28 March, 2011

നിങ്ങൾക്കും ഒരു ചിത്രം വിക്കിപീഡിയക്ക് നൽകാനാകും

നമ്മളൊക്കെ തന്നെ ബ്ലോഗിലും, ബസ്സിലും, നമ്മുടെ വ്യക്തിഗത സൈറ്റുകളിലും, ഇമെയിൽ ഫോർവേർഡുകൾക്കും മറ്റുമായി വിക്കിപീഡിയയിൽ നിന്ന് ഉള്ളടക്കവും ചിത്രങ്ങളും ധാരാളമായി ഉപയോഗിക്കാറുണ്ടല്ലോ.

നമുക്ക് പരിചയമോ, നമ്മളോട് കടപ്പാടോ ഒന്നും ഇല്ലാത്ത ആയിരക്കണക്കിനു് സുമനസ്സുകൾ ഉള്ളടക്കവും ചിത്രങ്ങളും സൗജന്യമായി വിക്കിമീഡിയ സംരംഭങ്ങളിൽ ലഭ്യമാക്കിയിരിക്കുന്നത് കൊണ്ടാണു് ഇതൊക്കെ നമുക്ക് സൗജന്യമായി ഉപയോഗിക്കാനാവുന്നത്. ഇതൊക്കെ തന്നെയാണു് ചിത്രങ്ങളും മറ്റും സ്വതന്ത്രലൈസൻസിൽ ലഭ്യമാക്കുന്നതിന്റെ പ്രാധാന്യവും. പക്ഷെ ഇതൊക്കെ സൗജന്യമായി ഉപയോഗിക്കാൻ നമ്മൾ മിടുക്കരാണെങ്കിലും മിക്കപ്പോഴും കടപ്പാട് പോലും കൊടുക്കാൻ നമ്മൾ തയ്യാറാകാറില്ല.

ഇത്രയും നാൾ ആവശ്യാനുസരണം വിക്കിപീഡിയയിൽ നിന്ന് വിവിധ സംഗതികൾ എടുത്ത് ഉപയോഗിച്ച നമ്മൾ മിക്കവർക്കും പകരം എന്തെങ്കിലും വിക്കിമീഡിയയ്ക്ക്  നൽകാനുള്ള അവസരം ഇതു വരെ ഒത്തുവന്നില്ല. എന്നാൽ ഇപ്പോൾ അതിനുള്ള അവസരം മലയാളം വിക്കിസംരംഭങ്ങൾ നിങ്ങൾക്ക് തരുന്നു.

മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പേരോട് കൂടി വിക്കിയിലേക്ക് ചിത്രങ്ങൾ സംഭാവന ചെയ്യാനുള്ള ഒരു പദ്ധതി മലയാളം വിക്കിപ്രവർത്തകർ ആരംഭിച്ചിരിക്കുന്നു. 2011 ഏപ്രിൽ 2 മുതൽ 17 വരെയാണൂ് ലോകത്തുള്ള എല്ലാ മലയാളികളേയും പങ്കെടുപ്പിച്ചു് കൊണ്ടുള്ള ഈ ഓൺലൈൻ വിക്കിപരിപാടി അരങ്ങേറുന്നത്. അതിൽ പങ്കാളികളാൻ വിക്കിയുടെ പ്രവർത്തനത്തിൽ താല്പര്യമുള്ള എല്ലാ മലയാളികളേയും ഞങ്ങൾ ക്ഷണിക്കുന്നു.

