പോളണ്ടിലെ ഡാൻസ്കിൽ വച്ച് നടന്ന ഈ വർഷത്തെ വിക്കിമാനിയയിൽ, മലയാളം വിക്കി സമൂഹത്തിൽ നിന്നു്, പങ്കെടുക്കാൻ പ്രമുഖ ഫോസ്സ് ഡെവലപ്പറായ സന്തോഷ് തോട്ടിങ്ങലിനും എനിക്കും അവസരം ലഭിച്ചു. മലയാളം വിക്കിപീഡിയയിൽ സംഭാവന ചെയ്തത് കൊണ്ടോ ലേഖനങ്ങൾ എഴുതിയത് കൊണ്ടോ അല്ല ഞങ്ങൾക്ക് അവസരം കിട്ടിയത്, മറിച്ച് ഞങ്ങൾ 2 പേരും വിക്കിമാനിയയിൽ അവതരിപ്പിക്കാനായി സമർപ്പിച്ച പേപ്പറുകൾ തിരഞ്ഞെടുക്കപ്പെട്ടത് കൊണ്ടാണു്.
വിക്കിമീഡിയ ഫൗണ്ടേഷന്റെ വിവിധ വിക്കികളിൽ പ്രവർത്തിക്കുന്നവരുടെ ആഗോള പ്രവർത്തകസംഗമം ആണു് വിക്കിമാനിയ. ഫൗണ്ടെഷന്റെ വിവിധ വിക്കികളിൽ പ്രവർത്തിക്കുന്നവർക്ക് പുറമേ, ഇതിന്റെ പ്രവർത്തനങ്ങളെ നിരീക്ഷിക്കാനും പഠിക്കാനും ഇഷ്ടപ്പെടുന്നവരും വിക്കിമാനിയയിൽ പങ്കെടുക്കാറുണ്ടു്. ലൊകത്തിന്റെ വിവിധ കോണുകളിലിരുന്ന് വിക്കിയിൽ സജീവമായി ഇടപെടുന്നവർക്ക് ഒത്തു ചേരാനുള്ള പ്രധാനപ്പെട്ട വേദി കൂടിയാണു്
വിക്കിമാനിയ.
ഒരോ വർഷവും ഒരോ രാജ്യത്താണു് വിക്കിമാനിയ നടക്കുക. 2005-ലാണു് വിക്കിമാനിയ നടത്താൻ തുടങ്ങിയത്. ഈ വർഷം പോളണ്ടിലുള്ള ഡാൻസ്ക് എന്ന നഗരത്തിലാണു് വിക്കിമാനിയ നടന്നതു്. കഴിഞ്ഞ വർഷം അർജന്റീനയിലുള്ള ബ്യൂണസ് ഐറീസിലാണു് നടന്നത്. അടുത്ത വർഷം ഇസ്രായേലിലുള്ള ഹൈഫ എന്ന നഗരത്തിൽ നടക്കും.
ഞങ്ങൾ പങ്കെടുത്തതിന്റെ ഉദ്ദേശം
മലയാളം വിക്കിപീഡിയ സിഡി പുറത്തിറക്കാനുള്ള പ്രയത്നത്തിൽ പങ്കു ചേർന്നതിനാൽ അതിനെക്കുറിച്ചുള്ള അനുഭവം, ഇങ്ങനെ വിക്കിപീഡിയ സിഡി പുറത്തിറക്കാത്ത മറ്റു് ഭാഷക്കാരുമായി പങ്കു വെക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം.ഒപ്പം വർഷങ്ങളായി ഇമെയിലിലൂടെ മാത്രം ബന്ധപ്പെട്ടിട്ടുള്ള പല പ്രമുഖവിക്കിമീഡിയരെ നേരിൽ കാണണം എന്ന ആഗ്രഹവും ഉണ്ടായിരുന്നു.
മലയാളം വിക്കിപീഡിയ സിഡി നിർമ്മിക്കാൻ വേണ്ടി താൻ വികസിപ്പിച്ച Wiki2CD എന്ന സൊഫ്റ്റ്‌വെയർ പരിചയപ്പെടുത്തുക എന്നതായിരുന്നു സന്തൊഷിന്റെ ഉദ്ദേശം.
