ഉപയോഗിക്കുക. ഇതു വഴി ഏതാണ്ട് 10,000 ത്തോളം ലേഖനങ്ങള്‍ക്ക് തുടക്കമെങ്കിലും ഇട്ടു വയ്ക്കാന്‍ ആവുമെന്നു പ്രതീക്ഷിക്കുന്നു.
  • സര്‍വ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം അതെ പോലെ മലയാളം വിക്കിഗ്രന്ഥശാലയിലേക്ക് ചേര്‍ക്കുക
ഇതില്‍ അവസാനം പറഞ്ഞത് ഉടനെയൊന്നും പ്രാവര്‍ത്തികമാകും എന്നു തോന്നുന്നില്ല. സര്‍വ്വവിജ്ഞാനകോശത്തിലെ ചിത്രങ്ങളുടെ ലൈസന്‍സ് ഇതു വരെ ശരിയായി നിര്‍വചിക്കപ്പെട്ടിട്ടില്ല എന്നതു തന്നെ കാരണം. ഈയൊരു കാരണം കൊണ്ടു തന്നെ സര്‍വ്വവിജ്ഞാനകോശത്തിലെ ചിത്രങ്ങള്‍ വിക്കിപീഡിയയില്‍ ഉപയോഗിക്കാനും പറ്റില്ല.

വിക്കിപീഡിയയിലെ ലേഖനങ്ങള്‍ ഒന്നും തന്നെ സ്റ്റാറ്റിക് അല്ലാത്തതിനാല്‍ സര്‍വ്വവിജ്ഞാനകോശം മൂലം വിക്കിപീഡിയയില്‍ വരാന്‍ പോകുന്ന ഉള്ളടക്കം ഒന്നും തന്നെ അതേ പോലെ കിടക്കുകയില്ല. ചിലര്‍ ചൂണ്ടിക്കാണിച്ച പോലെ "അതാതു കാലത്തെ സര്‍ക്കാരുകളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍" സര്‍വ്വവിജ്ഞാനകോശത്തില്‍ കടന്നു കൂടിയിട്ടുണ്ടാകാം. അതൊക്കെ കൂട്ടായ ശ്രമത്തിലൂടെ നമുക്കു നിഷ്പക്ഷ ലേഖനമായി കൊണ്ടുവരാവുന്നതേ ഉള്ളൂ. അതിനു ധാരാളം സന്നദ്ധ സേവകര്‍ വിക്കിയിലേക്ക് വന്നേ തീരൂ.

വിജ്ഞാനം സ്വതന്ത്രമാക്കുക എന്ന ഉദ്ദേശത്തോടുകൂടി നല്ലൊരു മുന്നേറ്റമാണു കേരളസര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഇതിനു മുന്‍കൈ എടുത്ത എല്ലാവരോടും മലയാളി സമൂഹം കടപ്പെട്ടിരിക്കുന്നു. മലയാളം വിക്കിയിലേക്ക് കൂടുതല്‍ ആളുകള്‍ എത്താനും, മലയാളം വിക്കിസംരഭങ്ങളുടെ നിലവാരം ഇനിയും ഉയരാനും, മറ്റുള്ള ഭാഷാവിക്കിപീഡിയകള്‍ക്ക് ഒരു മാതൃകയായി നില്ക്കാനും ഈ നീക്കം നമ്മളെ സഹായിക്കും എന്നു കരുതട്ടെ.

4 comments:

  1. നല്ല കാര്യം.

    സർവ്വവിജ്ഞാനകോശം എന്നു കഴിഞ്ഞിട്ട് കൊടുത്ത ലിങ്ക് ശരിയല്ല....എന്നാ തോന്നുന്നേ...

    ReplyDelete
  2. വളരെ നല്ല ഒരു ചുവടുവെയ്പ്പ്.

    ReplyDelete
  3. ഷിജുവേ, ഈ സര്‍ക്കാര്‍ സര്‍വ്വവിജ്ഞാന കോശം ഇരുപതു വാല്യങ്ങള്‍ ആയിട്ടാണല്ലോ ആദ്യം വിഭാവനം ചെയ്തിരുന്നത്? അത് മുഴുവനും പൂര്‍ത്തിയായിരുന്നോ? 1985 ല്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്ത് 9 മാത് വാല്യം പുറത്തുവന്നതാണ് ഏറ്റവും അവസാനം ഇറങ്ങിയതെന്നാണോര്‍മ്മ.

    ReplyDelete
  4. ഷിജുവേ, ഈ സര്‍ക്കാര്‍ സര്‍വ്വവിജ്ഞാന കോശം ഇരുപതു വാല്യങ്ങള്‍ ആയിട്ടാണല്ലോ ആദ്യം വിഭാവനം ചെയ്തിരുന്നത്? അത് മുഴുവനും പൂര്‍ത്തിയായിരുന്നോ?


    ഇതു വരെ 14 വാല്യം ആണു ഇറങ്ങിയിട്ടൂള്ളത്. ബാക്കി തുടര്‍‌ന്നുള്ള വര്‍ഷങ്ങളില്‍ ഇറങ്ങുമായിരിക്കും. ഇതു വരെ ഇറങ്ങിയ വാല്യങ്ങള്‍ വെബ്ബില്‍ ആക്കുന്ന പരിപാടി ആണു ഇപ്പോ നടന്നു കൊണ്ടിരിക്കുന്നത്. അതിനു സമയമെടുക്കും. കുറഞ്ഞത് 2 വര്‍ഷം എങ്കിലും വേണ്ടി വരുമെന്നു തൊന്നുന്നു 14 വാല്യങ്ങളും വെബ്ബില്‍ എത്താന്‍,

    ReplyDelete