ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളിലെ വിക്കിപീഡിയ വായന
ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളിൽ വിക്കിപീഡിയ വായിക്കാനായി വിക്കിമീഡിയ ഫൗണ്ടെഷന്റെ വക വിക്കിപീഡിയ ആപ് ഉള്ള കാര്യം കുറഞ്ഞ പക്ഷം സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്കെങ്കിലും അറിയും എന്ന് കരുതുന്നു. ആ ആപ് ഇവിടെ നിന്ന് (https://play.google.com/store/apps/details?id=org.wikipedia) കിട്ടും.
സ്മാർട്ട് ഫോണുകളിലെ മലയാളം വിക്കിപീഡിയ വായന
ഇംഗ്ലീഷ് വിക്കിപീഡിയ ഉപയൊഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് വളരെ ഉപയോഗപ്രദം ആണെങ്കിലും മലയാളത്തിലോ (മറ്റ് ഭാരതീയ ഭാഷകളിലോ) ഉള്ള വിക്കിപീഡിയ വായിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ ആപ് ഉപയൊഗശൂന്യമാണ്. പ്രത്യേകിച്ച് അവരുടെ സ്മാർട്ട് ഫോണിലെ ആൻഡ്രോയിഡ് വേർഷൻ 4.0 ക്ക് താഴെയുള്ളത് ആണെങ്കിൽ. (ഐസ് ക്രീം സാൻഡ് വിച്ച്, ജെല്ലി ബീൻ ഉപയൊഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് വലിയ പ്രശ്നം അല്ല). പക്ഷെ ആഗൊളതലത്തിൽ ഇപ്പൊഴും ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന വേർഷൻ ജിഞ്ചർ ബ്രെഡ് ആണല്ലോ (ഡാറ്റ ഇവിടെ :http://developer.android.com/about/dashboards/index.html) മൊത്തം ആൻഡ്രോയിഡ് ഉപയോക്താക്കളിൽ 50 % ശതമാനത്തിനടുത്ത് ജിഞ്ചർ ബ്രെഡിലാണ്. ഇന്ത്യയിൽ ഈ ശതമാനം പിന്നെയും കൂടാനാണ് സാദ്ധ്യത.
ജിഞ്ചർ ബ്രെഡിലെ മലയാളം റെൻഡറിങ്ങ്
പക്ഷെ ജിഞ്ചർ ബ്രെഡിൽ മലയാളം റെൻഡറിങ് വളരെ മോശമാണ്. ഉദാഹരണത്തിനു ഡിഫാൾട്ട് ബ്രൗസറിൽ മലയാളം വിക്കിപീഡിയ തുറന്നപ്പോൾ കിട്ടിയത് താഴെ.
ചില്ലുപ്രശ്നത്തിനു പുറമേ, ഔന്റെ ചിഹ്നം, റയുടെ ചിഹ്നം ഇതൊക്കെ പ്രശ്നം തന്നെ.
ഇനി ഇതേ സെറ്റിങ്ങിൽ വിക്കിമീഡിയ ഫൗണ്ടേഷന്റെ ആപിൽ മലയാളം വിക്കിപീഡിയ വായിക്കാൻ തുറന്നപ്പോൾ ഉള്ള ദൃശ്യം അടുത്തത്.
അവിടെയും മുകളിലെ അതേ പ്രശ്നങ്ങൾ നിലനിൽക്കുന്നു.
ഫൗണ്ടെഷൻ ആപിലെ സ്വതെയുള്ള സെറ്റിങ്ങ്
സാധാരണ ഫോണ്ട് പ്രശ്നം ഉണ്ടായാൽ ആപ്ലിക്കേഷന്റെ സെറ്റിങ്ങിൽ പോയി ഫോണ്ട് മാറ്റാൻ ശ്രമിക്കുകയാണ് നമ്മൾ (മലയാളം കപ്യൂട്ടറിൽ ഉപയോഗിക്കുന്നവർ) ആദ്യം ചെയ്യുക. അതിനായി വിക്കിമീഡിയ ഫൗണ്ടെഷൻ ആപിൽ പോയി സെറ്റിങ്ങിൽ ഞെക്കിയപ്പോൾ കിട്ടിയ ദൃശ്യം താഴെ.
അതിൽ ഫോണ്ട് തിരഞ്ഞെടുക്കാൻ ഉള്ള ഓപ്ഷനേ ഇല്ല. ഒട്ടും മടിച്ചില്ല. നേരെ പോയി ബഗ് ലോഗ് ചെയ്തു. https://bugzilla.wikimedia.org/show_bug.cgi?id=43651 ഫൗണ്ടേഷൻ ഡെവലപ്പറുമാർ അവരുടെ മുൻഗണന അനുസരിച്ച് അത് ഫിക്സ് ചെയ്യുമായിരിക്കും.