മലയാളം വിക്കിപീഡിയ സിഡി
മലയാളം വിക്കിസമൂഹം വിക്കിപീഡിയ സിഡി പുറത്തിറക്കിയതോടെ ഇന്ത്യൻ ഭാഷകളിൽ വിക്കിപീഡിയ സിഡി പുറത്തിറക്കുന്ന ആദ്യത്തെ ഭാഷയായി മലയാളം മാറി. ലോകഭാഷകളിൽ തന്നെ
വിക്കിപീഡിയ സിഡി പുറത്തിറക്കുന്ന ആറാമത്തെ ഭാഷ ആണു് മലയാളം. ജർമ്മൻ, ഇംഗ്ലീഷ്, പോളിഷ്, ഫ്രെഞ്ച്, ഇറ്റാലിയൻ എന്നീ ഭാഷകൾ ആണു് ഇതിനു് മുൻപ് വിക്കിപീഡിയ സിഡി പുറത്തിറക്കിയത്. ഈ സിഡി പുറത്തിറക്കാൻ മലയാളം വിക്കിസമൂഹം നടത്തിയ കാൽവെപ്പുകളും അതിനിടയ്ക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളേയും കുറിച്ചുള്ള കഥകൾ സന്തോഷിന്റേയും എന്റെയും ബ്ലൊഗ് പോസ്റ്റുകളിൽ വിവരിച്ചിട്ടുണ്ടു്. അതു് ഇവിടെ നിന്ന് വായിക്കാം.
യാത്രയ്ക്കുള്ള തയ്യാറെടുപ്പ്
സമർപ്പിച്ച പേപ്പർ തിരഞ്ഞെടുക്കപ്പെട്ടത് മുതൽ ഞങ്ങൾ 2 പേരും യാത്രയ്ക്കായുള്ള തയ്യാറെടുപ്പ് തുടങ്ങി.
പക്ഷെ ഞങ്ങൾ 2 പേരും കൂടി സമർപ്പിച്ച പ്രസന്റേഷൻ ഞങ്ങളുടെ പ്രതീക്ഷിയ്ക്കപ്പുറമായി വളരാൻ തുടങ്ങി. ഇംഗ്ലീഷ് വിക്കിപീഡിയ സി.ഡിയുടെ പ്രൊജക്ട് തലവനായ മാർട്ടിൻ വാക്കർ, ഓപ്പൺ സിം പ്രൊജക്ട് ലീഡായ ജർമ്മൻകാരൻ മാനുവൽ സ്നീഡർ എന്നിവർ ഞങ്ങളുമായി ഒത്ത് ചേർന്ന് 3 മണിക്കൂറോളം നീണ്ടു നിൽക്കുന്ന ഒരു ഓഫ്‌ലൈൻ വിക്കിപീഡിയ വർക്ക്ഷോപ്പ് ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ ഞങ്ങൾ ആദ്യം സമർപ്പിച്ച പ്രസന്റേഷൻ ആകെ മാറി മറിഞ്ഞു. ഇതിന്റെ ഒപ്പം അവസാന നിമിഷത്തിൽ വിക്കിപീഡിയ ബുക്ക് പ്രൊജക്ടിന്റെ (പീഡിയപ്രസ്സ്) തലവൻ ഹീക്കോ ഹീസ് കൂടെ ചേർന്നതോടെ വർക്ക് ഷോപ്പിന്റെ സ്കോപ്പ് വർദ്ധിച്ചു. ചുരുക്കത്തിൽ മലയാളം വിക്കിപീഡിയ സിഡിയെ പരിചയപ്പെടുത്താനായി ഞങ്ങൾ സമർപ്പിച്ച 1 മണിക്കൂർ പ്രസന്റേഷൻ, 3 മണിക്കൂർ നീണ്ടു നിൽക്കുന്നതും വിക്കിപീഡിയയുടെ എല്ലാ ഓഫ് ലൈൻ സംരംഭങ്ങളേയും ഒരുമിച്ച് കൊണ്ടു വരുന്നതുമായ 3 മണിക്കൂർ വർക്ക്ഷോപ്പ് ആയി മാറി.
