25 March, 2011

മലയാളരാജ്യത്തെ ഭൂപടത്തിലൊതുക്കുന്നു

വിജ്ഞാനകോശത്തിലും, സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്ക് വെക്കുന്ന മറ്റിടങ്ങളിലും (ബ്ലോഗ്, പത്രവാർത്ത, ഇന്റർനെറ്റ് ഫൊറങ്ങൾ....) ഭൂപടത്തിന്റെ പ്രാധാന്യം പറയേണ്ടതില്ലല്ലോ.

ഇപ്പോൾ തന്നെ നിയമസഭാതിരെഞ്ഞെടുപ്പിനോടനുബന്ധിച്ച് പലരായി പലയിടത്തായി എഴുതുന്ന വിവിധ ലേഖനങ്ങളിൽ വെക്കുവാൻ, തക്കതായ ഭൂപടം ഇല്ലാതെ എത്രയോ പേർ കഷ്ടപ്പെടുന്നു. സ്വതന്ത്ര ലൈസൻസിൽ ഉള്ള ഭൂപടങ്ങൾ ഇല്ല എന്ന് തന്നെ പറയേണ്ടി വരും.

ചിലരൊക്കെ അവിടുന്നും ഇവിടുന്നും ഒക്കെ അടിച്ച് മാറ്റിയ കുത്തക ഭൂപടങ്ങൾ ഉപയോഗിച്ച് (അത് ശരിയായ ഭൂപടം ആണെന്ന് യാതൊരു ഉറപ്പുമില്ല താനും) പകർപ്പവകാശലംഘനം നടത്തി താൽക്കാലികാശ്വാസം നേടുന്നു.



മലയാളം വിക്കിപീഡിയയിൽ കേരളത്തിലെ സ്ഥലങ്ങളെ കുറിച്ചുള്ള അസംഖ്യം ലേഖനങ്ങളിൽ ഉപയോഗിക്കുവാൻ തക്കതായ ഭൂപടങ്ങൾ ഇല്ലാതെ മലയാളം വിക്കിപീഡിയർ ബുദ്ധിമുട്ടുകയായിരുന്നു.

ഈ പ്രശ്നത്തിനു് ശ്വാശ്വത പരിഹാരവുമായി മലയാളം വിക്കിപീഡിയരായ രാജേഷ് ഒഡയഞ്ചാലും അജയ് കുയിലൂരും എത്തിയിരിക്കുന്നു. കേരളത്തെ മൊത്തമായി ഭൂപടത്തിലാക്കുന്ന ബൃഹത്ത് പദ്ധതിക്കാണു് അവർ തുടക്കം കുറിച്ചിരിക്കുന്നത്.

ഭൂപടനിർമ്മാണ പദ്ധതിയുടെ തുടക്കമായി  കാസർഗോഡ് ജില്ലയെ അവർ ഭൂപടത്തിൽ ഒതുക്കി. നിലവിൽ ഇതിൽ പഞ്ചായത്ത് തലം വരെയുള്ള വിഭജനം ആണു് നടത്തിയിരിക്കുന്നത്. ഇതിൽ നിന്ന് തന്നെ നിയമസഭാമണ്ഡലങ്ങളും കിട്ടും.



കാസർഗോട് ജില്ലയുടെ ഭൂപടം. പഞ്ചായത്ത് തലം വരെയുള്ള വിഭജനം
 കടപ്പാട്: രാജേഷ് ഒഡയഞ്ചാൽ, ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ പ്രകാരം മലയാളം വിക്കിപീഡിയയിൽ പ്രസിദ്ധീകരിച്ചത്.

ബാക്കി 13 ജില്ലകളൂടെ ഭൂപടം കൂടി ഇത്തരത്തിൽ തീർത്തതിനു് ശേഷം, ഇതിന്റെ അടുത്ത ഘട്ടമായ പഞ്ചായത്ത് തലത്തിൽ ഉള്ള ഭൂപടനിർമ്മാണം തുടങ്ങാനാണു് രാജേഷും അജയും ഉദ്ദേശിക്കുന്നത്. ഇത് നോക്കി സ്ഥലനാമങ്ങളിലോ മറ്റോ തെറ്റുകൾ ഉണ്ടെങ്കിലോ മറ്റ് നിർദ്ദേശങ്ങൾ ഉണ്ടെങ്കിലോ അറിയിക്കാൻ മറക്കരുത്.  ആർക്കെങ്കിലും ഈ പദ്ധതിയിൽ അംഗമായി രാജേഷിനേയും അജയിനേയും സഹായിക്കണമെങ്കിലും അറിയിക്കുക. 

സ്വതന്ത്രാനുമതിയൊടെ പ്രസിദ്ധീകരിക്കുന്ന ഈ ഭൂപടങ്ങൾ എല്ലാവർക്കും പ്രയോജനപ്പെടും എന്ന് കരുതട്ടെ

ലെബൽ: ജനങ്ങളുടെ കോടികണക്കിനു് പണം കട്ടു മുടിച്ച്  IKM പോലുള്ള കേരള സർക്കാർ സംവിധാനങ്ങൾ ഇതെ പോലുള്ള (ഈ ഗുണനിലവാരം എന്തായാലും എതിനു് ഉണ്ടാവാൻ സാദ്ധ്യത ഇല്ല) ഭൂപടങ്ങൾ ഉണ്ടാക്കി ബാങ്ക് ലോക്കറിൽ പൂട്ടി വെച്ചിട്ടുണ്ട്. ജനങ്ങൾ അതൊക്കെ നോക്കി കാര്യങ്ങൾ മനസ്സിലാക്കിയാലോ എന്ന് പേടിച്ച്   അതൊന്നും തന്നെ ഈയടുത്ത് വെളിച്ചം കാണാൻ ഇടയില്ല. 

1 comment:

  1. സ്വതന്ത്രാനുമതിയൊടെ പ്രസിദ്ധീകരിക്കുന്ന ഈ ഭൂപടങ്ങൾ എല്ലാവർക്കും പ്രയോജനപ്പെടും
    view my kerala

    ReplyDelete