24 March, 2010

മലയാളം വിക്കിപീഡിയ - സിഡി പതിപ്പു് - സഹായ അഭ്യർത്ഥന

2010 ഏപ്രിൽ 17നു്, എറണാകുളത്തു് വച്ചു് നടക്കുന്ന വിക്കിസംഗമത്തോടനുബന്ധിച്ചു്, മലയാളം വിക്കിപീഡിയയിൽ നിലവിലുള്ള 12,000 ത്തോളം ലേഖനങ്ങളിൽ നിന്നു് മികച്ച 500-ഓളം ലേഖനങ്ങൾ തിരഞ്ഞെടുത്ത്, സിഡി ഇറക്കാൻ ഉദ്ദേശിക്കുന്നു.

സിഡിയിൽ ഉൾപ്പെടുത്താനുള്ള ലേഖനങ്ങളുടെ തിരഞ്ഞെടുപ്പു് നടന്നു കൊണ്ടിരിക്കുന്നു. ഇതു് വരെ നിർദ്ദേശിക്കപ്പെട്ട ലേഖനങ്ങൾ ഇവിടെ കാണാം http://ml.wikipedia.org/wiki/Wikipedia:Version_1. (ഈ പട്ടിക അന്തിമമല്ല, മാറ്റങ്ങൾ വരാം).


സിഡിയിൽ ഉൾപ്പെടുത്തുന്ന ലേഖനങ്ങൾ, വിക്കിപീഡിയക്ക് പുറത്ത്, സിഡി എത്തുന്ന സ്ഥലങ്ങളിൽ ഒക്കെയും മലയാളം വിക്കിപീഡിയയെ പ്രതിനിധീകരിക്കുവാൻ പോവുകയാണു്. അതിനാൽ തിരഞ്ഞെടുത്ത 500 ലേഖനങ്ങൾ പീർ‌റിവ്യൂ ചെയ്തു് കുറ്റമറ്റതാക്കേണ്ടേതു് മലയാളഭാഷയേയും വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള നാമോരുത്തരുടേയും കടമയാണു്.

അതിനാൽ http://ml.wikipedia.org/wiki/Wikipedia:Version_1 എന്ന താളിൽ കാണുന്ന ലേഖനങ്ങളുടെ കണ്ണിയിൽ ഞെക്കി വായിച്ചു നോക്കാനും, മെച്ചപ്പെടുത്തലുകൾ വരുത്താനും, തെറ്റുകൾ തിരുത്താനും, നിങ്ങളോരോരുത്തരുടേയും ശ്രദ്ധ ക്ഷണിക്കുന്നു.


ഇതോടൊപ്പം തന്നെ, താഴെ കാണുന്ന ചില ലെഖനങ്ങൾ സിഡിയിൽ ഉൾപ്പെടുത്താൻ ആഗ്രഹം ഉണ്ടെങ്കിലും, നിലവിൽ ഉള്ളടക്കം കുറവായതിനാലും, മികച്ച വിക്കിലേഖനത്തിനുള്ള നിലവാരം പാലിക്കാത്തതിനാലും സിഡിയിൽ നിന്നു് ഒഴിവാക്കെണ്ട സ്ഥിതിയാണിപ്പോൾ. ഈ ലേഖനങ്ങളിൽ കൂടുതൽ ഉള്ളടക്കം ചേർത്ത് മെച്ചപ്പെടുത്താൻ പ്രസ്തുത വിഷയങ്ങളിൽ അറിവുള്ളവരെ ക്ഷണിക്കുന്നു.

ഇതിനു് പുറമേ നിലവിലെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത നല്ല ലേഖനങ്ങൾ വിക്കിയിലുണ്ടെന്നു് നിങ്ങൾക്ക് തോന്നുകയാണെങ്കിൽ അത് പട്ടികയിൽ ചേർക്കാൻ ഈ സം‌വാദം താളിൽ ഒരു കുറിപ്പിടുക. എഡിറ്റോറിയൽ ടീം എല്ലാ വശങ്ങളും പരിശോധിച്ച് അതു് പട്ടികയിലേക്ക് ചേർക്കാൻ യോഗ്യമാണോ എന്ന് തീരുമാനിക്കും.

No comments:

Post a Comment