വിക്കിമാനിയക്കു് പോകാനുള്ള സ്കോളർഷിപ്പ് കിട്ടിയതോടെ വിസ കിട്ടാനുള്ള ഓട്ടമായി. ഏതാണ്ടു് 3 ആഴ്ചക്കാലം നിരവധി പേർ പല വിധത്തിൽ മുംബൈയിലുള്ള പോളിഷ് കോൺസുലേറ്റിൽ സമ്മർദ്ദം ചെലുത്തിയതിന്റെ ഭാഗമായി സന്തോഷിനും എനിക്കും മറ്റു് ചിലർക്കും ഞങ്ങൾ യാത്ര പുറപ്പെടാനിരുന്ന ദിവസം വൈകുന്നേരം പൊളണ്ടിലേക്ക് പ്രവെശിക്കാനുള്ള വിസ കിട്ടി. സംഘാടക സമിതിയുടെ ഭാഗത്ത് നിന്നു് വിസാ ഇൻവിറ്റേഷൻ ലെറ്റർ തരുന്നതിനു് ഉണ്ടായ കാലതാമസം മൂലവും, പോളിഷ് എംബസിയിലെ ചില തലതിരിഞ്ഞ നയങ്ങൾ മൂലവും, ഇടയ്ക്ക് വന്ന് ചേർന്ന ഭാരത് ബന്ദും എല്ലാം കൂടി ചേർന്ന് തമിഴ് വിക്കിപീഡിയയിൽ നിന്നുള്ള രവിക്ക് വിക്കിമാനിയയിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെട്ടു. :(
അങ്ങനെ നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് 2010 ജൂലൈ 8 ആം തീയതി അതിരാവിലെ 2 മണിക്കുള്ള ബാംഗ്ലൂരിൽ നിന്നു് ടിനു, ഞാൻ പിന്നെ വേരെ 2 പേരും ഫ്രാൻക്ഫർട്ടിലേക്ക് യാത്രപുറപ്പെട്ടു. ഫ്രാൻക്ഫർട്ടിൽ വച്ച് സന്തോഷും ഞങ്ങളുടെ ഒപ്പം ചേർന്നു. ഫാൻക്ഫർട്ടിൽ നിന്നു് ഡാൻസ്കിലേക്കുള്ള വിമാനം കാത്തു നിൽക്കുമ്പോൾ ബംഗ്ലാദേശിൽ നിന്നുള്ള ബെലായത്തും കൂട്ടുകാരനും പിന്നെ നേപ്പാളി വിക്കിപീഡിയയിൽ നിന്നുള്ള രാജേഷ പാണ്ഡെ പിന്നെ വിവിധ ഭാഷക്കാരും രാജ്യക്കാരും ആയ നിരവധി പേർ ഞങ്ങളോടൊപ്പം ചേർന്നു. ചുരുക്കത്തിൽ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡാൻസ്‌കിലേക്ക് ഞങ്ങൾ കയറിയ ഫ്ലൈറ്റ് ഒരു
വിക്കിമാനിയ ഫ്ലൈറ്റ് ആയിരുന്നു. :)
യാത്രയുടെ മറ്റു് സൂക്ഷ്മമായ വിവരങ്ങൾ എഴുതുന്നില്ല. ഇന്ത്യൻ വിക്കിപീഡിയർ ഉൾപ്പെട്ട ചില പ്രധാന സംഭവങ്ങൾ മാത്രം എഴുതുന്നു.
