സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ (http://ml.wikipedia.org) അതിന്റെ മൊബൈൽ പതിപ്പും ലഭ്യമാക്കിയിരിക്കുന്നു. മലയാളം വിക്കിപീഡിയയുടെ മൊബൈൽ പതിപ്പു് ഇവിടെ ലഭ്യമാണു്. http://ml.m.wikipedia.org/.
പക്ഷെ വിവിധ മൊബൈലുകളിൽ മലയാളം റെൻഡർ ചെയ്യുന്ന സാങ്കേതികത പൂർണ്ണമായി ശരിയായിട്ടില്ല എന്നതു് നിലവിൽ ഒരു പരിമിതിയാണു്. ഒപ്പം തന്നെ മൊബൈലിൽ മലയാളം ടൈപ്പിങ്ങ് ടൂളുകൾ ഇല്ലാത്തതും ഒരു പരിമിതിയാണു്. എങ്കിലും മലയാളം വിക്കിപീഡിയ കാലത്തിനു് മുന്നേ നടന്നു് കഴിഞ്ഞു. മിക്കവാറും മലയാളം വിക്കി ലേഖനങ്ങൾ ഒക്കെ തന്നെ ഇംഗ്ലീഷ് കീവെർഡുകൾ ഉപയോഗിച്ചാൽ ലഭ്യമാകും. സാങ്കേതിക കാര്യങ്ങൾ ശരിയാക്കേണ്ടതു് മൊബൈൽ ഉല്‍പ്പാദകരും, സോഫ്റ്റ്‌വെയർ ഡെവലപ്പുറുമാരും, സാങ്കേതിക വിദഗ്ദരും ഒക്കെ ചേർന്നാണു്. അതിനായി അവരൊക്കെ ശ്രമിക്കും എന്നു് കരുതട്ടെ.
മൊബൈൽ മലയാളം വിക്കിക്കു് വേണ്ടി ആവശ്യമായ സന്ദേശസഞ്ചയങ്ങൾ മലയാളത്തിലാക്കിയ മലയാളം വിക്കിയൻ പ്രവീൺ പ്രകാശ് (http://ml.wikipedia.org/wiki/User:Praveenp) പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
ഇതോടൊപ്പം എടുത്തു് പറയേണ്ട മറ്റൊരു കാര്യം ഇന്ത്യൻ ഭാഷകളിൽ മൊബൈൽ യുഗത്തിലേക്ക് ആദ്യം പ്രവേശിച്ച വിക്കിപീഡിയ മലയാളം ആണു് എന്നതാണു്. ബാക്കിയുള്ള ഇന്ത്യൻ ഭാഷകൾ നമ്മുടെ മൊബൈൽ വിക്കി കണ്ടു് പതുക്കെ അതിനുള്ള പ്രവർത്തനങ്ങൾ നടത്താൻ തുടങ്ങിയിട്ടുണ്ടു്.
മലയാളം വിക്കിപീഡിയക്കു് പുറമേ, മലയാളം വിക്കിനിഘണ്ടു (http://ml.wiktionary.org), മലയാളം വിക്കിഗ്രന്ഥശാല (http://ml.wikisource.org) എന്നിവയുടെ മൊബൈൽ പതിപ്പും ഇറക്കാൻ പദ്ധതിയുണ്ടു്. അതിനായുള്ള സോഫ്റ്റ്‌വെയർ ഡെവലപ്പു്മെന്റു് പിന്നണിയിൽ നടക്കുന്നു.
03 March, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment