22 March, 2011

വോട്ട് രാഷ്ട്രീയവും സ്വതന്ത്രസൊഫ്റ്റ്‌വെയർ പ്രസ്ഥാനവും

ഈ പൊസ്റ്റിൽ പറഞ്ഞിരിക്കുന്നത് മനസ്സിലാകണമെങ്കിൽ ആദ്യം ഈ മെയിൽ ത്രെഡ് വായിക്കുണേ. http://lists.smc.org.in/pipermail/discuss-smc.org.in/2011-March/012596.html


സ്വതന്ത്രസൊഫ്റ്റ്‌വെയറിനെ/സ്വതന്ത്ര വിജ്ഞാനത്തെ കുറിച്ച് എല്ലായിടത്തും വാതോരാതെ പ്രസംഗിക്കുകയും എന്നാൽ കാര്യങ്ങൾ നടപ്പിൽ വരുത്തുമ്പോൾ  അതിനെ കുറിച്ചുള്ള അവബോധം നാലയലത്ത് കൂടെ പൊയിട്ടില്ല എന്നത് എന്നത് തെളിയിക്കുന്ന ഒന്നാണു് കേരളത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വെബ്ബ് സൈറ്റുകളിൽ ഉപയോഗിച്ചിരിക്കുന്ന ലൈസൻസ്.

സ്വതന്ത്രസൊഫ്റ്റ്‌വെയറിനെ/സ്വതന്ത്ര വിജ്ഞാനം ഇവയെക്കുറിച്ച് ഇപ്പോൾ സംസാരിക്കുന്നത് ഇടത് പക്ഷം ആയതിനാൽ (മറ്റേ പക്ഷത്തിന്റെ കാതിൽ വേദം ഓതിയിട്ടു് കാര്യമില്ലല്ലോ) ഇടത് പക്ഷം ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളുടെ ലൈസൻസ് തന്നെ നോക്കാം.


ജില്ലാ പഞ്ചായത്ത്
  • കൊല്ലം ജില്ലാ പഞ്ചായത്ത് - http://www.lsgkerala.in/kollam - © All Rights Reserved എന്ന മണ്ടൻ ലൈസൻസ്
  • പാലക്കാട് ജില്ലാ പഞ്ചായത്ത് - http://lsgkerala.in/palakkad/ - © All Rights Reserved എന്ന മണ്ടൻ ലൈസൻസ്
  • കണ്ണൂർ ജില്ലാ പഞ്ചായത്ത് - http://lsgkerala.in/kannur/ - © All Rights Reserved എന്ന മണ്ടൻ ലൈസൻസ്
ജനങ്ങൾ തിരഞ്ഞെടുത്ത് വിട്ട്, ജനങ്ങളുടെ പണം ഉപയോഗിച്ച് ഭരണം നടത്തുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതിയിൽ ആണു് ഈ കൂതറ ലൈസൻസ് ഉപയോഗികുന്നത് എന്നോർക്കുക. അതിനു് പുറമേ ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സ്വതന്ത്രസൊഫ്റ്റ്‌വെയർ അനുകൂലികൾ ആണെന്ന വാദവും കൂടെ ആകുമ്പോൾ നമ്മുടെ ഭരണാധികാരികൾക്ക് ഇതിനെ കുറിച്ചുള്ള അവബോധം എത്രയാണെന്ന് ഊഹിക്കാമല്ലോ. 

ഗ്രാമപഞ്ചായത്ത് സൈറ്റുകൾ ഓരോന്നായി പെറുക്കുന്നില്ല (970 ഗ്രാമപഞ്ചായത്ത് ഉണ്ടേ). http://www.lsg.kerala.gov.in/htm/website.php?lang=ml ഇവിടെ നിന്ന് ഓരോന്നായി തപ്പിയെടുക്കാം. ഇതിൽ ഇടതു പക്ഷം ഭരിക്കുന്ന പഞ്ചായത്ത് സൈറ്റുകളുടെ ലൈസൻസ് ഒക്കെ ഒന്നുകിൽ  © All Rights Reserved , അല്ലെങ്കിൽ നൊൺ‌ ഡെറിവേറ്റീവ് നോൺ കൊമേർസ്യൽ ലൈസൻസുകൾ ആണു് ഉപയോഗിച്ചിരിക്കുന്നത്.