വിക്കിമാനിയയിൽ
1. ഓഫ്‌ലൈൻ വിക്കിപീഡിയ കണ്ടെന്റിനെ പറ്റിയുള്ള ഞങ്ങളുടെ വർക്ക് ഷോപ്പ്
ഇപ്രാവശ്യത്തെ വിക്കിമാനിയയിൽ മലയാളം വിക്കിപിഡിയ, മലയാളം വിക്കിപീഡിയ സി.ഡി ഇതു് രണ്ടും വമ്പിച്ച ജനശ്രദ്ധ നേടി. ഞങ്ങൾ 2 പേരും, പിന്നെ അമേരിക്ക, ജർമ്മനി എന്നിവടങ്ങളിൽ നിന്നുള്ള 3 പേരും കൂടെ ചേർന്ന് 3 മണിക്കൂറോളം നീണ്ടു നിന്ന ഒരു വിക്കിപീഡിയ സി.ഡി ക്രിയേഷൻ വർക്ക് ഷോപ്പ് നടത്തി.അമേരിക്കക്കാരൻ മാർട്ടിൻ വാക്കർ ഇംഗ്ലീഷ് വിക്കിപീഡിയ സിഡി നിർമ്മിക്കാൻ നടത്തിയ പ്രയതനങ്ങളെക്കുറിച്ച് സംസാരിച്ചു. മലയാളം വിക്കിപീഡിയ സി.ഡി നിർമ്മിക്കാൻ നടത്തിയ പ്രയത്നത്തെക്കുറിച്ച് ഞാൻ സൂചിപ്പിച്ചു. അതിനു് ശേഷം ഓപ്പൺ സിം പ്രൊജക്ടിന്റെ ആളായ മാനുവൽ സ്നീഡർ ഓപ്പൺ സിമ്മിനെ കുറിച്ച് സംസാരിച്ചു.
ടിനുവും സന്തോഷും മാർട്ടിൻ വാക്കറുമൊത്ത്
അതിനു് ശേഷം വിക്കിപീഡിയ സിഡി നിർമ്മിക്കുന്നതിന്റെ ഡെമോ സന്തോഷ് കാണിച്ചു.
പോളിഷ്, ഇംഗ്ലീഷ്, ഹീബ്രു, തമിഴ്, ജാപ്പനീസ് എന്നീ ഭാഷകളിൽ ഉള്ള വിക്കിപീഡിയ സിഡി നിർമ്മിച്ചതിന്റെ സാമ്പിൾ കാണിച്ചു. അതെല്ലാവരും വളരെ താല്പര്യത്തോടെ കണ്ടു. അതിനെ അടിസ്ഥാനമാക്കി ചൊദ്യങ്ങളും ഉണ്ടായി.
ഞാൻ പഠിച്ച ഒരു പ്രധാന പാഠം
കൂടുതൽ ആളുകൾ ഉൾപ്പെടുന്നതിനാൽ 2 ദിവസം ആയാണു് ഈ വർക്ക് ഷൊപ്പ് നടന്നത്. 2 ദിവസം മിക്കവാറും മുഴുവനുമായി ഇതിന്റെ പിറകെ പോയി. അതിനാൽ തന്നെ ആദ്യത്തെ 2 ദിവസത്തെ പങ്കെടുക്കണം എന്ന് ഞാൻ ആഗ്രഹിച്ച പല പ്രധാനപ്പെട്ട സെഷൻസും എനിക്ക് നഷ്ടമായി.
വിക്കിമാനിയയിൽ വളരെ കാഷുവലായി ആയിരുന്നു ആളുകൾ വിവിധ സെഷൻസ് ചെയ്തിരുന്നത്. ആദ്യമായി പോയ ഞാൻ മസിൽ പിടിച്ചാണു് ഇതൊക്കെ ചെയ്തത്. ഇനി ഇതേ പോലെയുള്ള വലിയ പരിപാടികളിൽ കയറി തല ഇടാതെ, ചെറിയതെന്തെങ്കിലും ചെയ്ത് ബാക്കി സെഷൻസ് ഒക്കെ അറ്റൻഡ് ചെയ്യുന്നതാണു് നല്ലത് എന്ന പാഠം പഠിച്ചു. :)
ആ വർക്ക് ഷോപ്പിൽ ഉടനീളവും അല്ലാതുള്ള വിവിധചർച്ചകളിലും മലയാളം, കേരളം എന്നിവയെ അവിടുള്ളവർക്ക് വേണ്ട വിധത്തിൽ പരിചയപ്പെടുത്തി കൊടുക്കാൻ ഞങ്ങൾക്കായി.
ഇന്ത്യ എന്നാൽ ഹിന്ദി എന്നാണു് എന്ന് ധരിച്ച് വച്ചിരിക്കുന്ന പലരുടേയും മിഥ്യാധാരണ മാറ്റാൻ ഞങ്ങൾക്കായി.