ജീസ് മോൻ സഹായിക്കുന്നു
എന്തായാലും എന്നെ സംബന്ധിച്ചിടത്തോളം മുൻഗണന മലയാളത്തിനായതിനാൽ ഫൗണ്ടെഷൻ ആപ് ഹാക്ക് ചെയ്ത് ഫോണ്ടിനുള്ള പിന്തുണ ചേർക്കാൻ പറ്റുമോ എന്ന് ഇതിനകം MLBrowser, Varamozhi app, Sathyavedathapusthakam app തുടങ്ങി ആപുകൾ മലയാളത്തിനായി വികസിപ്പിച്ച ജീസ് മോൻ ജേക്കബ്ബിനോട് ചൊദിച്ചു. അദ്ദേഹം ശ്രമിക്കാം എന്ന് പറയുകയും അൽപ ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ അത് ശരിയാക്കുകയും ചെയ്തു. അങ്ങനെ മലയാളമടക്കമുള്ള എല്ലാ ഭാഷകളും കൈകാര്യം ചെയ്യാൻ പറ്റുന്ന വിക്കിപീഡിയ ആപ് തയ്യാറായി. അത് നിങ്ങൾക്കായി സമർപ്പിക്കുന്നു.
ഇത് ഒരു താൽക്കാലിക ആപ് ആണ്. ഫൗണ്ടേഷൻ ഡെവലപ്പറുമാർ ഔദ്യോഗിക ആപ്പിൽ ഫോണ്ട് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ചേർക്കുന്നത് വരെയേ ഈ ആപിനു പ്രസക്തിയുള്ളൂ. അത് താമസിയാതെ അവർ ചെയ്യും എന്ന പ്രതീക്ഷയൊടെ ഈ ആപ് മലയാളം വിക്കിപീഡിയ മൊബൈലിൽ വായിക്കുന്നവർക്കായി സമർപ്പിക്കുന്നു.
ആപ് ഇൻസ്റ്റാൾ ചെയ്ത സ്ഥിതിക്ക് അതൊന്ന് ഉപയോഗിച്ച് നോക്കാം.ഈ ആപിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ
- ഫോണ്ട് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ചേർത്തു
- ഫോണ്ട് ഡയറക്ടറി ഹാർഡ് കോഡ് ചെയ്ത് (/sdcard/Fonts) ആപിൽ ചേർത്തു
- സ്വതെയുള്ള വിക്കിപീഡിയ മലയാളം വിക്കിപീഡിയ ആക്കി
ഈ ആപ് ഉപയോഗിച്ച് മലയാളം വിക്കിപീഡിയ വായിക്കാൻ നിങ്ങൾ ചെയ്യേണ്ടത്
- നിലവിലുള്ള വിക്കിപീഡിയ ആപ് അൺഇൻസ്റ്റാൾ ചെയ്യുക (ഈ ആപുമായി കോൺഫ്ലിറ്റ് ഉണ്ടാകുന്നത് തടയാനാണ് അത്)
- https://github.
com/jeesmon/Wik ipediaMobile/bl ob/master/dist/ WikipediaMobile -ml.apk ഇവിടെ നിന്നു ജീസ് മോൻ നമുക്കായി കസ്റ്റമൈസ് ചെയ്ത വിക്കിപീഡിയ ആപ് ഇൻസ്റ്റാൾ ചെയ്യുക
ഏറ്റവും പ്രധാനവ്യത്യാസം ആപ് തുറക്കുമ്പോൾ തന്നെ മലയാളം വിക്കിപീഡിയ തന്നെ കിട്ടും എന്നതാണ്. പക്ഷെ റെൻഡറിങ്ങിൽ വ്യത്യാസം ഒന്നും ഇല്ല. അത് പഴേ പോലെ തന്നെ.
പുതിയ ആപ്പിലെ സെറ്റിങ്ങ്
ഇനി ആപ്പിലെ സെറ്റിങ്ങ് നമുക്ക് ഒന്ന് നോക്കാം.
ആപിൽ ഫോണ്ട് സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ ചേർത്തിരിക്കുന്നു! ഇനി അതൊന്ന് ഞെക്കി നോക്കാം. അപ്പോൾ കിട്ടുന്ന ദൃശ്യം താഴെ.