സ്വതന്ത്രസൊഫ്റ്റ്‌വെയറിനെ /സ്വതന്ത്ര വിജ്ഞാനത്തെ കുറിച്ച് പ്രസംഗിക്കുന്ന സർക്കാർ ആദ്യം ചെയ്യേണ്ട ഏറ്റവും എളുപ്പമുള്ള പ്രവർത്തിയായിരുന്നു സർക്കാർ സൈറ്റുകളുടെ ലൈസൻസ് സ്വതന്ത്രമാക്കുക എന്നത്. ജനങ്ങൾ തിരഞ്ഞെടുത്ത് വിട്ട്, ജനങ്ങളുടെ പണം ഉപയോഗിച്ച് ഭരണം നടത്തുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതിയിൽ സ്വതന്ത്രസൊഫ്റ്റ്‌വെയർ ബൊധമൊന്നും ഇല്ലെങ്കിൽ പോലും © All Rights Reserved എന്ന ലൈസൻസ് ഉപയോഗിക്കുന്നതിൽ എന്ത് ന്യായമാണുള്ളത്. ഏറ്റവും അടിസ്ഥാനപരമായ ഈ കാര്യം പോലും ചെയ്യാതെ സ്വാതന്ത്ര്യം/സ്വതന്ത്രവിജ്ഞാനം ഇതൊക്കെ പറയുന്നതിൽ എന്തർത്ഥം.

പിൻ‌കുറിപ്പ്: 

ചോദ്യം: ഈ വിഷയത്തെ കുറിച്ച് അവബോധം ഉള്ള പൗരൻ എന്ന നിലയ്ക്ക് താങ്കൾ/താങ്കളുടെ പ്രസ്ഥാനം എന്ത് ചെയ്തു?

അത് വളരെ വാലിഡ് ആയ ചൊദ്യമാണു്.
ഞങ്ങൾ ചെയ്തത്:
  • ഈ വിഷയവുമായി ബന്ധപ്പെട്ട നിരവധി സർക്കാർ അധികാരികളുമായി ബന്ധപ്പെട്ടു.
  • നെരിട്ടു സംസാരിച്ചു.
  • മെയിൽ അയച്ചു
  • വിവിധ ഫോറങ്ങളിൽ/സെമിനാറുകളിൽ കാര്യം അവതരിപ്പിച്ചു.
  • മന്ത്രിക്ക് നെരിട്ട് നിവെദനം കൊടുത്തു.  
ഒരു സാധാരണ പൗരനു് ഇതിൽ കൂടുതലൊക്കെ എന്ത് ചെയ്യാനാകും?

എന്നിട്ടും കാര്യം തഥൈവ. കാരണം മന്ത്രിയടക്കം അപ്പുറത്ത് ഇരിക്കുന്ന ആളുകൾക്ക് ഇതിനെക്കുറിച്ച് എന്തെങ്കിലും അവബൊധം വെണ്ടേ? ഇപ്പുറത്ത് ഇരിക്കുന്ന അവബൊധം ഉള്ള കുറച്ച് പേർ (ഇതിനെക്കുറിച്ച് അറിയുന്നവർ) ഞങ്ങൾ ഇത് ചെയ്യുന്നു എന്ന് കണ്ടപ്പോൾ അത് അവരുടെ പേരിലാക്കി വെടക്കാക്കി തനിക്കാക്കാനും  (ചില എട്ടുകാലി മമ്മൂഞ്ഞുകൾ)  ശ്രമിച്ചു. എട്ടുകാലി മമ്മുഞ്ഞുകൾ ഉണ്ടായാലും കുഴപ്പമില്ല, സ്വതന്ത്രവിജ്ഞാനത്തെ/പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്ന കാര്യം നടക്കുക എന്നതാണു് സ്വതന്ത്രസൊഫ്റ്റ്‌വെയർ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ആഗ്രഹം.

അപ്പോ പറഞ്ഞ് വരുന്നത്, സർക്കാർ സൈറ്റുകളുടെ  ലൈസൻസ് എന്ന ഏറ്റവും അടിസ്ഥാനപരമായ കാര്യം പൊലും ചെയ്യാതെ, തിരഞ്ഞെടുപ്പായപ്പോൾ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍/സ്വതന്ത്ര വിജ്ഞാനതതിന്റെ പേരിൽ വോട്ടു തട്ടാൻ വരുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ.

ഇനിയും സമയമുണ്ട്. തിരഞ്ഞെടുപ്പിനു് 20 ലധികം ദിവസമുണ്ട്. ഈ അടിസ്ഥാനപരാമായ  കാര്യമെങ്കിലും അതിനു് മുൻപ് ചെയ്യാമെങ്കിൽ എന്റെ വോട്ട് ഇടത് പക്ഷത്തിനു്.

2 comments:

  1. 20 ദിവസം കൊണ്ട് നടന്നത് തന്നെ. ഒരു വോട്ട് അവർക്ക് പോയെന്ന് കൂട്ടാം :)

    ReplyDelete
  2. നമ്മ്ക്ക് വല്ലതും തടഞ്ഞാൽ സ്വാതന്ത്ര്യമേ വേണ്ട എന്നു പറയുന്നവർ മറുചേരിയിൽ!
    എന്റെ വോട്ട് സ്വതന്ത്രനോ അപരനോ - അതിൽ കൊള്ളാവുന്നവന്!

    ReplyDelete