മലയാളത്തിനും തമിഴിനും മാത്രമേ വിക്കിമാനിയയിൽ സജീവമായ ഇടപെടലുകൾ നടത്താൻ ആയുള്ളൂ. ബാക്കി ഇന്ത്യൻ ഭാഷകളുടെ ഒന്നും വിക്കി കമ്യൂണിറ്റി സജീവമല്ലാത്തതിനാൽ ആ ഭാഷകളെക്കുറിച്ച് ഒരു പരാമാർശവും ഉണ്ടായില്ല. ഹിന്ദിയെ പോലെ 50കോടിയിൽ പരം ജനങ്ങൾ സംസാരിക്കുന്ന ഒരു ഭാഷയിൽ നിന്നു് എന്തേ ഒരു മുന്നേറ്റവും ഉണ്ടാവാത്തതെന്ന് പലരും സ്വകാര്യമായി എന്നോട് ചോദിച്ചു. പലർക്കും ഇന്ത്യയിൽ ഇത്രയധികം ഭാഷ ഉണ്ടു് എന്ന് തന്നെ അറിയില്ലായിരുന്നു. ചുരുക്കത്തിൽ സമ്മേളനത്തിന്റെ അവസാന ദിവസമായപ്പോഴേക്ക് പലർക്കും ഇന്ത്യയെന്നാൽ മലയാളം ആയി. :)
2. വിക്കിപീഡിയ സി.ഡിയുടെ വിജയഗാഥ
ആദ്യത്തെ ദിവസം തന്നെ വിക്കിമീഡിയ ഫൗണ്ടേഷനിലെ പ്രമുഖരായ പലർക്കും നമ്മൾ പുറത്തിറക്കിയ മലയാളം വിക്കിപീഡിയ സി.ഡി ഞങ്ങൾ കൈമാറി. (ഭാഗ്യത്തിനു് ടിനു മലയാളം വിക്കിപീഡിയ സി.ഡിയുടെ കുറച്ച് കോപ്പികൾ കൊണ്ടു വന്നതിനാൽ അത് നടന്നു. അതിനു് ടിനുവിനു് പ്രത്യേക നന്ദി.)
മലയാളം പോലെ ഒരു ഭാഷ ഇതു് ചെയ്തു എന്നതും അതിനായി സംസ്ഥാന വിദ്യാഭ്യാസവകുപ്പുമായി മലയാളം വിക്കിസമൂഹം ബന്ധപ്പെട്ടു എന്നത് വളരെ ആഹ്ലാദത്തോടെയാണു് വിക്കിമീഡിയ ഫൗണ്ടേഷന്റെ പല ഭാരവാഹികളും പ്രതികരിച്ചത്. പലർക്കും
ഐടി@സ്കൂളിന്റെ പ്രവർത്തനത്തേയും, സ്കൂൾ വിക്കിയേയും (എനിക്കുള്ള പരിമിതമായ അറിവ് വച്ച്) ഒക്കെ പരിചയപ്പെടുത്തി കൊടുക്കാൻ എനിക്കായി.