ഇത് നമ്മുടെ പ്രശ്നം പരിഹരിച്ചില്ല. കാരണം ഫോണ്ട് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ചേർത്തെങ്കിലും നിലവിൽ ഫോണിൽ ഡിഫാൾട്ട് ഫോണ്ടേ ഉള്ളൂ. അതിനാൽ അടുത്ത പടി ഫോണ്ട് ഇൻസ്റ്റളേഷനാണ്.
ഫോണ്ട് ഇൻസ്റ്റലേഷൻ
- നല്ല മലയാളം യൂണിക്കോഡ് ഫോണ്ട് ഡൗൺ ലോഡ് ചെയ്യുക. നിങ്ങൾക് ഇഷ്ടമുള്ള ഏത് മലയാളം യൂണിക്കോഡ് ഫോണ്ടും ഉപയോഗിക്കാം. കൗമുദി സ്മാർട്ട് ഫോണിൽ നല്ല വായനാസുഖം തരുന്നു എന്നതിനാൽ അത് ശുപാർശ ൾചെയ്യുന്നു. അത് ഇവിടെ നിന്നു കിട്ടും http://news.keralakaumudi.com/info/Kaumudi.ttf (ചിലപ്പോൾ ചില ഫോണുകളിൽ .ttf ഫോർമാറ്റിലുള്ള ഫയൽ ഡൗൺലോഡ് ചെയ്യാൻ സമ്മതിക്കില്ല. അങ്ങനെയുള്ളവർക്ക് വേണ്ടി ഇതേ ഫോണ്ടിന്റെ എക്സ്റ്റെൻഷൻ .PDF എന്നാക്കി ഇവിടെ ഇട്ടിട്ടുണ്ട്. അത് ഡൗൺലോഡ് എക്സ്റ്റെൻഷൻ .ttf തന്നെ ആക്കുക)
- അതിനു ശെഷം ഫയൽ കോപ്പി ചെയ്ത് /sdcard/Fonts എന്ന ഫോൾഡറിൽ ഇടുക. Fonts ഫോൾഡറിന്റെ പേരിൽ Capital F തന്നെ ഉപയോഗിക്കണം.
അപ്പോൾ നമ്മൾ ഫോണ്ട് ഡൗൺലോഡ് ചെയ്തു. അത് /sdcard/Fonts എന്ന ഫോൾഡറിൽ ഇട്ടു.
ആപ്പിൽ മലയാളം വിരിയുന്നു
ഇനി നമുക്ക് നമ്മുടെ ആപ്പിന്റെ സെറ്റിങ്ങിൽ ഫോണ്ടിന്റെ ഓപ്ഷൻ ഒന്ന് നോക്കാം. അതിന്റെ ദൃശ്യം താഴെ.
നമ്മൾ ഇപ്പോൾ ഡൗൺലോഡ് ചെയ്ത് ഇട്ട Kaumudi.ttf അതാ അതിൽ കാണുന്നു. Kaumudi.ttf നമ്മുടെ ആപ്പിൽ മലയാളം വായിക്കാനായി തിരഞ്ഞെടുക്കുക, Done എന്ന ബട്ടണിൽ അമർത്തുക. ഇനി ആപ്പിൽ മലയാളം റെൻഡർ ചെയ്യുന്നത് കാണൂ.
നേരത്തെ സൂചിപ്പിച്ച പ്രശ്നങ്ങൾ ഒക്കെ അപ്രത്യക്ഷമായി. മലയാളം നന്നായി വായിക്കാം.
കുറിപ്പ്: ഈ വിധത്തിൽ സെറ്റിങ്ങിൽ പോയി ഭാഷ മാറ്റി, ഫോണ്ടും തിരെഞ്ഞെടുത്താൽ മറ്റ് ഇന്ത്യൻ ഭാഷകളിലുള്ള വിക്കിപീഡിയയും വായിക്കാവുന്നതാണ്. മലയാളത്തിനു വേണ്ടി ചെയ്തതതിനാൽ ഈ ആപിൽ മലയാളം പ്രഥമഭാഷ ആയി വെച്ചെന്നേ ഉള്ളൂ. മറ്റ് ഭാഷകളേയും ഇത് പിന്തുണയ്കും. ആ ഭാഷയിലുള്ള ശരിയായ യൂണിക്കോഡ് ഫോണ്ട് കിട്ടുക എന്നത് മാത്രമായിരിക്കും പ്രധാന കടമ്പ.
കുറച്ച് മുന്നറിയിപ്പുകൾ.
- വിക്കിപീഡിയ ആപിൽ മലയാളം വായിക്കാനുള്ള ഈ പരിഹാരം ആൻഡ്രോയിഡ് 2.3.6 (ജിഞ്ചർ ബ്രെഡ്) തൊട്ടേ പ്രവർത്തിക്കൂ. അതിനു മുൻപുള്ള വേർഷനുകളിൽ (ഉദാ: Froyo) ഈ പരിഹാരം നടക്കില്ല.