  • പരിപാടി: മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു
  • തീയ്യതി: 2011 എപ്രിൽ 02 മുതൽ 17 വരെ
  • ആർക്കൊക്കെ പങ്കെടുക്കാം: വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വതന്ത്ര വിജ്ഞാനത്തെ പിന്തുണയ്ക്കുന്ന ആർക്കും പങ്കെടുക്കാം.
  • ലക്ഷ്യം: വൈജ്ഞാനിക സ്വഭാവമുള്ള കഴിയുന്നത്ര സ്വതന്ത്ര ചിത്രങ്ങൾ വിക്കിപീഡിയയിൽ എത്തിക്കുക
  • അപ്‌ലോഡ് എവിടെ: വിക്കിമീഡിയ കോമൺസ് അല്ലെങ്കിൽ മലയാളം വിക്കിപീഡിയ
നിങ്ങൾ ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നുള്ളവരായാലും നിങ്ങളുടെ കൈയ്യിലുള്ള വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്ത് ഈ സംരംഭത്തിൽ പങ്കാളികളാകാൻ ക്ഷണിക്കുന്നു.

ഈ പരിപാടിക്കായി മലയാളം വിക്കിമീഡിയനായ അജയ് കുയിലൂർ തയ്യാറാക്കിയ പോസ്റ്റർ ഇതോടൊപ്പം വെക്കുന്നു. ഇത് ആവശ്യാനുസരണം പരസ്യത്തിനായി ഉപയോഗിക്കുക.  


 പോസ്റ്ററിനു് കടപ്പാട്: അജയ് കുയിലൂർ

വൈജ്ഞാനിക സ്വഭാവമുള്ള ധാരാളം ചിത്രങ്ങൾ, പ്രത്യേകിച്ച് കേരളത്തെ സംബന്ധിച്ചുള്ള വൈജ്ഞാനികചിത്രങ്ങൾ, സ്വതന്ത്രലൈസൻസോടെ വിക്കിയിൽ എത്തണം എന്ന് വിക്കിപ്രവർത്തകർ ആഗ്രഹിക്കുന്നു.  കേരളനിയമസഭാതിരഞ്ഞെടുപ്പ്, പാഞ്ഞാൾ അതിരാത്രം, വിഷു, തുടങ്ങി നിരവധി പരിപാടികൾ ഈ കാലയളവിൽ കേരളത്തിൽ നടക്കുന്നുണ്ട്. അതിൽ നിന്നുള്ള വൈജ്ഞാനിക സ്വഭാവമുള്ള ചിത്രങ്ങളൊക്കെ തന്നെ വിക്കിയിലെത്താൽ എല്ലാവരും ദയവായി സഹകരിക്കണം. 

കേരളത്തിൽ നിന്നു് മാത്രമല്ല, നിങ്ങൾ ലോകത്തിന്റെ ഏത് ഭാഗത്ത് ആയാലും ഈ പരിപാടിയിൽ പങ്കെടുക്കാവുന്നതാണു്. നിങ്ങൾ ഇപ്പോൾ താമസിക്കുന്ന പ്രദേശത്ത് നിന്നു് ലഭ്യമാകുന്ന വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ വിക്കിയിലേക്ക് അപ്ലോഡ് ചെയ്ത് ഇത് മലയാളികൾ വിക്കിമീഡിയക്ക് നൽകുന്ന ഒരു ബൃഹത്ത് സംഭാവന ആക്കാൻ എല്ലാവരും ഇതിൽ സഹകരിക്കുക.


ഇത് സംബന്ധിച്ച് നിങ്ങൾക്കുള്ള എന്ത് ചോദ്യങ്ങളും  ഈ താളീൽ ഉന്നയിക്കുകയോ help@mlwiki.in എന്നതിലേക്ക് ഇ-മെയിലയക്കുകയോ ചെയ്യുക.

1 comment:

  1. പാഞ്ഞാള്‍ അതിരാത്രം, മന്ത്രവാദം,തന്ത്രവാദം,പുത്രകാമേഷ്ടി യാഗം, സന്തോഷ് മാധവന്റെ പൂജകളുടെ ചിത്രങ്ങള്‍ എന്നിവ വിക്കിയുടെ വൈജ്ഞാനിക സ്വഭാവമുള്ള ചിത്രങ്ങളുടെ കൂട്ടത്തില്‍ പെടുമെന്നറിഞ്ഞതില്‍ കലശലായി വ്യസനിക്കുന്നു :)

    ReplyDelete