പക്ഷെ ആദ്യത്തെ 2 ദിവസവും വിക്കിപീഡിയയുടെ സ്ഥാപകരിലൊരാളായ
ജിമ്മിവെയിൽസുമായി ബന്ധപ്പെടാൻ എനിക്കായില്ല. അതിനുള്ള അവസരം ഒത്തത് 3 ആമത്തെ ദിവസം പുള്ളിയുടെ കീനോട്ട് അഡ്രസ്സിനു് തൊട്ടു മുൻപായിരുന്നു. ഇപ്രാവശ്യം ചെറിയ ഭാഷകളുടെ വിക്കിപീഡിയ വളരേണ്ടതിന്റെ ആവശ്യകത ആയിരുന്നു പുള്ളിയുടെ പ്രസംഗത്തിലെ പ്രധാനവിഷയം. പുള്ളിയുടെ പ്രസംഗത്തിനു് തൊട്ട് മുൻപു് ടിനുവും ഞാനും അദ്ദേഹത്തെ പോയി കാണുകയും
നമ്മൾ പുറത്തിറക്കിയ സിഡി അദ്ദേഹത്തിനു് കൊടുക്കുകയും ചെയ്തു. വളരെ ആശ്ചര്യത്തോടെ നമ്മുടെ വിക്കിപീഡിയ സിഡിയുടെ കഥകൾ ചോദിച്ചറിഞ്ഞ അദ്ദേഹം,
ഐടി@സ്കൂൾ ഇതിനായി സഹകരിച്ചു എന്നത് ആഹ്ലാദത്തോടെ കേട്ടിരുന്നു. മലയാളം സർവ്വവിജ്ഞാനകോശം വിക്കിപീഡിയയിൽ ആക്കുന്ന കാര്യത്തെ കുറിച്ചും ചോദിച്ചു. 2008 ഡിസംബറിൽ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ഫ്രീ സോഫ്റ്റ്‌വെയർ കോൺഫറൻസിൽ സംബന്ധിധിച്ച ഓർമ്മകൾ അദ്ദേഹം അയവിറക്കുകയും ചെയ്തു.
അതിനു് ശെഷം സിഡി കൈമാറിയതിൽ സന്തൊഷം രെഖപ്പെടുത്തിയ ജിമ്മി, ഇന്ന് തന്റെ പ്രസംഗത്തിലെ ഒരു പ്രധാന വിഷയം ഇതായിരിക്കും എന്ന് ഞങ്ങളൊട് സൂചിപ്പിച്ചു. അതിനു് ശെഷം തന്റെ പ്രസംഗം തുടങ്ങിയ ജിമ്മി, ചെറുവിക്കിപീഡിയകളെക്കുറിച്ച് തനിക്കുള്ള പ്രതീക്ഷ എന്താണെന്ന് ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള വിക്കിപീഡിയരുമായുള്ള സംഭാഷണങ്ങൾ വിവരിച്ച് സംസാരിച്ചു. അതിനു് ശെഷം വിക്കിപീഡിയയിലെ ഉള്ളടക്കം ജനങ്ങളിലേക്ക് എത്തിക്കാൻ വിക്കിപീഡിയകൾ നടത്തേണ്ടുന്ന ശ്രമം വിവരിക്കാൻ തുടങ്ങിയപ്പോൾ നമ്മുടെ സിഡി കൈയ്യിലെടുത്തു.
“എനിക്ക് ഈ വിഷയത്തിൽ ഇന്ത്യയിലെ ഒരു ചെറിയ ഭാഷ നടത്തിയ മുന്നേറ്റം നിങ്ങളുമായി പങ്കു വെക്കാൻ സന്തോഷമുണ്ടു്” എന്ന് പറഞ്ഞ് നമ്മുടെ സിഡി ഉയർത്തിക്കാട്ടി മലയാളം വിക്കി സമൂഹം സിഡി പുറത്തിറക്കിയ കഥയും അതിനു് വിക്കിസമൂഹം സംസ്ഥാനവിദ്യാഭ്യാസവകുപ്പുമായി സഹകരിച്ച വിവരവും പുറത്തു വിട്ടു. ജിമ്മി വെയിൽസ് നമ്മുടെ മലയാളം സിഡി ഉയർത്തിക്കാട്ടി അതിന്റെ വിശദാംശങ്ങൾ വിവരിക്കുന്ന ഫോട്ടോ ഇതാ ഇവിടെ.
ജിമ്മി വെയിൽസ് മലയാളം വിക്കിപീഡിയ സിഡിയെ വിക്കിമാനിയയിൽ പരിചയപ്പെടുത്തുന്നു.
അവിടെ കൂടിയിരുന്നവർ പലരും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് ഈ വാർത്തയെ സ്വീകരിച്ചു. പലരും ജിമ്മി സിഡി പിടിച്ച് നിൽക്കുന്ന ഫൊട്ടോ എടുക്കാനായി വേദിയുടെ മുന്നിലേക്ക് വന്നു. :) :)
ജിമ്മിയുടെ പ്രസംഗത്തിനു് ശേഷം നിരവധി പേർ ഞങ്ങളൊട് ഇതിന്റെ വിശദാംശങ്ങൾ അന്വേഷിച്ചറിഞ്ഞു.