- സാംസങ്ങിന്റെ ഫോണുകളിലെങ്കിലും (ആൻഡ്രോയിഡ് 2.3.6നു മുകളിൽ) ഇത് നന്നായി പ്രവർത്തിക്കുന്നു എന്ന് കാണുന്നു. പക്ഷെ ബാക്കിയുള്ള ആൻഡ്രോയിഡ് ഫോണുകളിൽ (LG, SONY, etc) ഇത് ഇങ്ങനെ തന്നെ പ്രവർത്തിക്കും എന്നതിനു യാതൊരു ഉറപ്പും ഇല്ല. നിങ്ങൾ ടെസ്റ്റ് ചെയ്ത് ഫലം ഇവിടെ ഇടുമല്ലോ
- ഐസ് ക്രീം സാൻഡ്‌വിച്ച്, ജെല്ലി ബീൻ എന്നിവയിൽ സ്വതേ മലയാളം അത്യാവശ്യം നന്നായി കാണും എന്നതിനാൽ ഈ പരിഹാരം അവർക്ക് വേണ്ടി ഉള്ളതല്ല.
മുൻപോട്ട്
- ആദ്യം സൂചിപ്പിച്ച പോലെ ഇത് ഒരു താൽക്കാലിക ആപ് ആണ്. ഫൗണ്ടേഷൻ ഡെവലപ്പറുമാർ ഔദ്യോഗിക ആപ്പിൽ ഫോണ്ട് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ചേർക്കുന്നത് വരെയേ ഈ ആപിനു പ്രസക്തിയുള്ളൂ. അത് താമസിയാതെ അവർ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. അതിൽ ഫോണ്ട് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനു പുറമേ ഫോണ്ട് ഡയറക്ടറി സെറ്റ് ചെയ്യാനുള്ള ഓപ്ഷനും വേണം. അപ്പോൾ നമ്മൾ ഫോണ്ട് ഡയറക്ടറിയും മറ്റും ഉണ്ടാക്കണ്ട പണി ഇല്ലാതാവും.
- എല്ലാ ആപുകളിലും ഫോണ്ടും ഫോണ്ട് ഡയറക്ടറിയും സെറ്റ് ചെയ്യാനുള്ള അവകാശത്തിനായി ലാറ്റിനേതര ഭാഷകൾ ഉപയോഗിക്കുന്നവർ പോരാടണം :) സാങ്കേതിക വിദ്യകളെ ലാറ്റിൻ ഭാഷകളുടെ നീരാളിപിടുത്തത്തിൽ നിന്ന് രക്ഷപ്പെടുത്തണം :) :) :) സാംസങ്ങ് കൊറിയൻ കമ്പനി ആയത് കൊണ്ടാണെന്ന് തോന്നുന്നു ഈ വക പരിഹാരങ്ങൾ അവരുടെ പ്രൊഡക്ടുകളിൽ ആദ്യം വരുന്നത്.
എല്ലാവർക്കും സ്മാർട്ട് ഫോണുകളിൽ നല്ല മലയാളം വിക്കിപീഡിയ വായാനുഭവം ആശംസിക്കുന്നു.
ഈ പരിഹാരം പ്രവർത്തിക്കുന്ന ഫോണുകളിൽ എല്ലാ ആപ്പുകളിലും മലയാളം ശരിയാക്കാൻ ഒരു വിദ്യ ഉണ്ട്. അത് അടുത്ത പോസ്റ്റിൽ.
ഈ പരിഹാരം പ്രവർത്തിക്കുന്ന ഫോണുകളിൽ എല്ലാ ആപ്പുകളിലും മലയാളം ശരിയാക്കാൻ ഒരു വിദ്യ ഉണ്ട്. അത് അടുത്ത പോസ്റ്റിൽ.
നന്ദി
- വിക്കിമീഡിയ ഫൗണ്ടേഷൻ (വിക്കിപീഡിയ ആപ് നിർമ്മിച്ചതിന്)
- ജീസ് മോൻ ജേക്കബ്ബ്: (വിക്കിപീഡിയ ആപ് നമുക്ക് വേണ്ടി കസ്റ്റമൈസ് ചെയ്തതിനു്)
- രാഹുൽ: കൗമുദി എന്ന സുന്ദരൻ മലയാളം യൂണീക്കൊഡ് ഫോണ്ട് നിർമ്മിച്ചതിന്.
ശരിക്കും ഉപകാരപ്രദം. വളരെ നന്ദി..
ReplyDelete