3. ഗെരാർഡിനെ കണ്ടത്
വിക്കിമീഡിയയുടെ ഇന്ത്യാ മെയിലിങ്ങ് ലിസ്റ്റ് പിന്തുടരുന്നവർക്ക് ഗെരാർഡ് എന്ന യൂറോപ്യൻ വിക്കിപ്രവർത്തകൻ ഇന്ത്യൻ ഭാഷകളിലുള്ള വിക്കികളിൽ നടത്തുന്ന പ്രവർത്തകനെക്കുറിച്ച് അറിയാമെന്ന് കരുതുന്നു. അദ്ദെഹത്തെ കാണാനും പരിചയപ്പെടാനും കഴിഞ്ഞത് സന്തോഷം തരുന്ന ഒന്നായിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള ഒരു പടം ഇവിടെ.
ഗെരാർഡ് സന്തോഷിനോടൊപ്പം
4. സീബ്രാന്റിനെ കണ്ടത്
സീബ്രാന്റ് എന്ന യൂറോപ്യൻ വിക്കിപീഡിയൻ മലയാളം വിക്കിപ്രവർത്തകരിൽ പലർക്കും സുപരിചിതനാണു്. വിക്കിയുടെയുടേയും, വിക്കിയുമായി ബന്ധപ്പെട്ട വിവിധ സോഫ്റ്റ്‌വെയറുകളുടേയും സമ്പർക്കമുഖം വിവിധ ലോകഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്ന വമ്പൻ പരിഭാഷാപദ്ധതിയായ ട്രാൻസ്‌ലേറ്റ് വിക്കിയുടെ ചുക്കാൻ പിടിക്കുന്ന ആളാണു് അദ്ദേഹം. സന്തോഷ് വികസിപ്പെച്ചെടുത്ത Wiki2CD സോഫ്റ്റ്‌വെയർ അദ്ദെഹം സൂക്ഷമമായി വിലയിരുത്തുകയും മെച്ചപ്പെടുത്താനുള്ള അഭിപ്രായങ്ങൾ സന്തോഷിനെ അറിയിക്കുകയും ചെയ്തു. അതിന്റെ ഒപ്പം Wiki2CD സോഫ്റ്റ്‌വെയർ ട്രാൻസലെറ്റ് വിക്കിയിലേക്ക് ചേർക്കാനുള്ള സാദ്ധ്യതകളെപറ്റിയും അദ്ദേഹം ആരാഞ്ഞു. അദ്ദേഹത്തിന്റെ പടം ഇവിടെ.
സീബ്രാന്റ്
5. കാരി ബാസ്സിനെ കണ്ടത്
വിവിധ ഭാഷളിലുള്ള വിക്കിമീഡിയരും വിക്കിമീഡിയ ഫൗണ്ടെഷനുമായുള്ള ബന്ധത്തിനു് സഹായിക്കുന്ന ആളാണു് കാരി ബാസ്സ്. വളരെ നാളുകളായി അദ്ദേഹത്തെ വിക്കിമീഡിയ ഇന്ത്യ മെയിലിങ്ങ് ലിസ്റ്റ് വഴി അറിയാം. അദ്ദേഹത്തെ കാണാൻ കഴിഞ്ഞതും സന്തോഷമുള്ള കാര്യമാണു്.
കാരി ബാസ്സ്
6. എറിക്ക്
എല്ലാ വിക്കിസംരംഭങ്ങളുടേയും സ്ഥിതിവിവരക്കണക്ക് മാസാമാസം തയ്യാറാക്കുന്നതിനു് നേതൃത്വം കൊടുക്കുന്ന ആളാണു് . ഇന്ത്യൻ ഭാഷകളിലുള്ള വിക്കിപീഡിയകളുടെ സ്ഥിതിവിവരക്കണക്ക് അദ്ദേഹം തയ്യാറാക്കുന്നതിന്റെ ഒരു സബ്‌സെറ്റ് മാത്രമാണു്. ഇന്ത്യൻ ഭാഷകളിലുള്ള വിക്കിപീഡിയകളുടെ സ്ഥിതിവിവരക്കണക്ക് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പലപ്പോഴും അദ്ദെഹവുമായി ബന്ധപ്പെടെണ്ടി വന്നിട്ടുണ്ടു്. ഇപ്പോഴാണു് നേരിട്ട് കാണാനും സംസാരിക്കാനും അവരമുണ്ടായത്.
എറിക്ക്
7. മയൂരനാഥൻ
തമിഴ് വിക്കിപീഡിയ തുടങ്ങിയത് മയൂരനാഥനാണു്. വളരെ നാളുകളായി കാണണം എന്ന് ഞാൻ ആശിച്ച ആൾ. ശ്രീലങ്കൻ തമിഴനാണു്. കഴിഞ്ഞ 17 വർഷമായി യു.എ.ഇയിൽ ജൊലി ചെയ്യുന്നു.
മയൂരനാഥൻ
8. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വിക്കിമീഡിയർ
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് വിക്കിമാനിയയിൽ പങ്കെടുത്തവർ
വിക്കിമാനിയയുടെ നടത്തിപ്പ്
കോൺഫറൻസിൽ വിവിധ സെഷൻസ് നടത്തിയ വിധം, പരിപാടിയുടെ ഓഡിയോ വീഡിയോ സ്ട്രീമിങ്ങ് എന്നിവ വിക്കിമാനിയയിൽ
വളരെ നന്നായി കൈകാര്യം ചെയ്തു. പക്ഷെ താമസം, ഭക്ഷണം, വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ അന്താരാഷ്ട്ര വിക്കിമീഡിയരെ സംഘാടക സമിതി കൈകാര്യം ചെയ്ത വിധം എന്നിവ വളരെ മൊശമായിരുന്നു. യൂറോപ്പിൽ നിന്ന് വന്നവർക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. യൂറോപ്യൻ കോൺഫറൻസ് ആയിരുന്നെങ്കിൽ ഒരു പരാതിയും ഇല്ലാതെ കാര്യങ്ങൾ നടന്നേനെ. പക്ഷെ ബാക്കി രാജ്യങ്ങളിൽ നിന്ന് വന്നവർക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു. പലപ്പോഴും പരാതിപ്പെടാൻ പോലും ആളില്ല എന്ന സ്ഥിതിയായിരുന്നു. ഈ സമയത്തൊക്കെ
കാരിയുടെ സാന്നിദ്ധ്യംഞങ്ങളെ സഹായിച്ചു. കാരിയെ പോലുള്ള പ്രവർത്തകർ വിക്കിമീഡിയ ഫൗണ്ടെഷനു മുതൽകൂട്ട് ആണു് എന്നതിനു് യാതൊരു സംശയവും ഇല്ല.
എല്ലാം പങ്കു വെച്ചുള്ള സന്നദ്ധ പ്രവർത്തനം ആയതിനാൽ ആരും എവിടേയും പരാതിപ്പെടാനൊന്നും പോയില്ല. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിക്കിമീഡിയരെ എല്ലാം കൂടി ഒരുമിച്ചു കാണാൻ സാധിച്ചു എന്നത് തന്നെ വലിയ കാര്യം ആയിരുന്നു. അടുത്ത വർഷം ഇസ്രായെലിൽ വീണ്ടും കാണാം എന്ന ആശയോടെ എല്ലാവരും ഡാൻസ്കിൽ നിന്നു് വിട പറഞ്ഞു.
തിരിച്ചെത്തിയപ്പൊഴേക്ക് കേരളത്തിൽ വിക്കിപീഡിയ സിഡി ഉപയോഗിച്ചുള്ള ഒരു വിവാദം തുടങ്ങാൻ ചിലർ പദ്ധതിയിട്ടതായി വിവരം കിട്ടിയിട്ടുണ്ടു്. :) കണ്ടൽക്കാടും കൈവെട്ട് കെസൊക്കെ വിവാദിച്ചു കഴിഞ്ഞു. ഇനി അടുത്തത് ഒന്ന് കണ്ടെത്തണമല്ലോ.